കുട്ടിച്ചന് പോയി. അസാധാരണ സൗഹൃദം ഉണ്ടായിരുന്ന സാധാരണക്കാരന്
പ്രീഡിഗ്രിക്ക് പഠിക്കുമ്പോളാണ് ചങ്ങനാശ്ശേരിയില് ബുക്ക് വേവ് പുസ്തക ശാലയുടെ ഉടമ ജോര്ജ്ജ് കുട്ടിയെ പരിചയപ്പെടുന്നത്. പുസ്തക മുതലാളി എന്നതിനപ്പുറം വായനയേയും എഴുത്തുകാരേയും ഇഷ്ടപ്പെടുന്ന ജോര്ജ്ജ് കുട്ടി. ജോമി തോമസ് (മനോരമ ദല്ഹി ബ്യൂറോ ചീഫ്), ടി ഉണ്ണികൃഷ്ണന്(കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്), കിഷോര് സത്യ (നടന്), ടി ജെ മേനോന് എന്ന ത്രദീപ് ജെ (ഐഎഎസ് പരിശീലകന്) , ശശികുമാര് (മന്ത്രി മുനീറിന്റെ കാര് ഇടിച്ച് മരിച്ച കോളേജ് അധ്യാപകന്) ഞങ്ങള് എല്ലാവരുടേയും പ്രിയപ്പെട്ട കുട്ടിച്ചനായി. ഉച്ചയ്ക്കും വൈകുന്നേരങ്ങളിലും ബുക്ക് വേവിലുള്ള ഒത്തു ചേരലുകള് അറിവും അനുഭവവും വളര്ത്തുന്നതായി. അസാധാരണ സൗഹൃദ കൂട്ടായ്മയായിരുന്നു അത്.
പുസ്തക കച്ചവടത്തിനൊപ്പം പ്രസാധകരംഗത്തേക്കും കടന്നപ്പോള് ആദ്യ പുസ്തകം (ദേവസ്വം ബോര്ഡ് പരീക്ഷാ ഗൈഡ്)പ്രീഡിഗ്രിക്കാരനായ എന്നെക്കൊണ്ട് എഴുതിപ്പിച്ചത് എന്തിനെന്ന് ഇപ്പോഴും അജ്ഞാതം. പുസ്തകം ചൂടപ്പം പോലെ വിറ്റുപോയപ്പോള് പിന്നീടിറക്കിയ പുസ്തകങ്ങളിലെല്ലാം എന്റെ പങ്കാളിത്തം കൂടിവേണമെന്ന് വാശി പിടിച്ച ‘അന്ധവിശ്വാസി’. എസ് ബി കോളേജില് എനിക്ക് മലയാളം ബിരുദപഠനം സാധ്യമാക്കിയ മാര്ഗ്ഗദര്ശി.
പുസ്തക ശാല നിര്ത്തി മലയാള മനോരമയില് ജോലി നോക്കിയപ്പോഴും കുട്ടിച്ചന് ഇടയ്ക്കിടെ വിളിക്കുമായിരുന്നു. ജന്മഭൂമിയില് ഞാന് നല്ല ലേഖനമോ റിപ്പോര്ട്ടോ എഴുതിയാല് ഉറപ്പായിരുന്നു ആ വിളി.
കോണ്ഗ്രസ് രാഷ്ട്രീയം പിന്തുടര്ന്നിരുന്ന കുട്ടിച്ചനെ എക്കാലത്തും നയിച്ചിരുന്നത് ദേശീയബോധമായിരുന്നു. കാശ്മീര് പണ്ഡിറ്റുകള് ദല്ഹിയില് അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചുള്ള കുട്ടിച്ചന്രെ വിവരണമാണ് കാശ്മീര് ഭീകരവാദം മനസ്സിലാക്കാനുള്ള എന്റെ കവാടം. കുട്ടിച്ചന് അവസാനം ബിജെപിയില് ചേര്ന്നു. റബ്ബര് ബോര്ഡ് അംഗമായി നിയമിക്കപ്പെട്ടപ്പോള് എന്നെക്കാള് അര്ഹര് പാര്ട്ടിയില് വര്ഷങ്ങളായി പ്രവര്ത്തിക്കുന്നവരല്ലേ എന്നായിരുന്നു ചോദിച്ചത്. ഓര്ത്തഡോക്‌സ് സഭയുടെ ചുമതലകള് വഹിച്ചിരുന്നപ്പോഴും കുട്ടിച്ചന്,സഭാ തര്ക്കത്തിന് മധ്യസ്ഥ ശ്രമത്തിലൂടെ പരിഹാരം കാണാന് പലതരത്തില് തിരശ്ശീലയ്ക്ക് പിന്നില് പ്രവര്ത്തിച്ചു. ചിലരെ ഇടപെടുത്താന് എന്റെ സഹായവും തേടി.
