1987 ഫെബ്രുവരി 24 മുതല്‍ 27 വരെ സുന്നഹദോസ് പഴയസെമിനാരിയിലെ സോഫിയാ സെന്‍റര്‍ ചാപ്പലില്‍ ചേര്‍ന്നു. പ. ബാവാ തിരുമേനി അദ്ധ്യക്ഷം വഹിച്ചു. യൂഹാനോന്‍ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ ഒഴിച്ചുള്ള എല്ലാ തിരുമേനിമാരും സംബന്ധിച്ചിരുന്നു.
24-നു ചൊവ്വാഴ്ച രാവിലെ 9.30-ന് പ്രാര്‍ത്ഥനയോടും 23-ാം സങ്കീര്‍ത്തനത്തെ അടിസ്ഥാനമാക്കി പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ നടത്തിയ ധ്യാനപ്രസംഗത്തോടും കൂടിയാണ് യോഗനടപടികള്‍ ആരംഭിച്ചത്.
അനുശോചനം
കൊച്ചി മെത്രാസന ഇടവകയുടെ സഹായ മെത്രാപ്പോലീത്താ ആയിരുന്ന അഭിവന്ദ്യ യാക്കൂബ് മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തായുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് പരിശുദ്ധ കാതോലിക്കാബാവാ തിരുമേനി ചെയ്ത അനുസ്മരണ പ്രസംഗത്തില്‍ യാക്കൂബ് മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്താ വിദ്യാഭ്യാസ മണ്ഡലത്തിലും സഭാപ്രവര്‍ത്തനങ്ങളിലും ചെയ്ത വിലപ്പെട്ട സേവനങ്ങളെ പ്രകീര്‍ത്തിച്ചു.
ചെറുപ്പകാലം മുതല്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയോടും കാതോലിക്കേറ്റിനോടും വിശ്വസ്ഥതയും കൂറും പുലര്‍ത്തിയിരുന്നതിനാല്‍ സ്വന്തം ഇടവകയില്‍പ്പെട്ടവരില്‍ നിന്നുപോലും പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്താ സഹിക്കേണ്ടിവന്ന കഷ്ടതകളേയും പീഡനങ്ങളേയും തിരുമേനി അനുസ്മരിച്ചു. പ. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അദ്ദേഹത്തിന് ശെമ്മാശുപട്ടവും കശീശാപട്ടവും കൊടുക്കുകയും സഭവക സ്കൂളുകളില്‍ അദ്ധ്യാപകനായി നിയമിക്കുകയും ചെയ്തത് പ. ബാവാ തിരുമേനിക്ക് അദ്ദേഹത്തോടുണ്ടായിരുന്ന പ്രത്യേകമായ സ്നേഹവും വാത്സല്യവും നിമിത്തമായിരുന്നുവെന്നും തിരുമേനി പറഞ്ഞു. സഭ വക സ്കൂളുകളില്‍ അദ്ധ്യാപകനായും പ്രഥമ അദ്ധ്യാപകനായും മറ്റുമുള്ള അദ്ദേഹത്തിന്‍റെ സേവനം ആ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാതൃകയായിരുന്നു. 1978-ല്‍ മേല്‍പട്ടസ്ഥാനത്തേക്ക് ഉയര്‍ത്തുകയും കൊച്ചി മെത്രാസനത്തിന്‍റെ സഹായ മെത്രാപ്പോലീത്താ ആയി നിയമിക്കുകയും ചെയ്തതു മുതല്‍ ആ മെത്രാസനത്തിന്‍റെ അഭ്യുന്നതിക്കും ഉയര്‍ച്ചയ്ക്കും തന്നാല്‍ കഴിവുള്ളതെല്ലാം ചെയ്യുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു എന്നും തിരുമേനി പറഞ്ഞു. കൊച്ചി മെത്രാസനത്തിന് വിലപ്പെട്ട സംഭാവനകള്‍ അദ്ദേഹം നല്‍കി. ഭരണകാര്യങ്ങളില്‍ ക്രമവും ചിട്ടയും വരുത്തുവാന്‍ അദ്ദേഹത്തിനു സാധിച്ചു. ബാല്യം മുതല്‍ അന്ത്യത്തോളം കാതോലിക്കേറ്റിന്‍റെ കീഴില്‍ ഉറച്ചുനിന്നു പ്രവര്‍ത്തിച്ച യാക്കൂബ് മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്തായുടെ വേര്‍പാട് പ. സുന്നഹദോസിനും സഭയ്ക്കും പ്രത്യേകിച്ച് കൊച്ചി ഭദ്രാസനത്തിനും ഒരു നഷ്ടമാണെന്നു പ്രസ്താവിച്ചുകൊണ്ട് തിരുമേനി പ്രസംഗം ഉപസംഹരിച്ചു.
തുടര്‍ന്ന് ജോസഫ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്താ യാക്കൂബ് മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്തായുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത് സുന്നഹദോസ് അംഗീകരിക്കുകയും അദ്ദേഹത്തിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.
