സമാധാന ദൂതന്‍: ഡോ ഡി. ബാബുപോള്‍ ഐ.എ.എസ്‌

HH_patriarch_ocp

ക്രിസ്‌തുവിന്റെ പന്ത്രണ്ടു ശിഷ്യരില്‍ ഒരാളായ പത്രോസിന്റെ പിന്‍ഗാമി പാത്രിയര്‍ക്കീസ്‌ ഇഗ്‌നാത്തിയോസ്‌ അപ്രേം ദ്വിതീയന്‍ പന്ത്രണ്ടു നാള്‍ നമ്മുടെ ഭാരതത്തില്‍ സ്‌നേഹത്തിന്റെ സുവിശേഷകനായി ഉണ്ടായിരുന്നു. മതങ്ങളുടെയും മനുഷ്യജീവിതത്തിന്റെയും പൊരുളിനെക്കുറിച്ച്‌ അദ്ദേഹം മലയാളികളോടും സംസാരിച്ചു. ആ തിരുസന്ദര്‍ശനത്തെക്കുറിച്ച്‌…
ഇരുപത്തിയഞ്ച്‌ സംവത്സരങ്ങള്‍പ്പുറത്തെ ഒരു സായാഹ്നം. ദമാസ്‌കസിന്റെ പ്രാന്തപ്രദേശത്തുള്ള ഇപ്പോഴത്തെ അരമനസമുച്ചയം പണിതുവരുന്നതേയുള്ളൂ. ഭാഗ്യസ്‌മരണാര്‍ഹനായ സഖാബാവായോടൊപ്പം ആ കുന്നിന്‍പുറത്തുകൂടി നടക്കവേ ഞാന്‍ ഒരു കുസൃതിച്ചോദ്യം തൊടുത്തു: ‘ആരായിരിക്കും അവിടുത്തെ പിന്‍ഗാമി?’
സഖാ ബാവായുടെ മുന്‍ഗാമി വാഴിച്ച മെത്രാന്മാരില്‍ ഇളമുറക്കാരായ രണ്ടുപേര്‍ എല്ലാവരുടെയും മനസ്സില്‍ തെളിയുമായിരുന്ന കാലം. ഒന്ന്‌ ആലപ്പോയിലെ ഗ്രീേഗാറിയോസ്‌; മറ്റേത്‌ ഹോളണ്ടിലെ യൂലിയോസ്‌. ‘ഇവരില്‍ ആരെയാണ്‌ ഇഷ്ടം?’
പ്രവചനം എന്ന്‌ ഇന്ന്‌ തോന്നുമാറ്‌ അന്ന്‌ സഖാബാവാ പറഞ്ഞു: ‘എന്റെ ഇഷ്ടം പ്രസക്തമല്ല. ദൈവം കാണിച്ചുതരും. എന്നാല്‍ എനിക്ക്‌ ദീര്‍ഘായുസ്സുണ്ടായാല്‍ ഇവര്‍ രണ്ടുപേരും ആയിരിക്കണമെന്നില്ല
എന്റെ പിന്‍ഗാമി. ഇപ്പോള്‍ ഞാന്‍പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്ന സന്ന്യാസിമാരില്‍ ആരെങ്കിലുമാവാം അത്‌!’ പിന്നീടൊരിക്കല്‍ ബബ്‌തൂമയിലെ പഴയ അരമനയില്‍ വച്ച്‌ അപ്രേം കരീം റമ്പാന്‍, പാത്രിയര്‍ക്കീസിന്റെ സെക്രട്ടറി ആയിരുന്ന കാലത്ത്‌ സഖാബാവാ, യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായം ഉദ്ധരിച്ചു. റമ്പാച്ചന്‍ ഏതോ ഫയലുമായി വന്ന്‌ മടങ്ങിയ നേരത്താണ്‌. ഭയോഹന്നാന്‍ 1:26′ എന്നാണ്‌ പറഞ്ഞത്‌. ആ മുഖത്തെ അര്‍ധമന്ദഹാസം ഇപ്പോഴും മനോമുകുരത്തില്‍ തെളിയുന്നു. വാക്യം ഓര്‍മ വരായ്‌കയാല്‍ മേശപ്പുറത്തിരുന്ന ബൈബിള്‍ തുറന്ന്‌ ഞാന്‍ വായിച്ചു:
‘നിങ്ങള്‍ അറിയാത്ത ഒരുത്തന്‍ നിങ്ങളുടെയിടയില്‍ നില്‍ക്കുന്നുണ്ട്‌.’ തുടര്‍ന്ന്‌ ബാവാ മൊഴിഞ്ഞു: ‘ഐ ഡോണ്ട്‌ നോ. ഹൂ ആം ഐ? ബട്ട്‌ ദിസ്‌ മങ്ക്‌ ഈസ്‌ ഗുഡ്‌!’ (എനിക്കറിഞ്ഞുകൂടാ. അറിയാന്‍ ഞാന്‍ ആരാണ്‌? എന്നാല്‍ ഈ സന്യാസി യോഗ്യനാണ്‌.) അത്‌ പ്രവചനംപോലെ ഫലിച്ചു.
ഗ്രീഗോറിയോസ്‌ ഭീകരവാദികളുടെ പിടിയിലായി. യൂലിയോസ്‌ കാറപകടത്തില്‍ മരിച്ചു. ‘യോഗ്യനായ ആ സന്ന്യാസി’ ഒടുവില്‌ പിന്‍ഗാമിയുമായി!
അപ്രേം ബാവാ ആയുഷ്‌കാലതപസ്സിന്‌ ഒരുങ്ങിയ കഥ വില്യം ഡാല്‍റിമ്പിള്‍ എഴുതിയിട്ടുണ്ട്‌. പണ്ട്‌ ഒരു സ്‌തൂപത്തിന്‌ മുകളില്‍ പ്രാര്‍ഥനാനിരതനായി ആയുഷ്‌കാലം കഴിച്ച ഒരു വിശുദ്ധസന്ന്യാസി
ഉണ്ടായിരുന്നു: ശെമവൂല്‍ ദെസ്‌തൂനെ. അദ്ദേഹത്തിന്റെ ആശ്രമം അപ്രേം ബാവായുടെ ഗുരു ഗ്രീഗോറിയോസ്‌ പുനരുദ്ധരിക്കാന്‍ ശ്രമിക്കുന്ന കാലത്തായിരുന്നു ഡാല്‍റിമ്പിളിന്റെ അഭിമുഖം. ഇക്കാലത്ത്‌ ആരാണ്‌ തൂണിന്‌ മേല്‍ തപസ്സിരിക്കുക എന്ന്‌ സായിപ്പ്‌ ചോദിച്ചപ്പോള്‍ ഗ്രീഗോറിയോസ്‌ മറുപടി പറഞ്ഞു: ‘ആളുണ്ട്‌. ഇപ്പോള്‍ അയര്‍ലന്‍ഡില്‍ പഠിക്കുകയാണ്‌. പേര്‌ ഫാദര്‍ അപ്രേം കരിം.’ (ഫ്രം ദി ഹോളി മൗണ്ടന്‍ എന്ന കൃതിയില്‍ പേജ്‌ 149) ദൈവനിയോഗം മറ്റൊന്നായിരുന്നു. ഫാ. അപ്രേം മെത്രാനായി: മാര്‍ കൂറിയോസ്‌ അപ്രേം കരിം. സുറിയാനി പാരമ്പര്യത്തില്‍ വളര്‍ന്ന്‌, കോപ്‌റ്റിക്‌ പാരമ്പര്യത്തില്‍ വൈദികവിദ്യാഭ്യാസം തുടങ്ങി, അയര്‍ലന്‍ഡിലെ ശക്തമായ കത്തോലിക്കാപാരമ്പര്യത്തില്‍ പഠിച്ച്‌ പിഎച്ച്‌.ഡി. എടുത്തയാളെ ദൈവം ആധുനികതയുടെ അവസാനവാക്കായ അമേരിക്കയിലെ മെത്രാനാക്കി. കുടിയേറ്റക്കാരായ സുറിയാനിക്കാരെ അമേരിക്കയുടെ ഉപ്പാക്കി മാറ്റാനും (‘നിങ്ങള്‍ഭൂമിയുടെ ഉപ്പാകുന്നു’ എന്ന്‌ ക്രിസ്‌തുവാക്യം) അവരുടെ മക്കളെ പാരമ്പര്യം മറക്കാത്ത അത്യാധുനികരാക്കി വളര്‍ത്തിയെടുക്കാനും ഈ യുവമെത്രാന്‌ കഴിഞ്ഞു.