ഒരുമാസം മുന്പാണ് കുട്ടിച്ചന് ക്യാന്സര് ആണെന്ന വിവരം അറിഞ്ഞത്. തിരുവനന്തപുരം ആര്സിസിയിലേക്ക് വരുന്നു എന്നുപറഞ്ഞ് കുട്ടിച്ചന് തന്നെയാണ് വിളിച്ചത്. ആശുപത്രില് പോയി കണ്ടപ്പോള് തന്നെ താമസിയാതെ ദു:ഖ വാര്ത്ത വരുമെന്ന് ഉറപ്പിച്ചു. അവസാന പ്രതീക്ഷ എന്ന നിലയില് കോട്ടയം മെഡിക്കല് കോളേജില് ഡോ . ജയകുമാറിിന്റെ നേതൃത്വത്തില് ഓപ്പറേഷന് എന്നു കരുതി ആര് സി സി യില്നിന്ന് മടങ്ങി. 15 ന് ഓപ്പറേഷന് നിശ്ചയിച്ചിരുന്നെങ്കിലും കാത്തിരിക്കാതെ യാത്രയായി.
ഒത്തിരി പ്രിയപ്പെട്ട ഒരു സുഹൃത്തിനെ നഷ്ടമായി. ചങ്ങനാശേരി മെയിൻ പോസ്റ്റ് ഒാഫിസിന് എതിർവശത്തു പ്രവർത്തിച്ചിരുന്ന ബുക്ക് വേവിന്റെ ഉടമ കുട്ടിച്ചനെന്ന ടി. പി. ജോർജുകുട്ടിയെ.
ലോകത്തെക്കുറിച്ച് പ്രത്യേകിച്ചു ധാരണകളൊന്നുമില്ലാതിരുന്ന കാലത്താണ് ബുക്ക് വേവിലെ കൂട്ടായ്മയിൽ എത്തിപ്പെടുന്നത്. കോളജ്‌വിട്ടാൽ നേരെ ബുക്ക് വേവിലേക്കെന്നത് ശീലമായി. ബുക്ക് വേവ് എനിക്കൊരു രണ്ടാം മേൽവിലാസമായി.
വിശാലമായ വായനയുടെ ബലമുള്ള കുട്ടിച്ചന്റെ കാഴ്ചപ്പാടുകൾ – മനുഷ്യരെയും രാഷ്ട്രീയത്തെയും സാഹിത്യത്തെയുംകുറിച്ച് – സ്വാധീനശേഷി ഏറെയുള്ളതായിരുന്നു. മുന്നോട്ടുപോകാൻ അതു തന്ന ധൈര്യം വളരെ വലുതായിരുന്നു. ഡൽഹിയിലേക്കു പോരുമ്പോൾ, താൻ വായിച്ചിട്ടുള്ള ഡൽഹിയെക്കുറിച്ചും അവിടെയുള്ള മലയാളിപ്രമുഖരെക്കുറിച്ചുമൊക്കെ കുട്ടിച്ചന്റെ വക സ്റ്റഡി ക്ളാസുണ്ടായിരുന്നു.
ലോകത്തിന്റെ കാപട്യങ്ങളോട് തന്റേതായ രീതിയിൽ കുട്ടിച്ചൻ പ്രതികരിച്ചു. ഒരു ഗൈഡിന്റെ ആമുഖത്തിൽ, ഗൈഡ് എഴുതിയ വ്യക്തിയുടെ നിഗമനങ്ങൾ അക്കാദമിക തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെടാറുണ്ട് എന്ന് എഴുതിവച്ചതിന്റെ കാരണം ചോദിച്ചപ്പോൾ കുട്ടിച്ചൻ ചിരിച്ചു:‘ഗൈഡുകൾ അക്കാദമിക തലത്തിലല്ലേ ചർച്ച െചയ്യപ്പെടുന്നത്?’ തന്നെക്കുറിച്ചുതന്നെ കുട്ടിച്ചൻ തമാശകൾ പറഞ്ഞു. ഞങ്ങൾക്കിടയിലുള്ള വർത്തമാനങ്ങളിൽ സ്വയം ‘രവി’ എന്നു വിശേഷിപ്പിച്ചു. ഫോൺ വിളിക്കുമ്പോൾ, രവിയാണ് എന്നു പറഞ്ഞു കുട്ടിച്ചൻ ചിരിക്കും. ആ രണ്ടക്ഷരത്തിൽ സൗഹൃദത്തിന്റെ നീണ്ട ചരിത്രമത്രയും നിറഞ്ഞിരുന്നു.
