പഠിത്തവീടിന്‍റെ പഠിപ്പുര | ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

‘പടിപ്പുര’ എന്നത് പുരാതനമായൊരു ആശയമാണ്. പ്രാചീന സംസ്കാരങ്ങളുടെ മിഥോളജിക്കല്‍ സുപ്രധാനമായ ഒരു സ്ഥാനം അതിനുണ്ട്.

പ്രത്യേകമായി വേര്‍തിരിച്ചിരിക്കുന്ന ഒരു മണ്ഡലത്തിലേക്കുള്ള ആദ്യത്തെ ചവിട്ടുപടിയാണ് അത്. ഈ മണ്ഡലം നമ്മുടെ ഭവനമാകാം, ദൈവാലയമാകാം, സന്യാസാശ്രമമോ മറ്റെന്തെങ്കിലും പൊതു സ്ഥാപനമോ ആകാം. സാധാരണ ഗതിയില്‍ വിശുദ്ധമായി കരുതപ്പെടുന്ന ഒന്നായിരിക്കും ഈ മണ്ഡലം. അതിന്‍റെ പുറത്തെ അതിരിലായിരിക്കും പടിപ്പുര. വാതില്‍ പടിയ്ക്കുമുകളില്‍ ചെറിയൊരു പുരപോലെ പണിയുന്നത് കൊണ്ടാവാം പടിപ്പുര എന്നുപറയുന്നത്. പുരയുടെ പടിയുമാവാം അത്.

ഇംഗ്ലീഷില്‍ lintel, threshold എന്നുപറയുന്ന ‘വാതില്‍പ്പടി’ പലരൂപത്തില്‍ പ്രത്യക്ഷപ്പെടാം. ഒരു പുരാതന പട്ടണമാണെങ്കില്‍ അതിന് ചുറ്റുമതില്‍ ഉണ്ടായിരിക്കും. ആ മതിലിലാണ് പ്രവേശനകവാടം. യറുശലേം നഗരത്തിന്‍റെ വിവിധ കവാടങ്ങളെക്കുറിച്ച് നാം വേദപുസ്തകത്തില്‍ വായിക്കുന്നു. ചവിട്ടു പടിയ്ക്കുമുകളില്‍ ഗോപുരം പണിയും. പ്രവേശന കവാടം പ്രമുഖമായി എടുത്തു കാണിക്കുന്നതിനാണ് ഇത്.

ഹൈന്ദവ ദേവാലയങ്ങള്‍, പുരാതന വാസ്തുശില്‍പ്പ നിയമങ്ങളനുസരിച്ച് പണിയുന്നത് കൊണ്ട്, അവയ്ക്ക് ഒന്നിനു പുറകേ ഒന്നായി, ഗോപുരവാതില്‍ തുടങ്ങി ശ്രീകോവില്‍ വരെ പല പടികളുണ്ട്. യറുശലേം ദേവാലയത്തിനും, വിശുദ്ധതയുടെ വിശുദ്ധ സ്ഥലത്തേക്ക് എത്തുന്നതിനു മുമ്പ് ജാതികളുടെ പ്രകാരവും, വിശുദ്ധസ്ഥലവും കടക്കണമല്ലോ. ഓരോ കടമ്പയും ഓരോ അതിര്‍ത്തിയാണ്. അതിന്‍റെ സൂചനയാണ് പടിയും പടിപ്പുരയും. കേരളത്തിലെ പഴയ ക്രിസ്തീയ ദേവാലയങ്ങള്‍ ഹൈന്ദവ ക്ഷേത്രസങ്കല്‍പ്പവും വേദപുസ്തകത്തിലെ യറുശലേം ദേവാലയ ഘടനയും കണക്കിലെടുത്താണ്. നാടകശാലയും പ്രാകാരവും അഴിക്കകവും എല്ലാം പടിപടിയായി ഉയര്‍ന്നുവരുന്നു. വീണ്ടും മദ്ബഹായിലേക്ക് ഏതാനും ചവിട്ടുപടികള്‍. മദ്ബഹായില്‍ തന്നെ ത്രോണോസിന് വീണ്ടും ചവിട്ടുപടി (ദര്‍ഗാ). ഓരോന്നും നിര്‍ണ്ണായകമായ ചവിട്ടുപടിയാണ്. ഓരോന്നും പുതിയ ഒരു മണ്ഡലത്തിലേക്കാണ് നയിക്കുന്നത്.

