ഐക്കൺ ചാരിറ്റീസിന്റെ നേപ്പാൾ ഫണ്ട് ശനിയാഴ്ച പരി. കാതോലിക്കാ ബാവായ്ക്ക് കൈമാറുന്നു

HH_Paulose_II_catholicos

ഫിലഡൽഫിയ ∙ നേപ്പാളിനെ ഉഴുതുമറിച്ച വൻ ഭൂകമ്പത്തിൽ ജീവനോടെ ശേഷിച്ച് ദുരിതമനുഭവിക്കുന്ന പതിനായിരങ്ങളെ സഹായിക്കുന്നതിനായി ICON (ഇന്ത്യൻ ക്രിസ്ത്യൻ ഓർത്തഡോക്സ് നെറ്റ് വർക്ക്) സമാഹരിച്ച തുക ഈ ശനിയാഴ്ച ഫിലഡൽഫിയ സന്ദർശിക്കുന്ന മലങ്കര സഭാ പരമാദ്ധ്യക്ഷൻ പരി. ബസേലിയോസ് മാർത്തോമ പൗലൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിക്ക് കൈമാറുന്നു.

നേപ്പാളിനെ ശ്മശാന ഭൂമിയാക്കിയ ഭൂകമ്പത്തിൽ ഈ പ്രദേശം ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. പിഞ്ചു കുഞ്ഞുങ്ങളടക്കം ഏഴായിരത്തോളം പേർക്ക് ജീവഹാനി സംഭവിക്കുകയും ആയിരങ്ങൾ ജീവിക്കുന്ന രക്ത സാക്ഷികളായി മാറുകയും ചെയ്തിരിക്കുന്നു. വീടുകൾ നഷ്ടപ്പെട്ടവർ തെരുവോരങ്ങളിലും രക്ഷാ കേന്ദ്രങ്ങളിലുമാണ് കഴിയുന്നത്. ഉറ്റവരെയും ബന്ധുക്കളെയും നഷ്ടപ്പെട്ടവരുടെ വിലാപങ്ങൾ നേപ്പാളിൽ ഇനിയും ശമിച്ചിട്ടില്ല. ലോക രാജ്യങ്ങൾ മിക്കവയും നിരവധി പ്രസ്ഥാനങ്ങളും വ്യക്തികളും നേപ്പാളിന്റെ പുനരുദ്ധാരണത്തിനു സഹായം ചൊരിഞ്ഞു കൊടുക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് ICON ചാരിറ്റീസ് മലങ്കര ഓർത്തഡോക്സ് സഭയുമായി ചേർന്ന് തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവായി നേപ്പാൾ ദുരിതാശ്വാസ ഫണ്ട് സമാഹരിക്കാൻ രംഗത്തിറങ്ങിയത്.

ശ്ലൈഹിക സന്ദർശനത്തിനായി അമേരിക്കയിലെത്തിയ മലങ്കര സഭാ പരമാദ്ധ്യക്ഷൻ പരി. ബസേലിയോസ് മാർത്തോമ പൗലൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഈ പുണ്യകർമത്തിൽ സഹായിക്കാൻ ആഹ്വാനം നൽകി. വിശ്വാസികൾക്ക് പ്രത്യേക കൽപന പുറപ്പെടുവിച്ചിരുന്നു. സഭയുടെ കീഴിൽ വിദേശ രാജ്യങ്ങളിലുളള ഇടവകകളിൽ നിന്നും ICON ചാരിറ്റീസിന്റെ നേതൃത്വത്തിൽ ഫണ്ട് സമാഹരിക്കുന്നുണ്ട്. നിരവധി വ്യക്തികളും പളളികളും ഈ സദുദ്യമത്തിൽ സഹായിക്കാൻ തയാറായി മുന്നോട്ടു വന്നിട്ടുണ്ട്.

ICON ചാരിറ്റീസിന്റെ നേതൃത്വത്തിൽ ലൂഥറൻ വേൾഡ് ഫൗണ്ടേഷനും (എൽ ഡബ്ല്യുഎഫ് നേപ്പാൾ) ലൂഥറൻ വേൾഡ് സർവീസ് ഇന്ത്യാ ട്രസ്റ്റും (എൽഡബ്യൂ എസ്ഐറ്റി) ചേർന്നാണ് ഫണ്ട് സമാഹരണത്തിനായി പ്രവർത്തിക്കുന്നത്. . ആദ്യഘട്ടം സംഭാവന (എൽഡബ്യുഎഫ് നേപ്പാളിന് അയച്ചിട്ടുണ്ട്. എത്രയും വേഗത്തിൽ കൂടുതൽ തുക അയച്ചു കൊടുക്കാനുളള ശ്രമങ്ങളിലാണ് ICON.

പരി. ബാവാ തിരുമേനിയുടെ ശ്ലൈഹിക സന്ദർശന വേളയിൽ വ്യക്തികളും ഇടവകകളും ഈ ഫണ്ട് സമാഹരണത്തിൽ സഹകരിക്കണമെന്ന് ICON ആഹ്വാനം ചെയ്യുന്നു.

ജൂലൈ മൂന്ന്, നാല് തീയതികളിൽ പരിശുദ്ധ കാതോലിക്കാ ബാവാ, ഫിലഡൽഫിയ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സന്ദർശിക്കുന്നുണ്ട്. തദവസരത്തിൽ, ജൂലൈ നാലിന് കുർബാനയ്ക്കുശേഷം ICON നു വേണ്ടി, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനമെത്രാപ്പോലീത്ത സഖറിയ മാർ നിക്കോളോവോസ്, ദുരിതാശ്വാസ തുകയുടെ രണ്ടാം ഗഡു പരി. കതോലിക്കാ ബാവായ്ക്ക് കൈമാറും. നോർത്ത് ഈസ്റ്റ് അമേരിക്കൻ, സൗത്ത് വെസ്റ്റ് അമേരിക്കൻ, യൂറോപ്യൻ ഭദ്രാസനങ്ങൾ, നിരവധി സംഘടനകൾ തുടങ്ങിയവ ഈ ഫണ്ട് സമാഹരണ യജ്ഞത്തിൽ സഹകരിച്ചത് ICON സ്മരിച്ചു. ദുരിത ബാധിതരായ പിഞ്ചോമനകളുടെ കണ്ണീരൊപ്പാനും അമ്മമാർക്കും കുടുംബാംഗങ്ങൾക്കും സാന്ത്വനമേകാനും അങ്ങനെ ദൈവനാമം മഹത്വപ്പെടുത്താനും ഒരുമയോടെ പ്രവർത്തിക്കാൻ ICON വോളന്റിയേഴ്സിനു വേണ്ടി ഉമ്മൻ കാപ്പിൽ ആഹ്വാനം ചെയ്തു.