ജന്മഭൂമിയിലെ ശ്രീകുമാറും ഡൽഹിയിൽ സാംസ്കാരിക മന്ത്രാലയത്തിലുള്ള ഉണ്ണികൃഷ്ണനും കെ. പി. ശ്രീരാമനും സെബാസ്റ്റ്യനും ബുക്ക് വേവിലെ ജീവനക്കാരായ മുജീബും ദിലീപും അജന്ത പ്രിന്റേഴ്സിലെ അജയനുമുൾപ്പെടെ പലരും ആ വലിയ സൗഹൃദക്കൂട്ടായ്മയിലെ പങ്കുകാരാണ്.
കുട്ടിച്ചന്റെ സ്നേഹവും സൗഹൃദവും അനുഭവിക്കാൻ സാധിച്ചത് ഭാഗ്യമെന്നു മാത്രം പറഞ്ഞു ചെറുതാക്കാനില്ല. ആ ജ്യേഷ്ഠന്റെ ബന്ധം അതിലുമേറെയായിരുന്നു. പ്രിയപ്പെട്ട കുട്ടിച്ചന് ആദരാഞ്ജലികൾ. രവിക്കും.
– Jomy Thomas , Delhi Bureau Chief of Malayala Manorama.
പെയ്തുതീരാത്ത ഘനശ്യാമത്തിന്റെ ഒരുതുണ്ട് ഓരോ മനുഷ്യനും നെഞ്ചിലൊളിപ്പിച്ചു വെച്ചിട്ടുണ്ടാവും. അപൂർവ്വം ചിലരുടെ സൗമ്യസാന്നിധ്യങ്ങൾക്കു മുമ്പിൽ മാത്രം അതു കണ്ണീർമഴയായി പെയ്തിറങ്ങുന്നുണ്ടാവും. എന്റെ മുമ്പിൽ ഇങ്ങനെ കരയരുത് എന്നു വിലക്കിയ ഒരാളോട് അപരൻ പറഞ്ഞു: “എന്റെ കണ്ണീർ ഗൗരവമായി എടുക്കാൻ ഒരാളുണ്ടെന്ന അറിവ്, അതാണെന്നെ കരയിപ്പിക്കുക. അത്തരം ഒരാൾ ഇല്ലാതെ വരുമ്പോൾ എന്റെ മിഴിയിനി നനയില്ല. സാരമില്ലായെന്നു പറഞ്ഞുയർത്തി സാന്ത്വനിപ്പിക്കാനാരുമില്ലാത്ത ഒരനാഥനാണു താനെന്ന് അറിഞ്ഞ കുഞ്ഞ് നിലത്തുവീണാൽ കരയില്ലെന്ന് നിനക്കറിഞ്ഞു കൂടേ.”
ഫാ. ബോബി ജോസ് കട്ടികാട്. സഞ്ചാരിയുടെ ദൈവം.
പ്രിയപ്പെട്ട കുട്ടിച്ചൻ്റെ അകാലത്തിലെ യാത്രപറച്ചിലുണ്ടാക്കിയിരിക്കുന്ന ശൂന്യത വാക്കുകൾക്കതീതമാണ്. അടുത്തിടപെടുന്ന ഒരോ ചെറുപ്പക്കാരനെയും വിശാലമായ ആകാശം കാണാനുള്ള നക്ഷത്രമാക്കി പരിവർത്തിപ്പിക്കുക എന്ന ദൗത്യം ജീവിത വ്രതമാക്കിയിരിയിക്കുകയായിരുന്നു കുട്ടിച്ചനെന്നു കുട്ടിച്ചനെ അടുത്തിടപ്പെട്ട ഓരോരുത്തരുടെയും ജീവിത സാക്ഷ്യം തന്നെയാണ്.