സുന്നഹദോസിന്‍റെ മുന്‍യോഗ മിനിട്ട്സും മുന്‍യോഗ നിശ്ചയങ്ങള്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും സുന്നഹദോസ് അംഗീകരിച്ചു.
1986 ജൂലൈയില്‍ കൂടിയ സുന്നഹദോസ് നിശ്ചയപ്രകാരം മാത്യൂസ് മാര്‍ എപ്പിഫാനിയോസ് എപ്പിസ്ക്കോപ്പാ ഓതറ സെന്‍റ് ജോര്‍ജ് ദയറായുടെ വരവുചെലവു കണക്കുകളും ബാങ്ക് അക്കൗണ്ട് സംബന്ധിച്ച രേഖകളും പരിശോധിച്ചശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. ദയറായുടെ ബാങ്ക് അക്കൗണ്ടുകള്‍ മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെയും ദയറാ മാനേജരുടെയും പേരില്‍ പബ്ലിക്ക് അക്കൗണ്ടായി മാറ്റണമെന്നും ആയത് ഇരുവരും ചേര്‍ന്ന് ഓപ്പറേറ്റ് ചെയ്യണമെന്നും തീരുമാനിച്ചു. എന്നാല്‍ ദയറായുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കത്തക്കവിധം പതിനായിരം രൂപയില്‍ കവിയാത്ത ഒരു തുക മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെയും ദയറാ മാനേജരുടെയും പേരില്‍ അവരില്‍ ആര്‍ക്കെങ്കിലും ഓപ്പറേറ്റ് ചെയ്യത്തക്കവിധം സേവിംഗ്സ് ബാങ്ക് അക്കൗണ്ടായി നിക്ഷേപിക്കണമെന്നും നിശ്ചയിച്ചു.
സന്ദര്‍ഭോചിതമായ പ്രാര്‍ത്ഥനകള്‍
മാത്യൂസ് മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്തായുടെ ചുമതലയില്‍ തയ്യാറാക്കിയിട്ടുള്ള സന്ദര്‍ഭോചിതമായ പ്രാര്‍ത്ഥനകള്‍ പരിശോധിച്ചുകൊണ്ടിരിക്കയാണെന്നും താമസിയാതെ അച്ചടിക്കുവാന്‍ സാധിക്കുമെന്നും അദ്ധ്യക്ഷന്‍ തിരുമേനി പ്രസ്താവിച്ചു.
1987-88-ലെ ബജറ്റ്
സുന്നഹദോസിന്‍റെ നേരിട്ടുള്ള ഭരണത്തിലുള്ള ബി ഷെഡ്യൂളില്‍പെട്ട സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും 1987-88-ലേക്കുള്ള ബജറ്റ് യോഗം ചര്‍ച്ച ചെയ്തു. പ്രസ്തുത ബജറ്റുകള്‍ പരിശോധിക്കുന്നതിന് പ. സുന്നഹദോസ് നിശ്ചയിച്ചിരുന്ന ജോസഫ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തായും തോമസ് മാര്‍ അത്താനാസിയോസ് എപ്പിസ്ക്കോപ്പായും ബജറ്റുകള്‍ സംബന്ധിച്ച അഭിപ്രായങ്ങള്‍ യോഗത്തെ അറിയിച്ചു. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം ബജറ്റുകള്‍ പാസാക്കി.
മാനേജിംഗ് കമ്മറ്റി നിശ്ചയങ്ങള്‍
1986 ഒക്ടോബര്‍ 2-നു കൂടിയ മലങ്കര അസോസ്യേഷന്‍ മാനേജിംഗ് കമ്മിറ്റിയുടെ നിശ്ചയങ്ങള്‍ യോഗത്തില്‍ വായിച്ചു. യോഗം അത് അംഗീകരിച്ചു.
വേദവായനക്കുറിപ്പ്
മാത്യൂസ് മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്തായുടെ ചുമതലയില്‍ തയ്യാറാക്കിയ വേദവായന കുറിപ്പിന്‍റെ പരിഷ്ക്കരിച്ച പതിപ്പിന്‍റെ കോപ്പികള്‍ എല്ലാവര്‍ക്കും വിതരണം ചെയ്തു. പുതിയ പതിപ്പ് അംഗീകരിക്കുന്നതിനു മുമ്പ് പ്രസ്തുത ഡ്രാഫ്റ്റ് പഴയ ലെക്സിക്കോണുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കണമെന്നും ഓരോ ദിവസവും എത്ര വായനകള്‍ വേണമെന്നു നിജപ്പെടുത്തണമെന്നും സുന്നഹദോസ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഇപ്രകാരം ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിന് പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ, ജോസഫ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്താ, സഖറിയാ മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്താ, മാത്യൂസ് മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്താ (കണ്‍വീനര്‍) എന്നിവരെ യോഗം ചുമതലപ്പെടുത്തി. പ. സുന്നഹദോസിലെ മറ്റ് അംഗങ്ങളും ഡ്രാഫ്റ്റ് സംബന്ധിച്ച അവരുടെ അഭിപ്രായങ്ങള്‍ കഴിവതുംവേഗം ഈ കമ്മിറ്റി കണ്‍വീനറെ അറിയിക്കണമെന്നും തീരുമാനിച്ചു.