യഹൂദസംസ്‌കാരത്തെ റോമന്‍ സംസ്‌കാരവുമായി ബന്ധിപ്പിക്കാന്‍ ദൈവം തിരഞ്ഞെടുത്ത മെത്രാനാണ്‌ ഭാഗ്യവാനും ദൈവത്താല്‍ നിലനിര്‍ത്തപ്പെട്ടുപോരുന്നവനുംആയ ഇഗ്‌നാത്തിയോസ്‌ അപ്രേം ദ്വിതീയന്‍ എന്ന പാത്രിയര്‍ക്കീസ്‌ ആയത്‌. പഞ്ചതന്ത്രത്തില്‍ ഇക്ഷോരഗ്രാത്‌ ക്രമശഃ പര്‍വണി പര്‍വണി യഥാ രസവിശേഷഃ എന്നൊരു പ്രയോഗം ഉണ്ട്‌.
ഓരോ തലത്തിലും ഗുണം വര്‍ധിക്കുന്ന അനുഭവം. ക്ഷീരബല ആവര്‍ത്തിക്കുമ്പോലെ എന്ന്‌ പറയാറില്ലേ? അതുതന്നെ. നല്ല ശെമ്മാശന്‍, കുറേക്കൂടെ നല്ല സന്യാസി, അതിലും മേന്മയേറിയ വൈദികന്‍, ലക്ഷം പേര്‍ക്കിടയില്‍ ലക്ഷണമൊത്തവനായ മെത്രാന്‍, ഇപ്പോള്‍ ഇതാ പാത്രിയര്‍ക്കീസും. ‘ഇന്നും ഈ ആയുഷ്‌ക്കാലത്തും നമ്മുടെ അധ്യക്ഷനായിരുന്ന്‌ നാല്‌ ഭാഗങ്ങളിലുമുള്ള ദൈവത്തിന്റെ വിശുദ്ധസഭയെ മേച്ചുഭരിക്കുന്ന ഭാഗ്യവാനും ദൈവത്താല്‍ നിലനിര്‍ത്തപ്പെട്ടുപോരുന്നവനും’ എന്നാണ്‌ ഓര്‍ത്തഡോക്‌സ്‌ പാരമ്പര്യത്തിലെ സമ്പ്രദായത്തില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ വിശേഷിപ്പിക്കുന്നത്‌. സാര്‍വത്രികസഭയുടെ ഇടയനും
ഭരണകര്‍ത്താവും ആകാന്‍ ഭാഗ്യം ലഭിച്ചവനെന്ന വിശേഷണവും ആ ഭാഗ്യത്തിന്റെ ഉറവിടം ഈശ്വരനാണ്‌ എന്ന തിരിച്ചറിവും ആണ്‌ ഈ വാക്കുകള്‍ സൂചിപ്പിക്കുന്നത്‌. ലോട്ടറി അടിക്കുന്നവന്റെ ഭാഗ്യമല്ല അത്‌. ഈശ്വരന്‍ തിരഞ്ഞെടുത്തു എന്നതാണ്‌ ഇവിടെ ഭാഗ്യം. ദൈവം മനുഷ്യാവതാരം ചെയ്‌തപ്പോള്‍ അതിന്‌ വഴിയൊരുക്കാനായി ദിവ്യഗര്‍ഭം ഏറ്റുവാങ്ങിയത്‌ മറിയം എന്ന ബാലിക ആയിരുന്നു എന്നാണ്‌ ക്രിസ്‌തീയവിശ്വാസം. തന്നെ കാത്തിരിക്കുന്ന ഭാവി എന്താണ്‌ എന്നറിയാതെ നിയോഗം ഏറ്റുവാങ്ങിയവള്‍ സ്വയം വിശേഷിപ്പിച്ചത്‌ ‘ഭാഗ്യവതി’ എന്നായിരുന്നു. ആ ആശയം ആണ്‌ സഭ അതിന്റെ ദൃശ്യതലവന്‌ വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ ഉപയോഗിക്കുന്നത്‌.
