ശാസ്താംകോട്ട: മലങ്കര സഭയ്ക്കും ലോകത്തിനും മറക്കാനാവാത്ത മാതൃക സമ്മാനിച്ച പിതാവായിരുന്നു ബസേലിയോസ് മാത്യൂസ് ദ്വിതീയന്‍ ബാവായെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.
തലമുറകള്‍ക്ക് അനുകരണീയമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നും സാമൂഹിക നന്മയ്ക്കായി നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനമായിരുന്നു ബാവായുടെ ജീവിതത്തില്‍ ഉടനീളമെന്നും അദ്ദേഹം പറഞ്ഞു.
മാത്യൂസ് ദ്വിതീയന്‍ ബാവായുടെ ഓര്‍മപ്പെരുന്നാളിന്റെ ഭാഗമായി ശാസ്താംകോട്ട മാര്‍ ഏലിയാ ചാപ്പലില്‍ നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്കു മദ്ധ്യേ പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.
പരിശുദ്ധ കാതോലിക്കാ ബാവാ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ, ചെന്നൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്താ എന്നിവര്‍ സഹകാര്‍മികരായിരുന്നു. കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ, ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്താ എന്നിവര്‍ സന്നിഹിതരായിരുന്നു.
വിദ്യാഭ്യാസ അവാര്‍ഡ്, മത്സര വിജയികള്‍ക്ക് സമ്മാനം എന്നിവ വിതരണം ചെയ്തു. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ശ്ളൈഹിക വാഴ്വ്, നേര്‍ച്ച വിളമ്പ് എന്നിവയോടെ പെരുന്നാള്‍ സമാപിച്ചു.