റോമന്‍ കത്തോലിക്കാ സഭയില്‍ ലോകത്തിന്‍റെ വിവിധഭാഗങ്ങളിലുള്ള മെത്രാന്മാര്‍ ഒരു നിശ്ചിതകാലയളവ് കൂടുമ്പോള്‍ റോമില്‍ ചെന്ന് മാര്‍പാപ്പായെ മുഖം കാണിക്കണമെന്ന് നിയമമുണ്ട്. ഭരണസംവിധാനം കാര്യമായി നടത്തുന്നതിനുള്ള ഉപാധിയാണിത്. പണ്ട് റോമാചക്രവര്‍ത്തിയെ വിദൂര പ്രവിശ്യകളിലുള്ള ഗവര്‍ണ്ണര്‍, ഇടപ്രഭുക്കന്മാര്‍ തുടങ്ങിയവര്‍ ഇടയ്ക്കിടെ കണ്ട് അവരുടെ വിധേയത്വം അറിയിക്കുകയും ഭരണകാര്യങ്ങള്‍ സമക്ഷത്തില്‍ ബോധിപ്പിക്കയും ചെയ്യുന്നതിന്‍റെ മറ്റൊരു രൂപമാണ് ഇത്. പക്ഷേ കത്തോലിക്കാ സഭയില്‍ ഈ സന്ദര്‍ശനത്തിന് ad limina Apostolorum എന്നാണ് പറയുന്നത്. എന്നുവച്ചാല്‍ ‘അപ്പോസ്തോലന്മാരുടെ പടിവാതില്‍ക്കലേക്ക്’ എന്നാണര്‍ത്ഥം. വി. പത്രോസിന്‍റെയും വി. പൗലോസിന്‍റെയും കബറിട പള്ളികളുടെ പടിവാതിലില്‍ എത്തിയാല്‍, വിശുദ്ധ റോമാനഗരത്തിലേക്കും, പത്രോസിന്‍റെ പിന്‍ഗാമിയുടെ സവിധത്തിലേക്കും വരുന്നു എന്നാണ് കത്തോലിക്കാസഭയില്‍ നല്‍കുന്ന അര്‍ത്ഥം.

പടിപ്പുര അഥവാ വാതില്‍പ്പടി ധ്വനിപ്പിക്കുന്ന നിരവധി അര്‍ത്ഥങ്ങളുണ്ട്. അവയില്‍ ചിലത് ഇവിടെ സൂചിപ്പിക്കുന്നു.

1. ഉപനയനം: 

പഠിത്തവീടിന്‍റെ പടിപ്പുര ഒരുവിധത്തിലുള്ള ഉപനയനത്തിന്‍റെ പ്രതീകമാണ്. ദിവ്യജ്ഞാനം അന്വേഷിക്കുന്നവര്‍ കടന്നുപോകേണ്ട നിരവധി പടിവാതിലുകളുണ്ട്. യഥാര്‍ത്ഥ ദൈവശാസ്ത്രം ബൗദ്ധികമായ അറിവില്ല, അനുഭവാധിഷ്ഠിതമായ ആത്മവിദ്യയാണ്. ജപ്പാനില്‍, ക്യോട്ടോയില്‍ ഒരു പുരാതന ബുദ്ധമതാശ്രമം കണ്ടു. അവിടെ ചേരാന്‍ ആഗ്രഹിച്ച് വരുന്നവര്‍ ഏറ്റവും പുറത്തെ പടിപ്പുരയ്ക്കു മുന്‍പില്‍, കടുത്ത ശീതകാലത്തും അനേകദിവസങ്ങള്‍ കാത്തുകെട്ടികിടക്കണം. സന്യാസം സ്വീകരിക്കാന്‍ വരുന്നവന്‍റെ നിശ്ചയദാര്‍ഢ്യം പരീക്ഷിക്കാനാണ് ഈ പടിപ്പുര ദണ്ഡനം. എല്ലാം സഹിച്ച്, പിടിച്ചു നില്‍ക്കുന്നവനെ മാത്രമേ അകത്തേക്ക് കയറ്റുകയുള്ളൂ. എന്നാല്‍, വീണ്ടും ദുഷ്ക്കരമായ പല പടിവാതിലുകള്‍ സ്ഥാനാര്‍ത്ഥി കടക്കേണ്ടതുണ്ട്. ജ്ഞാനാര്‍ജ്ജനത്തിന്‍റെ ക്ലേശകരമായ ഉപനയനമാണ് പഠിത്തവീടിന്‍റെ പടിപ്പുര പ്രതിനിധാനം ചെയ്യുന്നത്.

2. ആതിഥ്യം 

ഭിക്ഷക്കാരും മറ്റും പടിപ്പുരയ്ക്ക് പുറത്തുനിന്നാണ് ഭിക്ഷ സ്വീകരിക്കുന്നത്. അകത്തേക്ക് പ്രവേശനം കിട്ടുന്നവന്‍ അപരിചിതനല്ല, അതിഥിയാണ്. അതിഥി കുടുംബത്തിന്‍റെ ഭാഗമായിത്തീരുന്നു. അതിഥിയുടെ ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആതിഥേയന്‍ സദാസന്നദ്ധനാണ്. അതിഥിയും ആതിഥേയനും തമ്മിലുള്ള സൗഹൃദവേഴ്ച പടിപ്പുരയ്ക്കുള്ളില്‍, അതായത് ഗൃഹാന്തരീക്ഷത്തിലേ ശരിയായ അര്‍ത്ഥത്തില്‍ നടക്കുകയുള്ളൂ. ആതിഥ്യം സുപ്രധാനമായ ആത്മീക സുകൃതമാണ്.

3. സുരക്ഷ 

പടിപ്പുരയ്ക്കു ഉള്ളില്‍ കയറുന്നവന്‍ സുരക്ഷിതനാണ്. അവനെ ശത്രുക്കള്‍ ഓടിച്ചിട്ടു പിടിക്കാന്‍ വന്നതാകാം. പക്ഷേ, അകത്തുകടന്നവന് അഭയമുണ്ട്. കോട്ടയാണെങ്കിലും പട്ടണമാണെങ്കിലും അതിന്‍റെ ഗോപുരവാതിലിനുള്ളില്‍ അഭയം തേടാം. പുറത്ത് ഭീഷണിയുണ്ട്. ദൈവാലയം അഭയം നല്‍കുന്ന ഇടമാണ്. ദൈവസാന്നിദ്ധ്യവും ദിവ്യതേജസ്സും ആരാധകനെ സുരക്ഷിതനാക്കുന്നു, ശക്തീകരിക്കുന്നു.

സുരക്ഷാ വലയങ്ങള്‍ ഒന്നല്ല, ഒന്നിനുള്ളില്‍ പലതുണ്ട്. ഇതിന്‍റെ ആധുനിക സെക്കുലര്‍ രൂപമാണ് എയര്‍പോര്‍ട്ടുകളിലും, വി.വി. ഐ.പി. സെക്യൂരിറ്റി സംവിധാനത്തിലും കാണുന്നത്. ഏറ്റവും പുറത്തെ വലയത്തില്‍ തുടങ്ങുന്ന സുരക്ഷാ പരിശോധന, ഓരോ ഉള്‍വലയത്തിലും Z, Z plus വരെ കൂടുതല്‍ ശക്തമായിത്തീരുന്നു. പടിപ്പുര ഏറ്റവും പുറത്തെ സുരക്ഷാവലയത്തിന്‍റെ പ്രതീകമാണ്.

4. പ്രകാശ മണ്ഡലം 

പടിപ്പുരയ്ക്കുള്ളില്‍ ആരും വഴിതെറ്റി അലയുന്നില്ല, അത് പ്രകാശമണ്ഡലമാണ്. എന്നാല്‍ പുറത്ത് ഇരുട്ടാണ്. നേരായ വഴി കാണാന്‍ പ്രയാസം. വഞ്ചനയുടെ ഇരുട്ട് അവിടെ നമ്മെ അന്ധരാക്കുന്നു. പടികടന്നു കിട്ടിയാല്‍ അന്വേഷകന് ആശ്വാസവും ദിശാബോധവും ലഭിക്കുന്നു.

5. ക്രമവും സമാധാനവും

പടിപ്പുര സൂചിപ്പിക്കുന്ന അതിര്‍ത്തിക്ക് പുറത്ത് എല്ലാം കുഴഞ്ഞുമറിഞ്ഞു കിടക്കുന്നു. അവിടെ നിശ്ചിതമായ ക്രമമില്ല, നിയമ വാഴ്ചയില്ല. അതുകൊണ്ട് എപ്പോഴും അക്രമത്തിന്‍റെയും നാശത്തിന്‍റെയും ഭീഷണിയാണ്. ക്രമരാഹിത്യത്തിന്‍റെ (chaos) അവസ്ഥയാണത്. എന്നാല്‍, ഉള്ളില്‍ എല്ലാം ക്രമീകൃതവും തന്മൂലം സമാധാനപൂര്‍ണ്ണവുമാണ്. അവിടെ ഭയമില്ല. എല്ലാവരും തമ്മില്‍ സ്നേഹാധിഷ്ഠിതമായ പരസ്പരധാരണയുണ്ട്. ഇത് ദൈവരാജ്യത്തിന്‍റെ അടയാളവുമാണ്.

ദ്വന്ദവും ഗോവെണിയും:

പടിപ്പുര സൂചിപ്പിക്കുന്ന അകം/പുറം ദ്വന്ദവും (binary) ശ്രേണീചിന്തയും (hierarchy) നല്ല അര്‍ത്ഥത്തിലും തെറ്റായ രീതിയിലും ചരിത്രത്തില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇന്‍ഡ്യയിലെ ജാതി വ്യവസ്ഥയില്‍ അവര്‍ണ്ണരായ ബഹുഭൂരിപക്ഷത്തെയും നൂറ്റാണ്ടുകളായി പുറത്തുനിര്‍ത്തി നിന്ദിക്കാനും ചൂഷണം ചെയ്യാനും, സവര്‍ണ്ണരായ കുറച്ച്പേര്‍ക്ക് അധികാരങ്ങളും അവകാശങ്ങളും കവര്‍ന്നെടുക്കാനും അവ അവസരവുമുണ്ടാക്കി. ശ്രേണി ചിന്തയും അതുപോലെ, ബ്രാഹ്മണപൗരോഹിത്യത്തിനും പിന്നെ സവര്‍ണ്ണരായ മേലാളര്‍ക്കും വേണ്ടി അന്യായമായി ഉപയോഗിക്കപ്പെട്ടു. ആദ്ധ്യാത്മിക മണ്ഡലത്തില്‍, വിശുദ്ധിയുടെയും ഉപരിജ്ഞാനത്തിന്‍റെയും അളവുകോലിനെയാണ് പടിയും ഗോവണിയും സൂചിപ്പിക്കുന്നത്. പുറപ്പാടു പുസ്തകത്തില്‍, മോശ സീനായി മലയില്‍ കയറുമ്പോള്‍, സാധാരണ ജനങ്ങള്‍ മലയുടെ താഴെയും അഹറോനും മറ്റും കുറച്ചു മുകളിലും മോശമാത്രം അങ്ങ് ഉയരങ്ങളിലും നില്‍ക്കുന്ന ഒരു ശ്രേണിയുണ്ടാവുന്നു. വിശുദ്ധിയുടെ തോതനുസരിച്ചാണ് ഈ വ്യത്യസ്ത തലങ്ങള്‍ എന്ന് വേദപുസ്തകം പറയുന്നു. ദൈവ സിംഹാസനമാണ് വിശുദ്ധിയുടെ പാരമ്യം. മറ്റെല്ലാം അതിന്‍റെ സാമീപ്യ സാരൂപ്യതലങ്ങളില്‍ ക്രമീകരിക്കപ്പെടുന്നു. ഈ ആദ്ധ്യാത്മികാര്‍ത്ഥത്തെയാണ് പില്‍ക്കാലത്ത് പൗരോഹിത്യശ്രേണി ദുരുപയോഗപ്പെടുത്തിയത്.

ക്രിസ്തീയാര്‍ത്ഥം: 

