റഷ്യയില്‍ രണ്ടു വര്‍ഷം പ. മാത്യൂസ് തൃതീയന്‍ ബാവായോടൊപ്പം | ഡോ. കെ. എല്‍. മാത്യു വൈദ്യന്‍ കോറെപ്പിസ്കോപ്പാ


1977 ഫെബ്രുവരി 9-ന് ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി യൂറോപ്യന്‍ യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് തന്‍റെ മുറിയിലേക്ക് എം. എ. മത്തായി ശെമ്മാശ്ശനെയും (ഇപ്പോള്‍ പരിശുദ്ധ ബാവാ) എന്നേയും വിളിച്ച് രണ്ടു കാര്യങ്ങള്‍ പറഞ്ഞു. “ഒന്ന്, ഏപ്രില്‍ മൂന്നാം വാരത്തില്‍ സെറാംപൂര്‍ കോളജില്‍ നടക്കുന്ന വേദശാസ്ത്ര സമ്മേളനത്തില്‍ നിങ്ങള്‍ രണ്ടുപേരും പങ്കെടുക്കണം. രണ്ട്, റഷ്യയില്‍ ഉപരിപഠനത്തിന് നിങ്ങള്‍ രണ്ടുപേരെയും അയയ്ക്കുന്നു. സെപ്റ്റംബറില്‍ പോകേണ്ടി വരും. ടിക്കറ്റും വിസായും മോസ്കോ പാട്രിയര്‍ക്കേറ്റില്‍ നിന്നും ശരിപ്പെടുത്തും. ഞാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.” സെമിനാരിയില്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥികളായി ബി.ഡി. പരീക്ഷയ്ക്ക് ഞങ്ങള്‍ തയാറെടുക്കുന്ന കാലമായിരുന്നു അത്.

റഷ്യന്‍ സഭയുടെ വിദേശകാര്യ വകുപ്പദ്ധ്യക്ഷന്‍ ജൂവനാലി മെത്രാപ്പോലീത്താ ഞങ്ങള്‍ക്ക് വിമാന ടിക്കറ്റ് അയച്ചുതന്നു. വിസായ്ക്കുവേണ്ടി ഡല്‍ഹി റഷ്യന്‍ എംബസിയിലേക്ക് കത്തും ലഭിച്ചു. അതിനു മുമ്പു നടന്ന രണ്ടു സംഭവങ്ങള്‍ മലങ്കരസഭയുടെയും റഷ്യന്‍ സഭയുടെയും ചരിത്രത്തിലെ നാഴികക്കല്ലുകളായിരുന്നു. പീമന്‍ പാത്രിയര്‍ക്കീസിന്‍റെ ഇന്ത്യാ സന്ദര്‍ശനവും മാത്യൂസ് പ്രഥമന്‍ ബാവായുടെ റഷ്യന്‍ സന്ദര്‍ശനവും. സഭകള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുവാന്‍ ഞങ്ങളുടെ റഷ്യയിലെ താമസവും പഠനവും ഉതകണം എന്ന നിയോഗമാണ് ലഭിച്ചത്.

സെപ്റ്റംബര്‍ 14 പകല്‍ എറണാകുളം പള്ളിയില്‍ വിശ്രമിച്ച ഞങ്ങളെ സഹവികാരി ഫാ. കെ. ഐ. പോള്‍ (പൗലോസ് ദ്വിതീയന്‍ ബാവാ) കൊച്ചി എയര്‍പോര്‍ട്ട് വരെ അനുഗമിച്ച് യാത്രയയച്ചതും ദൈവനിയോഗം. മഞ്ഞുപൊഴിഞ്ഞ മോസ്കോ എയര്‍പോര്‍ട്ടില്‍ നിന്ന് ഞങ്ങളെ പ്രസിദ്ധമായ ഉക്രയ്നാ ഹോട്ടലില്‍ എത്തിച്ചത് മോസ്കോ പാത്രിയര്‍ക്കേറ്റില്‍ നിന്നെത്തിയ മിസ്സിസ് എലീവ്ന. മോസ്കോയില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള ലെനിന്‍ഗ്രാഡിലേക്ക് ട്രെയിനില്‍ യാത്രയയച്ചത് ഫാ. ഗിയോര്‍ഗി. പീറ്റര്‍ ദ ഗ്രേറ്റ് ചക്രവര്‍ത്തിയുടെ കാലത്ത് പെട്രോഗ്രാഡ് എന്നും പിന്നീട് സെന്‍റ് പീറ്റേഴ്സ്ബര്‍ഗ് എന്നും വിളിക്കപ്പെട്ട ലെനിന്‍ഗ്രാഡ് ഗോര്‍ബച്ചേവിന്‍റെ പെരിസ്ത്രോയിക്കായുടെ പരിണിതഫലമായി വീണ്ടും ഇപ്പോള്‍ സെന്‍റ് പീറ്റേഴ്സ്ബര്‍ഗ് എന്ന നാമത്തില്‍ അറിയപ്പെടുന്നു. മോസ്കോയാണ് റഷ്യയുടെ തലസ്ഥാനമെങ്കിലും ചരിത്രപ്രാധാന്യത്തില്‍ ഒന്നാം സ്ഥാനം തന്നെയാണ് ഈ നഗരത്തിനുള്ളത്.