ഒരാളെ പരിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമം
1981-ല്‍ പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ നിശ്ചയപ്രകാരം പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ കണ്‍വീനറായി നിയമിക്കപ്പെട്ടിട്ടുള്ള കമ്മിറ്റി തയ്യാറാക്കിയതും പിന്നീട് നടന്ന പ. സുന്നഹദോസ് യോഗങ്ങളില്‍ വായിച്ച് ചര്‍ച്ച ചെയ്ത് ഭേദഗതികള്‍ വരുത്തിയിട്ടുള്ളതുമായ പ്രസ്തുത നടപടിക്രമം പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ യോഗത്തില്‍ വായിച്ചു. യോഗം അതേപ്പറ്റി വിശദമായി ചര്‍ച്ച ചെയ്ത് നടപടിക്രമം അംഗീകരിച്ചു.
വട്ടശ്ശേരില്‍ തിരുമേനിയെ പരിശുദ്ധനായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച്
1981 ഫെബ്രുവരി സുന്നഹദോസില്‍ മലങ്കരസഭാ ഭാസുരന്‍ വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായെ പരിശുദ്ധനായി പ്രഖ്യാപിക്കുന്നതിനെ സംബന്ധിച്ച് ലഭിച്ച അപേക്ഷയെപ്പറ്റി യോഗം ചിന്തിച്ചു. ഗീവറുഗീസ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്തായെ പരിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ താമസിയാതെ ആരംഭിക്കണമെന്ന് തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു. സഖറിയാ മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്താ അഭിപ്രായത്തെ പിന്താങ്ങി. യോഗം ആ അഭിപ്രായം അംഗീകരിക്കുകയും വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്തായെ പരിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് ടി നടപടിക്രമം 3-ാം വകുപ്പനുസരിച്ച് പ്രാരംഭ കമ്മീഷനായി മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ (പ്രസിഡന്‍റ് & കണ്‍വീനര്‍), ഫീലിപ്പോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ, തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ, ഫാ. ജേക്കബ് മണലില്‍, ഫാ. റ്റി. ജെ. ജോഷ്വാ, സി. കെ. കൊച്ചുകോശി ഐഎഎസ് (റിട്ട.), ഡോ. സാമുവല്‍ ചന്ദനപ്പള്ളി എന്നിവരെ നിയമിക്കുന്നതിനു നിശ്ചയിക്കുകയും ചെയ്തു.
ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ട്
സഭയില്‍ നിലവിലിരിക്കുന്ന ആരാധനാക്രമങ്ങള്‍ പരിഭാഷയിലും ഭാഷാശൈലിയിലും ആവശ്യമായ തിരുത്തലുകള്‍ വരുത്തി പരിഷ്ക്കരിക്കണമെന്ന് യോഗം നിശ്ചയിച്ചു. ആയതിന് പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ചുമതലയില്‍ വൈദിക സെമിനാരി ഫാക്കല്‍റ്റിയും ബഹുഭാഷാ പണ്ഡിതന്മാരും അടങ്ങുന്ന ഒരു കമ്മിറ്റിയെ നിയമിക്കണമെന്നും തീരുമാനിച്ചു.
കൂടാതെ വി. വേദപുസ്തകത്തിന് മലങ്കര ഓര്‍ത്തഡോക്സ് സഭ വകയായ ഒരു മലയാള പരിഭാഷ ഉണ്ടായിരിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി യോഗം ചിന്തിച്ചു. വി. വേദപുസ്തകത്തിലെ പുതിയ നിയമത്തിന്‍റെ ഒരു മലയാള പരിഭാഷ ആദ്യമായി തയ്യാറാക്കണമെന്നും ആയത് പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ചുമതലയിലായിരിക്കണമെന്നും നിശ്ചയിച്ചു.
കുട്ടികളുടെ പുനഃപ്രതിഷ്ഠാക്രമം തയ്യാറാക്കി അടുത്ത സുന്നഹദോസില്‍ സമര്‍പ്പിക്കുന്നതിന് സഖറിയാ മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്തായേയും പൗലൂസ് മാര്‍ മിലിത്തിയോസ് എപ്പിസ്ക്കോപ്പായേയും ചുമതലപ്പെടുത്തി.
