ചന്ദനപ്പള്ളിയിൽ മത സൗഹാർദ്ധത്തിന്റെ വലിയ പെരുന്നാൾ by മനോജ് ചന്ദനപ്പള്ളി

IMG_1167777017383

വിശ്വാസകാഴ്ചകളൊരുക്കി ഒരു ഗ്രാമം;
ചന്ദനപ്പള്ളിയിൽ മത സൗഹാർദ്ധത്തിന്റെ വലിയ പെരുന്നാൾ. PDF File

മനോജ് ചന്ദനപ്പള്ളി
ഓൺലൈൻ റിപ്പോർട്ടർ
—————————————
ഒരു ഗ്രാമത്തിന്റെ സ്വത്വവും തലമുറകളുടെ വിശ്വാസത്തിന്റെ സാക്ഷ്യവുമായി ചന്ദനസുഗന്ധം പരത്തുന്ന ഒരു ദേവാലയം .ചന്ദനപ്പള്ളി വലിയപള്ളി.
കണ്ണീരിൽ കുതിർന്ന അർത്ഥനകളുമായി ചന്ദനപ്പള്ളി പുണ്യാളച്ചന്റെ സന്നിധിയിലേക്ക് വിശ്വാസലക്ഷങ്ങളാണു ഓരോ പെരുനാൾ കാലത്തും എത്തിച്ചേരുന്നത്. ചന്ദനപ്പള്ളിയിലെ സഹദായോടുള്ള വിശ്വാസതീക്ഷണത വെളിപ്പെടുത്തുന്ന കാഴ്ചകൾക്കാണു ഗ്രാമം ഈ ദിനങ്ങളിൽ സാക്ഷ്യമാകുക. തങ്ങളുടെ ആഗ്രഹങ്ങളും അഭിലാക്ഷങ്ങളും പുണ്യാളച്ചന്റെ മുന്നിൽ സമർപ്പിച്ച് അഭയപ്പെടുംബോൾ തങ്ങളെ ഒരുനാളും കൈവെടിയില്ല എന്നവർ ഉറച്ചു വിശ്വസിക്കുന്നു.കർത്താവിന്റെ സന്നിധിയിൽ തങ്ങളുടെ അപേക്ഷകൾ പുണ്യവാൻ സമർപ്പിച്ച് നന്മകൾ ഒരുക്കുമെന്നതാണു ഇതുവരെയുള്ള അവരുടെ അനുഭവസാക്ഷ്യങ്ങളും.
കഠിന പ്രയാസങ്ങളിലും രോഗപീഠകളിലും ആകുലചിന്തകളിലുംപെട്ട് ഉഴലുന്നവർക്ക് ആശ്വാസത്തിന്റെ പനിമഞ്ഞാണു ചന്ദനപ്പള്ളി പുണ്യാളച്ച നോടുള്ള മാദ്ധ്യസ്ഥ പ്രാർത്ഥനയാൽ ലഭിക്കുന്നത്.സന്താപ കണ്ണീരോടെ പുണ്യാളച്ചന്റെ ഈ മണ്ണിൽ എത്തി പ്രാർത്ഥിച്ചാൽ സന്തോഷകണ്ണീരോടെ മാത്രമേ ഇവിടെനിന്നു തിരികെ പോകാനാകൂ.ഇതാണു ഇവിടുത്തെ വിശ്വാസത്തിന്റെ ആഴം.ജാതി മത വർഗ്ഗ വിവേചനമില്ലാത്ത മത മൈത്രിയുടെ സംഗമഭൂമിയാണു ചന്ദനപ്പള്ളി എന്ന വിശ്വാസ പട്ടണം.ഇവിടുത്തെ ഓരോ ചടങ്ങിലും ഗ്രാമം മുഴുവൻ ഒരുമയോടെ നീങ്ങുന്ന കാഴ്ചമാത്രമാണു കാണാനാകുക.തീർത്ഥാടനത്തിനായി കാൽനടയായും മറ്റുമായി നാനാ ദേശത്തുനിന്നുമെത്തുന്ന വിശ്വാസികളെ നിറഞ്ഞമനസ്സോടെ തങ്ങളുടെ സഹദായുടെ മണ്ണിലേക്കവരെ സ്വീകരിക്കുന്നു.നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ കുടിയേറിപാർത്ത ക്രൈസ്തവർക്ക് ആരാധനക്കായി വേണ്ട സൗകര്യങ്ങൾ ഒരുക്കിയതും അക്കാലത്തെ ഹിന്ദു സഹോദരന്മാരായിരുന്നു.ഇന്നും പെരുന്നാൾ ദിനത്തിൽ ഹൈന്ദവരുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ദേയമാണു ഈ നാട്.ലോകത്തിനു മുന്നിൽ നല്ല സാക്ഷ്യമാവുകയാണു വിശുദ്ധന്റെ അത്ഭുത സാന്നിദ്ധ്യമുള്ള ഈ ഗ്രാമം.തന്മൂലം മത മൈത്രിയുടെ സംഗമഭൂമിയായി ചന്ദനപ്പള്ളി അഭിമാനത്തോടെയാണു നിലകൊള്ളുന്നത്.
മേടമാസം അടുക്കുന്നതോടെ ചന്ദനപ്പള്ളിക്കാർക്ക് വലിയ ഉത്സാഹവും ആവേശവുമാണു.
