ക്രിസ്തുമസ് വിസ്മയത്തിന്റെ പെരുന്നാള്‍ / സുനില്‍ കെ. ബേബി മാത്തൂർ

Photo (22)

ക്രിസ്തുമസ് എന്നാല്‍ വിസ്മയത്തിന്റെ പെരുന്നാളാണ്. മാറാനായ പെരുന്നാളിന്റെ കൂട്ടത്തില്‍ വിസ്മയത്തിന്റെ പെരുന്നാള്‍. യേശുക്രിസ്തുവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നമ്മില്‍ വിസ്മയം ജനിപ്പിക്കുന്നതാണ്. മനുഷ്യബുദ്ധിക്കു നിരക്കാത്ത കാര്യങ്ങള്‍ കാണുമ്പോഴാണ് വിസ്മയം തോന്നുന്നത്. അതിനാലാണ് യേശുവിന്റെ ജനനപ്പെരുന്നാള്‍ വിസ്മയത്തിന്റെ പെരുന്നാളെന്ന് പറയുന്നത്. പെരുന്നാളിന്റെ സെദറായില്‍ നാം കേള്‍ക്കുന്നത് ഹ്മഈ പെരുന്നാള്‍ എത്രയോ വിസ്മയനീയമാകുന്നു” എന്നാണ്. ബ്രഹ്മാണ്ഡം മുഴുവന്‍ നിറഞ്ഞിരിക്കുന്ന സര്‍വ്വവ്യാപിയായ ദൈവം ഒരു ഏകകോശ ഭ്രുണമായി മനുജകുലത്തെ പാപത്തിന്റെ അന്ധകാരത്തില്‍ നിന്ന് രക്ഷിക്കുവാനായി കന്യകയുടെ ഉദരത്തില്‍ നിന്ന് ജന്മമെടുത്തത് ഒരു വിസ്മയമാണ്. ബാല്യം വിട്ടുമാറാത്ത ഒരു പെണ്‍കുട്ടി ലോക രക്ഷകനെ ഉദരത്തില്‍ വഹിക്കുവാന്‍ സന്നദ്ധയായപ്പോള്‍ ലോകസംബന്ധമായ എല്ലാ അപമാനവും, ലോക പാരമ്പര്യവും വിസ്മരിച്ച മറിയാമിന്റെ തന്റേടവും കരുത്തും വിസ്മയമാണ്. ശിശുവിനു ജന്മം നല്‍കിയ ശേഷവും കന്യക എന്ന അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകാതിരുന്നതും അത്യന്തം വിസ്മയീയമാണ്. കര്‍ത്താവിന്റെ ജനനപ്പെരുന്നാള്‍ വിസ്മയത്തിന്റെ മാത്രമല്ല സുവാര്‍ത്തയുടെയും കൂടി പെരുന്നാളാണ്. സാധാരണയായി ഇത്തരം വാര്‍ത്തയുടെ ആയുസ്സ് മണിക്കൂറുകളോ, ദിവസങ്ങളോ മാത്രമാണ്. എന്നാല്‍ ഇത്രയും കാലങ്ങള്‍ പിന്നിട്ടിട്ടും ഈ സംഭവം നമ്മുടെ വര്‍ത്തമാനകാലത്തെ സ്വാധീനിക്കുന്നതുകൊണ്ട് ഇന്നും എന്നും കര്‍ത്താവിന്റെ ജനനം സുവാര്‍ത്ത തന്നെയാണ്. ക്രിസ്തുമസ്സിനെപ്പറ്റി ചിന്തിക്കുമ്പോള്‍ ആദ്യം നമ്മുടെ ഓര്‍മ്മയില്‍ ഓടിയെത്തുന്നത് പ്രകാശപൂരിതമായ ഒരു നക്ഷത്രവിളക്കാണ്. യേശു പിറന്നപ്പോള്‍ ആകാശത്തില്‍ സവിശേഷകരമായ ഒരു നക്ഷത്രം പ്രത്യക്ഷപ്പെട്ടു. ഈ നക്ഷത്രം നമുക്കുതരുന്ന സന്ദേശം ക്രിസ്തുവിന്റെ ജനനത്തിലൂടെ ഓരോ മനുഷ്യനും ഒരു നക്ഷത്രമായി തീരണം എന്നാണ്. ബേത്ലഹേമില്‍ ദൃശ്യമായ നക്ഷത്രം പ്രത്യാശയുടേതാണ്. ശിശുവിനെ കാണുവാനും വന്ദിക്കുവാനും വിദ്വാന്മാര്‍ എത്തുന്നത് നക്ഷത്രത്തിന്റെ സഹായത്തോടെയാണ്. അവരുടെ യാത്രയില്‍ അവര്‍ക്കു വഴികാട്ടിയായി നക്ഷത്രം നീങ്ങിക്കൊണ്ടിരുന്നു. അങ്ങനെ യേശുക്കുഞ്ഞിനെ ദര്‍ശിക്കുകയും നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കുകയും ചെയ്തു. കിഴക്കാണ് നക്ഷത്രം പ്രത്യക്ഷപ്പെട്ടത്. കിഴക്ക് എന്നത് ആരാധനയുടെയും