പഞ്ചവത്സര പദ്ധതികള്‍
അടുത്ത 15 വര്‍ഷങ്ങളിലേക്കു മൂന്നു പഞ്ചവത്സര പദ്ധതികള്‍ തയ്യാറാക്കുന്നതിന് പ. സുന്നഹദോസ് നിശ്ചയിച്ചിരുന്ന കമ്മിറ്റി 1990-ാംമാണ്ട് അവസാനിക്കത്തക്കവിധത്തില്‍ ആദ്യത്തെ പഞ്ചവത്സര പദ്ധതി തയ്യാറാക്കിയത് കമ്മിറ്റി കണ്‍വീനര്‍ ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ യോഗത്തില്‍ അവതരിപ്പിച്ചു.
ആദ്ധ്യാത്മിക സംഘടനകള്‍ പുഷ്ടിപ്പെടുത്തുക, സഭാംഗങ്ങളുടെ ആത്മീയജീവിതം ശക്തിപ്പെടുത്തുക, മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുക, മദ്യവര്‍ജ്ജനം നടപ്പിലാക്കുക, ഭവനരഹിതര്‍ക്ക് ഭവനദാനം, തൊഴില്‍രഹിതര്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാക്കുക, ആരാധനാകേന്ദ്രങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ അവ നിര്‍മ്മിക്കുക, അത്യാവശ്യം വേണ്ട സ്ഥലങ്ങളില്‍ കാതോലിക്കേറ്റ് സെന്‍റര്‍ ഉണ്ടാക്കുക, ആശ്രമപ്രസ്ഥാനങ്ങള്‍ വിപുലമാക്കുക മുതലായവയ്ക്ക് പ്രത്യേകം ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ഒന്നാം പഞ്ചവത്സരപദ്ധതി ചര്‍ച്ചകള്‍ക്കുശേഷം യോഗം അംഗീകരിച്ചു.
എല്ലാ മെത്രാസന ഇടവകകളിലും പ്രസ്തുത പദ്ധതിപ്രകാരമുള്ള നടപടികള്‍ എത്രയുംവേഗം ആസൂത്രണം ചെയ്ത് നടപ്പിലാക്കുവാന്‍ ഇടവക മെത്രാപ്പോലീത്താമാര്‍ വേണ്ട നേതൃത്വം നല്‍കണമെന്നും യോഗം നിശ്ചയിച്ചു.
നിലയ്ക്കല്‍ കെട്ടിടം
നിലയ്ക്കല്‍ എക്യുമെനിക്കല്‍ സെന്‍ററിനടുത്തുള്ള സഭ വക സ്ഥലത്ത് കെട്ടിടം പണിയുന്നതിനെപ്പറ്റി എന്‍ജിനീയര്‍ കെ. സി. അലക്സാണ്ടറും ആര്‍ക്കിടെക്ട് തോമസ് പണിക്കരും ചേര്‍ന്ന് തയ്യാറാക്കിയ കെട്ടിടത്തിന്‍റെ പ്ലാന്‍ സുന്നഹദോസ് പരിശോധിച്ചു. പണിയുടെ ആദ്യഘട്ടമായി സ്ഥലം നിരപ്പാക്കി ചുറ്റും മതില്‍ കെട്ടണമെന്നു നിശ്ചയിച്ചു.
ആഫ്രിക്കന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍
സഭ വകയായി ആഫ്രിക്കയിലെ വരള്‍ച്ച ബാധിച്ച പ്രദേശങ്ങളില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ നാളിതുവരെയുള്ള റിപ്പോര്‍ട്ടും കണക്കും മിഷന്‍ബോര്‍ഡ് പ്രസിഡണ്ട് ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ യോഗത്തില്‍ അവതരിപ്പിച്ചു. യോഗം അത് അംഗീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സഭാ മിഷന്‍ ബോര്‍ഡിന്‍റെയും ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെയും പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെയും സ്തുത്യര്‍ഹമായ സേവനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
ആന്ധ്രാ പ്രോജക്റ്റ്
കുഷ്ഠരോഗികളുടെ കുഷ്ഠരോഗമില്ലാത്ത കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനായി ആന്ധ്രാ സ്റ്റേറ്റില്‍ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്ന മാര്‍ ഗ്രീഗോറിയോസ് ബാലഗ്രാമിന്‍റെ നാളിതുവരെയുള്ള റിപ്പോര്‍ട്ട് പ്രസ്തുത ബാലഗ്രാം ഡയറക്ടര്‍ ഫാ. കെ. ഐ. ഫിലിപ്പ് തയ്യാറാക്കിയത് യോഗത്തില്‍ അവതരിപ്പിച്ചു.
