കോട്ടയം: വിഘടിത വിഭാഗത്തിന്‍റെ മെത്രാപ്പോലീത്തൻ ട്രസ്റ്റി, മലങ്കര മെത്രാപ്പോലീത്താ എന്ന സ്ഥാനം ഉപയോഗിക്കുന്നത് തെറ്റിധാരണാജനകമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ.
മാർത്തോമൻ പാരമ്പര്യത്തിൽ നിന്ന് കാലാകാലങ്ങളിൽ അടർന്നുപോയവർ ഇന്ന് പരമ്പരാഗത നാമധേയങ്ങൾ സ്വയം ചാർത്തുന്ന രീതി നിയമവ്യവസ്ഥ യോടുള്ള വെല്ലുവിളി കൂടിയാണ്. നൂറ്റാണ്ടുകൾ നീണ്ടുനിന്ന വ്യവഹാരത്തിലൂടെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ആവർത്തിച്ച് അരക്കിട്ടുറപ്പിച്ച മലങ്കര നസ്രാണികളുടെ തലവനാണ് മലങ്കര മെത്രാപ്പോലീത്താ എന്നിരിക്കെ തെറ്റിദ്ധാരണ പരത്തുന്ന വ്യാജ നാമധേയം ഉപയോഗിക്കുന്നതിൽ നിന്ന് പിന്തിരിയണമെന്ന് പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ആവശ്യപ്പെട്ടു.
1934-ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഭാഗമാകാൻ കഴിയാതെ ഭരണഘടനാനുസൃതമുള്ള പദവികൾ അനധികൃതമായി ഉപയോഗിക്കുന്നത് നിയമ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്. കാതോലിക്കാ, മലങ്കര മെത്രാപ്പോലീത്താ എന്നീ സ്ഥാനങ്ങളെ അവഗണനയോടെ കണ്ടിരുന്ന സമൂഹം ഇന്ന് അവയ്ക്കുവേണ്ടി മുറവിളി കൂട്ടുന്നത് വിരോധാഭാസമാണ്.