നേവാ നദിയുടെ തീരത്ത് നേവ്സ്കി പ്രസ്പക്ത് എന്ന വീഥിക്കു സമീപമുള്ള ദുഹോവ്നയ (തിയോളജിക്കല്‍) അക്കാദമിയില്‍ രണ്ടു വര്‍ഷത്തെ ഞങ്ങളുടെ പോസ്റ്റ് ഗ്രാജ്വേറ്റ് പഠനം ആരംഭിച്ചു. അവിടെ സെമിനാരിയും അക്കാദമിയുമുണ്ട്. പ്രാഥമിക പഠനത്തിന് സെമിനാരി. ഉന്നതപഠനത്തിന് അക്കാദമി. മൂന്ന് നിലകളിലായി അതിവിപുല സൗകര്യങ്ങളോടു കൂടിയ കെട്ടിടം. വിശാലമായ ലൈബ്രറി. എല്ലാ മുറികളിലും ഐക്കണ്‍ ചിത്രകലയുടെ മാസ്മരികത. മധ്യഭാഗത്ത് വലിയ ചാപ്പല്‍. ഇപ്പോഴത്തെ റഷ്യന്‍ പാത്രിയര്‍ക്കീസ് കിറില്‍ ആയിരുന്നു ഞങ്ങളുടെ റെക്ടര്‍ അഥവാ പ്രിന്‍സിപ്പല്‍. അന്ന് അദ്ദേഹം വീബര്‍ഗിലെ ആര്‍ച്ചുബിഷപ്പ് ആയിരുന്നു. ലോകസഭാകൗണ്‍സില്‍ പ്രസിഡന്‍റുമാരില്‍ ഒരാളായിരുന്ന നിക്കോദീം മെത്രാപ്പോലീത്താ ഈ സെമിനാരിയില്‍ തന്നെയാണ് കൂടുതല്‍ സമയവും ചെലവഴിച്ചത്. ആഗോളതലത്തില്‍ പ്രശസ്തരായ ക്രൈസ്തവ സഭാനേതാക്കള്‍ ഇവിടെ സന്ദര്‍ശനം നടത്തുക പതിവായിരുന്നു.

വിദേശ വിദ്യാര്‍ത്ഥികളായി ജറുസലേം, യു.എസ്.എ., ഗ്രീസ്, ആസ്ട്രിയ, ഫ്രാന്‍സ്, ചെക്കൊസ്ലൊവാക്യ, ബള്‍ഗേറിയ, ഫിന്‍ലന്‍റ്, അര്‍ജന്‍റീന, എത്യോപ്യ, ഹംഗറി എന്നീ രാജ്യക്കാര്‍ ഉണ്ടായിരുന്നു. റഷ്യന്‍ ഭാഷയിലാണ് അദ്ധ്യാപനം. ഞങ്ങളുടെ കൂടെ സെമിനാരിയിലും അക്കാദമിയിലുമായി 260 വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നു. ഫാ. ബോഗ്ദാന്‍ സോയ്ക്കോ ആയിരുന്നു വിദേശ വിദ്യാര്‍ത്ഥികളുടെ ചുമതലക്കാരന്‍. അള്ളാ വ്ളഡിമിറോവ്ന എന്ന അദ്ധ്യാപിക ഞങ്ങളെ റഷ്യന്‍ ഭാഷ പഠിപ്പിച്ചു. ബാള്‍ട്ടിക് ഉള്‍ക്കടല്‍ തീരത്തുള്ള ഗ്രാമീണ ഭവനത്തിലേക്ക് ക്ഷണിച്ച് അവര്‍ ഞങ്ങളെ സല്‍ക്കരിച്ചു. മൂന്നു മാസങ്ങള്‍ക്കകം റഷ്യന്‍ ഭാഷയിലെ വേദശാസ്ത്ര ക്ലാസുകളില്‍ സംബന്ധിച്ച് പഠനക്കുറിപ്പുകള്‍ തയാറാക്കാന്‍ ഞങ്ങള്‍ പ്രാപ്തി നേടി.