ഭാഗ്യവാനായ പാത്രിയര്‍ക്കീസ്‌ മോറാന്‍മോര്‍ ഇഗ്‌നാത്തിയോസ്‌ അപ്രേം ദ്വിതീയന്‍ ഭാരത സന്ദര്‍ശനം കഴിഞ്ഞ്‌ മടങ്ങിയത്‌ വ്യാഴാഴ്‌ചയാണ്‌. പന്ത്രണ്ട്‌ ശിഷ്യരില്‍ പ്രധാനി ആയിരുന്ന പത്രോസിന്റെ പിന്‍ഗാമി പന്ത്രണ്ട്‌ നാള്‍ ഈ പുണ്യഭൂമിയില്‍ സ്‌നേഹത്തിന്റെയും സദ്വാര്‍ത്തയുടെയും സുവിശേഷ വാഹകനായി ഉണ്ടായിരുന്നു. ക്രിസ്‌തുമതത്തിലെ ഒരു വൈദിക മേലധ്യക്ഷന്‍ എന്ന നിലയില്‍ ചെറുതും വലുതും ആയ നിരവധി മതപ്രസംഗങ്ങള്‍ ഈ ദിവസങ്ങളില്‍ അദ്ദേഹം നടത്തി. ഓരോന്നും അവിടുത്തെ പാണ്ഡിത്യം വിളിച്ചോതി. കോപ്‌റ്റിക്ക്‌, സുറിയാനി, കത്തോലിക്കാ വേദപാഠശാലകളിലെ കുറ്റമറ്റതും സുദീര്‍ഘവും ആയ അഭ്യസനം സ്വായത്തമായ അദ്ദേഹം പൊതുസമൂഹത്തിന്‌ താത്‌പര്യം ഉള്ള മൂന്ന്‌ ആശയങ്ങള്‍ മൂന്ന്‌ പ്രധാന പ്രസംഗങ്ങളിലൂടെ പങ്കുവെച്ചു. ഒന്നാമതായി ബാവാ അടിവരയിട്ട്‌ പറഞ്ഞത്‌ ഭാരതീയസമൂഹത്തിന്റെ ബഹു
സ്വരഭാവത്തെക്കുറിച്ചാണ്‌. രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം തോമാശ്ലീഹാ ഭാരതത്തില്‍ വന്നത്‌ ഇവിടത്തെ നാട്ടുകാരെ തേടി ആയിരുന്നില്ല. മുസിരിസിലെ റോമന്‍ വാണിജ്യവുമായി ബന്ധപ്പെട്ട്‌ കേരളത്തില്‍ താമസിച്ചിരുന്ന യഹൂദരെ സുവിശേഷം അറിയിക്കുകയായിരുന്നു ലക്ഷ്യം.
