മസ്നപ്സോ – ശീലമുടി

മേല്പട്ടക്കാര്‍ അംശവസ്ത്രമായി ശിരസ്സിലണിയുന്ന ശീലയാണ് ‘മസ്നപ്സോ’ അഥവാ ശീലമുടി. ‘മിസിനെഫെന്ന്’ എന്ന എബ്രായ വാക്കില്‍ നിന്നുമാണ് നീളമുള്ള ശീലമുടി (mitre) യുടെ ആവിര്‍ഭാവം. ഇതും അഹരോന്യ അംശവസ്ത്രത്തിലെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന പ്രതീകാത്മക വസ്ത്രമാണ് (പുറ. 28:4, 35:40). ‘ജനത്തിന്‍റെ കുറ്റം പുരോഹിതന്‍റെ നെറ്റിയില്‍ ഇരിക്കണം’ എന്ന് അവിടെ കാണുന്നു.

മേല്പട്ടക്കാര്‍ ഉള്‍പ്പെടെയുള്ള സന്യാസിമാര്‍ അവരുടെ സന്യാസജീവിതത്തിന്‍റെ അടയാളമായി എപ്പോഴും അണിയുന്ന ശിരോവസ്ത്രത്തെ മലങ്കരയില്‍ തെറ്റായി ‘മസ്നപ്സോ’ എന്ന് വിളിച്ചു വരുന്നു എന്ന് ബഹു. അച്ചന്‍ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. കറുത്ത തുണിയില്‍ ക്രിസ്തുവിന്‍റെ പ്രതീകമായി ഒരു വലിയ കുരിശ് പുറകുവശത്തായും ഇടതും വലതും വശങ്ങളിലായി 12 ചെറിയ കുരിശുകളുമുള്ള ഈ വസ്ത്രത്തിന്‍റെ യഥാര്‍ത്ഥ പേര് ‘എസ്കീമോ’ (Eskimo), ‘കൂബീസോ’, ‘കൂബീത്തോ’ എന്നിങ്ങനെ വിവിധ പാരമ്പര്യങ്ങളില്‍ കാണുന്നുണ്ട്. സന്യാസി ലോകമോഹങ്ങളില്‍ നിന്നും അകന്ന് ക്രിസ്തുവിനെയും ശിഷ്യന്മാരെയും ശിരസ്സില്‍ വഹിക്കുന്നവനാണെന്നും ലോകത്തോട് മരിച്ച് കബറടക്കപ്പെട്ട് ക്രിസ്തുവില്‍ ജീവിക്കുന്നവനാണെന്നും ഒക്കെ ഈ വാക്കുകള്‍ക്ക് അര്‍ത്ഥം ലഭിക്കുന്നു! ആരാധനാവേളയില്‍ സാധാരണ വസ്ത്രങ്ങള്‍ മാറി അംശവസ്ത്രങ്ങള്‍ അണിയുമ്പോള്‍ ശുശ്രൂഷകുപ്പായം ഇട്ടുകഴിഞ്ഞശേഷം മേല്പട്ടക്കാര്‍ സാധാരണ കൂബീത്തോ മാറി കസവുതയ്യലും അല്പം അലങ്കാരപണികളുമുള്ള വൃത്തിയുള്ള കൂബീത്തോ ധരിച്ചശേഷം അതിനു മുകളിലാണ് മേല്പട്ടത്തിന്‍റെ പ്രത്യേക അടയാളമായ ശീലമുടി (മസ്നപ്സോ) ഇട്ട് ആയതിന്‍റെ കീഴ്ഭാഗം ഇടക്കെട്ടില്‍ ഉറപ്പിച്ചശേഷം കാപ്പയും അതിനുമേല്‍ ബത്രാസീലും അണിയുന്നത്.