റഷ്യന്‍, ജര്‍മ്മന്‍, ഗ്രീക്ക്, ഹീബ്രു, ഫ്രഞ്ച്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലായി രണ്ടു ലക്ഷം ഗ്രന്ഥങ്ങള്‍ നിറഞ്ഞ ലൈബ്രറി ഞങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി. റഷ്യന്‍ ഭാഷയില്‍ പ്രബന്ധങ്ങള്‍ തയ്യാറാക്കി അവതരിപ്പിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലെ ബൈസന്‍റൈന്‍ വേദശാസ്ത്രജ്ഞനായ ബോളട്ടോവിന്‍റെ ചിന്തകളായിരുന്നു ഡീക്കന്‍ എം. എ. മത്തായിയുടെ തീസിസ് വിഷയം. ഐക്കണ്‍ വേദശാസ്ത്രത്തെപ്പറ്റിയായിരുന്നു എന്‍റെ തീസിസ്. അക്കാദമി ഫാക്കല്‍റ്റി ഞങ്ങളുടെ തീസിസ് അംഗീകരിച്ച് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ നല്കി. ഫാക്കല്‍റ്റി അംഗങ്ങളായ ആര്‍ച്ച്ബിഷപ്പ് മിഖയില്‍ അസ്ട്രാഖാന്‍, പ്രഫ. എന്‍. ഡി. ഊസ്പെന്‍സ്കി, ഫാ. വസീലി, ഫാ. അഗസ്റ്റിന്‍ നികിതന്‍, ഫാ. നിക്കോളായ് ഗുണ്ട്യായേവ് (കിറില്‍ പാത്രിയര്‍ക്കീസിന്‍റെ ജ്യേഷ്ഠ സഹോദരന്‍), പ്രഫ. അന്ത്രേ ഇവാനേവിച്ച് തുടങ്ങിയ പ്രഗത്ഭരായ അദ്ധ്യാപകരുമായി ഞങ്ങള്‍ ആത്മബന്ധം പുലര്‍ത്തിയിരുന്നു. മാസത്തിലൊരിക്കല്‍ വിദേശ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക് സോവിയറ്റ് യൂണിയന്‍റെ വിവിധ ഭാഗങ്ങളിലുള്ള ആശ്രമങ്ങള്‍, ദേവാലയങ്ങള്‍, ചരിത്രസ്മാരകങ്ങള്‍ എന്നിവ സന്ദര്‍ശിക്കുവാന്‍ അവസരം ലഭിച്ചിരുന്നു.

സെമിനാരി ചാപ്പലിലെ സുദീര്‍ഘമായ ആരാധനയില്‍ ഞങ്ങള്‍ പൂര്‍ണ്ണസമയം പങ്കെടുത്തിരുന്നു. പെരുന്നാള്‍ ദിനങ്ങളിലെ ആരാധന മൂന്നും നാലും മണിക്കൂര്‍ നീണ്ടുനില്‍ക്കും. വൈകുന്നേരങ്ങളില്‍ മെത്രോയില്‍ സഞ്ചരിച്ച് സമീപപ്രദേശങ്ങള്‍ കാണുവാനും ഷോപ്പിംഗ് നടത്തുവാനും പോകും. ജറുസലേമില്‍ നിന്നുള്ള ഫാ. തിമോത്തി, ഫാ. മിഖയില്‍, ഗ്രീസില്‍ നിന്നുള്ള ഫാ. അത്തനാസി, അമേരിക്കക്കാരായ മീഷാ, പോള്‍, ജോസഫ്, ബുള്‍ഗേറിയക്കാരന്‍ പെത്രോഫ്, ചെക്കോസ്ലൊവ്യയില്‍ നിന്നുള്ള ഇമ്റിഹ്, അര്‍ജന്‍റീനക്കാരന്‍ മാര്‍ക്കസ്, വിയന്നായില്‍ നിന്നുള്ള ഫാ. ബോണിഫസ്, ഫ്രാന്‍സില്‍ നിന്നുള്ള ഫാ. നിക്കൊളായ്, യുഗോസ്ലാവിയയില്‍ നിന്നുള്ള പ്രേദ്രഗ് എന്നിവര്‍ ഞങ്ങളുടെ അടുത്ത സ്നേഹിതരായിരുന്നു.