പെരുന്നാളിന്റെ ഓർമ്മതന്നെ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണു അവരിൽ നിറക്കുന്നത്. ചന്ദനപ്പള്ളി ഗ്രാമം മാത്രമായി ഒതുങ്ങുന്നില്ല ആ സന്തോഷം.തൊട്ടടുത്ത ഇടത്തിട്ട, കൊടുമൺ,അങ്ങാടിക്കൽ,തട്ട,കുടമുക്ക്,വള്ളിക്കോട് , കൈപ്പട്ടൂർ,നെരിയാപുരം,നെടുമൺകാവ് തുടങ്ങി സമീപഗ്രാമങ്ങളിലേക്കും ഈ സന്തോഷം പകർന്നുകാണാനാകും.ലോകത്തിന്റെ ഏതു ദേശത്തായാലും പെരുന്നാൾകാലത്ത് ഉപജീവനാർത്ഥം നാടുവിട്ട തങ്ങളുടെ പ്രിയപ്പെട്ടവരെല്ലാം സഹദായുടെ പെരുന്നാൾ കൂടാനെത്തുമെന്നത് അവരുടെ സന്തോഷത്തിനു മാറ്റുകൂട്ടുന്നു.അത്തരത്തിൽ നോക്കിയാൽ പെരുന്നാൾ ഒരർത്ഥത്തിൽ ഒത്തു ചേരലിന്റെ ദിനങ്ങൾകൂടിയാണു.ഗ്രാമത്തിന്റെ ഒരുമയും ഭക്തിയുടെ നേർക്കാഴ്ചയും ദൈവാനുഗ്രഹത്തിന്റെ വേദിയുമാണു ചന്ദനപ്പള്ളി പെരുന്നാൾ എന്നു തന്നെ പറയാം.ആചാര അനുഷ്ടാനങ്ങളിൽ തനതുപാരംബര്യം കാത്തുസൂക്ഷിക്കുന്ന ദേവാലയ സന്നിധി തേടി ജനലക്ഷങ്ങളാണു ഓരോ പെരുന്നാൾകാലത്തും എത്തുന്നതു.
പെരുന്നാൾ കാലത്തെ ഏറ്റവും വൈശിഷ്ട്യമായ ചടങ്ങാണു ചെംബെടുപ്പ്.ചന്ദനപ്പള്ളിയുടെ ചരിത്രവുമായി ഇഴചേർന്നു പോകുന്നതാണു ഈ ചടങ്ങ്.ലോകത്താദ്യമായി ചെംബെടുപ്പ് എന്ന അനുഷ്ടാനം ആരംഭിച്ചത് ചന്ദനപ്പള്ളി വലിയപള്ളിയിലാണെന്നതാണു ചരിത്രം.The st.Thomas Christian encyclopedia യിലും Dr.George menachery യുടെയും ഡോ.സാമുവൽ ചന്ദനപ്പള്ളിയുടേയും പ്രീത് ജി ജോർജ്ജിന്റേയും ഇതുസംബദ്ധിച്ച പുസ്തകങ്ങളിലും ചന്ദനപ്പള്ളി പള്ളിയുടേയും ചെംബെടുപ്പിന്റേയും ചരിത്രപശ്ചാത്തലം പരാമർശ്ശിക്കപ്പെട്ടിട്ടുള്ളതായി കാണാം. ചന്ദനപ്പള്ളി ചെംബെടുപ്പിനെ അനുസ്മരിച്ച് ഇന്ന് കേരളത്തിലെ വിശുദ്ധ ഗീവർഗ്ഗിസ് സഹദായുടെ നാമത്തിൽ സ്ഥാപിക്കപ്പെട്ട ഒട്ടുമിക്ക പള്ളികളിലും പെരുന്നാളിനോടനുബന്ധിച്ച് ചെംബെടുപ്പ് എന്ന ഈ ചടങ്ങ് നടത്തിവരുന്നതായി കാണാം.

നൂറ്റാണ്ടുകൾക്ക് മുൻപ് ചന്ദനപ്പള്ളി പള്ളി അഗ്നിക്കിരയായപ്പോൾ പുതിയ ഒരു ദേവാലയം പണിയാൻ തീരുമാനിച്ചു.പള്ളിയുടെ നിർമ്മാണത്തിനുള്ള തടികൾ തേടി പള്ളിയിൽ നിന്നും ഒരുപറ്റം ആളുകൾ കൊടുമൺ കുട്ടിവനത്തിൽ പോയി.വെട്ടിയിട്ട തടിമരങ്ങൾ പള്ളിയിലെത്തിക്കാൻ അവർക്ക് സാധിച്ചില്ല.മുട്ടിന്മേൽ നിന്നവർ തങ്ങളുടെ പുണ്യാളച്ചനെ ഉച്ചത്തിൽ വിളിച്ചു പ്രാർത്ഥിച്ചു.വിശ്വാസത്തോടെയുള്ള അവരുടെ പ്രാർത്ഥന സഫലമായി….പൊടുന്നനവേ ആകാശത്ത് വൻ കാർമേഖങ്ങൾ രൂപപ്പെട്ടു വൻ മഴ പെയ്തു.കുത്തിയൊഴുകിവന്ന മഴ വെള്ളത്തിൽ വെട്ടിയിട്ട തടിമരങ്ങൾ ചേർത്ത് കെട്ടി ചങ്ങാടമാക്കി…അവർ സഹദാ ഗീതങ്ങൾ പാടി വലിയപള്ളിക്ക് സമീപമായി ഒഴുകുന്ന വലിയ തോടിൻ കരയിൽ എത്തിച്ച് പുതിയപള്ളിക്ക് തുടക്കമിട്ടു.പള്ളി പണിക്ക് എത്തിയവർക്ക് നാനാജാതി മതസ്ത്ഥർ കൊണ്ടുവന്ന അരി സമീപത്തെ വലിയ തോടിൻ കരയിൽ രണ്ട് വലിയ ചെംബുകളിലായി പാകം ചെയ്തു.പാകം ചെയ്ത് തയ്യാറാക്കിയ ചോറു ചെംബോടുകൂടി കുരിശുമാത്രുകയിൽ മുളംതണ്ടിൽ ചേർത്ത് ബന്ധിച്ച് ആഘോഷപൂർവ്വം നാനാജാതിമതസ്ത്ഥർ ചേർന്ന് സഹദായുടെ അപദാനങ്ങൾ പാടി പള്ളിക്ക് സമീപത്തെ കുതിരപ്പുരയിൽ എത്തിച്ച് അന്നദാനം നടത്തി.തുടർന്ന് എല്ലാ വർഷവും പോയകാലത്തെ ഒരുമയുടെ നല്ല സ്മരണ പുതുക്കുന്ന ചടങ്ങായി ഇത് മാറി.