ICON ചാരിറ്റീസ് സമാഹരിച്ച നേപ്പാൾ ഭൂകമ്പ ദുരിതാശ്വാസ നിധി പരി. കാതോലിക്കാ ബാവായ്ക്ക് കൈമാറി

icon_charity_nepal

ഫിലഡൽഫിയ∙ നേപ്പാളിനെ ശ്മശാന ഭൂമിയാക്കിയ വൻ ഭൂകമ്പത്തിൽ ജീവനോടെ ശേഷിച്ച് ദുരിതമനുഭവിക്കുന്ന പതിനായിരങ്ങളെ സഹായിക്കുന്നതിനായി ഐക്കോൺ ( ICON ) ഇന്ത്യൻ ക്രിസ്ത്യൻ ഓർത്തഡോക്സ് നെറ്റ് വർക്ക് സമാഹരിച്ച 36000– ത്തിലേറെ യുഎസ് ഡോളർ, മലങ്കര സഭാ പരമാദ്ധ്യക്ഷൻ പരി. ബസേലിയോസ് മാർത്തോമ പൗലൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ യ്ക്ക് കൈമാറി. ശ്ലൈഹിക സന്ദർശനത്തിനായി അമേരിക്കയിലെത്തി -ജൂലൈ നാലിന് ഫിലഡൽഫിയ സന്ദർശിച്ച വേളയിലാണ് തുക കൈമാറിയത്. നേപ്പാളിനെ സഹായിക്കാൻ ആഹ്വാനം നൽകി. പരി. കാതോലിക്കാ ബാവാ വിശ്വാസികൾക്ക് പ്രത്യേക കൽപന പുറപ്പെടുവിച്ചതു പ്രകാരമാണ് ഐക്കോൺ ദുരിതാശ്വാസ നിധി സമാഹരണത്തിനിറങ്ങിയത്.

ജൂലൈ നാലിന് വി. കുർബാനയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തിൽ ഐക്കോണിനുവേണ്ടി നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ നിക്കോളോവോസ്, ദുരിതാശ്വാസ തുകയുടെ രണ്ടാം ഗഡു പരി. ബാവായ്ക്ക് ൈകമാറി. ഇടവക മധ്യസ്ഥനും ഭാരതത്തിന്റെ അപ്പോസ്തോലനുമായ വിശുദ്ധ തോമാ ശ്ലീഹായുടെ പെരുന്നാൾ ജൂലൈ മൂന്ന്, നാല് തീയതികളിൽ സെന്റ് തോമസ് ഇടവക ആഘോഷിച്ചതിനോടനുബന്ധിച്ചായിരുന്നു പരി. ബാവായുടെ ഇടവക സന്ദർശനം. റവ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ട്, നോർത്ത് ഈസ്റ്റ് ഭദ്രാസനത്തിൽ നിന്നുളള വിവിധ വൈദികർ, വിശ്വാസികൾ തുടങ്ങിയവരും പങ്കെടുത്തു.

വിശുദ്ധ തോമാശ്ലീഹായുടെ ഓർമയാചരണത്തിന്റെ പ്രാധാന്യവും അമേരിക്കൻ സ്വാതന്ത്ര്യദിനത്തിന്റെ പ്രസക്തിയെയും കുറിച്ച് പരി. ബാവാ അധ്യക്ഷ പ്രസംഗത്തിൽ വിവരിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ മക്കൾക്ക്, ഈ രാജ്യത്ത് വളരുവാനും വേരുപടർത്താനും ഉദാരമായി അവസരങ്ങൾ നൽകിയതിനാൽ സഭ, യുണൈറ്റഡ് സ്റ്റേറ്റ്സിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് ബാവാ അനുസ്മരിച്ചു. ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും മറ്റ് രാജ്യങ്ങളിലുമുളള സഭാംഗങ്ങൾ മാതൃസഭയുടെ വികസന, കാരുണ്യ പ്രവൃർത്തികൾക്ക് നൽകുന്ന സംഭാവനകളുടെ പ്രാധാന്യം വളരെ വലുതാണെന്ന് ബാവാ അനുസ്മരിച്ചു. അസി. വികാരിയും സമ്മേളന പരിപാടിയുടെ എംസിയുമായിരുന്ന ഫാ. ഗീവർഗീസ് ജോൺ, നേപ്പാൾ ഫണ്ട് കൈമാറുന്നതിനെകുറിച്ച് ആമുഖമായി സംസാരിച്ചു.

