വട്ടശ്ശേരില്‍ തിരുമേനിയെ പരിശുദ്ധനായി പ്രഖ്യാപിക്കുവാനുള്ള സുന്നഹദോസ് തീരുമാനം അറിയിച്ചുകൊണ്ടുള്ള കല്പന (2003))


സ്വയംസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശസമ്പൂര്‍ണ്ണനും ആയ ത്രിയേക ദൈവത്തിന്‍റെ തിരുനാമത്തില്‍ (തനിക്കു സ്തുതി) മാര്‍ തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്‍മേല്‍ ആരൂഢനായിരിക്കുന്ന പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആയ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍തോമ്മാ മാത്യൂസ് ദ്വിതീയന്‍

(മുദ്ര)

കര്‍ത്താവില്‍ നമ്മുടെ സഹോദര മ്രെതാപ്പോലീത്തന്മാരും കോര്‍എപ്പിസ്കോപ്പന്മാരും, റമ്പാച്ചന്മാരും, വൈദികരും ശെമ്മാശ്ശന്മാരും കന്യാസ്ത്രീകളും സഭയിലെ എല്ലാ സ്ഥാനികളും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും എല്ലാ പള്ളി കൈക്കാരന്മാരും ശേഷം വിശ്വാസികളും അഭ്യുദയ കാംക്ഷികളുമായ എല്ലാവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുമിശിഹായില്‍ സമാധാനവും വാഴ്വുകളും.

കര്‍ത്താവില്‍ പ്രിയരേ,

പരിശുദ്ധനായ പരുമല കൊച്ചുതിരുമേനിയുടെ അരുമശിഷ്യഗണത്തില്‍ പ്രഥമ ഗണനീയനും, മലങ്കരമെത്രാപ്പോലീത്തായുമായിരുന്ന വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസിയോസ് തിരുമേനിയെ പരിശുദ്ധനായി പ്രഖ്യാപിക്കണമെന്ന് നമ്മുടെ പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ 2002 ഫെബ്രുവരി, ജൂലൈ എന്നീ സെഷനുകളില്‍ തീരുമാനം ചെയ്തിട്ടുള്ളതാകുന്നു. ഈ തീരുമാനം പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് അദ്ധ്യക്ഷനും മലങ്കരയിലെ പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷനുമെന്ന നിലയില്‍ സഭാ മക്കളെ അറിയിക്കുവാനുള്ള ചുമതല നമുക്കുള്ളതിനാല്‍ ആയത് ഈ കല്പന മുഖാന്തരം നാം നിങ്ങളെ അറിയിക്കുന്നു. ആയതിനാല്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്തായെ പരിശുദ്ധ പദവിയിലേക്കുയര്‍ത്തുന്നതായി അദ്ദേഹത്തിന്‍റെ 69-ാമത് ഓര്‍മ്മപ്പെരുന്നാള്‍ കൊണ്ടാടുന്ന ഫെബ്രുവരി 24-ാം തീയതി അദ്ദേഹം കബറടങ്ങിയിരിക്കുന്ന കോട്ടയം പഴയ സെമിനാരിയില്‍ രാവിലെ വി. കുര്‍ബ്ബാനയ്ക്കു ശേഷം പ്രത്യേക ശുശ്രൂഷകളോടുകൂടി പ്രഖ്യാപനം നടത്തുന്നതാണ്. പ്രസ്തുത ശുശ്രൂഷകളിലും പെരുന്നാളിലും നമ്മുടെ എല്ലാ സഭാ മക്കളും വന്ന് അനുഗ്രഹം പ്രാപിക്കണമെന്ന് നാം അറിയിക്കുന്നു. ഓരോ പള്ളിയില്‍ നിന്നു എത്രമാത്രം ആളുകള്‍ വന്നുചേരാമോ അത്രയും ആളുകള്‍ ആവശ്യമെങ്കില്‍ വാഹനങ്ങള്‍ ക്രമീകരിച്ച് വരണം.

ശേഷം പിന്നാലെ,

സര്‍വ്വശക്തനായ ദൈവത്തിന്‍റെ കൃപയും അനുഗ്രഹങ്ങളും നിങ്ങള്‍ എല്ലാവരോടും കൂടെ സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ. ആയത് ദൈവമാതാവായ വിശുദ്ധ കന്യകമറിയാമിന്‍റെയും ഇന്ത്യയുടെ കാവല്‍പിതാവായ മാര്‍ത്തോമ്മാ ശ്ലീഹായുടെയും ശേഷം സകല പരിശുദ്ധന്മാരുടെയും ശുദ്ധിമതികളുടെയും പ്രാര്‍ത്ഥനകളാല്‍ തന്നെ. ആമ്മീന്‍.

ആകാശത്തിലുള്ള ഞങ്ങളുടെ ബാവാ…

കോട്ടയം കാതോലിക്കേറ്റ് അരമനയില്‍ നിന്ന്.

_______________________________________________________________________________________

പ. ബസേലിയോസ് മാര്‍തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ 2003 ഫെബ്രുവരി 24-നു പഴയസെമിനാരി ചാപ്പലില്‍ നടന്ന ഓര്‍മ്മപെരുന്നാളില്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസിനെ പരിശുദ്ധനായി പ്രഖ്യാപിക്കുന്നു.