പിന്നീട് ചെംബെടുപ്പ് എന്ന പേരിൽ ഇത് അറിയപ്പെട്ടു. ഇന്നും പള്ളിക്ക് സമീപത്തെ വലിയതോട്ടിൻ കരയിലാണു പുണ്യാളച്ചന്റെ നേർച്ച ചോർ പാകപ്പെടുത്തി എടുക്കുന്നത്.ഇവിടെ വേവിക്കുന്ന നേർച്ച ചോറാണു കുതിരപ്പുരയിലേക്ക് എഴുന്നള്ളിക്കുന്നതും. ആദ്യകാലങ്ങളിലെ പെരുന്നാളുകളിൽ ഇങ്ങനെ നാനാ ദേശങ്ങളിൽ നിന്നും വിശ്വാസികൾ സമർപ്പിക്കുന്ന അരി പൂർണ്ണമായും പാവങ്ങൾക്ക് വിതരണം ചെയ്യുക പതിവായിരുന്നു.ഇന്നും ആ പതിവ് നിലനിർത്തിവരാറുണ്ട്.കാർഷിക സമൃദ്ധിയുടെ പോയ കാലങ്ങളിൽ നിലങ്ങളിൽ നിന്നും കൊയ്ത് എടുക്കുന്ന നെല്ലിൽ ഒരു പങ്ക് പുണ്യാളച്ചനായി കരുതിസൂക്ഷിച്ച് പെരുന്നാൾ കാലത്ത് നൽകുന്ന ഒരു പതിവ് സംസ്കാരവും ഗ്രാമങ്ങളിൽ നിലനിന്നിരുന്നു.ഇതിൽ ഏറെ കൗതുകകരമായത് ഇന്നും വലിയപള്ളി പെരുന്നാളിനു ചെംബിൽ ആദ്യം അരി സമർപ്പണം ചെയ്ത് വരുന്നത് അങ്ങാടിക്കൽ വടക്കുള്ള മേക്കാട്ടു തറവാട്ടിൽ നിന്നുള്ള ഹിന്ദു കാരണവരാണു. കാരണവരുടെ അഭാവത്തിൽ ആ കുടുബത്തിലെ തെരഞെടുക്കപ്പെട്ട പ്രതിനിധികളാകും ഈ ചടങ്ങ് അനുഷ്ടിക്കുക. പരംബരാഗതമായി നൂറ്റാണ്ടുകളായി പിന്തുടരുന്ന ആചാരമാണിത്.കുതിരകുളബടി ശബ്ദം കേട്ടുണരുന്ന ചന്ദനപ്പള്ളി എന്ന ഗ്രാമം പൗരാണികതയുടേയും സാംസ്കാരികാനുരൂപണത്തിന്റേയും നേർക്കാഴ്ചയാണു കാട്ടിതരുന്നത്

മലങ്കര സഭയു ടെ നാനാ ദേശങ്ങളിൽ നിന്നും പദയാത്രികരായും വാഹനങ്ങളിലായും ഭക്തർ പ്രധാന പെരുന്നാൾ ദിനങ്ങളായ മെയ് 7 നും8 നും വലിയപള്ളിയി ലേക്ക് പ്രവഹിക്കും.മതപരമായ ആ ഘോഷത്തിനപ്പുറം സ്നേഹത്തി ന്റെ …ഒരുമയു ടെ നാടി ന്റെ ഉത്സവമായാണു ചന്ദനപ്പള്ളി ന്റെ പെരുന്നാൾ കീർത്തി കേൾക്കുന്നത്.മതസൗഹാർദ്ധത്തി ന്റെ വലിയ പെരുന്നാൾ എന്നതാണു ചന്ദനപ്പള്ളി പെരുന്നാളി നെ മഹത്വരമാക്കുന്നത്.വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന പുണ്യാളച്ചനാണു ചന്ദനപ്പള്ളി പള്ളിയി ലേ തെന്നാണു പഴയതലമുറയും പുതിയ തലമുറയും വിശ്വസിക്കുന്നത്.അത്രമാത്രം അനുഭവസാക്ഷ്യങ്ങളാണു ഇവി ടെ നിന്നു ഉയർന്നു കേൾക്കുന്നത്.നാനാജാതിമതസ്തർ തങ്ങളു ടെ ഹൃദയഭാരം ഇറക്കിവക്കനുള്ള അത്താണിയായി ഈ ദേവാലയ ത്തെ കാണുന്നു.സർപ്പശല്യമുള്ളവരും,ത്വക് രോഗ ബാദിതരും,സന്താന ഭാഗ്യം തേടുന്നവരും, രോഗ പീഡകളാൽ വലയുന്നവരും ആശ്വാസം തേടി പുണ്യാളച്ച ന്റെ തിരു സാന്നിധ്യമുള്ള കൽകുരിശിലും തിരു ശേഷിപ്പ് കബറിലു മെത്തി സർവ്വം സമർപ്പിച്ച് പ്രാർത്ഥിക്കും.കൽകുരിശിൽ നെയ്തിരി കത്തിച്ചും പള്ളിക്കു മൂന്നുപ്രദക്ഷിണം വച്ചും,ചെംബിൽ അരി സമർപ്പിച്ചും,കുർബാന ചൊല്ലിച്ചും, തങ്ങളുടെ നേർച്ചകാഴ്ചകളാൽ അനുഗ്രഹീതരായാണു ഒാരോ ഭക്തരും മടങ്ങുന്നത്.എല്ലാ വർഷവും മലങ്കരയുടെ പരമാധ്യക്ഷനായ കാതോലിക്കാ ബാവാ തിരുമേനി ചന്ദനപ്പള്ളിയിൽ എഴുന്നള്ളി മുഖ്യ കാർമ്മികനാകുന്ന പതിവും ഇവിടെ ഉണ്ട്.ഭദ്രാസന മെത്രാപ്പോലീത്താ കുറിയാക്കോസ് മാർ ക്ലീമീസും,മറ്റ് തിരു മേനിമാരും പെരുന്നാളിന്റെ ചടങ്ങുകൾക്ക് നേത്യത്വം നൽകി പ്രധാന ദിവസങ്ങളിൽ ഇവിടെ നിത്യസാന്നിദ്യമാകുന്നതും കാണാനാകും.പരി.സഭ അത്രയും പ്രാധാന്യ ത്തോ ടെയാണു ഈ ദേവാലയത്തെ കണ്ടു വരുന്നത്.ദേശ വഴികളെല്ലാം ഒരുങ്ങി കഴിഞ്ഞു.