കുട്ടികളെ താമസിപ്പിക്കുന്നതിനുള്ള കെട്ടിടത്തിന്‍റെ ഒരു ഭാഗം 1987 മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തിയാകുമെന്നും വലിയ നോമ്പിലെ കുഷ്ഠരോഗികളുടെ ഞായറാഴ്ച (മാര്‍ച്ച് 8) ഏതാനും കുട്ടികളെ എടുത്ത് പ്രവര്‍ത്തനം ആരംഭിക്കുവാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
ഭോപ്പാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍
ഭോപ്പാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് സ്തേഫാനോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ സമര്‍പ്പിച്ചു. ഭോപ്പാല്‍ സിറ്റിയുടെ പ്രാന്തപ്രദേശത്ത് ഒരു സെന്‍റര്‍ സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം വാങ്ങുന്നതിനു വാതകദുരന്തം മൂലം കഷ്ടപ്പെടുന്നവരുടെ സഹായത്തിനായി ലഭിച്ച 115000 രൂപ മതിയാകുകയില്ലെന്നും അനുയോജ്യമായ ഒരു സ്ഥലം കണ്ടുപിടിച്ചത് 8 ഏക്കറോളം വിസ്തീര്‍ണ്ണം ഉള്ളതാണെന്നും അതിന് 300000 രൂപാ വില വരുമെന്നും മെത്രാപ്പോലീത്താ റിപ്പോര്‍ട്ടു ചെയ്തു. എല്ലാ മെത്രാസനങ്ങളും ഈ കാര്യത്തില്‍ ആവുംവിധം സഹകരിച്ച് പണം ഉണ്ടാക്കി സ്ഥലംവാങ്ങി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നു അദ്ധ്യക്ഷന്‍ തിരുമേനി യോഗത്തില്‍ പ്രസ്താവിച്ചു.
അമേരിക്കന്‍ മെത്രാസന പ്രശ്നപരിഹാരം
1986 ഫെബ്രുവരി സുന്നഹദോസ് നിശ്ചയപ്രകാരം അമേരിക്കന്‍ മെത്രാസനത്തില്‍പെട്ട പള്ളികള്‍ സന്ദര്‍ശിച്ച് അവിടെ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചെയ്ത പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെ റിപ്പോര്‍ട്ട് യോഗത്തില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ വിശദവിവരങ്ങള്‍ മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ യോഗത്തെ അറിയിച്ചു. അമേരിക്കന്‍ മെത്രാസനത്തില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ ഫിലഡല്‍ഫിയാ പള്ളിയുടേത് ഒഴികെ എല്ലാംതന്നെ രമ്യമായി പരിഹരിക്കുവാന്‍ സാധിച്ചതായി തിരുമേനി റിപ്പോര്‍ട്ടു ചെയ്തു.
യോഗം പ്രസ്തുത റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെ സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യുകയും താഴെ വിവരിക്കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു.
1) പ. സുന്നഹദോസിന്‍റെ നിയോഗപ്രകാരം നിയുക്ത കാതോലിക്കാ മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ അമേരിക്കന്‍ മെത്രാസനത്തില്‍ നിലവിലുണ്ടായിരുന്ന പ്രശ്നങ്ങളുടെ പരിഹാരാര്‍ത്ഥം നടത്തിയ പരിശ്രമങ്ങളേയും ഈ കാര്യത്തില്‍ തിരുമേനിയോടു സഹകരിച്ചു പ്രവര്‍ത്തിച്ച അമേരിക്കന്‍ ഭദ്രാസനത്തിന്‍റെ തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തായേയും മറ്റ് ബന്ധപ്പെട്ടവരേയും പ. സുന്നഹദോസ് അഭിനന്ദിച്ചു.
2) അമേരിക്കന്‍ മെത്രാസനത്തില്‍ ഉണ്ടായിരുന്ന പ്രശ്നങ്ങളില്‍ ഫിലഡല്‍ഫിയയിലെ ഒഴികെ എല്ലാംതന്നെ പരിഹൃതമായി എന്നു കാണുന്നതില്‍ പ. സുന്നഹദോസ് സന്തോഷിക്കുകയും തല്‍സംബന്ധമായി മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ വെളിച്ചത്തില്‍ ഫിലഡല്‍ഫിയ പള്ളിയുടെ ഒഴികെ മറ്റു കാര്യങ്ങളില്‍ ഇപ്പോള്‍ പുതിയ തീരുമാനങ്ങള്‍ ഒന്നും ചെയ്യേണ്ട ആവശ്യമില്ല എന്നു തീരുമാനിക്കുകയും ചെയ്യുന്നു.
3) ഫിലഡല്‍ഫിയായിലെ മുന്‍ സെന്‍റ് തോമസ് ഇടവകയിലെ അംഗങ്ങള്‍ക്ക് സെന്‍റ് ബസേലിയോസ് എന്നും സെന്‍റ് ഗ്രീഗോറിയോസ് എന്നും പേരുകളോടുകൂടി രണ്ട് ഇടവകകള്‍ അനുവദിച്ചുകൊണ്ടുള്ള ഭദ്രാസന മെത്രാപ്പോലീത്തായുടെ നടപടിയെ പ. സുന്നഹദോസ് അംഗീകരിക്കുകയും അതനുസരിച്ച് ബന്ധപ്പെട്ടവര്‍ പ്രവര്‍ത്തിക്കണമെന്ന് അനുശാസിക്കുകയും ചെയ്യുന്നു.