1977 ഒക്ടോബറില്‍ ഹെല്‍സിങ്കിയില്‍ നടന്ന ഒരു സമ്മേളനത്തില്‍ സംബന്ധിച്ച ശേഷം കല്‍ക്കട്ടാ ഭദ്രാസനത്തിന്‍റെ സ്തേഫാനോസ് മാര്‍ തേവോദോസ്യോസ് തിരുമേനിയും റ്റി. ഇ. ജോര്‍ജ് റമ്പാച്ചനും (പിന്നീട് ഗീവര്‍ഗീസ് മാര്‍ ദീയസ്ക്കോറോസ്) ലെനിന്‍ഗ്രാഡ് സെമിനാരി സന്ദര്‍ശിക്കുകയും ഞങ്ങളുടെ മുറിയില്‍ വന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. അവരുടെ ബഹുമാനാര്‍ത്ഥം ക്രമീകരിച്ച സല്‍ക്കാരത്തില്‍ ഞങ്ങളും പങ്കെടുത്തു. ആര്‍ച്ചുബിഷപ്പ് കിറിലിന്‍റെ സെക്രട്ടറി സ്റ്റീഫന്‍, റസയ്ന്‍ പ്രവിശ്യയില്‍ നിന്നുള്ള ഡീക്കന്‍ ഇവാന്‍ എന്നിവര്‍ക്കൊപ്പം ഒരു വിശാലമായ മുറിയിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. ഞങ്ങള്‍ ലെനിന്‍ഗ്രാഡില്‍ ഉണ്ടായിരുന്ന സമയത്ത് രണ്ടുപ്രാവശ്യം പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി സെമിനാരി സന്ദര്‍ശിച്ച് പ്രഭാഷണം നടത്തി.

പല പ്രാവശ്യം മോസ്ക്കോ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. പീമന്‍ പാത്രിയര്‍ക്കീസ് അര്‍പ്പിച്ച കുര്‍ബാനയില്‍ പങ്കെടുത്തു. പിന്നീട് പാത്രിയര്‍ക്കീസ് ആയിത്തീര്‍ന്ന എസ്തോണിയയിലെ അലക്സിസ് മെത്രാപ്പോലീത്താ തീര്‍ത്ഥാടനകേന്ദ്രമായ സഗോര്‍സ്ക്കില്‍ അര്‍പ്പിച്ച കുര്‍ബാനയിലും പങ്കെടുത്തു. മോസ്കോ തിയോളജിക്കല്‍ സെമിനാരിയും അക്കാദമിയും അവിടെയാണ്. സെമിനാരിയില്‍ 245 പേരും അക്കാദമിയില്‍ 115 പേരും അന്ന് പഠിക്കുന്നുണ്ടായിരുന്നു. കറസ്പോണ്ടന്‍സ് കോഴ്സിന് 850 പേര്‍ പഠനം നടത്തിയിരുന്നു. അവിടെ അക്കാദമി മ്യൂസിയത്തില്‍ പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ഒരു ചിത്രം സൂക്ഷിച്ചിട്ടുണ്ട്. വി. സേര്‍ഗിയസിന്‍റെ കബറിടവും അതിനു സമീപമുള്ള വി. സ്തേഫാനോസിന്‍റെയും കപ്പദോക്യന്‍ പിതാക്കന്മാരുടെയും തിരുശേഷിപ്പുകളും ഞങ്ങള്‍ സന്ദര്‍ശിച്ചു. സഗോര്‍സ്ക് മൊണാസ്റ്ററിയുടെ പ്രവേശന കവാടത്തിന്‍റെ ഇടതുഭാഗത്ത് റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയായിരുന്ന ബോറിസ് ഗോദുനേവിനെയും കുടുംബാംഗങ്ങളെയും സംസ്കരിച്ചിരിക്കുന്ന അസംപ്ഷന്‍ കത്തീഡ്രല്‍ കണ്ടു.

മോസ്കോയിലെ ലെനിന്‍ മസോളിയം, ക്രെംലിന്‍ കൊട്ടാരം, 1960-ല്‍ സ്ഥാപിതമായ പാട്രിക് ലുമുംബ പീപ്പിള്‍സ് ഫ്രണ്ട്ഷിപ്പ് യൂണിവേഴ്സിറ്റി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസകേന്ദ്രങ്ങളും സന്ദര്‍ശിച്ചു. പീറ്റര്‍ ഒന്നാമന്‍ ചക്രവര്‍ത്തിയുടെ കൊട്ടാരം സ്ഥിതിചെയ്യുന്ന അര്‍ക്കാംഗല്‍സ്കയ സ്റ്റേറ്റ് മ്യൂസിയം സന്ദര്‍ശിച്ചു. സയന്‍സ് അക്കാദമിയിലും ക്രെംലിന്‍ തിയേറ്ററിലും കലാപരിപാടികള്‍ ആസ്വദിച്ചു. പ്സ്ക്കോവ് പട്ടണത്തില്‍ നിന്നും 50 കിലോ മീറ്റര്‍ അകലെ മിഖായ്ലോസ്ക്കയ ഗ്രാമത്തിലെത്തി അനശ്വര കവി പുഷ്ക്കിന്‍റെയും (1799-1837) മാതാപിതാക്കളുടെയും ശവകുടീരം സന്ദര്‍ശിച്ചു. 1910 നവംബര്‍ 7-ന് വിശ്വസാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയി മരണാസന്നനായിക്കിടന്ന അസ്തപ്പോവ സ്റ്റേഷനിലൂടെ കടന്നുപോയി.