ചന്ദനപ്പള്ളി പള്ളി ഒന്നു കാണുക എന്നതു പോലും ഒരു മഹാ ഭാഗ്യമാണു.കാരണം ഇത്ര മേൽ വൈശിഷ്ഠ്യമായ ഒരു ദേവാലയം മലങ്കരയിൽ ത ന്നെ അപൂർവ്വമാണു.ഗോഥിക് ശിൽപഭംഗി കൊണ്ട് ശ്ര ദ്ദേയമായ ദേവാലയം ഹൈന്ദവ- ഇസ്ലാമിക- ക്രൈസ്തവ വാസ്തുവിദ്യയിലാണു പണിതുയർത്തിയിരിക്കുന്നത്.വി.മദ്ബഹ മൂന്നു ദിശകളിൽ കൂടി കാണാനാകുന്ന രീതിയിലാണു പണിതിരിക്കുന്നത്.വാസ്തുശിൽപ വിദ്യയു ടെ എല്ലാ കരവിരുതും ഉപ യോഗിച്ച് ഇ ന്തോ- സാരസനിക് ശൈലിയിൽ തീർത്ത ദേവാലയം മനോഹരമായ ഒരു കാഴ്ചയാണു സമ്മാനിക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ ചന്ദനപ്പള്ളിയിൽ ക്രൈസ്തവ കുടിയേറ്റം നടക്കുന്നത് പതിനാറാം നൂറ്റാണ്ടോടുകൂടിയാണു.ആദിമകാലങ്ങളിൽ ആരാധനക്കായി അവർ ആശ്രയിച്ചിരുന്നത് തുംബമൺ കടംബനാട് പള്ളികളെയാണു.ചന്ദനപ്പള്ളിയിൽ കുടിയേറിയ ക്രൈസ്തവർ ഇവിടെ ജീവിച്ചുവന്ന ഹൈന്ദവ സഹോദരങ്ങളുമായി ദ്രിഡമായ ആത്മബന്ധം പുലർത്തി പോന്നിരുന്നു.ഹൈന്ദവനായ ഒരു കാരണവർക്ക് സഹദായുടെ ദർശ്ശനം കൽകുരിശിരിക്കുന്ന ഭാഗത്തുവച്ച് ഉണ്ടായതായും അദ്ദേഹം നാട്ടു പ്രമാണികളേയും മറ്റും വിളിച്ച് കൂട്ടി വിവരം ധരിപ്പിക്കുകയും ചെയ്തു.പിന്നീട് ക്രൈസ്തവരായ കുടിയേറ്റക്ക്കാരുടെ നേത്രുത്വത്തിൽ സഹദായുടെ നാമത്തിൽ കൽകുരിശ് പണികഴിപ്പിക്കപ്പെട്ടതായാണുചരിത്രം.പിൽക്കാലത്ത് കുരിശിനോട് ചേർന്ന് ഓലയിൽ തീർത്ത ആരാധനാലയം പണിതീർത്തു.കാലക്രമത്തിൽ പലകാലഘട്ടങ്ങളിലായി പള്ളി പുതുക്കിപണിതു.വലിയപള്ളി എന്ന നാമകരണത്തിൽ 1875 പുനർ നിർമ്മിച്ച ദേവാലയത്തിനു മാർ അബ്ദുള്ള പാത്രിയർക്കീസാണു തറക്കല്ലിട്ടത്.ശക്തിഭദ്ര രാജാക്കന്മാരുടെ ഭരണാസീമയിൽപ്പെട്ട പ്രദേശങ്ങളായിരുന്നു കൊടുമൺ ഉൾപ്പെടുന്ന ചന്ദനപ്പള്ളി പ്രദേശങ്ങൾ.അക്കാലത്തെ പെരുന്നാളുകളിലെ റാസയിൽ ശക്തിഭദ്ര രാജാക്കന്മാരുടെ പ്രതിനിധികൾ അകംബടി സേവിച്ചിരുന്നത് പതിവായിരുന്നു.രാജഭരണം അവസാനിക്കുംവരെ ഈ പതിവ് തുടർന്നിരുന്നു.പിൽകാലത്ത് സഹദായുടെ കുതിരയെ അനുസ്മരിപ്പ്പിക്കുന്ന ഒരു കുതിരയെ തടിയിൽതീർത്ത് പെരുന്നാൾ കാലങ്ങളിൽ അതിനു മുകളിലായി സഹദാ വേഷദാരിയായി ഒരാൾ കയറിയിരുന്ന് റാസയെ അനുധാവനം ചെയ്യുന്ന രീതി ഉണ്ടായിരുന്നു.ഈ കുതിരയെ സൂക്ഷിക്കുന്ന്നതിനായി ഒരു കുതിരപ്പുര തന്നെ പണികഴിപ്പിച്ചിരുന്നു.നാട്ടാചാരങ്ങളിൽ അക്ഞ്ജനായിരുന്ന ഒരു വിദേശ മെത്രാൻ കുതിരയെ വെട്ടികീറി നശിപ്പിച്ചതായി പറയപ്പെടുന്നു.ഇന്ന് അതിന്റെ സ്മരണക്കായി സഹദായുടെ സ്വർണ്ണാങ്കിത രൂപം ഇവി ടെ സൂക്ഷിക്കുന്നു.പെരുന്നാൾ ദിനം കുതിരപുരയിൽനിന്നും ഇത് എഴുന്നള്ളിച്ച് പള്ളിയുടെ പ്രധാന ഭാഗത്ത് പ്രതിഷ്ഠിക്കും. കാലഘട്ടത്തിന്റെ ആവശ്യമെന്നവണ്ണം സഹദായുടെ മണ്ണിൽ ഒരു വലിയ ദേവാലയത്തിനായി 1987ഡിസംബറിൽ പരി.മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവാ തിരുമേനി അടിസ്ഥാന ശിലയിട്ടു.ദൈവത്തിന്റെ അനുഗ്രഹമായി 2000 ത്തിൽ പണിപൂർത്തിയായ ദേവാലയം അക്ഷരാർദ്ധത്തിൽ ആരേയും വിസ്മയിപ്പിക്കുന്നതായി.ഇസ്ലാമിക ശിൽപകലയുടെ ലാളിത്യവും ഹൈന്ദവ തച്ചുശാസ്ത്രത്തിന്റെ ഗാംഭീര്യവും ക്രൈസ്തവ ദേവാലയത്തി ന്റെ ചാരുതയും സമന്വയിച്ച് മനോഹരമായ ഒരു ദൈവാലയം ചന്ദനപ്പള്ളി ഗ്രാമത്തിനു തിലകകുറിയായി ഉയർന്ന് പൊങ്ങി.
