നാലു പതിറ്റാണ്ടില്‍ 43,000 ഹൃദയ ശസ്ത്രക്രിയകള്‍

dr-k-m-cherian

ചെന്നൈ : പ്രമുഖ ഹൃദ്രോഗ ചികിത്സാവിദഗ്ധൻ ഡോ.കെ.എം. ചെറിയാൻ 75 വയസ്സിന്റെ ധന്യതയിൽ. രാജ്യത്ത് ആദ്യമായി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയും ഹൃദയമാറ്റ ശസ്ത്രക്രിയയും വിജയകരമായി നടത്തിയ റിക്കോർഡ് മലയാളിയായ ഡോ. ചെറിയാനാണ്. ഇന്നും അദ്ദേഹം കർമനിരതനാണ്. രാജ്യത്തിനകത്തും വിദേശങ്ങളിൽനിന്നും നിരവധി രോഗികൾ ഇപ്പോഴും ചെറിയാനെത്തേടി ചെന്നൈയിലെത്തുന്നുണ്ട്.

ചെങ്ങന്നൂർ മുണ്ടൻകാവ് കോട്ടൂരേത്ത് കുടുംബാംഗമായ ചെറിയാൻ 1942 മാർച്ച് എട്ടിനാണ് ജനിച്ചത്. പെരുമ്പാവൂർ ആശ്രമം വിദ്യാലയത്തിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. 1964-ൽ മംഗലാപുരം കസ്തൂർബ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും 1970- ൽ എം.എസും 1973- ൽ സിഡ്നിയിലെ റോയൽ ആസ്ത്രേല്യൻ കോളേജ് ഓഫ് സർജൻസിൽ നിന്ന് എഫ്.ആർ.എ.സി.എസും. ഉൾപ്പെടെ ഉന്നത ബിരുദങ്ങൾ. അവിടങ്ങളിൽ വിസിറ്റിങ് പ്രൊഫസറായും ജോലി ചെയ്തു.

മദ്രാസ് മെഡിക്കൽ മിഷൻ സ്ഥാപക വൈസ് പ്രസിഡന്റും പോണ്ടിച്ചേരി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ സ്ഥാപക ചെയർമാനുമാണ്. ദക്ഷിണ റെയിൽവെ ഹെഡ്ക്വാർട്ടേഴ്സ് ആസ്​പത്രിയിൽ പത്തു വർഷത്തിലേറെ മെഡിക്കൽ സൂപ്രണ്ടുമായിരുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആസ്​പത്രിയിലും പ്രവർത്തിച്ചിട്ടുണ്ട്. ചെന്നൈ മുഗപ്പേറിലെ ഫ്രോണ്ടിയർ ലൈഫ്ലൈൻ ആസ്​പത്രി ഉടമയാണ്.

1991-ൽ ഡോ. ചെറിയാനെ പദ്മശ്രീ നൽകി ആദരിച്ചു. 1990- ലും 1993- ലും ഡോ. എം.ജി.ആർ. മെഡിക്കൽ സർവകലാശാലയും 2003- ൽ ലഖ്നൗ മെഡിക്കൽ സർവകലാശാലയും ഡോക്ടർ ഓഫ് സയൻസ് ബിരുദം സമ്മാനിച്ചു. 200-1 ൽ ലിംക ബുക്ക് ഓഫ് റിക്കോർഡിൽ ഇടംപിടിച്ചു. 2005-ൽ ഇന്റർനാഷണൽ എക്സലൻസ് പുരസ്കാരത്തിനും അർഹനായി. ഇതിനു പുറമെ ചെറുതും വലുതുമായ നിരവധി പുരസ്കാരങ്ങൾ വേറെയും. നിരവധി അന്താരാഷ്ട്ര സെമിനാറുകളിൽ പ്രബന്ധം അവതരിപ്പിച്ചു.<br/><br/>ഡോ. ചെറിയാൻ ഇതുവരെ 43948 ഹൃദയശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി. ഇന്ത്യൻ റെയിൽവേ ആസ്​പത്രിയിൽ സേവനമനുഷ്ഠിച്ചപ്പോൾ 3335 ശസ്ത്രക്രിയകളും ചെന്നൈ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കാർഡിയോ വാസ്കുലർ ഡിസീസിൽ 22408 ഉം ഇന്റർനാഷണൽ സെന്റർ ഫോർ കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ ഡിസീസസിൽ 18205 ഉം ശസ്ത്രക്രിയകളും ഇതിലുൾപ്പെടും. കൂടാതെ 59 പേർക്ക് ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയയും ഏഴ് പേർക്ക് ഹൃദയവും ശ്വാസകോശവും മാറ്റിവെക്കുകയും പത്തു പേർക്ക് ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയയും അദ്ദേഹം നടത്തിയിട്ടുണ്ട്