മുകളില്‍ സൂചിപ്പിച്ചത് പടിപ്പുരയെക്കുറിച്ചുള്ള പുരാതന പ്രതീകങ്ങളും അവയുടെ അനുഷ്ഠാനപരമായ അര്‍ത്ഥങ്ങളുമാണ്. ക്രിസ്തീയാരാധനയിലും വാസ്തു ശില്‍പ്പത്തിലും, ആദ്ധ്യാത്മിക സാധനയിലും ഇവയൊക്കെ ഓരോതരത്തില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ചും പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളിലും, റോമന്‍ കത്തോലിക്കാ സഭയിലും അനുഷ്ഠാനപ്രധാനവും വൈദികാധികാരശ്രേണിയില്‍ ഊന്നിയതുമായ വ്യവസ്ഥനിലവില്‍ വന്നു. അതിനെ ഒട്ടൊക്കെ ന്യായീകരിക്കാന്‍ ഈ പ്രതീകങ്ങള്‍ ഉപയോഗിക്കപ്പെട്ടു. അതേസമയം ക്രിസ്തീയ ദര്‍ശനത്തില്‍ ഇവയൊക്കെ വിമര്‍ശനാത്മകമായി കണ്ട്, അവയിലെ നന്മ സ്വീകരിക്കാനും തെറ്റായത് വര്‍ജ്ജിക്കാനും സാദ്ധ്യത ധാരാളമുണ്ട്. ഉദാഹരണമായി, വെളിപാടു പുസ്തകം 21-ാം അദ്ധ്യായത്തിലെ ദര്‍ശനം ശ്രദ്ധേയമാണ്. അവിടെ ഭൗതിക നഗരമായ യെറുശലേമിന്‍റെ ആത്മികാര്‍ത്ഥമെന്താണ് എന്ന് സൂചിപ്പിക്കുന്നു. സ്വര്‍ഗ്ഗീയ യറുശലേമിന് പത്രണ്ടു ഗോപുരങ്ങളും ഗോപുര വാതില്‍പ്പടികളുമുണ്ട്. പക്ഷേ അവിടെ വാതിലുകള്‍ ഒരിയ്ക്കലും അടയ്ക്കപ്പെടുന്നില്ല. അവിടെ സൂര്യനും ചന്ദ്രനും രാവും പകലുമില്ല. ദൈവം തന്നെയാണ് നിത്യപ്രകാശം. മന്ദിരം പോലും അവിടെയില്ല, കാരണം, ദൈവരാജ്യത്തിന്‍റെ സാക്ഷാത്ക്കാരത്തില്‍ ലോകത്തിലെ ഭൗതിക ദൈവാലയങ്ങള്‍ അപ്രത്യക്ഷമാവുന്നു. സദാ തുറന്നുകിടക്കുന്ന വാതില്‍ പരമമായ സ്വാതന്ത്ര്യത്തിന്‍റെ അടയാളമാണ്. അകം/പുറം ദന്ദ്വം ഇല്ലാതാവുന്നു. എല്ലാ ജനതകളും എല്ലാ ദിക്കുകളില്‍ നിന്നും വന്ന് ദൈവരാജ്യത്തിന്‍റെ മേശക്ക് ഇരിക്കുന്നു.

ക്രിസ്തുവിന്‍റെ ശരീരമായ സഭയുടെ യുഗാന്ത്യ ദര്‍ശനമാണിത്. അപ്പോള്‍ സഭയില്‍ തെറ്റായ മേലാള്‍-കീഴാള്‍ ചിന്തയും അകംപുറ വൈരുദ്ധ്യങ്ങളും പാടില്ല എന്ന് വിവക്ഷ. എന്നാല്‍ പടിപ്പുരയുടെ പ്രതീകാര്‍ത്ഥങ്ങളായി ആദ്യം സൂചിപ്പിച്ച ജ്ഞാനാന്വേഷണം, ഉപനയനം, ആതിഥ്യം, സ്നേഹ- സൗഹൃദവേഴ്ച്ചകള്‍, സംരക്ഷണം, അഭയം, പ്രകാശം, സഫലമായ ക്രമം എന്നിവയെല്ലാം സഭയ്ക്ക് ഏറ്റം സ്വീകാര്യമായ അര്‍ത്ഥങ്ങളാണ്. പഠിത്തവീടിന്‍റെ പടിപ്പുര വെളിപ്പെടുത്തേണ്ടത് ഇവയൊക്കെയാണ്.

ഈ പ്രവേശന കവാടത്തിലൂടെ കയറുന്നവരും ഇറങ്ങുന്നവരും ഒരുപോലെ അനുഗ്രഹീതരായിത്തീരട്ടെ.

(സഭാചരിത്രത്തില്‍ “പഠിത്തവീട്” എന്നറിയപ്പെട്ട പഴയസെമിനാരി എന്ന ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയുടെ പുതിയ കവാടം 2012 ഫെബ്രുവരി 24ന് പ. കാതോലിക്കാബാവാ ആശീര്‍വദിച്ചു തുറന്നുകൊടുത്തു. സെമിനാരി പ്രിന്‍സിപ്പാള്‍ ഫാ. ഡോ. കെ. എം. ജോര്‍ജ്ജ് തദവസരത്തില്‍ ചെയ്ത പ്രസംഗത്തിന്‍റെ വികസിത രൂപം)