പരി.മാർത്തോമ്മാ മാത്യൂസ് ദിദീയൻ കാതോലിക്ക്ാ ബാവായാൽ കൂദാശ ചെയ്ത ദേവാലയത്തിൽ 2004 ൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു.തീർത്ഥാടകരായി കാലങ്ങൾക്ക് മുബേ ചന്ദനപ്പള്ളിയിലേക്ക് ഭക്തരുടെ വരവുണ്ടായിരുന്നു.എന്നാൽ സഹദായുടെ ഒരു ദേവാലയത്തിൽ കാൽനടയായി വിശ്വാസികൾ തീർത്ഥാടനത്തിനു എത്തുന്ന ആദ്യ ദേവാലയമാണു ചന്ദനപ്പള്ളി.1998 മുതൽ ഇവിടേക്ക് വിവിദ ദേവാലയങ്ങളിൽ നിന്നും പദയാത്രികരായും ഭക്തർ എത്തിതുടങ്ങി.വിശുദ്ധന്റെ അത്ഭുത സാന്നിധ്യം കൊണ്ട് ചന്ദനപ്പള്ളി ദേശങ്ങൾക്കുമപ്പുറത്തേക്ക് ഖ്യാതി നേടുകയാണു.2000ൽ പുതുക്കിപണിത ദേവാലയം സന്ദർശ്ശിക്കാൻ അർമ്മേനിയൻ ഓർത്തഡോക്സ് സഭയുടെ ബിഷപ്പ് ആഖാൻ ബലാസിയോസ് സന്ദർശ്ശനം നടത്തിയിരുന്നു.2010 ചന്ദനപ്പള്ളിയെ സംബന്ധിച്ച് ചരിത്രത്തിന്റെ സുവർണ്ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന സംഭവത്തിനു പുണ്യം ചെയ്ത മറ്റൊരു തലമുറ സാക്ഷ്യമാവുകയായിരുന്നു.പരി.ബസ്സേലി യോസ് ദ്വിദി മോസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കൽപന പ്രകാരം ചന്ദനപ്പള്ളി വലിയപള്ളി ആഗോള തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപനം ഉണ്ടായ വർഷം.ചന്ദനപ്പള്ളി എന്ന സഹദായുടെ വിശ്വാസ പട്ടണത്തിലേക്ക് ആഗോള സഭയുടെ ഒരു മേലധ്യക്ഷൻ എഴുന്നള്ളിയാണു ഈ പ്രഖ്യാപനം നടത്തിയത്.അർമ്മേനിയൻ ഓർത്തഡോസ് സഭയുടെ പരമാധ്യക്ഷൻ പരി.ആരാം പ്രഥമൻ ബാവാ യാണു മലങ്കര സഭാ സന്ദർശ്ശനാർദ്ധം എത്തിയപ്പോൾ സഭാ സുന്നഹദോസ് തീരുമാനപ്രകാരം ഇവിടെ എഴുന്നള്ളിയതും ആഗോള തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപനം നടത്തുന്നതും.
മതവിഷയത്തിൽ ക്രൈസ്തവവും ആരാധാനാക്രമത്തിൽ പൗരസ്ത്യവും സംസ്കാരത്തിൽ തനി ഭാരതീയവുമായ ഒരു ജീവിതവീക്ഷണം പുലർത്തുന്നവരാണു അന്നും ഇന്നും ചന്ദനപ്പള്ളിക്കാർ.ആദ്യ ത്തെ കുരിശും പള്ളിയും ഉയർന്നതു മുതൽ പെരുന്നാളിന്റെ ചടങ്ങുകളിലും ഏകോദര സഹോരങ്ങളെ പോലെയാണു ഇവിടത്തെ ദേശക്കാർ കഴിഞ്ഞുവരുന്നതും അഘോഷങ്ങളിൽ അലിഞ്ഞു ചേരുന്നതും.ചന്ദനപ്പള്ളിയിലെ ദേവാലയം വിവരിക്കാനാവാത്ത അനുഭവങ്ങളുടെ സാക്ഷ്യമാണവർക്ക്.
നാടിന്റെ ചരിത്ര പശ്ചാത്തലം
——————————————
സംഘകാലത്തോളം നീളുന്ന സാംസ്കാരിക പ്രാധാന്യമാണു ചന്ദനപ്പള്ളിക്ക്.ബുദ്ധഭിക്ഷുക്കളിൽ പ്രമുഖനായ ചുന്ന്ദനന്റെ പള്ളി ( ബുദ്ധവിഹാരം ) ചന്ദനപ്പള്ളിയായിരുന്നു എന്നാണു ഗവേഷക കണ്ടെത്തൽ.അങ്ങനെയാണു നാടിനു ചന്ദനപ്പള്ളി എന്നു പേരുവന്നതെന്നും പറയപ്പെടുന്നു.