ശിഷ്യപ്രമുഖനായ പത്രോസ്‌, റോമന്‍ സൈന്യാധിപനായ കൊര്‍ണേലിയൂസിനെ സ്വീകരിച്ചത്‌ മുതല്‍ അയഹൂദര്‍ക്കും സഭ പ്രാപ്യമായി. അതാകട്ടെ തോമാശ്‌ളീഹാ കേരളത്തിലെത്തിയതിന്‌ ശേഷം ആയിരുന്നു താനും. എങ്കിലും ഈ നാട്ടിലെ കുറെ ആളുകളെങ്കിലും ഈ പുതിയ വേദഭാഷ്യം കേട്ടുകാണും. അവര്‍ ക്രിസ്‌ത്യാനികളായിട്ടുമുണ്ടാവാം. അതായത്‌ ഒന്നാം നൂറ്റാണ്ട്‌ മുതല്‍ ക്രിസ്‌തുമതം ഒരു ഭാരതീയ മതം കണക്കെ ആയി. പിന്നീടിങ്ങോട്ട്‌ നാലാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും രണ്ട്‌ സിറിയന്‍ കുടിയേറ്റങ്ങള്‍ ഉണ്ടായി.
പത്ത്‌, പതിനൊന്ന്‌ നൂറ്റാണ്ടുകളില്‍ കൊല്ലം അന്തര്‍ദേശീയ വാണിജ്യത്തിന്റെ കേന്ദ്രം ആയതോടെ വിദേശികളായ െ്രെകസ്‌തവര്‍ ഇവിടം സന്ദര്‍ശിച്ചുതുടങ്ങി. കൊല്ലത്തെ കുരുമുളക്‌ കച്ചവടത്തിന്റെ കുത്തക നാട്ടുകാരായ ക്രിസ്‌ത്യാനികള്‍ക്കായിരുന്നു എന്ന്‌ കണ്ട സന്ദര്‍ശകര്‍ ഇവിടെ അക്കാലത്തുതന്നെ നിലനിന്നിരുന്ന മതനിരപേക്ഷതയെക്കുറിച്ച്‌അത്ഭുതം കൂറി.
കേരളത്തിലെ നാടുവാഴികളും രാജാക്കന്മാരും പൊതുസമൂഹവും ക്രിസ്‌തുമതം സ്വീകരിച്ചവരെയോ വിദേശത്തുനിന്ന്‌വന്ന െ്രെകസ്‌തവരെയോ മാറ്റിനിര്‍ത്തിയില്ല. പോര്‍ച്ചുഗീസുകാര്‍ വരുന്നതുവരെ മതഭേദത്തിനൊപ്പം ഏകമതഭാവവും നമ്മുടെ നാടിനെ അടയാളപ്പെടുത്തി. ഇവിടെയുള്ള പള്ളികളുടെയൊക്കെ
ഭൂമി ഒട്ടുമുക്കാലും ഇവിടത്തെ ഭരണാധികാരികളും ഹൈന്ദവ ജന്മികളും കരമൊഴിവായും സൗജന്യമായും നല്‍കിയതാണ്‌. ഇന്നും മധ്യകേരളത്തില്‍ അമ്പലങ്ങളിലെ ഉത്സവങ്ങളും പള്ളികളിലെ പെരുന്നാളുകളും സമൂഹം പൊതുവായി ഏറ്റെടുക്കുന്നുണ്ടല്ലോ.
