കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ‘ഇന്റർ-പ്രെയർ ആരാധനാ-കൂദാശ ഗാനമത്സരം’ സംഘടിപ്പിച്ചു.
മലങ്കരസഭയുടെ പരമ്പരാഗതമായ വിശുദ്ധ കൂദാശഗീതങ്ങളുടെ തനിമ നിലനിർത്തികൊണ്ട്, ഇടവക ജനങ്ങളിൽ ആരാധനാ സംഗീതത്തിലുള്ള അവബോധവും അഭിരുചിയും വളർത്തുവാൻ വേണ്ടി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയിലെ പ്രാർത്ഥനായോഗ ങ്ങളെ ഉൾപ്പെടുത്തി,ഏപ്രിൽ 24-ാം തീയതി വൈകിട്ട് 7 മുതൽ അബ്ബാസിയ സെന്റ് ജോർജ്ജ് ചാപ്പലിൽ വെച്ച് നടന്ന മത്സരത്തിൽ 16-ഓളം ടീമുകൾ പങ്കെടുത്തു.
മത്സരത്തിൽ, സാൽമിയ സെന്റ് ആൻഡ്രൂസ് പ്രാർത്ഥനായോഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം സെന്റ് ജോസഫ്-റിഗ്ഗായി, സെന്റ് ഫിലിപ്പോസ്-അബ്ബാസിയ എന്നീ പ്രാർത്ഥനായോഗങ്ങൾ നേടി. നാഗ്പൂർ സെന്റ് തോമസ് വൈദീക സെമിനാരി അദ്ധ്യാപ കനും, ഓ.വി. ബി.എസ്. ബാഹ്യകേരള ഡയറക്ടറുമായ ഫാ. ഡോ. പി.സി. തോമസ്, അഹമ്മദി സെന്റ് തോമസ് ഇടവക വികാരി ഫാ. കുര്യൻ ജോൺ, നിരണം ഭദ്രാസന വൈദീക സംഘം സെക്രട്ടറി ഫാ. ജിജി വർഗ്ഗീസ്, അഹമ്മദി ഇടവക ക്വൊയർ മാസ്റ്റർ കുര്യൻ സക്കറിയ എന്നിവർ വിധികർത്താക്കളായിരുന്നു.
ഒന്നാം സ്ഥാനക്കാർക്ക് കാതോലിക്കേറ്റ് രത്നദീപം പുത്തൻകാവിൽ ഗീവർഗ്ഗീസ് മാർ പീലക്സിനോസ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും, രണ്ടും മൂന്നും സ്ഥാനക്കാർക്ക് കൊരട്ടി യൂഹാന്നോൻ മാർ സേവേറിയോസ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും, ഇയ്യോബ് മാർ പീലക്സിനോസ് മെമ്മോ റിയൽ എവറോളിംഗ് ട്രോഫിയും വ്യക്തിഗത മെഡലുകളും, യുവജനപ്രസ്ഥാനത്തിന്റെ പത്താം വാർഷിക സമാപനസമ്മേളനത്തിൽ വിതരണം ചെയ്യും.
ഇടവകവികാരിയും, യുവജനപ്രസ്ഥാനം പ്രസിഡണ്ടുമായ ഫാ. രാജു തോമസ് സ്വാഗതവും, ജനറൽ കൺവീനർ ഷൈജു കുര്യൻ നന്ദിയും അറിയിച്ചു. ഇടവക ട്രഷറാർ ജോൺ പി. ജോസഫ്, സെക്രട്ടറി ജോജി പി. ജോൺ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. യുവജനപ്രസ്ഥാനം ഭാരവാഹികളും പത്താം വാർഷീകഘോഷങ്ങളുടെ ചുമതലക്കാരുമായ ജെറി ജോൺ കോശി, ദീപ് ജോൺ, ഷോബിൻ കുര്യൻ, ജോബി കളീക്കൽ, ജിജു ജോൺ, അനീഷ് മാത്യു, അബു തോമസ്, അനീഷ് തോമസ്, എബി മാത്യു, എബി സാമുവേൽ,ജോമോൻ കോട്ടവിള, സിനി രാജേഷ്, സിൻസി സാമുവേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.