കൽകുരിശും വി.സഹദായും
————————————–
ചന്ദനപ്പള്ളിയിലെ പൂർവ്വ ക്രൈസ്തവർ പുണ്യാളച്ചനോടുള്ള അചഞ്ചലമായ വിശ്വാസം മുറുകെപ്പിടിച്ച് നടന്നവരായിരുന്നു.അതുകൊണ്ടുതന്നെ അവർ പണികഴിപ്പിച്ച കൽകുരിശും ആ വിശുദ്ധന്റെ നാമത്തിൽ തന്നെയായിരുന്നു.ഒറ്റകല്ലിൽ തീർത്ത ഈ കൽകുരിശ് അന്നും ഇന്നും വിശ്വാസികളുടെ അഭയ കേന്ദ്രമാണു.ശ്രദ്ധയോടെ നോക്കിയാൽ ഈ കുരിശിൽ മാലാഖമാരുടേയും പുണ്യാളന്റേയും രൂപങ്ങൾ കൊത്തിയിരിക്കുന്നതു കാണാനാകും.ഈ കുരിശടിയിലെത്തി പ്രാർത്ഥിച്ചാൽ ഫലം നിശ്ചയമാണെന്നാണു വിശ്വാസം.കൽകുരിശിൽ നെയ്തിരി കത്തിച്ച് …നേർച്ചകാഴ്ചകൾ അർപ്പിക്കാൻ ദൂര ദേശത്തുനിന്നായി പോലും വിശ്വാസികൾ ദിനം പ്രതി എത്തിച്ചേരുന്നു.വെള്ളിയാഴ്ചകളിൽ വിശ്വാസികളുടെ തിരക്ക് ക്രമാതീതമായി വർദ്ധിക്കും.പെരുന്നാളിനെത്തുന്ന എല്ലാ വിശ്വാസികളും ആദ്യം ഈ കുരിശിനെ വണങ്ങും…തിരികൾ കത്തിച്ച് മനസ്സ് നിറഞ്ഞ് പുണ്യാളച്ചനെ വിളിക്കും…ആധീ വ്യാധികൾ സമർപ്പിച്ച് പ്രാർത്ഥിക്കും.പിന്നീടാണു പള്ളിയിലെത്തി തിരുശേഷിപ്പ് വണങ്ങി നേർച്ചകാഴ്ചകൾ അർപ്പിക്കുക.സെപ്റ്റംബർ 14 നാണു ഈ കുരിശിന്റെ പെരുന്നാൾ നടത്തിവരാറുള്ളത്.തേങ്ങയും പാലും അരിയും ചേർത്ത് ഉണ്ടാക്കിയ വെള്ളപാച്ചോറാണു അന്നേദിവസം വിശ്വാസികൾക്ക് നേർച്ചയായി നൽകുക.
പുണ്യാളച്ചന്റെ തിരുശേഷിപ്പ്
————————————————
പരിശുദ്ധ സഹദായുടെ തിരു ശേഷിപ്പ് അന്ത്യോക്കായിലെ പാത്രിയർക്കീസിൽ നിന്നാണു വട്ടശ്ശേരിൽ തിരുമേനിയും പുന്നൂസ് ശെമ്മാശനും ( പിന്നീട് പരി.ഗീവർഗ്ഗീസ് ദ്വിദീയൻ ബാവാ ) ചേർന്ന് ഏറ്റുവാങ്ങി 1916 ൽ മലങ്കരയിൽ എത്തിക്കുന്നത്.ദീർഗ്ഘനാൾ കുണ്ടറ സെമിനാരിയിൽ സൂക്ഷിച്ച തിരുശേഷിപ്പ് സഭാ തലവൻ പരി.ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിദീയൻ കാതോലിക്കാ ബാവാ കൽപിച്ച് അനുവദിച്ച് സഭയിലെ രണ്ട് പ്രധാന പള്ളികളിൽ പ്രതിഷ്ഠിക്കുന്നത്.2004 മെയ് 7 നു പുതുപ്പള്ളിയിലും മെയ് 8 നു ചന്ദനപ്പള്ളി വലിയപള്ളിയിലുമായി പരി.ബാവാ എഴുന്നള്ളിയാണു പ്രതിഷ്ഠാകർമ്മം നടത്തിയതും.നാനാജാതി മതസ്ഥരായ വിശ്വാസികൾക്ക് ദർശ്ശനത്തിനായി ചന്ദനപേടകത്തിലാക്കി തിരുശേഷിപ്പ് ഇപ്പോൾ ഹൈക്കലായിൽ സൂക്ഷിച്ചിരിക്കുന്നു.
ഏഴുനില വിളക്ക്
———————
പഴമയുടെ തനിമ നിലനിർത്തുന്ന വലിയപള്ളിയിൽ ഭാരതീയ പാരംബര്യത്തിന്റെ പ്രതീകമായി ഏഴുനിലവിളക്ക് പ്രതിഷ്ഠിച്ചിരിക്കുന്നു.പൂർണ്ണമായും ഓടിൽ വാർത്തെടുത്ത വിളക്കിനു
1001 കിലോ
തൂക്കമുണ്ട്. 500 തിരികൾ കൊളുത്താം എന്നതാണു പ്രത്യേകത.പത്ത് അടിയോളം ഉയരമുള്ള നിലവിളക്ക് തെളിക്കുന്നത് വിശ്വാസികളാണു.പെരുന്നാൾ കാലത്ത് ഭക്തർ വഴിപാടായി ഈ നിലവിളക്കിൽ എണ്ണ ഒഴിച്ച് വിളക്ക് തെളിക്കും.തിരുശേഷിപ്പ് കബറിനു സമീപമായി സ്ഥാപിച്ച ഈ നിലവിളക്ക് അനുഗ്രഹസാഫല്യം നേടിയതിനു പുണ്യാളച്ചനു ഭക്തൻ നേർച്ചയായി സമർപ്പണം ചെയ്തതാണു.