ഫാ. ഗീവർഗീസ് ജോൺ ക്ഷണിച്ചതനുസരിച്ച് ഐക്കോൺ വോളന്റിയേഴ്സിനുവേണ്ടി സംസാരിച്ച ഉമ്മൻ കാപ്പിൽ ഐക്കോണിന്റെ വിവിധ ചാരിറ്റി പ്രോജക്ടുകളെയും അടുത്ത കാലത്ത് ഐക്കോൺ നടപ്പാക്കിയ വിജയമാക്കിയ അത് ലറ്റ് ബി സന്ധ്യ (പാലക്കാട്), റോജി റോയി(നന്ദില, കൊട്ടാരക്കര) സഹായനിധി പ്രോജക്ടുകളെയും കുറിച്ച് സംസാരിച്ചു.

പരി. പിതാവിന്റെ ആഹ്വാനത്തിനനുസരിച്ച് ഇന്ത്യക്ക് പുറത്തുനിന്നുളള ഫണ്ട് സമാഹരണത്തെ ഐക്കോൺ ഏകോപിപ്പിച്ചതെങ്ങനെയെന്നും വിശദീകരിക്കപ്പെട്ടു. അമേരിക്കയിലുളള കുറച്ച് ഇടവകകളേ പദ്ധതിയിൽ പങ്കെടുത്തിട്ടുളളുവെന്നും ഉടൻ തന്നെ പദ്ധതിക്ക് വേഗം ലഭിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. വിദേശ ഇടവകളിൽ പലതിൽ നിന്നും കാര്യമായ സംഭാവനകൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനമെത്രാപ്പോലീത്ത സഖറിയ മാർ യൗസേബിയോസ്, നോർത്ത് ഈസ്റ്റ് അമേരിക്കൻ, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനങ്ങളിലെ ഇടവകകൾ, യൂറോപ്യൻ ഭദ്രാസനങ്ങൾ, ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുളള നിരവധി സംഘടനകൾ, വ്യക്തികൾ തുടങ്ങി ഈ ഫണ്ട് സമാഹരണ യജ്ഞത്തിൽ സഹകരിച്ച എല്ലാവരെയും ഐക്കോണിനുവേണ്ടി ഉമ്മൻ കാപ്പിൽ നന്ദിയോടെ സ്മരിച്ചു. ഐക്കോൺ പ്രോജക്ടുകൾക്ക് സർവ്വ പിന്തുണയും സഹായവും നൽകുന്ന സെന്റ് തോമസ് ചർച്ചിന്റെ സഹകരണത്തെയും അദ്ദേഹം പ്രത്യേകം പരാമർശിച്ചു.

ആമുഖ പ്രസംഗത്തിനുശേഷം ഐക്കോൺ ചെക്ക് മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയ്ക്ക് കൈമാറി. മെത്രാപ്പോലീത്ത ഐക്കോണിനു വേണ്ടി ചെക്ക് പരി. ബാവായ്ക്ക് കൈമാറി. ഐക്കോൺ ചാരിറ്റീസിന്റെ രണ്ടാം ഘട്ട സംഭാവനയാണ് ഇപ്പോൾ കൈമാറിയിരിക്കുന്നത്. ദുരന്തബാധിതർക്ക് ബ്ലാങ്കറ്റുകളും ടർപോളിൻ ഷീറ്റുകളും വാങ്ങുന്നതിനുവേണ്ടി ആദ്യ ഘട്ടം സംഭാവന കൈമാറിയിരിക്കുന്നു.

ഐക്കോണിന്റെ ദുരിത സഹായ നിധി സമാഹരണത്തിൽ പരി. ബാവാ സന്തോഷം പ്രകടിപ്പിച്ചു. ചാരിറ്റി ആരും നൽകുന്ന ഔദാര്യമാകരുതെന്നും സഹായം ആവശ്യമുളള സഹോദരങ്ങളെ സഹായിക്കേണ്ടത് ക്രിസ്തീയ ഉത്തരവാദിത്വമാണെന്നും പരി. ബാവാ ഓർമ്മിപ്പിച്ചു. ഐക്കോൺ സുതാര്യമായും മികവോടെയും ചാരിറ്റി പ്രോജക്ടുകൾ നടത്തുന്നതിൽ പരി. ബാവാ സന്തോഷം പ്രകടിപ്പിച്ചു.

ഇടവക വികാരി ഫാ. എം. കെ. കുറിയാക്കോസ് സ്വാഗതവും പാരിഷ് സെക്രട്ടറി മാത്യു സാമുവേൽ നന്ദിയും പറഞ്ഞു. യുഎസ് നിവാസികൾക്ക് ഐക്കോൺ ചാരിറ്റീസിനുളള സംഭാവനയ്ക്ക് പൂർണ്ണമായും നികുതി ഇളവുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: www.iconcharities.org email: info@iconcharities.org