പ്രത്യാശയുടെയും ദിക്കാണ്. ക്രിസ്തീയ ജീവിതത്തില്‍ പ്രത്യാശയ്ക്ക് വളരെ സ്ഥാനമുണ്ട്. നിരാശ പരിശുദ്ധാത്മാവിനെതിരെയുള്ള പാപമാണ്. പ്രത്യാശയുടെ വെളിച്ചത്തിലേക്കുള്ള പ്രയാണം ഇന്നത്തെ സമൂഹത്തിന്റെ ആവശ്യമാണ്. നമ്മുടെ സമസ്ത പ്രശ്നങ്ങളുടെയും ഉത്തരം കാല്‍വറിയിലെ ക്രൂശിലുണ്ട്. മാനുഷിക വേദനകളുടെ ആകെത്തുകയാണ് കുരിശ്. അതുകൊണ്ട് നമ്മുടെ ജീവിതത്തെ പ്രത്യാശയുടെ ദിക്കിലേക്ക് മാറ്റി പ്രതിഷ്ഠിക്കണം. പ്രത്യാശയും സ്നേഹവും വിശ്വാസവും പരസ്പര പൂരകങ്ങളാണ്. നമ്മുടെ ജീവിതത്തില്‍ ആശ നഷ്ടപ്പെടുമ്പോള്‍ ആശയുടെ അടിസ്ഥാനം വിശ്വാസമാക്കി മാറ്റി പ്രാര്‍ത്ഥിച്ചാല്‍ പ്രത്യാശ ലഭിക്കും. രണ്ടാമതായി നക്ഷത്രം നല്‍കുന്ന ദൂത് ത്യാഗത്തിന്റെ സന്ദേശമാണ്. ബേത്ലഹേമില്‍ ദൃശ്യമായ നക്ഷത്രം കൂടെ നടക്കുന്ന വഴികാട്ടിയായിരുന്നു. അതിന്റെ സമയവും സ്ഥാനവും വെളിച്ചവും മറ്റുള്ളവര്‍ക്കു വേണ്ടി ത്യാഗം ചെയ്യുന്നു. യേശുക്രിസ്തു ഭൂമിയില്‍ അവതരിച്ചതിന്റെ ലക്ഷ്യം ത്യാഗമായിരുന്നു. ഇമ്മാനുവേല്‍ എന്നാല്‍ ദൈവം നമ്മോടുകൂടെ എന്നാണ്. ക്രിസ്തീയ ജീവിതം ത്യാഗത്തില്‍ അധിഷ്ഠിതമാണ്. മൂന്നാമതായി ബേത്ലഹേമിലെ നക്ഷത്രം ആന്ദത്തിന്റേതാണ്. യേശുവിന്റെ ജനനം സന്തോഷത്തിന്റെ ആരംഭവും ആനന്ദത്തിന്റെ പൂര്‍ത്തീകരണവുമാണ്. സന്തോഷം നൈമിഷികവും ആനന്ദം ശാശ്വതവുമാണ്. ലോകം തരുന്നത് സന്തോഷവും കര്‍ത്താവ് തരുന്നത് സ്വര്‍ഗ്ഗീയ ആനന്ദവുമാണ്. ഈ നക്ഷത്രം നമുക്ക് പ്രദാനം ചെയ്യുന്നത് ക്രിസ്തുവിന്റെ സന്തോഷവുമാണ്. അത് ക്രിസ്തുവിലാകുന്ന സന്തോഷമാണ്. ക്രിസ്തുമസ് പ്രകാശത്തിന്റെ ഉല്‍സവം കൂടിയാണ്. അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന മനുഷ്യകുലത്തെ പ്രകാശത്തിലേക്ക് നയിച്ച മഹോല്‍സവം. നമ്മുടെ ജീവിതത്തിലൂടെ മാതൃക കാണിച്ച് മറ്റുള്ളവരെ വെളിച്ചത്തിലേക്ക് നയിക്കണം എന്നാണ് നമ്മുടെ കടമ. ആകാശത്ത് തെളിയുന്ന നക്ഷത്രങ്ങളുടെ അസ്തമിക്കാത്ത പ്രകാശം ജീവിത ലക്ഷ്യവും മാര്‍ഗ്ഗവുമാക്കുന്നതിനാണ് ഭൂമിയില്‍ നക്ഷത്ര വെളിച്ചം തൂകി യേശുവിന്റെ ജനനത്തെ നാം വരവേല്‍ക്കുന്നത്. പുറത്ത് വെളിച്ചവും അകത്ത് ഇരുട്ടും നിറഞ്ഞതായ വെള്ളതേച്ച ശവകല്ലറയായി നാം മാറരുത്. പ്രകാശത്തിലേക്ക് കടന്നു വരുമ്പോള്‍ നാമും പ്രകാശിതമാകും. സഹജീവികളെ സ്നേഹിക്കുവാനും അവര്‍ക്കായി ഉരുകി തീരുവാനും തന്റെ പ്രവര്‍ത്തിയിലൂടെ നമ്മെ പഠിപ്പിച്ച ലോക രക്ഷകന്റെ തിരുപ്പിറവി നമ്മുടെ ജീവിതത്തെ കൂടുതല്‍ പ്രകാശപൂരിതമാക്കി തീര്‍ക്കട്ടെയെന്ന് നമുക്ക് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം.