മൂറോന്‍ കൂദാശ നാല്പതാം വെള്ളിയാഴ്ച (മാര്‍ച്ച് 25-ന്)
കോട്ടയം പഴയ സെമിനാരിയിലെ സോഫിയാ സെന്‍റര്‍ ചാപ്പലില്‍ 15-2-1988 തിങ്കളാഴ്ച മുതല്‍ 19-നു വെള്ളിയാഴ്ച വരെ കൂടിയ പ. മലങ്കര എപ്പിസ്ക്കോപ്പല്‍ സുന്നഹദോസാണ് ഈ തീരുമാനം എടുത്തത്. സുന്നഹദോസില്‍ പ. ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാബാവാ തിരുമനസ്സുകൊണ്ട് അദ്ധ്യക്ഷനായിരുന്നു.
നിയുക്ത കാതോലിക്കാ മാത്യൂസ് മാര്‍ കൂറിലോസ്, ഫീലിപ്പോസ് മാര്‍ തെയോഫിലോസ്, തോമസ് മാര്‍ തീമോത്തിയോസ്, ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്, പൗലൂസ് മാര്‍ ഗ്രീഗോറിയോസ്, സ്തേഫാനോസ് മാര്‍ തേവോദോസ്യോസ്, ജോസഫ് മാര്‍ പക്കോമിയോസ്, സഖറിയാ മാര്‍ ദീവന്നാസ്യോസ്, മാത്യൂസ് മാര്‍ ബര്‍ന്നബാസ്, ഗീവര്‍ഗീസ് മാര്‍ ദീയസ്ക്കോറോസ്, മാത്യൂസ് മാര്‍ എപ്പിപ്പാനിയോസ്, ഫീലിപ്പോസ് മാര്‍ യൗസേബിയോസ്, തോമസ് മാര്‍ അത്താനാസ്യോസ്, ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ്, പൗലൂസ് മാര്‍ മിലിത്തിയോസ് എന്നീ തിരുമേനിമാര്‍ സുന്നഹദോസില്‍ സംബന്ധിച്ചു.
15-നു തിങ്കളാഴ്ച മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെ ധ്യാനപ്രസംഗത്തെ തുടര്‍ന്ന് പഴയ സെമിനാരി ചാപ്പലില്‍ നടന്ന ശുബുക്കോനോ ശുശ്രൂഷയ്ക്ക് ശേഷമാണ് യോഗം ആരംഭിച്ചത്. യോഗദിവസങ്ങളില്‍ പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ പ്രാരംഭ ധ്യാന പ്രസംഗം നടത്തി.
അനുമോദനം
മലങ്കര ഓര്‍ത്തഡോക്സ് സഭാംഗമായ ഡോ. പി. സി. അലക്സാണ്ടര്‍ മദ്രാസ് ഗവര്‍ണറായി ചാര്‍ജ്ജ് എടുത്തതില്‍ അദ്ദേഹത്തെ അനുമോദിച്ചുകൊണ്ടും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന വിജയത്തിന് പ്രാര്‍ത്ഥിച്ചുകൊണ്ടുമുള്ള ഒരു പ്രമേയം സുന്നഹദോസ് പാസ്സാക്കി.
ബജറ്റ്
സഭ വക ബി. ഷെഡ്യൂളില്‍പ്പെട്ട സ്ഥാപനങ്ങളുടെയും സംഘടനകളുടെയും 1988-89-ലെ വരവുചെലവുകളുടെ ബജറ്റ് യോഗം അംഗീകരിച്ചു.
മൂറോന്‍ കൂദാശ
വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച (1988 മാര്‍ച്ച് 25-ാം തീയതി) ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ വച്ചു നടത്തുന്ന വി. മൂറോന്‍ കൂദാശയ്ക്കുവേണ്ട വിവിധ ക്രമീകരണങ്ങള്‍ക്ക് യോഗം രൂപം നല്‍കി. ഇതിന്‍റെ ക്രമീകരണങ്ങള്‍ക്ക് ജോസഫ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്താ, ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് എപ്പിസ്ക്കോപ്പാ, മാത്യൂസ് മാര്‍ എപ്പിഫാനിയോസ് എപ്പിസ്ക്കോപ്പാ എന്നിവരെ ചുമതലപ്പെടുത്തി.
സ്ത്രീപങ്കാളിത്തം
സ്ത്രീകള്‍ക്ക് സഭാപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കുന്നതിനെപ്പറ്റി പഠിച്ച് അടുത്ത സുന്നഹദോസില്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിന് പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷനായി ഒരു കമ്മിറ്റിയെ യോഗം നിശ്ചയിച്ചു.
ജൂബിലി ആഘോഷം
കോട്ടയം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിട്ടുള്ള പ. ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 25-ാം ഓര്‍മ്മപെരുന്നാള്‍ വിപുലമായ പരിപാടികളോടുകൂടി ആഘോഷിക്കണമെന്ന് യോഗം നിശ്ചയിക്കുകയും അതിലേക്ക് മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷനായി ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
വിസിറ്റര്‍ ബിഷപ്പ്
കോയമ്പത്തൂര്‍ തടാകം ആശ്രമത്തിന്‍റെ വിസിറ്റര്‍ ബിഷപ്പായി ഫീലിപ്പോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായെ നിശ്ചയിച്ചു.
ബസേലിയോസ് ദയറാ
വാകത്താനം ക്രിസ്ത്യന്‍ സെന്‍ററില്‍ ഒരു ദയറാസമൂഹം ആരംഭിക്കണമെന്നും അതിന് ബസ്സേലിയോസ് ഓര്‍ത്തഡോക്സ് ദയറാ എന്ന പേരായിരിക്കണമെന്നും തീരുമാനിച്ചു. അതിന്‍റെ വിസിറ്റര്‍ ബിഷപ്പായി ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് എപ്പിസ്ക്കോപ്പായെ നിശ്ചയിച്ചു. ദയറായുടെ പ്രവര്‍ത്തനങ്ങള്‍ സുന്നഹദോസ് പാസ്സാക്കിയിട്ടുള്ള നിയമാവലി അനുസരിച്ചായിരിക്കണമെന്നും തീരുമാനിച്ചു.
റഷ്യയിലേക്ക് പ്രതിനിധി സംഘം
1988 ജൂണ്‍ മാസത്തില്‍ മോസ്ക്കോയില്‍ നടക്കുന്ന റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ സഹസ്രാബ്ദി ആഘോഷത്തില്‍ സംബന്ധിക്കുന്നതിന് മലങ്കരസഭയുടെ പ്രതിനിധികളായി ഫീലിപ്പോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ, പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ, മാത്യൂസ് മാര്‍ എപ്പിപ്പാനിയോസ് എപ്പിസ്ക്കോപ്പാ, ഫീലിപ്പോസ് മാര്‍ യൗസേബിയോസ് എപ്പിസ്ക്കോപ്പാ, പൗലോസ് മാര്‍ മിലിത്തിയോസ് എപ്പിസ്ക്കോപ്പാ എന്നിവരെ യോഗം നിശ്ചയിച്ചു.
അംഗീകരിച്ചു
മലങ്കര അസോസ്യേഷന്‍ മാനേജിംഗ് കമ്മിറ്റിയുടെ വിവിധ നിശ്ചയങ്ങള്‍ യോഗം അംഗീകരിച്ചു. 1988-ലെ കാതോലിക്കാദിനം വിജയിപ്പിക്കുവാനുള്ള പരിപാടികള്‍ അംഗീകരിച്ചു.
(മലങ്കരസഭ, ഓഗസ്റ്റ് 1987)