മേല്‍പറഞ്ഞിട്ടുള്ള സെന്‍റ് ബസേലിയോസ്, സെന്‍റ് ഗ്രീഗോറിയോസ് ഇടവകകള്‍ 1980 ഫെബ്രുവരിയില്‍ കൂടിയ പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് അംഗീകരിച്ചതും പ. കാതോലിക്കാബാവാ തിരുമനസുകൊണ്ട് അമേരിക്കന്‍ മെത്രാസനങ്ങളില്‍പ്പെട്ട പള്ളികള്‍ക്ക് അയച്ചുകൊടുത്തിട്ടുള്ളതുമായ സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്‍കോര്‍പറേഷന്‍ അനുസരിച്ച് ഇന്‍കോര്‍പറേറ്റ് ചെയ്തുകൊള്ളേണ്ടതാണ്.
മുന്‍ സെന്‍റ് തോമസ് ഇടവകയുടെ വകയായി ഉണ്ടായിരുന്നതും ഇപ്പോള്‍ കസ്റ്റോഡിയന്‍ ഡിപ്പോസിറ്റില്‍ ഇരിക്കുന്നതുമായ തുക തുല്യമായി വിഭജിച്ച് സെന്‍റ് ബസേലിയോസ്, സെന്‍റ് ഗ്രീഗോറിയോസ് എന്നീ ഇടവകകള്‍ക്ക് കൊടുക്കേണ്ടതും മുന്‍ ഇടവക സംബന്ധമായ രേഖകളും കണക്കുകളും നോട്ടറൈസ്ഡ് ആയ കോപ്പി എടുത്ത് ഇരുഇടവകകളിലും സൂക്ഷിക്കേണ്ടതും ഒറിജിനല്‍ പ. ബാവാ തിരുമനസിലെ പേര്‍ക്ക് സൂക്ഷിക്കുന്നതിനായി അയച്ചുകൊടുക്കേണ്ടതുമാകുന്നു. ഇതു സംബന്ധമായ എല്ലാ കോടതി കേസുകളും പിന്‍വലിക്കണമെന്ന് ബന്ധപ്പെട്ട എല്ലാവരോടും പ. സുന്നഹദോസ് ആജ്ഞാപിക്കുകയും സെന്‍റ് ബസേലിയോസ് ഇടവകയ്ക്ക് ഒരു വികാരിയെ നിയമിക്കുന്ന കാര്യത്തില്‍ ഭദ്രാസന മെത്രാപ്പോലീത്താ കഴിയുന്നതും വേഗം നടപടി എടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
പട്ടക്കാരുടെ സേവന വേതന വ്യവസ്ഥകള്‍
പട്ടക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച കമ്മീഷന്‍റെ ഇടക്കാല റിപ്പോര്‍ട്ട് തോമസ് മാര്‍ അത്താനാസിയോസ് എപ്പിസ്ക്കോപ്പാ യോഗത്തില്‍ അവതരിപ്പിച്ചു. ഫൈനല്‍ റിപ്പോര്‍ട്ട് അടുത്ത സുന്നഹദോസ് യോഗത്തില്‍ സമര്‍പ്പിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.
നിരണം പള്ളി പ്രശ്നം
1986 ജൂലൈയിലെ സുന്നഹദോസ് നിശ്ചയപ്രകാരം നിരണം വലിയപള്ളിയില്‍ നിലവിലിരിക്കുന്ന പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ടു ചെയ്യുന്നതിന് നിയമിക്കപ്പെട്ടിരുന്ന കമ്മീഷന്‍റെ റിപ്പോര്‍ട്ട് തോമസ് മാര്‍ അത്താനാസിയോസ് എപ്പിസ്ക്കോപ്പാ യോഗത്തില്‍ സമര്‍പ്പിച്ചു.
റിപ്പോര്‍ട്ട് യോഗത്തില്‍ വായിച്ചു ചര്‍ച്ച ചെയ്തതില്‍ നിരണം പള്ളിയില്‍ നിലവിലിരിക്കുന്ന തര്‍ക്കങ്ങള്‍ക്ക് ബന്ധപ്പെട്ട എല്ലാവരുമായും ആലോചിച്ചശേഷം പരിഹാരം നിര്‍ദ്ദേശിച്ചുകൊണ്ട് ആ പള്ളിക്ക് പ. കാതോലിക്കാബാവാ തിരുമനസുകൊണ്ട് അയച്ച 1983 നവംബര്‍ 7-ാം തീയതിയിലെ 290/83-ാം നമ്പര്‍ കല്പനയും മട്ടയ്ക്കല്‍ ജോര്‍ജ് കത്തനാരെ ആ പള്ളിവികാരിയായി നിയമിച്ചുകൊണ്ട് ആ പള്ളിക്ക് പ. കാതോലിക്കാബാവാ തിരുമനസുകൊണ്ട് അയച്ച 1985 ഒക്ടോബര്‍ 3-ാം തീയതിയിലെ 310/85-ാം നമ്പര്‍ കല്പനയും ബന്ധപ്പെട്ട എല്ലാവരും അംഗീകരിച്ചുകൊണ്ട് തര്‍ക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇടവകയിലെ എല്ലാവരോടും അഭ്യര്‍ത്ഥിക്കണമെന്ന് യോഗം നിശ്ചയിച്ചു.