ഈ കാര്യങ്ങളൊക്കെ ആഴത്തില്‍ ഗ്രഹിച്ച വ്യക്തിയാണ്‌ അപ്രേം ദ്വിതീയന്‍. അതുകൊണ്ടാണ്‌ അദ്ദേഹം ‘ഭാരതീയ മതനിരപേക്ഷത ഉപരിപ്ലവമായ ഒരു ആധുനികതയല്ല എന്നും ഈ നാടിന്റെ ആത്മാവിന്റെ അടയാളമാണത്‌’ എന്നും പ്രസംഗിച്ചത്‌. ഐസിസ്‌ ഭീകരത നേരിട്ടറിയുകയും ഓട്ടോമന്‍ വംശഹത്യ സഭാചരിത്രത്തില്‍ പഠിച്ചറിയുകയും ചെയ്‌ത ഒരാള്‍ ഭാരതത്തിലെ മതനിരപേക്ഷതയെക്കുറിച്ച്‌ പ്രശംസാപൂര്‍വംസംസാരിച്ചത്‌ നമ്മെ തെല്ലും അത്ഭുതപ്പെടുത്തേണ്ടതില്ല. ഭാരതീയതയെ പ്രശംസിക്കുകയും ഭാരതീയത്വത്തില്‍ അഭിരമിക്കാന്‍ അനുയായികളെ ആഹ്വാനം ചെയ്യുകയും വഴി വര്‍ത്തമാനകാല സങ്കീര്‍ണതകളെ അഭിമുഖീകരിക്കാനുള്ള ഒരു സന്മാര്‍ഗത്തിലേക്കാണ്‌ അപ്രേം ബാവാ വിരല്‍ ചൂണ്ടിയത്‌.
രണ്ടാമത്‌ ബാവാ ശ്രദ്ധക്ഷണിച്ചത്‌ പരിസ്ഥിതി സംരക്ഷണത്തിലേക്കാണ്‌. കേരളത്തില്‍ പണ്ടുണ്ടായിരുന്ന കാവുകള്‍ പോലെ ഓരോ പള്ളിയും അതിന്റെ ചുറ്റുവട്ടത്തെ പച്ചപുതപ്പിക്കാന്‍ മരാമണ്‍ കണ്‍വെന്‍ഷനില്‍ ആഹ്വാനം ചെയ്‌ത ആ അതിഥി പമ്പാനദിയെ ‘പുണ്യനദി’ എന്നാണ്‌ വിശേഷിപ്പിച്ചത്‌. ഭാവിതലമുറകള്‍ക്ക്‌ വേണ്ടി ബാക്കിയാക്കാനുള്ള പ്രകൃതിവിഭവങ്ങളെ ആവശ്യത്തില്‍ കവിഞ്ഞ ഉപഭോഗം കൊണ്ട്‌ നശിപ്പിക്കരുത്‌ എന്ന്‌ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. പര്‍ണശാലകളിലേക്ക്‌ മടങ്ങുക എന്നൊന്നും അവിടുന്ന്‌ പറഞ്ഞില്ല. ആത്മനിയന്ത്രത്തെക്കുറിച്ചായിരുന്നു ആ ഉദ്‌ബോധനം. എയര്‍കണ്ടീഷണറുകള്‍ ഉപയോഗിക്കരുതെന്നല്ല, ചൂടുകാലത്ത്‌ ഒരു ഡിഗ്രി കൂട്ടിവെച്ചും തണുപ്പുകാലത്ത്‌ ഒരു ഡിഗ്രി കുറച്ചുവെച്ചും പരിസ്ഥിതിയോടുള്ള പ്രതിബദ്ധത തെളിയിക്കാനാണ്‌ ബാവാ പഠിപ്പിച്ചത്‌. കേരളത്തിലെ എല്ലാ വീടുകളിലും ഓരോ ബള്‍ബ്‌ വീതം കുറച്ച്‌ കത്തിച്ചാല്‍, ടെലിവിഷന്‍ കാണുന്നതിന്‌ ഉപയോഗിക്കുന്ന സമയം ഒരു മണിക്കൂര്‍ കുറച്ചാല്‍ ഇവിടത്തെ വൈദ്യുതിയുടെഉപഭോഗം ഗണ്യമായി കുറയും എന്ന്‌ ആ പ്രായോഗികമതി പറഞ്ഞു.
