സെറാമ്പൂര്‍ യൂണിവേഴ്സിറ്റി ഫാ. ഡോ. കെ. എം. ജോര്‍ജിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു

തിരുവനന്തപുരം: സെറാംപൂര്‍ സര്‍വ്വകലാശാല കോണ്‍വൊക്കേഷന്‍ 23 മുതല്‍ 25 വരെ കണ്ണമൂല കേരള യുണൈറ്റഡ് തിയോളജിക്കല്‍ സെമിനാരിയില്‍ നടന്നു. എം. ജി. യൂണിവേഴ്സിറ്റിയിലെ പൗലോസ് മാര്‍ ഗ്രീഗോറിയോസ് ചെയര്‍ അദ്ധ്യക്ഷനും ഞാലിയാകുഴി സോപാന അക്കാഡമി ഡയറക്ടറുമായ ഫാ. ഡോ. കെ. എം. ജോര്‍ജിനെ വേദശാസ്ത്ര എക്യുമെനിക്കല്‍ രംഗങ്ങളിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഡോക്ടര്‍ ഓഫ് ഡിവിനിറ്റി ബിരുദം നല്‍കി ആദരിച്ചു.

24-ന് സെനറ്റ് ഓഫ് സെറാംപൂര്‍ സര്‍വ്വകലാശാല ബോര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ വിവിധ സെമിനാറുകള്‍ നടന്നു. 25-ന് രാവിലെ 8.30-ന് മിഷന്‍ സെമിനാറിന് ഫാ. ഡോ. കെ. എം. ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ഉച്ചയ്ക്ക് 3.30-ന് നടന്ന ബിരുദദാന ചടങ്ങില്‍ സെനറ്റ് ഓഫ് സെറാംപൂര്‍ പ്രസിഡന്‍റ് ഡോ. സഖറിയാസ് മാര്‍ അപ്രേം അദ്ധ്യക്ഷത വഹിച്ചു.

ഇന്ത്യയിലെ 65 വേദശാസ്ത്ര സെമിനാരികളില്‍ നിന്നും ബിരുദ, ബിരുദാനന്തര, ഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ബിരുദദാന സമര്‍പ്പണം നടന്നു.

യു ജി.സി. അംഗീകാരമുള്ള ബംഗാളിലെ സെറാംപൂര്‍ സര്‍വ്വകലാശാലയുടെ കീഴിലാണ് ഇന്ത്യയിലെ 65 സെമിനാരികള്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നത്.