ചരിത്രത്തിനു ഒരു ആവര്‍ത്തന സ്വഭാവമുണ്ടെന്നു പറയാറുണ്ട്. മലങ്കരസഭാ തര്‍ക്കത്തിന്‍റെ കാര്യത്തിലെങ്കിലും അത് ഒരു വലിയ പരിധി വരെ ശരിയാണ്. തര്‍ക്കവും ഭിന്നതയും കഴിഞ്ഞ രണ്ട് നൂറ്റാണ്ടു കാലത്തെ മലങ്കരസഭാചരിത്രത്തിന്‍റെ സിംഹഭാഗവും അപഹരിച്ചതാണ്. എന്നാല്‍ എപ്പോഴെല്ലാം തര്‍ക്കവും ഭിന്നതയും ഉണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം തന്നെ അത് പരിഹരിക്കാനുള്ള ശ്രമവും ഉണ്ടായിട്ടുണ്ട്.
അന്ത്യോഖ്യന്‍ സഭയുടെ അധീശത്വ മനോഭാവവും അതിനോട് വിധേയത്വം പുലര്‍ത്തിയ മലങ്കരയിലെ ഒരു വിഭാഗത്തിന്‍റെ താല്‍പര്യങ്ങളും ഇരുപതാം നൂറ്റാണ്ടിലെ ഭിന്നതയുടെ പ്രധാന കാരണമായിരുന്നു. 1911-ല്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് അബ്ദുള്ളാ രണ്ടാമന്‍ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസിനെ അകാരണമായും അകാനോനികമായും മുടക്കിയത് ഭിന്നത രൂക്ഷമാക്കി. അതിനു മുമ്പ് ഭിന്നത ഏറെയും ആശയപരമായിരുന്നെങ്കില്‍ മുടക്ക് ഭിന്നതയെ വ്യവസ്ഥാപിതമാക്കി. പാത്രിയര്‍ക്കീസ് അനുകൂലവിഭാഗവും (ബാവാ കക്ഷി) മെത്രാപ്പോലീത്താ അനുകൂലവിഭാഗവും (മെത്രാന്‍ കക്ഷി) അസോസിയേഷനുകള്‍ വിളിച്ചുകൂട്ടുകയും സമുദായത്തിനായി ട്രസ്റ്റിമാരെ തിരഞ്ഞെടുക്കുകയും ചെയ്തു. കേസുകളും ആരംഭിച്ചു. ഇതില്‍ പ്രധാനമായത് വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസ് മലങ്കര മെത്രാപ്പോലീത്താ എന്ന നിലയില്‍ വട്ടിപ്പണത്തിന്‍റെ പലിശ വാങ്ങുന്നതിനെതിരെ പാത്രിയര്‍ക്കീസ് പക്ഷം നല്‍കിയ കേസാണ്. തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍ നിന്ന് ചീഫ് ജസ്റ്റിസ് വീരരാഘവയ്യങ്കാര്‍ പുറപ്പെടുവിച്ച വിധി പൂര്‍ണമായും മാര്‍ ദീവന്നാസിയോസിനു എതിരായിരുന്നു. പാത്രിയര്‍ക്കീസ് പക്ഷത്തിനു പൂര്‍ണവിജയം നല്‍കിക്കൊണ്ട് മുടക്കിനെ അനുകൂലിച്ച് പുറപ്പെടുവിച്ച വിധി അംഗീകരിക്കാനോ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി പാത്രിയര്‍ക്കീസിനു വിധേയപ്പെടാനോ മെത്രാപ്പോലീത്തായോ അദ്ദേഹത്തെ അനുകൂലിച്ച ഭൂരിപക്ഷമോ തയ്യാറായില്ല. പിളര്‍പ്പായിരുന്നു മുന്നില്‍ ശേഷിച്ച മാര്‍ഗം. എന്നാല്‍ ഭിന്നത ഒഴിവാക്കാന്‍ ഒരു അവസാനശ്രമമെന്ന നിലയിലാണ് തന്‍റെ വൃദ്ധതയില്‍, കാഴ്ച തീരെ മങ്ങിയ ഘട്ടത്തില്‍ അതിസാഹസികമായ ഒരു യത്നത്തിനു വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസ് തയ്യാറായത്.