സമൂഹമത്സരക്രമത്തിൽ തോറ്റുു പോകുന്നവനെയും, പിന്തള്ളപ്പെടുന്നനവനയും ചേർത്തു നിറുത്തി അശ്വസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നതിൽ തന്നെത്തന്നെ മറന്നു കൊണ്ട് അക്ഷരാർത്ഥത്തിൽ നിസ്വാർത്ഥ സേവനം ചെയ്യുകയായിരുന്നു കുട്ടിച്ചൻ.
കോത്തല യുവജന പ്രസ്ഥാനത്തിന് മലങ്കര സഭയിൽ വത്യസ്തമായ ഒരു ലേബൽ ഉണ്ടാക്കുന്നതിൽ ‘പ്രദക്ഷിണത്തിലൂടെയും ‘ ‘കുരുത്തോലയിലൂടെയും ‘ സാധിച്ചതിൻ്റെ പിന്നിൽ പുസ്തകങ്ങളെ സ്നേഹിച്ച പ്രസാധകനയ കുട്ടിച്ചൻ തന്നെയായിരുന്നു.
ഒരിക്കലും നേതാവ് ചമയാൻ ആഗ്രഹിക്കാതെ പിന്നിൽ നിന്നു അനേകരെ പ്രചോദിപ്പിച്ച പ്രിയ കുട്ടിച്ചാ അങ്ങിടപെടാത്ത മേഖലകൾ വിരളമല്ലേ?
അധികാരവും പദവിയും ഒന്നുമില്ലാത്ത ഒരു സാധാരണക്കാരന് ജനഹൃദയങ്ങളിലേക്ക് എങ്ങനെ ആഴ്ന്നിറങ്ങാമെന്നതിന്റെ നേർചിത്രമായിരുന്നു റ്റി.പി. ജോർജുകുട്ടിയെന്ന മനുഷ്യൻ.ബാല കൗമാര യൗവ്വന ഭേദമന്യേ എല്ലാർക്കും പ്രിയങ്കരനായ കുട്ടിച്ചൻ…അക്ഷരക്കൂട്ടങ്ങളോടുള്ള അദമ്യമായ പ്രണയം-രാഷ്ട്രീയ, മത,സാമൂഹിക, സാംസ്കാരിക, സാഹിത്യ, കാർഷിക, ശാസ്ത്ര… മേഖലകളിലെല്ലാം കുട്ടിച്ചൻ ഒരിടം നേടിയിരുന്നു. തികച്ചും ശൂന്യതയിൽ നിന്ന് അവസരങ്ങൾ സൃഷ്ടിക്കുവാനും ആ അവസരങ്ങളിൽ മറ്റുള്ളവരെ എത്തിക്കുവാനുമാണ് കുട്ടിച്ചൻ നിരന്തരം പ്രയത്നിച്ചുകൊണ്ടിരുന്നത്.ബാല സംഘങ്ങൾ മുതൽ വയോജന സദസ്സുകൾ വരെ ആ വാക്കുകൾക്ക് കിട്ടിയിരുന്ന സ്വീകാര്യത ആശ്ചര്യജനകമായിരുന്നു.പണം സമ്പാദിക്കുകയോ, ലാഭം ഉണ്ടാക്കുകയോ കുട്ടിച്ചന്റെ ലക്ഷ്യമായിരുന്നില്ല. പുസ്തക പ്രസാധനത്തിലും വിൽപനയിലുമൊക്കെത്തന്നെ നിരവധി തിരിച്ചടികൾ ഉണ്ടായപ്പോഴും കൂടെ നിന്നവരെ ഉപേക്ഷിക്കാതെ ചേർത്തു പിടിക്കുവാൻ എത്ര കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. ഒരു നല്ല ഭക്ഷണത്തിനോ,വസ്ത്രത്തിനോ,യാത്രയ്ക്കോവേണ്ടിപ്പോലും അമിതമായി പണം വ്യയം ചെയ്യാതിരുന്ന കുട്ടിച്ചൻ മറ്റുള്ളവർക്കു വേണ്ടി ബാദ്ധ്യതകൾ ഏറ്റെടുത്തു.വഞ്ചനയും ,ചൂഷണവും,കാപട്യവുമറിയാത്ത ആ ശുദ്ധമനസ്കനെ പലരും കബളിപ്പിച്ചിട്ടുണ്ട്. .അപ്പോഴും -അവരോട് കലഹിക്കുവാനോ കോപിക്കുവാനോ ശ്രമിക്കാതെ അനുഭാവപൂർവ്വം ഇടപെടുവാൻ കഴിഞ്ഞത് കുട്ടിച്ചന് മാത്രം സാധിക്കുന്ന ഒരു സിദ്ധിവിശേഷം തന്നെ .
