ഡോ. കെ.സി.മാമ്മൻ അന്തരിച്ചു


കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി സ്ഥാപക മെഡിക്കൽ ഡയറക്‌ടറും മനോരമയുടെ മെഡിക്കൽ ഡയറക്ടറും

കോട്ടയം ∙ കോലഞ്ചേരി മലങ്കര ഓർത്തഡോക്‌സ് സിറിയൻ ചർച്ച് (എംഒഎസ്‌സി) മെഡിക്കൽ മിഷൻ ആശുപത്രി സ്‌ഥാപക മെഡിക്കൽ ഡയറക്‌ടറും പ്രമുഖ ശിശുരോഗ വിദഗ്‌ധനും വെല്ലൂർ മെഡിക്കൽ കോളജ് പീഡിയാട്രിക്സ് വിഭാഗം മുൻ പ്രഫസറും മലയാള മനോരമയുടെ മെഡിക്കൽ ഡയറക്ടറുമായ കഞ്ഞിക്കുഴി മൗണ്ട്‌ വാർധ തയ്യിൽ കണ്ടത്തിൽ ഡോ. കെ.സി.മാമ്മൻ (ബാപ്പുക്കുട്ടി – 93) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 9നു വസതിയിലെത്തിക്കും. ഉച്ചയ്ക്ക് 2നു വീട്ടിൽ പ്രാർഥനയ്ക്കു ശേഷം സംസ്കാരം വൈകിട്ട് 4നു കോട്ടയം പുത്തൻപള്ളിയിൽ.

ഡോ. കെ.സി.മാമ്മന്റെ ദീർഘവീക്ഷണത്തോടെയുള്ള നടപടികളാണു മെഡിക്കൽ മിഷൻ ആശുപത്രിയെ ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ആതുരാലയവും മെഡിക്കൽ കോളജുമായി വളർത്തിയെടുത്തത്. 100 കിടക്കകളുമായി തുടങ്ങിയ ആശുപത്രിയെ 1100 കിടക്കകളുള്ള മൾട്ടി സ്‌പെഷ്യൽറ്റി ആശുപത്രിയായി വളർത്തുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. അഗാധമായ ദൈവവിശ്വാസവും ആഴമേറിയ മനുഷ്യസ്‌നേഹവും തികഞ്ഞ അധ്വാനശീലവും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. മികച്ച ഡോക്‌ടർ, അധ്യാപകൻ, ഭരണാധികാരി എന്നീ നിലകളിൽ അദ്ദേഹം തിളങ്ങി.

തിരുവിതാംകൂറിലെ ഉത്തരവാദ ഭരണ പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുത്തതിന്റെ പേരിൽ ദിവാൻ അടച്ചുപൂട്ടിയ മലയാള മനോരമ ദിനപത്രം 1947ൽ പുനരാരംഭിക്കാൻ മുന്നിൽ നിൽക്കുകയും പിന്നീടു ചീഫ് എഡിറ്ററാവുകയും ചെയ്ത കെ.എം.ചെറിയാന്റെയും കല്ലൂപ്പാറ മാരേട്ടു സാറാമ്മയുടെയും മകനായി 1930 മാർച്ച് 4നു കെ.സി.മാമ്മൻ ജനിച്ചു. മഹാത്മാഗാന്ധിയോടുള്ള ആദരവു കാരണം പിതാവ് കെ.എം.ചെറിയാനാണു മകൻ കെ.സി.മാമ്മനെ ബാപ്പുക്കുട്ടി എന്ന് ഓമനപ്പേരിട്ടു വിളിച്ചത്.

മദ്രാസ് ക്രിസ്ത്യൻ കോളജ് സ്കൂൾ, എംഡി സെമിനാരി സ്കൂൾ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം. മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് 1948ൽ ഇന്റർ മീഡിയറ്റ് പാസായ ശേഷം വെല്ലൂർ മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേർന്നു. 1954 മുതൽ 58വരെ വെല്ലൂർ ആശുപത്രിയിൽ ജോലി ചെയ്തു. തുടർന്നു ലണ്ടനിൽ നിന്നു ഡിസിഎച്ച് ഡിപ്ലോമയും എഡിൻബറയിൽ നിന്ന് എംആർസിപി ബിരുദവും നേടി. രണ്ടുവർഷം ഇംഗ്ലണ്ടിൽ ജോലിചെയ്തശേഷം തിരിച്ചെത്തി വെല്ലൂർ മെഡിക്കൽ കോളജിൽ പീഡിയാട്രിക്സ് വിഭാഗത്തിൽ 1962 മുതൽ 70 വരെ പ്രഫസറായി സേവനമനുഷ്ഠിച്ചു. തുടർന്നു ജോലി രാജിവച്ചു കോലഞ്ചേരിയിലെ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചേരുകയായിരുന്നു.

കോലഞ്ചേരി ആശുപത്രിയിൽ ഡോ. മാമ്മൻ പ്രതിഫലം വാങ്ങാതെയാണു പ്രവർത്തിച്ചത്. 1970 മുതൽ 1988 വരെ ആശുപത്രി ഡയറക്‌ടറായിരുന്നു. ഡോ. മാമ്മന്റെ കോലഞ്ചേരിയിലെ വീട്ടിലാണ് 1973 മാർച്ച് 15നു കെ.എം.ചെറിയാൻ അന്തരിച്ചത്. കണ്ടത്തിൽ കുടുംബയോഗം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ബാലികാമഠം സ്കൂൾ മാനേജരായിരുന്നു. ആലുവയിലെ ഫെലോഷിപ് ഹൗസിന്റെയും ചാക്കോ ഹോംസിന്റെയും ബോർഡ് അംഗമായി വർഷങ്ങളോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഡോ. അന്നാമ്മ മാമ്മൻ (കുരീക്കാട്ട്) ആണു ഭാര്യ. മക്കൾ: ഡോ. സാറ (യുഎസ്എ), അന്നു (തിരുവനന്തപുരം), മേരി (ബെംഗളൂരു). മരുമക്കൾ: ഡോ. ക്രിസ്റ്റി തോമസ് പാറത്തുണ്ടയിൽ (യുഎസ്എ), തോമസ് കുര്യൻ ഉപ്പൂട്ടിൽ, ടി.കെ.കുര്യൻ തെക്കേത്തലയ്ക്കൽ (ബെംഗളൂരു). സഹോദരങ്ങൾ: സരസു ജേക്കബ്, പരേതയായ സാറ (മാമ്മി). ഡോ. കെ.സി.മാമ്മന്റെ നിര്യാണത്തിൽ മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ അനുശോചിച്ചു.