മൂന്നാമതായി അദ്ദേഹം പറഞ്ഞത്‌ ഇക്കാലത്തെ ക്രൈസ്‌തവധര്‍മത്തെക്കുറിച്ചാണ്‌. മതപരിവര്‍ത്തനമല്ല മനഃപരിവര്‍ത്തനമാണ്‌ പ്രധാനം. െ്രെകസ്‌തവര്‍ ഈ ലോകത്തില്‍ നിന്ന്‌ ഓടിയൊളിക്കേണ്ടതില്ല. എന്നാല്‍, ലൗകികമൂല്യങ്ങളും ഭൗതികലക്ഷ്യങ്ങളും ആകരുത്‌ മതവിശ്വാസികളെ നയിക്കുന്നത്‌. ക്രിസ്‌ത്യാനികള്‍ ക്രിസ്‌തുവിന്റെ സ്ഥാനപതികളാവണം. രണ്ട്‌സംഗതികള്‍ ബാവാ എടുത്തോതി: ഒന്ന്‌, ഒരുവന്‍ നിനക്ക്‌ ചെയ്‌തുതരണം എന്ന്‌ നീ ആഗ്രഹിക്കുന്ന നന്മ നീ അവന്‌ ചെയ്‌തുകൊടുക്കണം. ഈ ആശയം പുതിയതല്ല. കണ്‍ഫ്യൂഷ്യസ്‌ ക്രിസ്‌തു ജനിക്കുന്നതിന്‌ അഞ്ച്‌ നൂറ്റാണ്ടുകള്‍ക്കപ്പുറം ഇതു പറഞ്ഞിരുന്നു. യഹൂദറബ്ബിയായിരുന്ന ഹില്ലേല്‍ ആകട്ടെ ഇത്‌ മാത്രം ആണ്‌ ന്യായപ്രമാണം, ബാക്കിയെല്ലാം വ്യാഖ്യാനമാണ്‌ എന്നുവരെ പറഞ്ഞു. ഇതൊക്കെ ഓര്‍മിപ്പിച്ചുകൊണ്ട്‌ ബാവാ പറഞ്ഞത്‌ ഋണാത്മകമായ ഈ സമീപനത്തെക്കാള്‍ ക്ലേശകരമായതാണ്‌ ക്രിസ്‌തു അവതരിപ്പിച്ച ധനാത്മക സമീപനം എന്നാണ്‌. കണ്‍ഫ്യൂഷ്യസും ഹില്ലേലും പറഞ്ഞത്‌ പാലിക്കാന്‍ നിഷ്‌ക്രിയത്വം മതി. ക്രിസ്‌തു ഒരു പടികൂടെ കടന്ന്‌ സര്‍ഗാത്മകമായ നടപടികള്‍ ഉണ്ടാവണം എന്നാണ്‌ പറഞ്ഞത്‌. പണ്ട്‌ ഒരു റോമന്‍ പൗരന്‌ അധിനിവേശരാജ്യത്തിലെ പൗരനോട്‌ ഭാരം വഹിച്ച്‌ ഒരു നാഴിക ഒപ്പം നടക്കാന്‍ നിര്‍ബന്ധിക്കാന്‍ അവകാശം ഉണ്ടായിരുന്നു. അങ്ങനെ ഒരാള്‍ ആവശ്യപ്പെട്ടാല്‍ സ്വമനസ്സാലെ രണ്ട്‌ മൈല്‍ നടക്കുന്നവനാണ്‌ യഥാര്‍ഥത്തില്‍ ഈശ്വരവിശ്വാസി എന്ന്‌ അപ്രേംബാവാ പറഞ്ഞു.
മലങ്കരസഭയിലെ പ്രതിസന്ധിയെക്കുറിച്ചും ബാവാ പറഞ്ഞു. കേരളത്തിലെ പൊതുസമൂഹത്തിന്‌ താത്‌പര്യം ഉള്ള ആ വിഷയത്തെക്കുറിച്ച്‌ പലപ്പോഴും പലയിടത്തും ആയി ബാവാ പറഞ്ഞത്‌ ചേര്‍ത്തുവച്ചാല്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാട്‌ വായിച്ചെടുക്കാം.