കൂടാതെ ആ പള്ളിയിലെ അസിസ്റ്റന്‍റു വികാരിയായി നിയമിക്കപ്പെടുന്ന പട്ടക്കാരന്‍ ആ പള്ളിയിലെ സഹപട്ടക്കാരന്‍ ആയിരിക്കണമെന്നും ആ പള്ളിയിലെ ആത്മീയകാര്യങ്ങള്‍ നടത്തുന്നതിന് ആ പള്ളിയിലെ മറ്റു സഹപട്ടക്കാര്‍ക്കുള്ളതുപോലെ അവകാശവും സ്വാതന്ത്ര്യവും അയാള്‍ക്കും ഉണ്ടായിരിക്കണമെന്നും നിശ്ചയിച്ചു.
സെന്‍റ് പോള്‍സ് മിഷന്‍ കേന്ദ്രഭരണഘടന
ഈ ഭരണഘടന 1986 ജൂലൈ സുന്നഹദോസ് നിശ്ചയപ്രകാരം തയ്യാറാക്കിയിട്ടില്ലാത്തതിനാല്‍ ഈ വിഷയം അടുത്ത യോഗത്തിലേക്കു മാറ്റി വച്ചു.
പ്രാര്‍ത്ഥനായോഗ ഭരണഘടന
പള്ളികളില്‍ ഇപ്പോള്‍ നിലവിലിരിക്കുന്ന പ്രാര്‍ത്ഥനായോഗങ്ങള്‍ ഏകീകരിക്കുന്നതിനെപ്പറ്റി യോഗം ആലോചിച്ചു. ആയതിന് ആവശ്യമായ ഒരു നിയമാവലി തയ്യാറാക്കി അടുത്ത സുന്നഹദോസില്‍ സമര്‍പ്പിക്കുന്നതിന് തോമസ് മാര്‍ അത്താനാസിയോസ് എപ്പിസ്ക്കോപ്പായെ ചുമതലപ്പെടുത്തി.
സണ്ടേസ്കൂള്‍ ഭരണഘടനയുടെ ഭേദഗതി
പൗരസ്ത്യ ഓര്‍ത്തഡോക്സ് സിറിയന്‍ സണ്ടേസ്കൂള്‍ അസോസിയേഷന്‍റെ നിലവിലുള്ള ഭരണഘടനയും കൂടി ചേര്‍ത്ത് ചില ഭേദഗതികളോടുകൂടി തയ്യാറാക്കി സണ്ടേസ്കൂള്‍ അസോസിയേഷന്‍ ജനറല്‍ബോഡി കഴിഞ്ഞ മെയ് ഒന്നാം തീയതി പാസ്സാക്കി പ. സുന്നഹദോസിന്‍റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നത് യോഗം ചര്‍ച്ച ചെയ്തു. ഇപ്രകാരം ഒരു ഭരണഘടനാഭേദഗതി നടപ്പിലാക്കുന്നതിനെതിരായി ഒ.വി.ബി.എസ്. പ്രവര്‍ത്തകരായ ഫാ. എം. വി. പൗലൂസ്, ഫാ. എം. സി. ജോര്‍ജ് എന്നിവരില്‍ നിന്നും ലഭിച്ച പരാതികള്‍ യോഗത്തില്‍ വായിച്ചു.
യോഗം ഇതേപ്പറ്റി ചിന്തിച്ചതില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നു കാണുകയാല്‍ ഇപ്രകാരം ഒരു ഭരണഘടന ഇല്ലാതാക്കണമോ? ആയത് ഒ.വി.ബി.എസിന്‍റെ സ്വതന്ത്രവും സുഗമവുമായ പ്രവര്‍ത്തനത്തിന് മതിയായതാണോ? ഇതിനെയെല്ലാംപറ്റി പഠിച്ച് അടുത്ത സുന്നഹദോസില്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിന് മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ (കണ്‍വീനര്‍), ഫിലിപ്പോസ് മാര്‍ യൗസേബിയൂസ് എപ്പിസ്ക്കോപ്പാ, പൗലൂസ് മാര്‍ മിലിത്തിയോസ് എപ്പിസ്ക്കോപ്പാ എന്നിവരെ ചുമതലപ്പെടുത്തണമെന്നു യോഗം നിശ്ചയിച്ചു.
