പൈതൃകസംഗമം കാലത്തിന്‍റെ അനിവാര്യത | പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ


ത്രിയേകദൈവത്തിനു സ്തുതി.

Hon. Governor of Kerala H.E. Arif Mohammed Khan, Hon. Governor of Goa H.E. Adv. P.S. Sreedharan Pillai, Beloved and respected Mteropolitan Antony from Russian Orthodox Church, Beloved Mteropolitan H.E Abba Melkisedek Nurbegen Geda from Ethiopian Orthodox Church, ബഹുമാനപ്പെട്ട മന്ത്രിമാരായ ശ്രീ വി.എന്‍. വാസവന്‍, ശ്രീമതി വീണാ ജോര്‍ജ്, എം.എല്‍.എ. മാരായ ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ശ്രീ ചാണ്ടി ഉമ്മന്‍, പരിശുദ്ധ സഭയുടെ സുന്നഹദോസ് സെക്രട്ടറിയും വര്‍ക്കിംഗ് കമ്മറ്റി അംഗവുമായ അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് തിരുമേനി, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, അല്മായ ട്രസ്റ്റി ശ്രീ റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, അഭിവന്ദ്യ സഹോദര മെത്രാപ്പോലീത്താമാരേ, കോര്‍-എപ്പിസ്‌ക്കോപ്പാമാരേ, റമ്പാച്ചന്മാരേ, വൈദികശ്രേഷ്ഠരേ, കന്യാസ്ത്രീകളേ, രാഷ്ട്രീയ-സാമുദായിക നേതാക്കളേ, മലങ്കരസഭയുടെ 30 ഭദ്രാസനങ്ങളില്‍ നിന്നായി കാലേക്കൂട്ടി ഇവിടെ സന്നിഹിതരായിരിക്കുന്ന നമ്മുടെ സന്തോഷവും കിരീടവുമായ വാത്സല്യമക്കളേ,

ക്ലേശങ്ങളും ദുരിതങ്ങളും സഹിച്ച് നമ്മുടെ ആഹ്വാനം ശിരസ്സാവഹിച്ച് ഇവിടെ സമ്മേളിച്ച നിങ്ങളുടെ സഭാസ്‌നേഹത്തിലും ഭക്തിയിലും നാം അതിയായി സന്തോഷിക്കുന്നു. ‘മലങ്കരസഭയേ, നീ ഭാഗ്യവതി’ എന്ന് അഭിമാനത്തോടെ നിങ്ങളെ നോക്കി പറയുന്നതില്‍ ബലഹീനനായ നാം അഭിമാനം കൊള്ളുന്നു. ഈ മഹാസമ്മേളനം നമ്മുടെ ഹൃദയത്തെ ആഹ്ലാദംകൊണ്ട് നിറയ്ക്കുകയാണ്. ഈ മാര്‍ത്തോമ്മന്‍ പൈതൃകസംഗമം സഭയുടെ ഏറ്റവും വലിയ ചരിത്ര മുഹൂര്‍ത്തമായി മാറിക്കഴിഞ്ഞു. നസ്രാണിദേശമായ കോട്ടയം കണ്ടിട്ടുള്ള ജനസഞ്ചയങ്ങളില്‍ ഒന്നായി ഈ മാര്‍ത്തോമ്മന്‍ പൈതൃകസംഗമം മാറിയിരിക്കുന്നവെന്നുള്ളതില്‍ ദൈവത്തെ സ്തുതിക്കാം.

സ്വര്‍ഗ്ഗത്തിലെ ദൈവവും, മാലാഖമാരും, പരിശുദ്ധന്മാരും, ശുദ്ധിമതികളും, വിശേഷാല്‍ നമ്മുടെ പിതാവായ മാര്‍ത്തോമ്മാ ശ്ലീഹായും, ഈ സഭയുടെ നിലനില്പിനുവേണ്ടി അക്ഷീണം അധ്വാനിച്ച അര്‍ക്കദിയാക്കോന്മാരും, മാര്‍ത്തോമ്മാ മെത്രാന്മാരും, ഭാഗ്യവാന്മാരായ പരിശുദ്ധ എല്‍ദോ ബാവായും, പരിശുദ്ധ പരുമല തിരുമേനിയും, പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയും നമ്മുടെ മുന്‍ഗാമികളായി പൗരസ്ത്യശ്ലൈഹിക സിംഹാസനത്തെ അലങ്കരിച്ച കാതോലിക്കാമാരും, നമ്മുടെ പൂര്‍വ്വപിതാക്കളും, മാതാക്കളും സഹോദരങ്ങളുമായ സകല വാങ്ങിപ്പോയവരും ഇപ്പോള്‍ സന്തോഷിക്കുകയാണ്.

”മലങ്കരസഭയേ, നീ ഭാഗ്യവതിയാകുന്നു. മാര്‍ത്തോമ്മാ പൈതൃകമേ, നീ ധന്യവതിയാകുന്നു; എന്തെന്നാല്‍ നിന്റെ മക്കള്‍ ധീരരും യോഗ്യരും വിശുദ്ധന്മാരുമാകുന്നു. കാറ്റുകള്‍ ഏറെ വീശിയിട്ടും, ഓളങ്ങള്‍ അനവധി ഉയര്‍ന്നിട്ടും മലങ്കരസഭയേ, നിന്നെ തകര്‍ക്കുവാന്‍ ഒരു ശക്തിക്കും സാധ്യമായില്ല. നിന്നെ തകര്‍ക്കുവാന്‍ ഒരു ശക്തിക്കും സാധ്യമാകുകയുമില്ല. നിന്നെ ചിതറിക്കുവാന്‍ ഒരു ശക്തിയെയും അനുവദിക്കുകയുമില്ല എന്ന് നാം പ്രതിജ്ഞ ചെയ്യണം.”

ഈ പൈതൃകസംഗമം ഇക്കാലത്തിന്റെ അനിവാര്യതയാണ്. വി. തോമാശ്ലീഹാ രക്തം നല്കി ഉറപ്പിച്ച വിശ്വാസം കാലത്തിന്റെ കുത്തൊഴുക്കിലും നിരര്‍ത്ഥകമായ പരിഹാസങ്ങളുടെ മധ്യത്തിലും ഒലിച്ചു പോകുന്ന ഒന്നല്ല. പരിശുദ്ധ സഭയ്ക്ക് രണ്ടായിരം വര്‍ഷത്തെ പ്രയാണത്തില്‍ പൈതൃകസ്വത്തായി ലഭിച്ചതും പിന്നീട് കാലാകാലങ്ങളില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതുമായ ആരാധനാരീതികളും തനതായ പാരമ്പര്യങ്ങളും ഒന്നും തന്നെ വിട്ടുകളയുവാന്‍ നമുക്ക് ആവുകയില്ല. നാം അതിന് തയ്യാറുമല്ല. നാം അനുദിനം ഏറ്റുവാങ്ങുന്ന നിന്ദയും പരിഹാസവും ഒന്നും തന്നെ നമ്മെ അതില്‍നിന്ന് ഒരുനാളും പിന്‍തിരിപ്പിക്കുകയുമില്ല എന്ന് സധൈര്യം നമുക്ക് പറയാം.

മാര്‍ത്തോമ്മന്‍ പൈതൃകം എന്തിനാണ് നാം ആഘോഷിക്കുന്നത്, മാര്‍ത്തോമ്മന്‍ പൈതൃകം എല്ലാവര്‍ക്കും ഇല്ലേ എന്ന് പലരും ചോദിച്ചേക്കാം. എന്നാല്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം മാര്‍ത്തോമ്മന്‍ പൈതൃകം 3 കാര്യങ്ങളില്‍ അധിഷ്ഠിതമാണ്.

ഒന്നാമതായി മാര്‍ത്തോമ്മാശ്ലീഹായുടെ പൗരോഹിത്യ തുടര്‍ച്ച.

എ.ഡി. 52 മുതല്‍ 72 വരെ മലങ്കരയില്‍ താമസിച്ച മാര്‍ത്തോമ്മാ ശ്ലീഹാ ഏഴരപ്പള്ളികള്‍ സ്ഥാപിച്ചു എന്നതിന്റെയും പകലോമറ്റം, ശങ്കരപുരി, കള്ളി, കാളിയാങ്കല്‍ തുടങ്ങിയ കുടുംബങ്ങളില്‍നിന്ന് പുരോഹിതന്മാരെ വാഴിച്ചു എന്നതിന്റെയും സഭാ പിതാക്കന്മാരുടെ ചരിത്രരേഖകള്‍ എ.ഡി. നാലാം നൂറ്റാണ്ടുമുതല്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. അന്ത്യോക്യ പാത്രിയര്‍ക്കീസ് ബാവായുടെ ഡെലിഗേറ്റ് ആയിരുന്ന അബ്ദുള്‍ ആഹാദ് റമ്പാന്‍ (പിന്നീട് യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ്) 1933 മുതല്‍ 1946 വരെ മഞ്ഞനിക്കരയില്‍ താമസിച്ച് അറബി ഭാഷയില്‍ എഴുതിയ ‘സുറിയാനി സഭാചരിത്രം’ (തകടിയില്‍ യാക്കോബ് റമ്പാന്റെ പരിഭാഷ) എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ (പുറം 119), മാര്‍ത്തോമ്മാശ്ലീഹാ മലങ്കരസഭയില്‍ ഏഴരപ്പള്ളികള്‍ സ്ഥാപിക്കുകയും പകലോമറ്റം ശങ്കരപുരി, കള്ളി, കാളിയാങ്കല്‍ തുടങ്ങിയ കുടുംബങ്ങളില്‍ നിന്ന് പട്ടക്കാരെ വാഴിക്കുകയും ചെയ്തു എന്ന് ചരിത്രവസ്തുതകളുടെ പിന്‍ബലത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട്. 1950-ല്‍ മെത്രാനായ അദ്ദേഹം 1951-ല്‍ അറബിയില്‍ രചിച്ച ‘മലബാര്‍ സഭാചരിത്രം’ (Htsiory of the Syrian Church in India ഇന്ത്യയിലെ സുറിയാനി സഭാചരിത്രം) ഡോ. മത്തിമൂസ എന്ന വ്യക്തി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. ആ ഗ്രന്ഥത്തിന്റെ 41-ാം പുറത്തില്‍ മാര്‍ത്തോമ്മാ ശ്ലീഹാ മലബാറിലെ നാല് കുടുംബങ്ങളില്‍നിന്നും പട്ടക്കാരെയും കേഫാ എന്ന പേരോടുകൂടി മെത്രാനെയും വാഴിച്ചു എന്നും യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് രേഖപ്പെടുത്തി. അനേകം ചരിത്രഗ്രന്ഥങ്ങള്‍ സൂക്ഷ്മനിരീക്ഷണം ചെയ്ത് രചിച്ച ഗ്രന്ഥമാണ് എന്ന് ആമുഖത്തില്‍ ഉണ്ട്. ഈ ചരിത്രസത്യം അദ്ദേഹം നിഷേധിച്ചിട്ടില്ല. 1957-ലാണ് അദ്ദേഹം യാക്കോബ് തൃതീയന്‍ എന്ന പേരില്‍ പാത്രിയര്‍ക്കീസായത്. മാര്‍ത്തോമ്മാ ശ്ലീഹായുടെ പൈതൃകം സാക്ഷ്യപ്പെടുത്തിയിട്ടുള്ള അദ്ദേഹം 1970-ല്‍ 203-ാം കല്പനയില്‍ കൂടി മാര്‍ത്തോമ്മാ ശ്ലീഹായ്ക്ക് പട്ടമില്ല എന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്നു നമുക്കു മനസ്സിലാകുന്നില്ല.

നിങ്ങള്‍ ചിന്തിച്ചുകൊള്ളുക! ചരിത്രസത്യങ്ങള്‍ ആര്‍ക്കും നി ഷേധിക്കാന്‍ കഴിയുകയില്ല. അതുകൊണ്ടാണ് അത് അദ്ദേഹത്തിന് എഴുതാതിരിക്കാന്‍ കഴിയാഞ്ഞത്. ഈ പൈതൃകവഴിയില്‍ നിന്ന് മാറി സഞ്ചരിച്ചവര്‍ക്ക് തിരികെ വരുവാനുള്ള ആഹ്വാനമായി അദ്ദേഹത്തിന്റെ പുസ്തകത്തിലെ ചരിത്രസാക്ഷ്യം നാം കാണണം..

മാര്‍ത്തോമ്മന്‍ പൗരോഹിത്യ തുടര്‍ച്ച സഭയില്‍ നിലനില്‍ക്കുന്നു

മലങ്കരസഭയ്ക്കു എ.ഡി. 4-ാം നൂറ്റാണ്ടു മുതല്‍ 17-ാം നൂറ്റാണ്ടു വരെ (1653 വരെ) പൗരോഹിത്യപാരമ്പര്യം നിലനിര്‍ത്തുവാന്‍ സഹായിച്ചത് പേര്‍ഷ്യയില്‍ നി ന്നുള്ള മേല്പട്ടക്കാര്‍ ആയിരുന്നു. 1599 മുതല്‍ 1653 വരെ ലത്തീന്‍വല്‍ക്കരണം ഇവിടെ ഉണ്ടായിട്ടും മാര്‍ത്തോമ്മന്‍ പൗരോഹിത്യ പാരമ്പര്യം മലങ്കരസഭയില്‍ നിന്നും തുടച്ചു നീക്കപ്പെട്ടില്ല. 1653ല്‍ പേര്‍ഷ്യന്‍ മെത്രാന്‍ അഹത്തുള്ള ബാവയെ മലങ്കരയില്‍ പ്രവേശിക്കുവാന്‍ പോര്‍ട്ടുഗീസ് ഭരണാധികാരികള്‍ അവസരം നിഷേധിച്ചതിനാല്‍ 1653ലെ കൂനന്‍കുരിശ് സത്യത്തിനുശേഷം തദ്ദേശീയ മെത്രാന്മാര്‍ മാത്രമാണ് ഇതിനു പരിഹാരമെന്ന് ഉറച്ചു തീരുമാനിച്ച നസ്രാണിസംഘം മാര്‍ത്തോമ്മാ ഒന്നാമനെ 12 പട്ടക്കാര്‍ കൂടിച്ചേര്‍ന്ന് മെത്രാനായി വാഴിക്കുകയും അതിന്റെ സ്ഥിരീകരണം നടത്തുന്നതിനുവേണ്ടി പേര്‍ഷ്യന്‍, അന്ത്യോക്യന്‍ ഈഗുപ്തായ സഭാമേലധ്യക്ഷന്മാരോട് ആവശ്യപ്പെടുകയും ചെയ്തു. 1665-ല്‍ മലങ്കരയില്‍ എത്തിയ അന്ത്യോക്യന്‍ സഭയുടെ പ്രതിനിധി മാര്‍ ഗ്രിഗോറിയോസ്, മാര്‍ത്തോമ്മാ ഒന്നാമന് മേല്പട്ടസ്ഥാന സ്ഥിരീകരണം നല്‍കിയതോടെ അന്ത്യോക്യന്‍ പൗരോഹിത്യസഹായം പ്രഥമമായി മലങ്കരയില്‍ എത്തി. എന്നാല്‍ തുടര്‍ന്ന് അന്ത്യോക്യന്‍ സഭ തദ്ദേശീയ മെത്രാന്മാര്‍ക്കു മേല്‍ അധികാരം സ്ഥാപിക്കുവാനും മലങ്കരസഭയുടെ ഉടമസ്ഥത അവകാശപ്പെടുവാനും തുടങ്ങിയതോടെ മലങ്കരസഭയില്‍ കക്ഷിവഴക്കുകള്‍ രൂപപ്പെട്ടു. അത് 1876-ല്‍ പത്രോസ് പാത്രിയര്‍ക്കീസിന്റെ ആഗമനത്തോടെ രൂക്ഷമായിത്തീര്‍ന്നു. 1912-ല്‍ കാതോലിക്കേറ്റിന്റെ സ്ഥാപനത്തോടെ, മലങ്കരയിലെ മെത്രാന് പാത്രിയര്‍ക്കീസിനെപ്പോലെയുള്ള എല്ലാ അധികാര അവകാശങ്ങളും ലഭിച്ചു കഴിഞ്ഞിട്ടും ഈ അധിനിവേശ അധികാരഭ്രമം അന്ത്യോക്യന്‍ സുറിയാനി സഭയില്‍നിന്ന് മലങ്കരസഭയ്ക്ക് നേരിട്ടുകൊണ്ടിരിക്കുന്നതാണ് സഭയിലെ തര്‍ക്കങ്ങള്‍ക്ക് ഇന്നും കാരണമായിരിക്കുന്നത്. മാര്‍ത്തോമ്മന്‍ പൗരോഹിത്യപാരമ്പര്യം മലങ്കരയില്‍ തുടരുവാന്‍ സഹായിച്ച അവരോടെല്ലാം സഭയ്ക്ക് നന്ദിയുണ്ട്, ആദരവുണ്ട്, ബഹുമാനവുമുണ്ട്. എന്നാല്‍ മലങ്കരസഭയെ സഹായിച്ചവര്‍ മാര്‍ത്തോമ്മായുടെ പൗരോഹിത്യപാരമ്പര്യത്തെ തമസ്‌കരിച്ച് സഭയുടെ അധികാരികളും ഉടമസ്ഥരുമാകുവാന്‍ ശ്രമിച്ചാല്‍ മലങ്കരസഭാമക്കള്‍ ഒരു നാളും സമ്മതിക്കുകയില്ല. ചുരുക്കത്തില്‍ മലങ്കരസഭയുടെ പ്രതിസന്ധിഘട്ടത്തില്‍ സഹായിക്കാന്‍ വന്നവര്‍ ഉടമസ്ഥാവകാശവും മേലധികാരവും ആവശ്യപ്പെടുന്നു എന്നുള്ളതാണ് മലങ്കരസഭയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ രത്‌നചുരുക്കം.

രണ്ടാമതായി മാര്‍ത്തോമ്മന്‍ പൈതൃകം ശ്ലൈഹികപാരമ്പര്യസ്വത്ത്

മാര്‍ത്തോമ്മായുടെ ശ്ലൈഹികപാരമ്പര്യം മലങ്കരയില്‍ എന്നു തുടങ്ങി എന്നതിനെപ്പറ്റി ചിലര്‍ക്കൊക്കെ സംശയമുണ്ട്. ഇത് അബ്ദുല്‍ മശിഹാ പാത്രിയര്‍ക്കീസ് ഇവിടെ കൊണ്ടുവന്നതല്ല. ചരിത്രം സൂക്ഷമമായി പരിശോധിക്കണം. ഒന്നാമത്, 1817 ഒക്‌ടോ. 19ന് കിടങ്ങന്‍ ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ് മലങ്കരസഭയുടെ 11-ാം മലങ്കര മെത്രാപ്പോലീത്തയായി പുന്നത്ര മാര്‍ ദിവന്നാസ്യോസിനെ തോമാസ്ലീഹായുടെ പിന്‍ഗാമിയായി വാഴിച്ച് കല്പന കൊടുത്തു. ഇത് മാര്‍ത്തോമ്മന്‍ ശ്ലൈഹികപാരമ്പര്യത്തിന്റെ ഒന്നാമത്തെ സാക്ഷ്യം. രണ്ടാമത്, 1829 മാര്‍ച്ച് 29-ന് ചേപ്പാട് മാര്‍ ദിവന്നാസ്യോസ് കുത്തൂര്‍ ഗീവര്‍ഗീസ് മല്പാനെ തൊഴിയൂരിന്റെ മെത്രാനായി വാഴിച്ചു കൊടുത്തു. സുസ്ഥാത്തിക്കോനില്‍ മലങ്കര മെത്രാപ്പോലീത്തായെ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്റെ അധിപതി എന്ന് വിശേഷിപ്പിച്ചിരിക്കുന്നു.

മൂന്നാമത്, 1844 ജൂണ്‍ 12-ാം തീയതി ചേപ്പാട് മാര്‍ ദിവന്നാസ്യോസ് പള്ളികള്‍ക്ക് കല്പന അയച്ചതില്‍ മാത്യൂസ് അത്താനാസ്യോസ് സ്ഥാത്തിക്കോന്‍ ആര്‍ക്കും സമര്‍പ്പിക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ സ്ഥാനസാധുതയില്‍ സംശയമുണ്ടെന്നും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ടെന്നും മാര്‍ത്തോമ്മാ ശ്ലീഹായുടെ പൗരോഹിത്യ പാരമ്പര്യത്തിലുള്ള ഈ സഭയുടെ സിംഹാസനത്തിന് അദ്ദേഹം അയോഗ്യനാണെന്നും അദ്ദേഹത്തെ ആരും സ്വീകരിക്കരുതെന്നും രേഖപ്പെടുത്തി.

നാലാമത്, 1857 മാര്‍ച്ച് 27-ാം തീയതി, വലിയ നോ മ്പിന്റെ മധ്യത്തില്‍ യാക്കോബ് രണ്ടാമനായ മോറാന്‍ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് ബാവായുടെയും ബഹനാം മഫ്രിയാന ബസേലിയോസ് ബാവായുടെയും, മലങ്കരയില്‍ ഉള്ള തോമാശ്ലീഹായുടെ സിംഹാസനത്തിന്മേല്‍ വാഴുന്ന യൂയാക്കീം മാര്‍ കൂറീലോസിന്റെയും നാ ളുകളില്‍ അഞ്ചാം പാത്രിയര്‍ക്കീസ് ആയ ഊര്‍ശ്ലേമിന്റെ മെത്രാപ്പോലീത്ത ഉറഹാക്കാരന്‍ അബ്‌ദേദ് സഹറോ ആയ മാര്‍ ഗ്രിഗോറിയോസ് ഈ പള്ളിയില്‍ എത്തിയെന്ന് അങ്കമാലി ഭദ്രാസനത്തിലെ റാക്കാട് പള്ളിയുടെ കിഴക്കേ ഭിത്തിയില്‍ സുറിയാനിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് ആര്‍ക്കും നിഷേധിക്കാനാവാത്ത മാര്‍ത്തോമ്മായുടെ മലങ്കരസഭയിലെ ശ്ലൈഹികപാരമ്പര്യത്തിന്റെ സാക്ഷ്യമാണ്.

അഞ്ചാമത്, 1912 സെപ്തം. 15-ാം തീയതി കാതോലിക്കാ സ്ഥാപനം

നിരണം പള്ളിയില്‍ വെച്ച് മുറിമറ്റത്തില്‍ മാര്‍ ഈവാനിയോസിനെ ഒന്നാം കാതോലിക്കയായി അബ്‌ദേദ് മശിഹാ പാത്രിയര്‍ക്കീസ് മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്ന പൗരസ്ത്യ കാതോലിക്കാ എന്ന് വിളംബരം ചെയ്തു.

ആറാമത്, 1959 ഡിസം. 16, മലങ്കരസഭാ സമാധാനം

പാത്രിയര്‍ക്കാ പ്രതിനിധി ഏലിയാസ് മാര്‍ യൂലിയോസ്, യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസിനുവേണ്ടി മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തില്‍ ആരൂഢനായ പ. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ 1934-ലെ ഭരണഘടനയ്ക്ക് വിധേയമായി അംഗീകരിച്ചു എന്ന് എഴുതി തന്നിട്ടുണ്ട്.

ഏഴാമത്, 1964 മെയ് 22ന് കോട്ടയം ഏലിയാ ചാപ്പലില്‍ വച്ച് യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ്, പ. ഔഗേന്‍ ബാവായെ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തില്‍ ആരൂഢനായ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായി സ്വീകരിച്ചു.

വാത്സല്യമക്കളേ, മലങ്കര മെത്രാപ്പോലീത്താ, കാതോലിക്കാ സ്ഥാനനാമങ്ങളെ എതിര്‍ത്തവര്‍ക്ക് ഇന്ന് ഈ സ്ഥാനനാമങ്ങളോട് ഇത്ര ഭ്രമം ഉണ്ടായിരിക്കുന്നത് മനസ്സിലാകുന്നില്ല. പലര്‍ക്കും മലങ്കര മെത്രാപ്പോലീത്താ സ്ഥാനം വേണം, പലര്‍ക്കും പൗരസ്ത്യ കാതോലിക്കാ സ്ഥാനം വേണം. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പൗരസ്ത്യകാതോലിക്കായ്ക്കും മലങ്കര മെത്രപ്പോലീത്തായ്ക്കും അല്ലാതെ മറ്റാര്‍ക്കും ‘പരിശുദ്ധ’ (His Holiness) എന്ന് ചേര്‍ത്ത് ഉപയോഗിക്കുവാന്‍ സാധിക്കുകയില്ല. അതിന്റെ കാരണം മറ്റുള്ളവരുടെ പ്രധാന മേലധ്യക്ഷന്മാര്‍ വിദേശികളാണ്. എന്നാല്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്ന പരിശുദ്ധ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആയി ഈ ലോകത്തില്‍ ഇന്ന് ഒരാള്‍ മാത്രമേയുള്ളൂ. അത് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ മാത്രമാണ്.
മാര്‍ത്തോമ്മായുടെ പൈതൃകത്തിന് മൂന്നാമത് ഒരടിസ്ഥാനം കൂടിയുണ്ട്. അത് മലങ്കരസഭയുടെ സ്വയംശീര്‍ഷകത്വം ആണ്.