ചെംബിൻ മൂട്
———————
പെരുന്നാൾകാലത്താണു ചെംബിൻ മൂട് വിശ്വാസികളുടെ ശ്രദ്ധയാകർഷിക്കുന്നത്.വലിയ തോടിനോടു ചേർന്നാണു ചെംബിൻ മൂട് സ്ഥിതി ചെയ്യുന്നത്.നൂറ്റാണ്ടുകൾ പഴക്കമുള്ള വലിയ ആറു കല്ലുകൾ ഇവിടെയാണുള്ളത്.പുണ്യാളച്ചനു സമർപ്പിക്കുന്ന അരി ചെംബിൽ വച്ച് പാകപ്പെടുത്തുന്ന സ്ഥലമാണിത്.ചെംബ് വക്കുന്നതിനുള്ള അടുപ്പുകല്ലുകളിരിക്കുന്ന ഈ സ്ഥലത്തിനാണു ചെംബിന്മൂട് എന്ന് പേരുവിളിക്കുന്നത്.പെരുന്നാളിന്റെ സമാപനദിനം നാനാജാതിമതസ്തർ ഇവിടെ നേർച്ച അർപ്പിക്കാനെത്തും.പുണ്യാളച്ചന്റെ അനുഗ്രഹമായി സന്താന ഭാഗ്യം നേടിയ ഭക്തർ തങ്ങളുടെ കുഞ്ഞുങ്ങളെ ചെംബിൽ ഇരുത്തുന്നതും കുഞ്ഞിളം കൈകളാൽ നേർച്ച അരി പുണ്യാളച്ചനു ചെംബിൽ അർപ്പിക്കുന്നതുമായ കാഴ്ച പെരുന്നാൾ ദിനം സർവ്വസാധാരണമാണിവടെ.
കൽത്തൊട്ടിയും കൽകിണറും
———————————————-
ചരിത്രത്തിന്റേയും വിശ്വാസത്തിന്റേയും സമന്വയമാണു ചന്ദനപ്പള്ളിയി ലെ കൽ ത്തൊട്ടിയുടേയും കൽകിണറിന്റേയും കഥ.ചരിത്രത്തിന്റെ നിഴലും വിശ്വാസത്തിന്റെ വെളിച്ചവും ഉൾച്ചേർന്ന കൽത്തൊട്ടിയും കൽകിണറും ചരിത്രാന്വേഷകർക്ക് പഠന വിഷയമാണു.ശക്തിഭദ്ര രാജാവിന്റെ ഭരണകാലത്താണു ഇവയുടെ നിർമ്മാണമെന്ന് കരുതുന്നു.വലിയപള്ളി സ്ഥാപിക്കും മുൻപേ നടന്ന കുരിശു പെരുന്നാളിന്റെ കാലത്തും കൽത്തൊട്ടിക്ക് പ്രസക്തിയുണ്ടായിരുന്നു.പെരുന്നാളിനോടനുബന്ധിച്ച് നടന്നിരുന്ന പാച്ചോർ വിളംബിന്റെ പെരുമ കൽതൊട്ടിക്കും അവകാശ പ്പെട്ടതാണു.ഇവിടെ ദീപം വച്ച് വണങ്ങുന്നവർ ഇന്നുമുണ്ട്.കൽ ത്തൊട്ടി പള്ളിയുടെ ചുമതലയിൽ സംരക്ഷിച്ചു വരുന്നു.റോഡരികിലായി സ്ഥിതി ചെയ്ത് വന്നിരുന്ന കൽകിണർ കാലക്രമത്തിൽ നശിച്ചിരുന്നു..
പെരുന്നാൾ റാസ
————————–
പെരുന്നാളിനോടനുബന്ധിച്ചു ഇവിടെ നടക്കുന്ന രാത്രി റാസ വിശ്വാസ കാഴ്ചയുടെ മറ്റൊരു നേർചിത്രമാണു..ഗ്രാമത്തിനോടു ചേർന്നു കിടക്കുന്ന ഇടത്തിട്ട ഗ്രാമത്തിൽ ഏറെയും ഹൈന്ദവ സഹോദരങ്ങളാണു താമസിച്ചു വരുന്നത്.അവർക്ക് ചന്ദനപ്പള്ളിയിലെ സഹദാ പള്ളി അപ്പൂപ്പനാണു.നാട്ടുഭാഷയിൽ പഴയ തലമുറ ആ വിളിപ്പേരാണു ചന്ദനപ്പള്ളിയിലെ പുണ്യാളച്ചനു നൽകിയിരുന്നത്.നൂറ്റാണ്ടുകൾക്ക് മുൻപ് മുതൽ തന്നെ റാസ ഈ ഗ്രാമത്തിലൂടെ തന്നെയാണു കടന്നു പോയിരുന്നത്.അക്കാലം മുതൽ ചൂട്ടു കറ്റകൾ തെളിച്ചാണു അവർ പുണ്യാളച്ചന്റെ റാസക്ക് വഴികാട്ടിയിരുന്നത്.അസാധാരണമായതും അവിസ്മരണീയവുമായ ഒരു കാഴ്ചയാണത്.ആഴ്ചകൾക്ക് മുൻപേ ഇതിനായി അവർ ഓലക്കെട്ടുകൾ തയ്യാറാക്കി വയ്ക്കാറാണു പതിവ്.നൂറുകണക്കിനു ആളുകളാണു ഇങ്ങനെ വേലിക്കെട്ടുകളുടെ മുകളിൽ നിന്ന് റാസക്ക് വെളിച്ചമേകുന്നത്.ചിലർ കുരുത്തോലകൾ റോഡിനു ഇരു വശങ്ങളിലായി അലംങ്കരിക്കും മറ്റു ചിലർ മൺ ചെരാതുകളിൽ കിലോമീറ്ററുകളോളം ദീപം തെളിക്കും മറ്റൊരു കൂട്ടർ ചന്ദനപ്പള്ളി പള്ളിയുടെ രൂപം കുരുത്തോലകളും വാഴപ്പോളകളും ചേർത്ത് നിർമ്മിക്കും.. റാസ കടന്നു പോകുന്ന തങ്ങളുടെ ഗ്രാമാതിർത്തിയിൽ എത്തി ച്ചേരാൻ കഴിയാത്ത പ്രായം ചെന്ന ആളുകൾ തങ്ങളുടെ വീടുകൾക്ക് മുന്നിൽ നിന്ന് ഇങ്ങനെ ചൂട്ടു കറ്റ വീശി പുണ്യാളച്ചനോടുള്ള ആദരവു പ്രകടമാക്കുന്നതും പതിവ് കാഴ്ചയാണു. അങ്ങനെ എത്രയോ വിശ്വാസ കാഴ്ചകളാണു പുണ്യാളച്ചനായി അവർ കാഴ്ചവക്കുന്നത്.ലോകത്തു ഒരിടത്തും ഈ കാഴ്ചകൾ കാണാനാകില്ല….ചന്ദനപ്പള്ളിയിലല്ലാതെ എന്നതാണു കൗതുകകരം.അനുഗ്രഹ ഐശ്വര്യങ്ങൾക്കായി പാരംബര്യമായി അനുഷ്ഠിച്ചു വരുന്ന ഈ ആചാരം ഇന്നുമുണ്ട്.ചൂട്ടു കറ്റ കത്തിച്ച് റാസക്ക് ഇങ്ങനെ വഴികാട്ടുന്ന രീതി വൈദ്യുത വെളിച്ചങ്ങളില്ലാത്ത കാലത്ത് ആരംഭിച്ചതാകാം.സാംസ്കാരികാനുരൂപണത്തിന്റേയും പൗരാണികതയുടേയും നേർക്കാഴ്ചകളാണു ചന്ദനപ്പള്ളിയിൽ തെളിഞ്ഞു കാണുന്നത്.