“നല്ലവനെ ആരു നമുക്കു കാണിച്ചുതരും. അവന്‍റെ മുഖപ്രകാശം നമ്മില്‍ അവന്‍ വ്യാപിപ്പിക്കും. കര്‍ത്താവേ! നിന്‍റെ സന്തോഷത്തെ നീ എന്‍റെ ഹൃദയത്തില്‍ നല്‍കി” (സങ്കീ. 4:6) എന്ന് ധ്യാനിച്ചുകൊണ്ട് ശീലമുടി അണിയുകയും പിന്നെ അവന്‍റെ ആനന്ദം ദര്‍ഗ്ഗായിലും ത്രോണോസിനോടുള്ള സാമീപ്യത്തിലും മാത്രം ആയിരിക്കണമെന്നും പിതാക്കന്മാര്‍ പഠിപ്പിക്കുന്നു. ‘മോശയുടെ മുഖം ദിവ്യശോഭയില്‍ പ്രകാശിക്കുകയും അതിനാല്‍ യിസ്രായേല്‍ മക്കള്‍ക്ക് അവന്‍റെ മുഖത്തേക്ക് നേരെ നോക്കുവാന്‍ കഴിഞ്ഞില്ലാ എന്നും അപ്പോള്‍ മോശ ഒരു ശീലകൊണ്ട് തന്‍റെ ശിരസ്സ് മറച്ചുവെന്നും ദൈവദര്‍ശന ശേഷം കല്പനകളുടെ കല്പ്പലകകള്‍ രണ്ടു കൈയ്യിലേന്തി സീനായ് മലയില്‍ നിന്നും ഇറങ്ങിവരുന്ന മോശയില്‍ നാം കാണുന്നു (പുറ. 34:29-35). ദൈവസന്നിധിയില്‍ മൂടുപടം നീക്കി, അനാവരണം ചെയ്ത്, നില്‍ക്കുകയും ജനത്തിലേക്ക് ഇറങ്ങിവരുമ്പോള്‍ അത് വീണ്ടും ആവരണം ചെയ്യുകയും എന്നാല്‍ അഹരോനോടും ജനത്തോടും പ്രബോധനം നടത്തുമ്പോള്‍ മൂടുപടം നീക്കി അവരോട് സംസാരിക്കുകയും ചെയ്യുന്നതായി ഇവിടെ കാണാം.

കൊരിന്ത്യര്‍ക്കുള്ള രണ്ടാം ലേഖനം മൂന്നാം അദ്ധ്യായത്തില്‍ മോശയുടെ മൂടുപടവും കല്പനകളുടെ കല്പ്പലകകളും അതിമനോഹരമായി പ. പൗലോസ് ശ്ലീഹാ വ്യാഖ്യാനിക്കുന്നുണ്ട്! ജീവനുള്ള ദൈവത്തിന്‍റെ ആത്മാവിനാല്‍ ഹൃദയമെന്ന മാംസപലകയില്‍ പുതിയ ഉടമ്പടി എഴുതപ്പെട്ടിരിക്കുന്നതിനാല്‍ (3:3) ഇനിയും നീക്കം വരുന്ന മോശയുടെ തേജസ്സല്ല; ക്രിസ്തുവിലുള്ള നിത്യമായ തേജസ്സ് ആണ് നാം ധരിക്കുന്നത് എന്ന് അതീവ പ്രാഗത്ഭ്യത്തോടെ ശ്ലീഹാ വിശ്വാസികളെ പഠിപ്പിക്കുന്നു!

ഇക്കാര്യങ്ങളെയെല്ലാം പ്രതീകവല്‍ക്കരിച്ചുകൊണ്ടാണ് നമ്മുടെ മേല്‍പട്ടക്കാരുടെ ശീലമുടി അനാഫുറായുടെ (ശോശപ്പാ ആഘോഷം വരെ) ആരംഭം വരെ മൂടി കിടക്കുന്നതെന്നും; എന്നാല്‍ പിന്നീട് രഹസ്യങ്ങള്‍ തുറന്നിരിക്കുമ്പോള്‍ അതിനു മുമ്പ് ശീലമുടി പുറകോട്ട് മാറ്റുകയും അവ അടഞ്ഞിരിക്കുമ്പോള്‍ ശിരസ്സ് മൂടുകയും ചെയ്യുന്നത്. എന്നാല്‍ ശ്ലീഹാവായന, ഏവന്‍ഗേലി, പ്രസംഗം, പ്രബോധനം എന്നീ അവസരങ്ങളില്‍ ശീലമുടി പുറകോട്ട് മാറ്റി പുതിയനിയമ പ്രതീകമായി നിലകൊള്ളുന്നു. എത്ര അര്‍ത്ഥഗാംഭീര്യത്തോടെയാണ് പ. സഭയുടെ ആരാധനാവേളയിലെ അംശവസ്ത്രങ്ങളുടെ ക്രമീകരണം എന്ന് നാം ഓര്‍ക്കണം.

– ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്