പാറേട്ട് മാത്യൂസ് മാര്‍ ഈവാനിയോസ് (എ.ഡി. 1889-1980)

കോട്ടയം ഇടവകയുടെ മെത്രാപ്പോലീത്താ ആയിരുന്നു. പുതുപ്പള്ളി സെന്‍റ് ജോര്‍ജ്ജ് വലിയപള്ളി ഇടവകാംഗമായ വല്യപാറേട്ട് മാത്യുവിന്‍റെയും അച്ചാമ്മയുടെയും പുത്രനായി 1889 ജനുവരി 19-ന് ജനിച്ചു. കോട്ടയം എം.ഡി. സെമിനാരിയില്‍ സ്കൂള്‍ വിദ്യാഭ്യാസവും പഴയ സെമിനാരിയിലും കല്‍ക്കട്ട ബിഷപ്സ് കോളജിലും വൈദിക വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. 1899 ജൂണ്‍ 7-ന് പുതുപ്പള്ളി വലിയ പള്ളിയില്‍വച്ച് കടവില്‍ പൗലോസ് മാര്‍ അത്താനാസ്യോസ് കോറൂയോ സ്ഥാനവും 1908 മെയ് 17-ന് യെരുശലേം സെഹിയോന്‍ മാളികയില്‍ വച്ച് യെരുശലേം പാത്രിയര്‍ക്കീസ് മ്ശംശോനോ പട്ടവും നല്‍കി. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് റമ്പാന്‍ മേല്‍പ്പട്ടസ്ഥാനം ഏല്‍ക്കാന്‍ യെരുശലേമില്‍ പോയപ്പോഴാണ് അദ്ദേഹത്തെ അനുഗമിച്ചിരുന്ന ശെമ്മാശ്ശന് മ്ശംശോനോ സ്ഥാനം നല്‍കിയത്. 1920 ജൂണ്‍ 7-ന് പരുമല സെമിനാരിയില്‍വച്ച് മലങ്കര മെത്രാപ്പോലീത്താ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് കശീശാ സ്ഥാനം നല്‍കി. പുതുപ്പള്ളി വലിയ പള്ളി വികാരിയായി 33 വര്‍ഷം സേവനമനുഷ്ഠിച്ചു.

അബ്ദുള്ളയുടെ മുടക്ക്, റീത്ത് പ്രസ്ഥാനസ്ഥാപനം മുതലായ സഭയിലെ പ്രശ്ന കലുഷിതമായ കാലത്ത് വട്ടശ്ശേരില്‍ മെത്രാപ്പോലീത്തായുടെ വലംകൈയായി നിന്നു പ്രവര്‍ത്തിച്ച ഇദ്ദേഹത്തെ രണ്ടു പ്രാവശ്യം മേല്‍പ്പട്ടസ്ഥാനത്തേക്കു തിരഞ്ഞടുത്തെങ്കിലും അദ്ദേഹം സ്ഥാനമേല്‍ക്കാന്‍ വിസമ്മതിക്കുകയാണുണ്ടായത്. 1953 മെയ് 11-ന് പ. ഗീവര്‍ഗീസ് കക ബാവാ റമ്പാന്‍ സ്ഥാനം നല്‍കി. 1953 മെയ് 15-ന് പ. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കോട്ടയം ഏലിയാ ചാപ്പലില്‍ വച്ച് എപ്പിസ്കോപ്പായായി വാഴിച്ച് കോട്ടയം ഇടവകയുടെ സഹായമെത്രാനായി നിയമിച്ചു. 1965 മുതല്‍ കോട്ടയം ഇടവകയുടെ മെത്രാപ്പോലീത്തായുമായി.

കോട്ടയം ബസേലിയോസ് കോളജ്, പാമ്പാടി എം.ജി.എം. അഭയഭവന്‍ മുതലായവയുടെ സ്ഥാപനത്തിന് നേതൃത്വം നല്‍കി. 1980 ആഗസ്റ്റ് 31-ന് കാലം ചെയ്തു. പാമ്പാടി കുറിയാക്കോസ് ദയറായില്‍ കബറടങ്ങി.