ഒന്ന്‌, സുപ്രീംകോടതി വിധിയനുസരിച്ച്‌ ഒരു സഭയായി നില്‍ക്കാന്‍ കഴിയുമെങ്കില്‍ അതാണ്‌ നല്ല കാര്യം. എന്നാല്‍ ഇരുപത്‌ സംവത്സരങ്ങളായി അത്‌ അസാധ്യമാക്കുന്ന രീതിയിലാണ്‌ കാര്യങ്ങള്‍ നടന്നത്‌. അതുകൊണ്ട്‌ രണ്ട്‌ സഭകളായോ ഒരേ സഭയിലെ രണ്ട്‌ ‘റീത്തു’കളായോ നില്‍ക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുകയാവും പ്രായോഗികബുദ്ധി.
രണ്ട്‌, തീരുമാനം ഏതായാലും അത്‌ ഭാരതത്തില്‍ത്തന്നെയാണ്‌ ഉണ്ടാകേണ്ടത്‌. ഒരു ഫെസിലിറ്റേറ്റര്‍ എന്നതിനപ്പുറം പാത്രിയര്‍ക്കീസിന്‌ ഇക്കാര്യത്തില്‍ ഏറെയൊന്നും ചെയ്യാനില്ല. ആ നിലയില്‍ അദ്ദേഹം മുന്‍കൈ എടുത്ത്‌ തന്നോട്‌ വിധേയത്വം കാണിക്കുന്ന വിഭാഗത്തിലെ അഞ്ച്‌ മെത്രാന്മാരെ അനുരഞ്‌ജനയത്‌നങ്ങള്‍ക്ക്‌ ചുമതലപ്പെടുത്തി.
മൂന്ന്‌, വസ്‌തുവകകള്‍ പങ്കിടുന്നതിലല്ല മനസ്സ്‌ പങ്കുവെച്ച്‌ ഐകമത്യപ്പെടുന്നതിലാണ്‌ യഥാര്‍ഥസമാധാനം കാണേണ്ടത്‌. ആ മാനസികൈക്യം ഉണ്ടാക്കിയെടുക്കാന്‍ വസ്‌തുവകകളെക്കുറിച്ച്‌ സംസാരിക്കേണ്ടിവരാം. അവിടെ അവകാശങ്ങള്‍ അടിയറവ്‌ വയ്‌ക്കാനും കടമകളെ അതിജീവിച്ച്‌ സേവന മനോഭാവം സൃഷ്ടിക്കാനും സഭാംഗങ്ങള്‍ക്ക്‌ കഴിയണം. ത്യാഗത്തിലാണ്‌ ഭാഗ്യം തുടങ്ങുന്നത്‌.
മലങ്കരയിലെ ഇരുവിഭാഗങ്ങളുംഅവരവരുടെ ഭരണഘടന അനുസരിച്ച്‌ തന്നെ ബഹുമാനിക്കുന്നുണ്ട്‌ എന്ന്‌ തിരിച്ചറിഞ്ഞ ബാവാ ഒരു പടികൂടി കടന്ന്‌ മറ്റൊന്നുകൂടി പറഞ്ഞു: സുപ്രീംകോടതി ശരിെവച്ച 1934ലെ ഭരണഘടനയില്‍ തനിക്കുള്ള അധികാരാവകാശങ്ങള്‍ ഭാവിയില്‍ ഭരണഘടനാഭേദഗതിമൂലം ഇല്ലാതാക്കിയാലും താന്‍ ഖിന്നനാവുകയോ തനിക്ക്‌ നിരാശ ഉണ്ടാവുകയോ ചെയ്യുകയില്ല. ‘സമാധാനദൂതന്‍ വന്നു’ എന്ന്‌ മാധ്യമപ്രവര്‍ത്തകനായ എം.ജി. രാധാകൃഷ്‌ണന്‍ കുറിച്ചത്‌ വെറുതെയല്ല.