പ. അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ ഭാരതം സന്ദര്‍ശിക്കും

HH_Aprem_II

പുത്തന്‍കുരിശ് : ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ ഫെബ്രുവരി 7 മുതല്‍ 18 വരെ ഭാരതം സന്ദര്‍ശിക്കും. ഫെബ്രുവരി 7 ന് രാവിലെ 9 ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന പരിശുദ്ധ ബാവായെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക തലവന്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായും സംസ്ഥാന മന്ത്രിമാരും മെത്രാപ്പോലീത്തന്മാരും ചേര്‍ന്ന് സ്വീകരിക്കും. 11 ന് യാക്കോബായ സഭയുടെ ആസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ എത്തിച്ചേരുന്ന ബാവായെ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ അഭിവാദ്യം ചെയ്യും. 3 ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്യും. 5 ന് കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ചേരുന്ന പ്രാദേശിക സുന്നഹദോസില്‍ അദ്ധ്യക്ഷം വഹിക്കും. തുടര്‍ന്ന് തിരുവാങ്കുളം ക്യംതാ സെമിനാരി സന്ദര്‍ശിക്കും.

ഫെബ്രുവരി 8 ന് രാവിലെ 8 ന് മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് അരീപ്പറമ്പ് സെന്റ് മേരീസ്, വെള്ളൂര്‍ സെന്റ് സൈമണ്‍സ്, വെള്ളൂര്‍ സെന്റ് തോമസ്, വടവാതൂര്‍ മാര്‍ അപ്രേം, തൃക്കോതമംഗലം സെന്റ് മേരീസ്, നാലുന്നാക്കല്‍ സെന്റ് ആദായിസ്, പുതുപ്പള്ളി സെന്റ് ജോര്‍ജ് പാട്രിയാര്‍ക്കല്‍ എന്നീ ഇടവകകള്‍ സന്ദര്‍ശിക്കും. 4.30 ന് കോട്ടയം നെഹറു സ്റ്റേഡിയത്തില്‍ സഭാ അടിസ്ഥാനത്തില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് സ്വീകരണം നല്‍കും. ഒരു ലക്ഷം വിശ്വാസികള്‍ പങ്കെടുക്കും. ശ്രേഷ്ഠ കാതോലിക്ക ബാവാ അദ്ധ്യക്ഷം വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. 1914-1920 കാലഘട്ടങ്ങളില്‍ തുര്‍ക്കിയിലെ ഒട്ടോമാന്‍ ഭരണകാലത്ത് മൂന്ന് ലക്ഷത്തില്‍പരം സുറിയാനി ക്രിസ്ത്യാനികളായ സഭ മക്കളെ കൂട്ടക്കൊല നടത്തിയതിന്റെ (സൈഫോ) നൂറാം വാര്‍ഷികത്തിന്റെ ഇന്ത്യന്‍ ചാപ്റ്ററിന്റെ ഉദ്ഘാടനവും അനുസ്മരണവും നടക്കും. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ബാവായുടെ ബഹുമാനാര്‍ത്ഥം നടത്തുന്ന വിരുന്നില്‍ പങ്കെടുക്കും.

ഫെബ്രുവരി 9 ന് രാവിലെ 8 ന് റാന്നി, ഐത്തല സെന്റ് കുര്യാക്കോസ് പള്ളിയുടെ കൂദാശ നിര്‍വ്വഹിക്കും. തുടര്‍ന്ന് ക്‌നാനായ അതിഭദ്രാസനത്തിലെ വളളംകുളം ബേദ്‌നഹീര്‍ അരമന, നീലംപേരൂര്‍ സെന്റ് ജോര്‍ജ്, കുറിച്ചി സെന്റ് മേരീസ് എന്നീ ദേവാലയങ്ങള്‍ സന്ദര്‍ശിക്കും. വൈകിട്ട് ക്‌നാനായ അതിഭദ്രാസനാസ്ഥാനമായ ചിങ്ങവനം അഫ്രേം സെമിനാരി സെനിമാരിയില്‍ സ്വീകരണം നല്‍കും.