ഭിന്നത രൂക്ഷമാക്കേണ്ടതില്ല എന്ന് കരുതി 1913-ല്‍ ഒന്നാം കാതോലിക്കാ കാലം ചെയ്തിട്ട് പത്തു വര്‍ഷമായിരുന്നെങ്കിലും ഒരു പുതിയ കാതോലിക്കായെ തിരഞ്ഞെടുത്തിരുന്നുമില്ല. അതുകൊണ്ട് തന്നെ വിധി വന്നപ്പോള്‍ പരാജയപ്പെട്ടതുകൊണ്ടാണോ മാര്‍ ദീവന്നാസിയോസ് മര്‍ദ്ദീന്‍ യാത്രയ്ക്ക് ഒരുങ്ങിയത് എന്ന് ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. മാത്രമല്ല യാത്ര തുടങ്ങുന്ന സമയത്ത് കുണ്ടറ വച്ച് സംശയത്തിനിടയുണ്ടാകാത്തവണ്ണം വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസ് തന്‍റെ യാത്രയുടെ ഉദ്ദേശ്യം വ്യക്തമാക്കുന്നുണ്ട്. “… യാത്രോദ്ദേശ്യത്തെപ്പറ്റി പലരും പല വിധത്തില്‍ ഊഹിക്കുന്നു. വ്യവഹാരത്തില്‍ തോറ്റതു മൂലമുണ്ടായ ദുഃഖം തീര്‍ക്കാന്‍ വിദേശസഞ്ചാരത്തിനു പുറപ്പെട്ടിരിക്കുകയാണ്. വല്ല കാരണവും പറഞ്ഞ് യെരുശലേമില്‍ എത്തി ശിഷ്ടായുസ്സ് അവിടെ കഴിക്കാന്‍ പുറപ്പെടുകയാണ്. പാത്രിയര്‍ക്കീസിനെ കണ്ട് യഥാര്‍ഥങ്ങളെല്ലാം ധരിപ്പിച്ചിട്ടും നിഷ്പക്ഷനിലയില്‍ ഒന്നും ചെയ്യാത്തപക്ഷം ഏതെങ്കിലും കിഴക്കന്‍ സഭയില്‍ ചേരണമെന്നാണുദ്ദേശ്യം, എന്നീ വിധത്തില്‍ പോകുന്നു ഊഹാപോഹങ്ങള്‍. പാത്രിയര്‍ക്കീസിനെ കണ്ട് ഇപ്പോഴത്തെ കുഴപ്പങ്ങളും അവയുടെ യഥാര്‍ഥ കാരണങ്ങളും നേരിട്ട് ധരിപ്പിക്കണമെന്ന് മാത്രമാണ് നമ്മുടെ യാത്രയുടെ ഉദ്ദേശ്യം എന്ന് തെളിവായിത്തന്നെ പറഞ്ഞുകൊള്ളട്ടെ…” (മാര്‍ ഗീവറുഗീസ് ദീവന്നാസ്യോസിന്‍റെ നിത്യാക്ഷരങ്ങള്‍, മൂന്നാം വാള്യം).
1923 ജൂണ്‍ 23-നു കുണ്ടറയില്‍ നിന്ന് ആരംഭിച്ച മര്‍ദ്ദീന്‍ യാത്ര അഞ്ച് മാസങ്ങള്‍ക്കു ശേഷം നവംബര്‍ 30-ന് ഷൊര്‍ണ്ണൂരില്‍ അവസാനിച്ചു. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസിന്‍റെ സഹയാത്രികരായി പൂതക്കുഴിയില്‍ അബ്രഹാം കത്തനാര്‍, ചെറിയമഠത്തില്‍ സ്ക്കറിയ മല്പാന്‍, മാര്‍ ദീവന്നാസിയോസിന്‍റെ പരിചാരകരായ അയ്പ്പ്, കുന്നംകുളം സ്വദേശി വാറു എന്നിവരായിരുന്നു മര്‍ദ്ദീന്‍ യാത്രയില്‍ ഉണ്ടായിരുന്നത്. അത്യന്തം ക്ലേശകരവും സാഹസികവുമായ ആ ദൗത്യത്തിനു നൂറ് വര്‍ഷങ്ങള്‍ ആവുകയാണ്. പില്‍ക്കാലത്ത് പലരും ആ ദൗത്യം പല രീതിയില്‍ തുടര്‍ന്നു. മര്‍ദ്ദീനു പകരം ഹോംസോ ലെബനോനോ ഒക്കെ ആയി എന്നു മാത്രം. അതാണ് ആദ്യമേ ചരിത്രത്തിന്‍റെ ആവര്‍ത്തന സ്വഭാവത്തെപ്പറ്റി എഴുതാനുള്ള കാരണവും.