ഗോര്‍ക്കി, ഖാര്‍ക്കോവ്, ഒഡേസ്സാ, ഉക്രയന്‍, ലുവോവ്, കീവ്, സുസ്ഡല്‍, മിന്‍സ്ക്ക്, നവ്ഗറോദ്, പ്സ്ക്കോവ്, സിംഫറാപ്പോള്‍, സ്താവ്റാപ്പോള്‍, സ്മൊളെന്‍സ്ക്, വ്ളദിമീര്‍, യരോസ്ലാവ്, തുടങ്ങി ചരിത്രപ്രസിദ്ധമായ അനേകം സ്ഥലങ്ങളില്‍ റഷ്യന്‍ ബിഷപ്പുമാരുടെ അതിഥികളായി ഞങ്ങള്‍ ആഴ്ചകള്‍ ചെലവഴിച്ചു. സ്മൊളന്‍സ്ക്ക് പട്ടണത്തില്‍ യൂറി ഗഗാറിന്‍റെ (ആദ്യത്തെ ബഹിരാകാശ സഞ്ചാരി) ജന്മഗൃഹം ഒരു മ്യൂസിയമായി മാറ്റിയത് സന്ദര്‍ശിച്ചു. കാസ്പിയന്‍ കടലിനും കരിങ്കടലിനും മദ്ധ്യേയുള്ള ട്രാന്‍സ് കോക്കസസ് പ്രദേശങ്ങളും കണ്ടു. എ.ഡി. 1037-ല്‍ സ്ഥാപിച്ച കീവിലെ സെന്‍റ് സോഫിയാ കത്തീഡ്രല്‍ ഇപ്പോഴും അതേപടി സൂക്ഷിച്ചിച്ചിരിക്കുന്നതായി കാണാം.

അര്‍മ്മീനിയാ സന്ദര്‍ശനവേളയില്‍ സഭാ ആസ്ഥാനമായ ഹോളി എച്ച്മിയാഡ്സിനില്‍ പ. വസ്ഗന്‍ കാതോലിക്കോസിന്‍റെയും, ജോര്‍ജിയാ സന്ദര്‍ശിച്ചപ്പോള്‍ ത്ബിലീസിയില്‍ പ. ഇലിയാ പാത്രിയര്‍ക്കീസിന്‍റെയും അതിഥികളായി അവരുടെ അരമനകളില്‍ താമസിച്ചു. ഇവര്‍ രണ്ടുപേരും മലങ്കരസഭ സന്ദര്‍ശിച്ചിട്ടുണ്ട്. ജോര്‍ജിയായില്‍ ജോസഫ് സ്റ്റാലിന്‍ പഠിച്ചിരുന്ന സെമിനാരി സന്ദര്‍ശിച്ചു. പ്രിന്‍സിപ്പല്‍ ഫാ. അരാം ആയിരുന്നു അവിടെ ആതിഥേയന്‍. കരിങ്കടലിനു കിഴക്കും കാസ്പിയന്‍ കടലിനു പടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന കോക്കസസ് പര്‍വ്വതനിരകളുടെ സമീപത്തുകൂടി പലപ്രാവശ്യം ഞങ്ങള്‍ യാത്ര ചെയ്തു. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഏല്‍ബ്രസ് (ഉയരം 5633 മീറ്റര്‍) സ്ഥിതി ചെയ്യുന്നത് കോക്കസസ് പര്‍വ്വതനിരയിലാണ്.

രണ്ടാം ലോകമഹായുദ്ധത്തില്‍ സര്‍വ്വനാശം വിതച്ച പല സ്ഥലങ്ങളും സെമിത്തേരികളും ഞങ്ങള്‍ സന്ദര്‍ശിച്ചു. ഖത്തീന്‍ എന്ന സ്ഥലത്തു ചെന്നപ്പോള്‍ ഗ്രാമവാസികളില്‍ ഒരാള്‍ മാത്രം ശേഷിച്ച കഥ കേട്ട് ഞെട്ടിപ്പോയി. ദേവാലയത്തില്‍ വന്നിരുന്നത് കൂടുതലും യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ വിധവമാരായിരുന്നു എന്ന് ഞങ്ങള്‍ നേരിട്ടു മനസ്സിലാക്കി. അവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന പെന്‍ഷന്‍ തുകയില്‍ നല്ല പങ്കും ദേവാലയത്തില്‍ കാഴ്ചയായി അര്‍പ്പിക്കുമായിരുന്നു.