വി. വേദപുസ്തകത്തില്‍ നിന്നും നാം മനസ്സിലാക്കുന്നത് നമ്മുടെ കര്‍ത്താവ് സിംഹാസനം വാഗ്ദാനം ചെയ്തപ്പോള്‍ പന്ത്രണ്ട് ശിഷ്യന്മാര്‍ക്കും ഒരു പോലെ വാഗ്ദാനം ചെയ്തു എന്നാണ്. അത് പത്രോസ് ശ്ലീഹായ്ക്കും മറ്റാര്‍ക്കെങ്കിലും എന്ന് പറയാതെ എല്ലാ ശ്ലീഹന്മാര്‍ക്കും ഒരുപോലെ വാഗ്ദാനം ചെയ്തു. വി. മാര്‍ത്തോമ്മാശ്ലീഹാ മറ്റു ശ്ലീഹന്മാര്‍ക്ക് സമനാണ് എന്ന സത്യം ഇതില്‍നിന്ന് നാം മനസ്സിലാക്കുന്നു. പ. പൗലോസ് ശ്ലീഹാ പോലും കൊരിന്ത്യയിലും എഫേസൂസിലുമെല്ലാം സഭകള്‍ സ്ഥാപി ച്ചിട്ട് ഒരു സഭയും മറ്റൊരു സഭയുടെ കീഴിലാണെന്ന് രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് മാര്‍ത്തോമ്മാ ശ്ലീഹായ്ക്ക് സിംഹാസനം അവകാശപ്പെടുവാന്‍ ഒരു കുറവും ഇല്ല എന്ന് എല്ലാവരും മനസ്സിലാക്കിയിരിക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു സഭാമേലദ്ധ്യക്ഷനും മറ്റൊരാളുടെ കീഴ്സ്ഥാനിയല്ല എന്ന് നാം മനസ്സിലാക്കുന്നത്. 1934-ലെ ഭരണഘടന ഇത് വ്യക്തമാക്കുന്നു. പൗരസ്ത്യ കാതോലിക്കായുടെ മുകളില്‍ ദൈവം തമ്പുരാനല്ലാതെ മറ്റൊരു അധികാരസ്ഥാനിയില്ല. ഈ സത്യം മലങ്കരസഭയുടെ സ്വയംശീര്‍ഷകത്വത്തെ ഉറപ്പിക്കുന്നു.
1958, 1995, 2017 സുപ്രീംകോടതി വിധികള്‍ മലങ്കരസഭയുടെ സ്വയംശീര്‍ഷകത്വം അരക്കിട്ടുറപ്പിച്ചു. പൗരസ്ത്യ കാതോലിക്കാ ഇവിടെ ഒന്നേ ഉള്ളൂ. വി. മാര്‍ത്തോമ്മായുടെ ശ്ലൈഹികസിംഹാസനത്തിന്റെ ഏകവും പൂര്‍ണ്ണവുമായ കാതോലിക്കാ എന്ന് ഈ കോടതിവിധികള്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു.

2017-ലെ സുപ്രീംകോടതി വിധിയുടെ അഞ്ചാം ഖണ്ഡിക കേട്ടുകൊള്ളൂക.

”പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷന്‍ കാതോലിക്കയാണ്. മലങ്കര മെത്രാപ്പോലീത്താ എന്ന നിലയില്‍ മലങ്കരസഭയുടെ ലൗകിക
വും വൈദികവും ആത്മീയവുമായ ഭരണത്തിന്റെ സുപ്രധാന ഭാരവാഹിത്വം മലങ്കര മെത്രാപ്പോലീത്തായ്ക്ക് ഉള്ളതാണ്.

1958, 1995, 2017 സുപ്രീംകോടതി വിധികളില്‍ മലങ്കരസഭയിലെ എല്ലാ പള്ളികളും 1934-ലെ സഭാഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്ന വിധി ഉണ്ടായിട്ടുണ്ട്. സുപ്രീംകോടതി വിധിയുടെ പേരിലുണ്ടായ തര്‍ക്കങ്ങളില്‍, 2002-ല്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ജസ്റ്റീസ് മളീമഠിന്റെ നിരീക്ഷണത്തില്‍ കൂടിയതിന്റെ റിപ്പോര്‍ട്ടനുസരിച്ച് മലങ്കരസഭയിലെ 1662 പള്ളികളും 1934-ലെ ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടണം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അത് യാഥാര്‍ത്ഥ്യമാക്കുവാന്‍ മലങ്കരയുടെ മക്കള്‍ എന്നും പ്രതിജ്ഞാബദ്ധമാണ് എന്നുള്ളതിന് ആര്‍ക്കും സംശയംവേണ്ട. 2017-ലെ വിധി സംഗ്രഹത്തില്‍, 1934-ലെ ഭരണഘടന അനുസരിക്കാത്തവര്‍ക്ക് പള്ളിയിലോ അതിന്റെ സ്വത്തുക്കളിലോ യാതൊരു അവകാശവുമില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രീംകോടതി വിധി ഈ രാജ്യത്തിന്റെ നിയമമാണ്. ഇതിനെ മറികടക്കുവാന്‍ ചര്‍ച്ച് ബില്‍ (Church Bill) വരുമെന്ന് പലരും പറഞ്ഞ് ഞങ്ങള്‍ കേള്‍ക്കുന്നുണ്ട്.