കുണ്ടറയില്‍ ആരംഭിച്ച യാത്ര ബോംബെയില്‍ നിന്ന് ബസ്രായിലേക്കു കപ്പല്‍ വഴിയും ബസ്രായില്‍ നിന്ന് ബാഗ്ദാദിലേക്കു തീവണ്ടി വഴിയും ആയിരുന്നു. മൊസൂളില്‍ എത്തിയത് കാറിനായിരുന്നു. നന്നേ അപരിഷ്കൃതവും അവികസിതവുമായ മര്‍ദ്ദീനില്‍ നിരവധി വെല്ലുവിളികളാണ് മാര്‍ ദീവന്നാസിയോസും കൂടെയുള്ളവരും നേരിട്ടത്. കള്ളന്മാര്‍ ഉള്‍പ്പെടെയുള്ളവരെ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നു. എങ്കിലും പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയനെ കാണുവാനും മലങ്കരയിലെ വിഷയങ്ങള്‍ അവതരിപ്പിക്കുവാനും സന്ധിവ്യവസ്ഥകള്‍ സംസാരിച്ചു ഉറപ്പിക്കുവാനും സാധിച്ചു. പാത്രിയര്‍ക്കീസ് തന്നെ നേരിട്ട് വട്ടശ്ശേരില്‍ മാര്‍ ദീവന്നാസിയോസിന്‍റെ മുടക്ക് തീര്‍ത്തിരിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. മുടക്ക് യഥാര്‍ത്ഥത്തില്‍ തന്നെ ബാധിച്ചു എന്ന് അശേഷവും മാര്‍ ദീവന്നാസിയോസ് ചിന്തിച്ചിരുന്നില്ല. അതുകൊണ്ട് തന്നെയാണ് മുടക്കിനുശേഷവും അദ്ദേഹം പട്ടം കൊടുക്കുക വരെ ചെയ്തിരുന്നത്. എന്നാല്‍ മുടക്ക് സഭാ യോജിപ്പിന് ഒരു പ്രതിസന്ധിയായി സഭാതലത്തില്‍ നിലനിന്ന ഘട്ടത്തില്‍ ആ മുടക്ക് ഒഴിവായാല്‍ ഭിന്നതയും ഒഴിവാകും എന്നദ്ദേഹം ചിന്തിച്ചതില്‍ തെറ്റ് പറയാനാകില്ലല്ലോ. പാത്രിയര്‍ക്കീസിന്‍റെ മുടക്ക് തീര്‍ത്തതായ പ്രസ്താവന നടന്നതിന്‍റെ പിറ്റേ ദിവസം നടന്ന മെത്രാന്‍ സ്ഥാനാഭിഷേകത്തില്‍ മാര്‍ ദീവന്നാസിയോസ് കാപ്പാ ധരിച്ച് പാത്രിയര്‍ക്കീസിനോടൊപ്പം സംബന്ധിക്കുകയും ചെയ്തു. തന്‍റെ പ്രായാധിക്യവും മരുഭൂമിയിലെ ഉഷ്ണവും മാര്‍ ദീവന്നാസിയോസിനെ നന്നേ ക്ഷീണിപ്പിച്ചുവെങ്കിലും സമുദായത്തിലെ ഭിന്നത തീരാന്‍ പോകുന്നു എന്ന ചിന്ത അദ്ദേഹത്തെ ഉത്സാഹപ്പെടുത്തിക്കൊണ്ടിരുന്നു. മലങ്കരയില്‍ നിന്ന് ആളുകള്‍ എത്തിയ ഉടനെ മുടക്ക് തീര്‍ത്തു കല്പന പാത്രിയര്‍ക്കീസ് കൊടുത്തു എന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. 