1980 ഫെബ്രുവരി സുന്നഹദോസ് നിശ്ചയങ്ങള്‍

പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഫെബ്രുവരി 18 മുതല്‍ 23 വരെ സമ്മേളിച്ചു.

1980 ഫെബ്രുവരി 18-ാം തീയതി കോട്ടയം പഴയസെമിനാരിയിലുള്ള സോഫിയാ സെന്‍റര്‍ ചാപ്പലില്‍ ആരംഭിച്ച മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് 22-ാം തീയതി വെള്ളിയാഴ്ച സമാപിച്ചു. പ. ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ നടന്ന സുന്നഹദോസ് യോഗങ്ങളില്‍ യൂഹാനോന്‍ മാര്‍ സേവേറിയോസ്, യൂഹാനോന്‍ മാര്‍ അത്താനാസിയോസ്, തോമസ് മാര്‍ മക്കാറിയോസ് എന്നിവര്‍ ഒഴികെയുള്ള സഭയിലെ എല്ലാ മേല്പട്ടക്കാരും സംബന്ധിച്ചിരുന്നു. സുന്നഹദോസ് അംഗങ്ങളുടെ ധ്യാനത്തിനു മലബാര്‍ ഇടവകയുടെ തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ നേതൃത്വം നല്‍കി.

സഭയുടെ ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു നടത്തുന്നതിനു ഒരു ശിശുക്ഷേമ ബോര്‍ഡ് തുടങ്ങണമെന്നും അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ നേതൃത്വം നല്‍കണമെന്നും നിശ്ചയിച്ചു.
ശിശുവര്‍ഷ പിരിവുകൊണ്ടു ഉണ്ടാകേണ്ട ബാലഭവനങ്ങള്‍ / വികലാംഗ ശിശുഭവനങ്ങള്‍ ഇവ സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആവിഷ്ക്കരിക്കുന്നതിനു ഗീവറുഗിസ് മാര്‍ ദീയസ്കോറോസ് എപ്പിസ്ക്കോപ്പാ അദ്ധ്യക്ഷനായുള്ള ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തു.

സഭയില്‍ പൊതുവായി കൂടുതല്‍ ആദ്ധ്യാത്മിക ചൈതന്യവും നവജീവനും ഉണ്ടാകത്തക്കവണ്ണം വേണ്ട കര്‍മ്മപരിപാടികള്‍ നിശ്ചയിച്ചു നടപ്പാക്കുന്നതിനു തീരുമാനിച്ചു. ആയതിന്‍റെ പ്രവര്‍ത്തനങ്ങള്‍ എത്രയുംവേഗം ആരംഭിച്ചു നടപ്പാക്കുന്നതിനു പരിശുദ്ധ കാതോലിക്കാ ബാവാ അദ്ധ്യക്ഷനും ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ കണ്‍വീനറുമായുള്ള ഒരു കമ്മിറ്റിയെ നിശ്ചയിച്ചു.
സഭയില്‍ ഇപ്പോഴുള്ള പട്ടക്കാരുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനു വൈദിക സെമിനാരിയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ എടുത്തു പഠിപ്പിക്കണമെന്നു നിശ്ചയിച്ചു.

ജൂലൈ 6–ാം തീയതി ഞായറാഴ്ച മിഷന്‍ സണ്ടേയായും സഭാവികസനദിനമായും പ്രഖ്യാപിക്കുന്നതിനു തീരുമാനിച്ചു.

സുന്നഹദോസിന്‍റെ മുമ്പാകെ സമര്‍പ്പിച്ചിരുന്ന സ്ഥാപനങ്ങളുടെ ബഡ്ജറ്റ് യോഗം അംഗീകരിച്ചു.

36-ാം ഞായറാഴ്ച (മാര്‍ച്ച് 23) നടത്തുന്ന കാതോലിക്കാദിന പിരിവ് വിജയപ്രദമാക്കുന്നതു സംബന്ധിച്ച് യോഗം ചര്‍ച്ചകള്‍ നടത്തി. ഈ ചര്‍ച്ചകളില്‍ അസോസിയേഷന്‍ സെക്രട്ടറി ശ്രീ. പി. സി. ഏബ്രഹാം, ഡപ്യൂട്ടി സെക്രട്ടറിമാരായ ശ്രീ. പി. എന്‍. നൈനാന്‍, ശ്രീ. ഒ. എ. മാത്യു എന്നിവര്‍ പ്രത്യേക ക്ഷണപ്രകാരം സന്നിഹിതരായിരുന്നു.

വി. കുര്‍ബാന തക്സാ ഹിന്ദിയിലും തമിഴിലും (ഇംഗ്ലീഷിലും കൂടെ – ഇതു മുമ്പെയുണ്ട്) തര്‍ജ്ജമ ചെയ്ത് മുദ്രണം ചെയ്യുന്നതിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. ഹിന്ദിയില്‍ മുദ്രണം ചെയ്യുന്നതിന്‍റെ ചുമതല പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായെ ഏല്പിച്ചു (തമിഴ് വിവര്‍ത്തനം പൂര്‍ത്തിയായി വരുന്നതേയുള്ളു).
സഭയുടെ ഇന്‍റര്‍ ചര്‍ച്ച് റിലേഷന്‍സ് കമ്മിറ്റിയിലേക്ക് മാര്‍ ഒസ്താത്തിയോസ്, മാര്‍ പോളിക്കര്‍പ്പോസ്, മാര്‍ ദിയസ്ക്കോറോസ് എന്നീ മേല്പട്ടക്കാരെ കൂടെ നോമിനേറ്റു ചെയ്തു.

കാലാവധി തീര്‍ന്ന സണ്ടേസ്കൂള്‍ ഡയറക്ടര്‍ ജനറല്‍ സി. വി. ജോര്‍ജ് കോറെപ്പിസ്ക്കോപ്പായെയും പബ്ലിക്കേഷന്‍ ഓഫീസര്‍ ഫാ. റ്റി. ജി. സഖറിയായേയും തല്‍സ്ഥാനങ്ങളില്‍ മൂന്നു വര്‍ഷത്തേക്കു കൂടി നിയമിക്കുന്നതിനും സുന്നഹദോസ് നിശ്ചയിച്ചു.

(മലങ്കരസഭ മാസിക, മാര്‍ച്ച് 1980)