എന്നെ സംബന്ധിച്ച്-ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്റെ പിറവിയിലും വളർച്ചയിലും എല്ലാം കുട്ടിച്ചൻ നൽകിയ പിന്തുണ,കരുത്ത്,ദർശനങ്ങൾ…ഒക്കെ വളരെ വലുതാണ്.പി .ജി.പഠനം പൂർത്തിയാകുന്നതിന് മുൻപുതന്നെ എന്നെക്കൊണ്ട് ഒരു അക്കാദമിക് പുസ്തകം എഴുതിക്കുവാൻ അദ്ദേഹം കാട്ടിയ തന്റേടത്തിന് മുൻപിൽ ശിരസ്സ് നമിക്കട്ടെ.പിന്നീടുള്ള നാളുകളിൽ … എന്റെ സുഹൃത്ത്,മാർഗ്ഗദർശി,വൈജ്ഞാനികതയുടെ വ്യത്യസ്ത മണ്ഡലങ്ങളിൽ ഗുരുസ്ഥാനീയൻ ,പതിയെ …പതിയെ എന്റെ രക്ത ബന്ധത്തെക്കാൾ ഉടും പാവും ചേർന്ന ജ്യേഷ്ഠസഹോദരൻ…പിന്നെയും ആരെല്ലാമോ….എന്തെല്ലാമോ…
പ്രിയപ്പെട്ട കുട്ടിച്ചാ,നിങ്ങൾ ഇല്ലായെന്ന് അത്രവേഗമൊന്നും അംഗീകരിച്ചുകൊടുക്കുവാൻ മനസ്സ് തയ്യാറാവുന്നില്ലല്ലോ.നമ്മുടെ സൗഹൃദ കൂട്ടങ്ങളിൽ …രണ്ട് മൂന്ന് പേർ കൂടി നിൽക്കുന്ന ഇടങ്ങളിൽ …പെട്ടെന്ന് കടന്നു വന്ന് നർമ്മത്തിന്റെയോ,വിവാദത്തിന്റെയോ,ധൈഷ്ണതികതയുടെയോ ചെറുവാക്കുകൾ കോറിയിട്ട്…നിമിഷാർദ്ധം കൊണ്ട് ഊളിയിട്ട് നടന്നകലുന്ന നിങ്ങളുടെ പതിവ് ശൈലിയുണ്ടല്ലോ കുട്ടിച്ചാ…
ഈ യാത്രയും അങ്ങനെയാണെന്ന് വിശ്വസിച്ചോട്ടെ… ഹൃദ്യമായ യാത്രാമംഗളങ്ങളോടെ
കോത്തല : റബ്ബർബോർഡ് മെമ്പറായ പാടത്തുമാപ്പിള കുടുംബാംഗം തറക്കുന്നേൽ ടി പി ജോർജ്കുട്ടി (63) നിര്യാതനായി. മൃതദേഹം ഇന്ന് (02-10-2023) വൈകിട്ട് 5:00 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം നാളെ (03-10-2023) 3:00 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കോത്തല സെഹിയോൻ ഓർത്തഡോക്സ് പള്ളിയിൽ.
പരേതൻ നാഷണൽ റീഡിങ് റൂം സെക്രട്ടറി, കോത്തല ആർ.പി. എസ് പ്രസിഡന്റ്, കെ എസ് എസ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കോത്തല സെഹിയോൻ ഓർത്തഡോക്സ് പള്ളി സെക്രട്ടറി, സൺഡേ സ്കൂൾ അധ്യാപകൻ, പ്രാർത്ഥനയോഗം സെക്രട്ടറി, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ്,എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു,
ഭാര്യ: മീനടം തോണിപ്പുരക്കൽ ആഷ ജോർജ്,
മക്കൾ ജിയാഷ് ജി ഫിലിപ്പോസ് , സോനാ സൂസൻ ( ഐസർ തിരുവനന്തപുരം )