1924 മകര മാസം 9-നു മാര്‍ ദീവന്നാസിയോസ് പരുമല സെമിനാരിയില്‍ നിന്ന് അയച്ച കല്പനയില്‍ കാണുന്നത് ശീമയില്‍ എത്തിയശേഷം 47 ദിവസങ്ങള്‍ പാത്രിയര്‍ക്കീസ് മലങ്കരയില്‍ നിന്നുള്ള സംഘത്തിന്‍റെ ആവശ്യങ്ങള്‍ അംഗീകരിക്കുകയോ അവയ്ക്കു ചെവികൊടുക്കുകയോ ചെയ്തില്ലായെന്നാണ്. മാര്‍ ദീവന്നാസിയോസിന്‍റെ കൂടെ സഹകാര്‍മികത്വത്തില്‍ നടന്ന മെത്രാന്‍ സ്ഥാനാഭിഷേകത്തില്‍ സ്ഥാനം പ്രാപിച്ച ഒരാള്‍ നേരത്തെ മലങ്കരയില്‍ ഉണ്ടായിരുന്ന ഏലിയാസ് റമ്പാനായിരുന്നു. ഇദ്ദേഹം മാര്‍ യൂലിയോസ് എന്ന പേരിലാണ് മെത്രാന്‍ സ്ഥാനം പ്രാപിച്ചത്. മുടക്ക് തീര്‍ത്ത കല്പന പാത്രിയര്‍ക്കീസ് ഇദ്ദേഹത്തെയാണ് ഏല്പിച്ചത്. മൊസൂളില്‍ നിന്ന് ഒക്ടോബര്‍ 31-നു അയച്ച ടെലഗ്രാം സന്ദേശത്തില്‍ ഇത് പറയുന്നുണ്ട്. തുടര്‍ന്ന് സംഘം മലങ്കരയിലേക്ക് തിരിച്ചുപോന്നു. മാര്‍ യൂലിയോസും കൂടെ ഉണ്ടായിരുന്നു. മാര്‍ യൂലിയോസും മലങ്കരയിലേക്ക് വരുന്നു എന്നറിഞ്ഞപ്പോള്‍ കോട്ടയം ചെറിയപള്ളി, നിരണം പള്ളി തുടങ്ങിയ പല ദൈവാലയങ്ങളും അദ്ദേഹത്തെ മലങ്കരയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ടെലഗ്രാം സന്ദേശങ്ങള്‍ അയയ്ക്കുകയുണ്ടായി. നവംബര്‍ 30-നു സംഘം ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. ആര്‍ക്കോണത്തു വച്ച് കല്‍പ്പന കാണണമെന്ന് മാര്‍ ദീവന്നാസിയോസ് ആവശ്യപ്പെട്ടതനുസരിച്ച് മാര്‍ യൂലിയോസ് കല്‍പന ചെറിയമഠത്തില്‍ മല്‍പ്പാനെ ഏല്‍പ്പിക്കുകയും മല്‍പ്പാന്‍ അത് വായിക്കുകയും ചെയ്തുവെന്നും തങ്ങള്‍ അത് കേട്ടു എന്ന് ഗിരിദീപത്തില്‍ മാര്‍ ഈവാനിയോസ് എഴുതിയിട്ടുണ്ട്. എന്നാല്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ വച്ച് മുടക്കു തീര്‍ത്ത കല്‍പ്പനയുടെ കാര്യം ആളുകള്‍ മാര്‍ യൂലിയോസിനോട് ചോദിക്കുകയുണ്ടായി. എന്നാല്‍ അദ്ദേഹം കല്പന കാണിക്കുവാനോ വായിച്ചു കേള്‍പ്പിക്കുവാനോ തയ്യാറാകാതെ മുടക്ക് തീര്‍ത്ത കല്പന തന്‍റെ കൈവശമുണ്ടെന്നും മുടക്ക് തീര്‍ത്തു