Your Excellency, Honourable Governor of Kerala, it is a wellaccepted fact that the Supreme Court judgement is the law of the land. If any legislation or Ordinance agaitns that law is placed before you for approval to diregard the 2017 judgement favouring Malankara Orthodox Church ¿ the ruling Govt. of Kerala, wets rongly believe that Your Excellency will use your discretion to uphold jtsuice due to Malankara Orthodox Church.

1879 മുതല്‍ 145 വര്‍ഷമായി മലങ്കരസഭയുടെ തനിമയ് ക്കും സ്വയംശീര്‍ഷകത്വത്തിനും വേണ്ടി നിയമയുദ്ധം ചെയ്തവരാണ് സഭാമക്കള്‍. അനേകര്‍ ഈ സഭയ്ക്കുവേണ്ടി രക്തസാക്ഷികളായി. അനേകംപേരുടെ കണ്ണുനീരിന്റെ ഫലമായി കിട്ടിയ കോടതിവിധികള്‍ മറികടന്നും സഭാഭരണഘടന ബലികഴിച്ചും ഒരു ഒത്തുതീര്‍പ്പിനും, ഒരുനാളും നാം കൂട്ടുനില്‍ക്കുകയില്ല. നമ്മുടെ മുന്‍ഗാമികളുടെ ഈ നിലപാട് തന്നെയാണ് നമ്മുടെയും നിലപാട് എന്നുള്ളത് ഭരണകര്‍ത്താക്കള്‍ മനസ്സിലാക്കിയിരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. വാത്സല്യമക്കളേ, ഏത് പ്രതിസന്ധിയിലും നിങ്ങള്‍ നമ്മോടൊപ്പം ഉണ്ടാകണം. ദൈവവും സഭാപിതാക്കാന്മാരും കഴിഞ്ഞാല്‍ നിങ്ങളാണ് നമ്മുടെ ബലം. സു
പ്രീംകോടതി വിധിക്കും സഭാഭരണഘടനയ്ക്കും ഉള്ളില്‍ നിന്നുകൊണ്ടുള്ള സമാധാന ചര്‍ച്ചകള്‍ക്ക് സഭ എന്നും തയ്യാറായിട്ടുണ്ട്. ഇന്നും തയ്യാറാണ്. നാളെയും തയ്യാറാകും. എന്നാല്‍ മലങ്കരസഭയുടെ അസ്ഥിവാരം തോണ്ടുന്ന ഒരു സമാധാനചര്‍ച്ചയ്ക്കും ഞങ്ങള്‍ കൂട്ടുനില്ക്കുകയില്ല. സുപ്രീംകോടതി വിധിയെ മറികടക്കാന്‍ ചര്‍ച്ച് ബില്‍ കൊണ്ടുവരാം എന്നു കരുതുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണ്. മലങ്കരയുടെ മക്കള്‍ നിയമപരമായി അതിനെ നേരിടും. സത്യത്തിനും നീതിക്കുംവേണ്ടി നിലകൊള്ളുന്ന നമുക്ക് വിജയം ഉറപ്പാണ്.

ഈ സമ്മേളനത്തിനുവേണ്ടി കഷ്ടപ്പെട്ട മലങ്കരസഭയിലെ സഭാസ്ഥാനികളോടും മാനേജിംഗ് കമ്മറ്റി അംഗങ്ങളോടും നമ്മുടെ വാത്സല്യമക്കളോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഇവിടെ സന്നിഹിതരായിരിക്കുന്ന വാത്സല്യമക്കളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനം നീണാള്‍ വാഴട്ടെ.

(2024 ഫെബ്രു. 25 ഞായറാഴ്ച, കോട്ടയം നെഹ്രു സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ‘മാര്‍ത്തോമ്മന്‍ പൈതൃകസംഗമ’ത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ നടത്തിയ അധ്യക്ഷപ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം.)