ചന്ദനപ്പള്ളി ചെംബെടുപ്പ്.
—————————————–
ഒരാണ്ടിന്റെ ഭക്തി നിർഭരമായ കാത്തിരിപ്പിനു സാഫല്ല്യമായി ചന്ദനപ്പള്ളിയിൽ നടക്കുന്ന ചടങ്ങാണു ചെ ംബെടുപ്പ്.
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സ്ഥാനം പിടിച അനുഷ്ഠാനം. പ്രധാന നേർച്ചയായ അരി പള്ളിക്ക് കിഴക്കായി വലിയതോടിനോടു ചേർന്നുകിടക്കുന്ന ചെംബിൻ മൂട്ടിൽ പാകപ്പെടുത്തി വിശ്വാസികൾ ചേർന്ന് ആഘോഷപൂർവ്വം കുതിരപ്പുരയിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണു പ്രസിദ്ധമായ ചന്ദനപ്പള്ളി ചെംബെടുപ്പ്.നൂറ്റാണ്ടുകൾക്ക് മുൻപ് വലിയപള്ളി പുതുക്കി പണിതപ്പോൾ അന്ന് ശ്രമദാനത്തിനായി എത്തിയ ആളുകൾക്ക് നാനാജാതി മതസ്തരായ അന്നാട്ടുകാർ ഭവനങ്ങളിൽ നിന്നും അരി കൊണ്ടുവന്ന് ചെംബിന്മൂട്ടിൽ വച്ച് പാകപ്പെടുത്തി ആഘോഷമായി…ഒരുമയോടെ കൽകുരിശിനു സമീപമുള്ള കുതിരപ്പുരയിൽ എത്തിച്ച് അന്നദാനം നടത്തി.അത് നാടിനു വലിയ അനുഗ്രഹമായി.പിൽകാലത്ത് അതിന്റെ സ്മരണക്കായി എല്ലാ വർഷവും പെരുന്നാൾകാലത്ത് ചെംബും ചോറും എഴുന്നള്ളിക്കുന്ന ചടങ്ങു പതിവായി. പെരുന്നാൾ സമാപന ദിവസം പതി നൊന്ന് പറ കൊള്ളുന്ന രണ്ട് ചെംബുകളാണു അടുപ്പിൽ വക്കുക.നൂറ്റൻപതു പറ യോളം അരി ഇതിൽ ആവി കൊള്ളി ച്ചെടുക്കും.അ ന്നേദിവസം വൈകിട്ട് രണ്ട് ചെംബുകളും കുരിശുമാത്രുകയിൽ മുളം കഴകൾ ഇട്ടാണു ആ ഘോഷപൂർവ്വം എഴുന്നള്ളിക്കുക.മുഖ്യ കാർമ്മികർ പ്രാർത്ഥന ചൊല്ലി ശ്ലീബാ കൊണ്ട് ചെംബിൽ കുരിശടയാളം വരക്കും.അ പ്പോ ഴേക്കും വിശ്വാസലഹരിയിലായ സഹദാ ഭക്തർ ഹൊ…..ഹോയ്….വിളിക ളോ ടെ ചെംബ് വഹിക്കും പാതകൾക്കിരുവശവുമായി നിലയുറപ്പിക്കുന്ന ജന ലക്ഷങ്ങൾ വെറ്റിലയും പുഷ്പങ്ങളു മെറിഞ്ഞ് ആദരവ് പ്രകടിപ്പിക്കും.കുതിരപ്പുരയി ലേക്ക് ആരോഗ്യപരമായ ഉന്തും തെള്ളോടും കൂടിയാണു ഇരു ചെംബുകളും അൽപാൽപം അകലം ദീക്ഷിച്ച് കടന്നു പോകുക.കൽകുരിശിനെ മൂന്നു പ്രദക്ഷിണം ചെയ്താണു ഇരു ചെംബുകളും കുതിരപ്പുരയിൽ ഇറക്കി വക്കുക.പിന്നിട് പള്ളിയിൽ ആശീർവ്വാദം നടക്കും .തുടർന്നാണു ഭക്തർക്ക് നേർച്ച അരി വിതരണം ചെയ്യുക. പോയ കാലത്ത് ഭവനങ്ങളിൽ നെല്ലു കുത്തിയുണ്ടാക്കുന്ന അരിയിൽ ഒരു പങ്ക് പുണ്യാളച്ചനായി കരുതി പെരുന്നാൾ കാലത്ത് ചെംബിൽ അർപ്പിക്ക്കുന്ന പതിവ് രിതിയും ഇവിടെ ഉണ്ടായിരുന്നു.പുരാതന കാലം മുതൽ ചെംബിൽ ആദ്യം അരി സമർപ്പിക്കുന്നതിനുള്ള അവകാശം സമീപ ഗ്രാമമായ അങ്ങാടിക്കൽ മേക്കാട്ട് തറവാട്ടിലെ ( പ്രമുഖ ഹൈന്ദവ കുടുംബം) കാരണവർക്കാണു.കാരണവരോ…അദ്ദേഹം നിയമിച്ച് അയക്കുന്ന പ്രതിനിധിയോ ആകും ഇന്നും ചെംബിൽ ആദ്യം അരിയിടുക.തലമുറകളായി നടന്നുവരുന്ന ആചാരമാണിത്.