1978 സെപ്റ്റംബര്‍ 5-ന് റോമില്‍ പുതുതായി സ്ഥാനമേറ്റ ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പായുമായുള്ള കൂടിക്കാഴ്ച സമയത്ത് കുഴഞ്ഞുവീണ് കാലം ചെയ്ത നിക്കോദിം മെത്രാപ്പോലീത്തായുടെ സംസ്കാരശുശ്രൂഷ ലെനിന്‍ഗ്രാഡ് സെമിനാരിക്കു തൊട്ടടുത്തുള്ള ട്രോയ്സ്കയ സബോറിലെ (ട്രിനിറ്റി കത്തീഡ്രല്‍) മദ്ബഹായിലാണു നടന്നത്. അവിടെ ഞങ്ങള്‍ മലയാളത്തില്‍ 15 മിനിറ്റ് നീണ്ട ഒരു ശുശ്രൂഷ നടത്തി. ഇരുപതിനായിരം പേരാണ് ശുശ്രൂഷയില്‍ സംബന്ധിച്ചത്. കര്‍ദ്ദിനാള്‍ വില്ലിബ്രാന്‍റ്, ബിഷപ്പ് ആന്‍റണി ബ്ളൂം തുടങ്ങിയ പ്രമുഖരും അമ്പതു ബിഷപ്പുമാരും അതില്‍ പങ്കെടുത്തു. പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ അടുത്ത സുഹൃത്തായിരുന്നു നിക്കോദീം തിരുമേനി. നിക്കോദീം തിരുമേനി കാലം ചെയ്യുമ്പോള്‍ മാര്‍പാപ്പായെ കാണാന്‍ പുറത്തു കാത്തിരിക്കുകയായിരുന്നു മാര്‍ ഗ്രീഗോറിയോസ് തിരുമേനി. ആ പെട്ടെന്നുള്ള വിടവാങ്ങലിനു ശേഷം 15 മിനിട്ട് കഴിഞ്ഞ് മാര്‍പാപ്പായെ അദ്ദേഹം സന്ദര്‍ശിക്കുകയും ചെയ്തു. 31 ദിവസങ്ങള്‍ക്കു ശേഷം ജോണ്‍ പോള്‍ മാര്‍പാപ്പാ ഹൃദയസ്തംഭനം മൂലം വിടപറഞ്ഞു.

ലെനിന്‍ഗ്രാഡില്‍ ഒരു ഇന്ത്യന്‍ അസോസ്യേഷന്‍ ഉണ്ടായിരുന്നു. കൂടുതലും ഗവേഷണ വിദ്യാര്‍ത്ഥികളായിരുന്നു അതിലെ അംഗങ്ങള്‍. ഞങ്ങള്‍ അതില്‍ സജീവമായി പങ്കെടുത്തു. ഞങ്ങളുടെ സെമിനാരിയിലും അതിലെ അംഗങ്ങള്‍ വന്നിരുന്നു. ഞങ്ങള്‍ അവരുടെ പഠനകേന്ദ്രങ്ങളും സന്ദര്‍ശിച്ചു. കൂടുതലും വടക്കേ ഇന്ത്യക്കാരായിരുന്നു. കത്തു മൂലം ഇപ്പോഴും അവരുമായി ബന്ധം പുലര്‍ത്തുന്നു.

ഒരിക്കല്‍ റഷ്യന്‍ പത്രപ്രവര്‍ത്തകയായ വസിലിസ കുലിക് റമസോവ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളായ ഞങ്ങളുമായി അഭിമുഖം നടത്തുവാന്‍ സെമിനാരിയില്‍ വന്നു. വിദേശ വിദ്യാര്‍ത്ഥി വകുപ്പ് ഡീനായ ഫാ. ബോഗ്ദാന്‍റെ സാന്നിദ്ധ്യത്തില്‍ ദീര്‍ഘമായ ഒരഭിമുഖം നടത്തി. 1977 നവംബര്‍ ലക്കത്തില്‍ സോവിയറ്റ് ലാന്‍റ് മാസിക ഞങ്ങളുടെ വലിയ ചിത്രങ്ങള്‍ സഹിതം ലോകത്തിലെ മിക്കവാറും എല്ലാ ഭാഷകളിലും ഈ അഭിമുഖം പ്രസിദ്ധീകരിച്ചു. റഷ്യയിലെ മതസ്വാതന്ത്ര്യം, വൈദിക പഠനപദ്ധതി, നേരിട്ടു കണ്ട ചരിത്രസ്മാരകങ്ങള്‍, യുദ്ധത്തിന്‍റെ കെടുതികള്‍, ലോകസമാധാനത്തിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളായിരുന്നു ചര്‍ച്ച ചെയ്തത്.

ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ലെനിന്‍ഗ്രാഡില്‍ മൈനസ് 45 ഡിഗ്രി വരെ തണുപ്പ് സഹിക്കേണ്ടി വന്നു. അപ്പോള്‍ എവിടെയും മൂന്ന്, നാല് അടി ഉയരത്തില്‍ മഞ്ഞുവീണു കിടക്കും. റോഡുകളില്‍ യന്ത്രങ്ങള്‍ മഞ്ഞു നീക്കും. ഇന്ത്യന്‍ സമയം രണ്ടര മണിക്കൂര്‍ മുമ്പിലാണ്. പകല്‍ ഒട്ടുമില്ലാത്ത ഏതാനും ദിനങ്ങളും രാത്രി ഒട്ടുമില്ലാത്ത ദിനങ്ങളും ലെനിന്‍ഗ്രാഡില്‍ ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിരുന്നു. ബാള്‍ട്ടിക്കിലെ ലെഡോഗാ തടാകത്തില്‍ നിന്ന് ഉത്ഭവിക്കുന്ന നേവാ നദിയുടെ തീരത്താണ് സെമിനാരി. റഷ്യന്‍ വിപ്ലവകാലത്ത് നൂറുകണക്കിന് സന്യാസിമാരെ തണുത്തുറഞ്ഞ നേവാ നദിയിലേക്ക് എറിഞ്ഞുകൊന്നതായ കറുത്ത അദ്ധ്യായത്തിനും ഈ സെമിനാരി സാക്ഷ്യം വഹിച്ചു. വോള്‍ഗ, മസ്ക്ക്വ, ദ്നീപര്‍, ഡോണ്‍, ലേന തുടങ്ങിയ നദികളും സന്ദര്‍ശിക്കാന്‍ കഴിഞ്ഞു.

ലെനിന്‍ഗ്രാഡ് നഗരത്തിലെ പ്രധാന കാഴ്ചകള്‍ കാണാന്‍ പ്രത്യേകം വാഹനം ക്രമീകരിച്ചു തന്നു. സാര്‍ ചക്രവര്‍ത്തിമാരെ സംസ്കരിച്ചിരിക്കുന്ന പീറ്റര്‍ ആന്‍റ് പോള്‍ കത്തീഡ്രല്‍ ശ്മശാനം, അഡ്മിറാലിറ്റി എന്ന നാവിക കേന്ദ്രം, നരോദ്നിക്കുകള്‍, ഡിസംബറിസ്റ്റുകള്‍ തുടങ്ങിയ വിപ്ലവകാരികളെ പാര്‍പ്പിച്ച ട്റൂബസ്ക്കോയ ജയിലറ, പഴയ രാജകുടുംബാംഗങ്ങളുടെ വസതിയായ പാവ്ലസ്ക്ക് കൊട്ടാരം, ദസ്തയേവ്സ്ക്കി എന്ന അനശ്വര സാഹിത്യകാരന്‍ പഠിച്ച മിലിറ്ററി എഞ്ചിനീയറിംഗ് സ്കൂള്‍, 1858-ല്‍ അദ്ദേഹം പട്ടാളജോലി വിട്ട് താമസമാക്കിയ വീട്, ഇസ്ക്ര എന്ന പേരില്‍ ലെനിന്‍ ആരംഭിച്ച വര്‍ത്തമാന പത്രത്തിന്‍റെ ആദ്യത്തെ ഓഫീസ്, സാറിസ്റ്റ് വാഴ്ചയുടെ പതനത്തിലെത്തിച്ച സമരം നടന്ന പുത്തിലോവ് പ്ലാന്‍റ് എന്ന ഫാക്ടറി, വിന്‍റര്‍ പാലസ്, വിപ്ലവത്തിന്‍റെ പീരങ്കിവെടി മുഴങ്ങിയ അറോറ എന്ന കപ്പല്‍ ഹെര്‍മിത്താഷ് എന്ന വലിയ മ്യൂസിയം ഇങ്ങനെ നീളുന്നു ഞങ്ങള്‍ സന്ദര്‍ശിച്ച ചരിത്രപ്രധാന കേന്ദ്രങ്ങള്‍.

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ ഞങ്ങള്‍ കണ്ട സവിശേഷതകള്‍ ഇങ്ങനെ ചുരുക്കിപ്പറയാം: ശ്രേഷ്ഠരായ സന്യാസിമാരും ആശ്രമങ്ങളും, ആകര്‍ഷണീയമായ ആരാധന, നിഷ്ഠകളും ധാര്‍മ്മിക നിലവാരവും, ധീര രക്തസാക്ഷികളുടെ ചരിത്രം, മിഷനറി മാതൃകകള്‍, റഷ്യന്‍ സഭയുടെ വിദേശ മിഷനുകള്‍, ദര്‍ശനമുള്ള നേതൃസ്ഥാനികള്‍, സഭയോട് പ്രതിബദ്ധതയുള്ള ദൈവശാസ്ത്ര പണ്ഡിതര്‍, ആത്മീയത നിറഞ്ഞ തീര്‍ത്ഥാടനങ്ങള്‍, ഐക്കണ്‍ ആദ്ധ്യാത്മികത, സഭാപിതാക്കന്മാരുടെ കൃതികള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്ന വൈദിക വിദ്യാഭ്യാസ രീതി മുതലായവ. ആദ്ധ്യാത്മിക കൃതിയായ “ഫിലോക്കാലിയ” അവിടെ ഒരു പ്രത്യേക പഠനവിഷയമാണ്.