എന്ന വാര്‍ത്ത കേട്ട് വന്ന നിങ്ങള്‍ക്ക് അങ്ങനെ വിശ്വസിച്ച് തന്നെ മടങ്ങിപ്പോകാം എന്നും പറഞ്ഞു. എന്നാല്‍ പിന്നീട് ആ കല്പന പുറത്തു വന്നില്ല. അത് മാത്രമല്ല, മുടക്ക് തീര്‍ത്തില്ലായെന്നും അബ്ദേദ് മശിഹായുടെ സ്ഥാനത്തെ നിഷേധിക്കണം, ഉടമ്പടി കൊടുക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ കല്പനയില്‍ ഉണ്ടെന്നുമൊക്കെയുളള പ്രചാരണങ്ങള്‍ യൂലിയോസും മറ്റും ആരംഭിക്കുകയും ചെയ്തു. സമാധാനം വീണ്ടും മരീചികയായി തീര്‍ന്നു. ഏതൊരാളും അസ്തപ്രജ്ഞനായി പോകാവുന്ന ഈ സാഹചര്യത്തിലാണ് മാര്‍ ദീവന്നാസിയോസിലെ യഥാര്‍ഥ നേതാവ് ഉണര്‍ന്നത്. 12 വര്‍ഷമായി നീട്ടിവച്ചിരുന്ന കാതോലിക്കാ സ്ഥാനാരോഹണം സഭയുടെ ഭാവിയെ കരുതി നിര്‍വഹിക്കുവാന്‍ അദ്ദേഹം തയ്യാറായി. കോട്ടയം, അങ്കമാലി ഇടവകകളുടെ ഗീവറുഗീസ് മാര്‍ പീലക്സിനോസിനെ ബസേലിയോസ് ഗീവറുഗീസ് പ്രഥമന്‍ എന്ന പേരില്‍ മലങ്കരയുടെ സുന്നഹദോസ് പൗരസ്ത്യ കാതോലിക്കാ സ്ഥാനത്തേക്ക് ഉയര്‍ത്തി. വട്ടിപ്പണക്കേസ് വിധിക്കെതിരെ മാര്‍ ദീവന്നാസിയോസ് റിവ്യൂ ഹര്‍ജി കൊടുക്കുകയും ചീഫ് ജസ്റ്റിസ് ചാറ്റ്ഫീല്‍ഡ് അധ്യക്ഷനായ ബഞ്ച് മാര്‍ ദീവന്നാസിയോസിനു അനുകൂലമായി തീര്‍പ്പ് കല്പിക്കുകയും ചെയ്തു.
മാര്‍ ദീവന്നാസിയോസിന്‍റെ മര്‍ദ്ദീന്‍ യാത്ര ഈ നൂറാം വര്‍ഷം അനുസ്മരിക്കപ്പെടേണ്ടത് പരാജയപ്പെട്ട ഒരു ദൗത്യമെന്ന നിലയിലല്ല. തന്‍റെ ഉദ്യമത്തില്‍ മാര്‍ ദീവന്നാസിയോസ് ജയിക്കുക തന്നെയാണുണ്ടായത്. എന്നാല്‍ അതിലുപരി സഭ ഭിന്നിക്കപ്പെടരുതെന്നുള്ള മാര്‍ ദീവന്നാസിയോസിന്‍റെ താല്പര്യവും നിര്‍ബന്ധവും അതിനായി എത്ര വലിയ പ്രതിസന്ധിയെയും നേരിടാന്‍ അദ്ദേഹം തയ്യാറായി എന്നതുമാണ് ഓര്‍ക്കപ്പെടേണ്ടത്. എന്നാല്‍ മറുപക്ഷത്തു നിന്ന് അതിനനുകൂലമായ താല്പര്യം കാണാതിരുന്നപ്പോള്‍ ഒരു നിമിഷം വൈകാതെ സഭയുടെ മുന്നോട്ടുപോക്കിനു വേണ്ടത് ചെയ്യാന്‍ അദ്ദേഹം തയ്യാറായി എന്നതും സ്മരിക്കപ്പെടേണ്ടതാണ്. അത് ഇന്നും പ്രസക്തവുമാണ്.
ൗ