ഫെബ്രുവരി 10 ന് രാവിലെ 7.30 ന് കോട്ടയം ഭദ്രാസനത്തിലെ കഞ്ഞിക്കുഴി സിറിയന്‍ ഓര്‍ത്തഡോക്‌സ് സെന്ററില്‍ നിര്‍മ്മിച്ചിരിക്കുന്ന സെന്റ് ജോര്‍ജ് ചാപ്പലിന്റെ കൂദാശ നിര്‍വ്വഹിക്കും. തുടര്‍ന്ന് പേരൂര്‍ മര്‍ത്തശ്മൂനി, പാക്കില്‍ സെന്റ് തോമസ്, പള്ളം സെന്റ് ഇഗ്നാത്തിയോസ്, പാണംപടി സെന്റ് മേരീസ്, കുമരകം ആറ്റാമംഗലം സെന്റ് ജോണ്‍സ് എന്നീ ദേവാലയങ്ങളും ഉച്ചയ്ക്ക് ശേഷം മാറാടി സെന്റ് മേരീസ്, റാക്കാട് സെന്റ് മേരീസ് കത്തീഡ്രല്‍ നേര്‍ച്ചപ്പള്ളി, സെന്റ് മേരീസ് കത്തീഡ്രല്‍ കുറുപ്പംപടി എന്നീ ദേവാലയങ്ങള്‍ സന്ദര്‍ശിക്കും. വൈകിട്ട് 5.30 ന് പെരുമ്പാവൂരില്‍ പൗരസ്ത്യ സുവിശേഷ സമാജം ഹെഡ്ക്വാട്ടേഴ്‌സിന്റെയും ബിഷപ്പ് ഹൗസിന്റെയും കൂദാശ നിര്‍വ്വഹിക്കും. തുടര്‍ന്ന് സമാജം നവതി ആഘോഷങ്ങളില്‍ പങ്കെടുക്കും. പിന്നീട് പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രല്‍, വെങ്ങോല ബെത്‌സൈദ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.

ഫെബരുവരി 11 ന് പീച്ചാനിക്കാട് സെന്റ് പീറ്റേഴ്‌സ് പള്ളിയുടെ കൂദാശ നിര്‍വ്വഹിക്കും. തുര്‍ന്ന് വടക്കന്‍ പറവൂര്‍ സെന്റ് തോമസ് പളളിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അബ്ദുള്‍ ജലീല്‍ മോര്‍ ഗ്രീഗോറിയോസ് ബാവായുടെ കബറിടവും കുന്നംകുളം ആര്‍ത്താറ്റ് സിംഹാസന പള്ളിയില്‍ പരിശുദ്ധ സ്ലീബാ മോര്‍ ഒസ്താത്തിയോസ് ബാവായുടെ കബറിടവും കണ്ണാറ സെന്റ് മേരീസ് പള്ളിയും വൈകിട്ട് 6 ന് പുരാതീനമായ അങ്കമാലി സെന്റ് മേരീസ് സൂനോറോ കത്തീഡ്രല്‍, ചെറിയവാപ്പലശ്ശേരി മോര്‍ ഇഗ്നാത്തിയോസ്, തുരുത്തപ്ലി സെന്റ് മേരീസ് എന്നീ ദേവാലയങ്ങള്‍ സന്ദര്‍ശിക്കും.

ഫെബ്രുവരി 12 ന് രാവിലെ പിറവം രാജാധിരാജ സെന്റ് മേരീസ് കത്തീഡ്രലില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് ആരക്കുന്നം സെന്റ് ജോര്‍ജ് വലിയ പള്ളി, യാക്കോബായ സുറിയാനി സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റായിരുന്ന ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത കബറടങ്ങിയിരിക്കുന്ന പെരുമ്പള്ളി സിംഹാസന പള്ളി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ഉച്ചക്ക് 12 ന് വെട്ടിക്കല്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ സഭയിലെ വൈദികരുടെയും കന്യാസ്ത്രീകളുടെയും സന്ന്യസ്തരുടെയും യോഗത്തില്‍ പങ്കെടുക്കും. 3.30 ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ചേരുന്ന സഭാ വര്‍ക്കിംഗ് കമ്മറ്റി, മാനേജിംഗ് കമ്മറ്റി എന്നിവയുടെ സംയുക്ത യോഗത്തെ പരിശുദ്ധ ബാവാ അഭിസംബോധന ചെയ്യും.