ഇന്ത്യയുടെയും റഷ്യയുടെയും സാംസ്കാരിക വിനിമയത്തിലും മതബന്ധങ്ങളിലും ബലമുള്ള കണ്ണികളായിത്തീരുവാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും ചാരിതാര്‍ത്ഥ്യമുണ്ട്. ഒരുമിച്ചു താമസിച്ച റഷ്യക്കാരനായ ഞങ്ങളുടെ സ്നേഹിതന്‍ ഇവാന്‍ ഒരിക്കല്‍ എം. എ. മത്തായി ശെമ്മാശനെ നോക്കിപ്പറഞ്ഞു: “വീ ബൂജിത് മിത്രപ്പലീത്. വീ ബൂജിത് പത്രിയാര്‍ഹ്” (താങ്കള്‍ ഒരിക്കല്‍ മെത്രാപ്പോലീത്തായാകും. താങ്കള്‍ പാത്രിയര്‍ക്കീസ് ആകും). ഞാന്‍ വിവാഹിതനാകുമെന്ന് ഇവാന്‍ ചേട്ടന് അറിയാമായിരുന്നു. അതിനാല്‍ എന്നോട് അങ്ങനെ പറഞ്ഞില്ല. ബുദ്ധിമാനും പരമഭക്തനുമായ റഷ്യന്‍ സുഹൃത്ത് ഇവാന്‍ അന്നു പറഞ്ഞത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. എം. എ. മത്തായി ശെമ്മാശന്‍ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ ആയി. പൗരസ്ത്യ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ കാതോലിക്കാ ബാവാ എന്ന പ്രധാന മേലദ്ധ്യക്ഷനുമായി. ദൈവഹിതം നിറവേറിയതില്‍, അര്‍ഹതയ്ക്ക് അംഗീകാരം ലഭിച്ചതില്‍ സഹപാഠിയായ ഞാനും സന്തോഷിക്കുന്നു.

ഓരോ വിഷയത്തെക്കുറിച്ചും ആഴമായി പഠിക്കും. അത്യാവശ്യത്തിനു മാത്രം പ്രതികരിക്കും. സഭയുടെ ശാക്തീകരണമാണ് പ്രഥമ പരിഗണന. പാവപ്പെട്ടവരോട് പ്രത്യേകം കാരുണ്യം കാണിക്കും. പ്രാര്‍ത്ഥനയ്ക്ക് മുടക്കം വരുത്തുകയില്ല. ആരാധനക്രമങ്ങള്‍ സുപരിചിതം. വിശ്വാസ സംരക്ഷണ കാര്യത്തില്‍ കാര്‍ക്കശ്യമുണ്ട്. മറ്റുള്ളവര്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കാനുള്ള മനസ്സുണ്ട്. വ്യക്തിബന്ധങ്ങളില്‍ മാന്യതയും സൂക്ഷ്മതയും പുലര്‍ത്തുമെന്നാണ് എന്‍റെ അനുഭവം. സ്വന്തമായി നേട്ടമോ പ്രശസ്തിയോ ആര്‍ജ്ജിക്കാനുള്ള തന്ത്രത്തിന്‍റെ ശൈലിയില്ല. ദൈവം തന്നെ നടത്തുന്നു എന്ന പൂര്‍ണ്ണ ബോധ്യമുണ്ട്. താന്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കാനുള്ള അപാര ശേഷിയുണ്ട്. ചെറു പുഞ്ചിരിയോടെ നര്‍മ്മങ്ങള്‍ കൈമാറും. കളങ്കമില്ലാത്ത സ്വഭാവ മഹിമയ്ക്ക് ഉടമയാണ് വൈദിക വിദ്യാര്‍ത്ഥിയായും ശെമ്മാശനായും വൈദികനായും ഞാന്‍ അടുത്തു പരിചയപ്പെട്ട സഭയുടെ പുതിയ പ്രധാന മേലദ്ധ്യക്ഷന്‍.

_______________________________________________________________________________________

Deacon M. A. Mathai (HH Baselius Marthoma Mathews III Catholicos) and Deacon K. L. Mathew Vaidyan also during his studies at the Leningrad Academy in Russia. Photos from Fr K L Mathew Vaidyan’s Album.

Compiled by Dr M Kurian Thomas and Joice Thottackad.  Photos