2000 ഫെബ്രുവരി സുന്നഹദോസ് നിശ്ചയങ്ങള്‍

കോട്ടയം: പരുമല പള്ളിയുടെ കൂദാശ ജൂണ്‍ 30-നും ജൂലൈ 1-നുമായി നടത്തുമെന്ന് പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ അത്താനാസിയോസ് അറിയിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭ ഒറീസയില്‍ ദത്തെടുത്ത കട്ടക്ക് ഗ്രാമത്തില്‍ 40 ഭവനങ്ങളുടെ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. പഴയസെമിനാരി സോഫിയാ സെന്‍ററില്‍ പ. കാതോലിക്കാബാവായുടെ അദ്ധ്യക്ഷതയില്‍ നടന്ന എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് തീരുമാനങ്ങള്‍ അറിയിക്കുകയായിരുന്നു അദ്ദേഹം.

കാതോലിക്കാ ദിനാഘോഷം ഏപ്രില്‍ 9-ന് ഭദ്രാസനതലത്തില്‍ വിപുലമായി നടത്തുവാനും, പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് ഭദ്രാസനതലത്തില്‍ ആരംഭിക്കുവാനും നിശ്ചയിച്ചു. നാഗ്പൂര്‍ സെമിനാരി ഗവേണിംഗ് ബോര്‍ഡ് സീനിയര്‍ വൈസ് പ്രസിഡന്‍റായി നിയുക്ത കാതോലിക്കാ തോമസ് മാര്‍ തീമോത്തിയോസിനേയും സഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക് ഫീലിപ്പോസ് മാര്‍ യൗസേബിയോസിനെയും, വര്‍ക്കിംഗ് കമ്മിറ്റിയിലേയ്ക്ക് മാത്യൂസ് മാര്‍ എപ്പിഫാനിയോസിനെയും നിയമിച്ചു.

പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന തോമസ് മാര്‍ തീമോത്തിയോസ്, എപ്പിസ്ക്കോപ്പല്‍ രജതജൂബിലി ആഘോഷിക്കുന്ന ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്, തോമസ് മാര്‍ മക്കാറിയോസ്, സ്തേഫാനോസ് മാര്‍ തേവോദോസ്യോസ് എന്നിവരെ സുന്നഹദോസ് അനുമോദിച്ചു. അര്‍മ്മീനിയയിലെ കരേക്കിയന്‍ കാതോലിക്കാ ബാവാ, ഗീവര്‍ഗീസ് മാര്‍ ദീയസ്ക്കോറോസ്, അലക്സാണ്ടര്‍ മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ എന്നിവരുടെ ദേഹവിയോഗത്തില്‍ യോഗം അനുശോചിച്ചു.

(മലങ്കരസഭാ മാസിക, 2000 ഏപ്രില്‍)