അദ്ധ്യക്ഷന്‍ അനുവദിക്കുന്ന ഇതരവിഷയങ്ങള്‍
തുമ്പമണ്‍ മെത്രാസന കൗണ്‍സിലിന്‍റെ അപേക്ഷ
മെത്രാസന മെത്രാപ്പോലീത്താമാരുടെയും അസിസ്റ്റന്‍റുമാരുടെയും ചുമതലകള്‍, അധികാരങ്ങള്‍ മുതലായവ സംബന്ധിച്ച് 8-4-1986-ലെ 95/86-ാം നമ്പര്‍ കല്പനപ്രകാരം പ. കാതോലിക്കാബാവാ തിരുമനസുകൊണ്ട് നടപ്പില്‍ വരുത്തിയിട്ടുള്ള നിയമങ്ങള്‍ തുമ്പമണ്‍ മെത്രാസനത്തില്‍ പാലിക്കപ്പെടുന്നില്ലെന്നും മറ്റും കാണിച്ച് തുമ്പമണ്‍ മെത്രാസന കൗണ്‍സില്‍ അംഗങ്ങള്‍ 12-2-1987-ല്‍ പ. സുന്നഹദോസിനു സമര്‍പ്പിച്ച പരാതി യോഗത്തില്‍ വായിച്ചു.
മെത്രാസനംവക പണം മെത്രാസന മെത്രാപ്പോലീത്തായുടെയും അസിസ്റ്റന്‍റിന്‍റെയും പേരില്‍ കൂട്ടായി നിക്ഷേപിക്കേണ്ടതാകുന്നുവെന്ന് വ്യവസ്ഥ ഉണ്ടെങ്കിലും തുമ്പമണ്‍ മെത്രാസനത്തില്‍ ആയത് ഇതുവരെ നടപ്പിലായിട്ടില്ലെന്നും ഭരണകാര്യങ്ങളില്‍ മെത്രാപ്പോലീത്തായും അസിസ്റ്റന്‍റും സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നില്ലെന്നും മറ്റും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ഇതു സംബന്ധിച്ച് ദാനിയേല്‍ മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്താ നല്‍കിയ വിശദീകരണത്തില്‍ മെത്രാസനംവക പണം ഇതുവരെ അസിസ്റ്റന്‍റിന്‍റെയും കൂടി പേരില്‍ ജോയിന്‍റ് അക്കൗണ്ട് ആക്കിയിട്ടില്ലെന്നും അതിന് പ്രത്യേക കാരണങ്ങള്‍ ഒന്നുമില്ലെന്നും താമസിയാതെ മെത്രാസനംവക അക്കൗണ്ട് അസിസ്റ്റന്‍റിന്‍റെയും കൂടി പേരില്‍ ജോയിന്‍റ് അക്കൗണ്ട് ആയി മാറ്റിക്കൊള്ളാമെന്നും ഭരണകാര്യങ്ങളില്‍ ഇരുവരും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് തടസമില്ലെന്നും പറഞ്ഞു.
മെത്രാസനത്തിന്‍റെ ഭരണപരമായ എല്ലാ കാര്യങ്ങളും വൈദികരുടെ നിയമനം, സ്ഥലംമാറ്റം മുതലായവയും ദാനിയേല്‍ മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്താ, ഫിലിപ്പോസ് മാര്‍ യൗസേബിയൂസ് എപ്പിസ്ക്കോപ്പായുമായി ആലോചിച്ചും സഹകരിച്ചും പ്രവര്‍ത്തിക്കണമെന്ന് യോഗം ഇരുവരോടും ആവശ്യപ്പെട്ടു. ഇരുവരും അതു സമ്മതിച്ചു.
കൊച്ചി മെത്രാസനഭരണം
കൊച്ചി മെത്രാസനത്തിന്‍റെ അസിസ്റ്റന്‍റായിരുന്ന യാക്കൂബ് മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്താ കാലംചെയ്തതിനാല്‍ കൊച്ചി മെത്രാസന ഭരണകാര്യങ്ങളില്‍ യൂഹാനോന്‍ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായെ സഹായിക്കുന്നതിന് പെങ്ങാമുക്കു പള്ളിവികാരി തണ്ണിക്കോട്ടില്‍ കുര്യാക്കോസ് കത്തനാരെ നിയമിക്കണമെന്നു യോഗം നിശ്ചയിച്ചു.
മിലിത്തിയോസ് എപ്പിസ്ക്കോപ്പാ വൈദികസംഘം വൈസ് പ്രസിഡണ്ട്
സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് വൈദികസംഘത്തിന്‍റെ ഉത്തരമേഖല വൈസ് പ്രസിഡണ്ടായിരുന്ന യാക്കൂബ് മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്താ കാലംചെയ്തതിനാല്‍ തല്‍സ്ഥാനത്ത് കുന്നംകുളം മെത്രാസനത്തിന്‍റെ പൗലൂസ് മാര്‍ മിലിത്തിയോസ് എപ്പിസ്ക്കോപ്പായെ നിയമിക്കുന്നതിന് യോഗം നിശ്ചയിച്ചു.
കൂടാതെ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് വൈദികസംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ ഇന്‍വാലിഡ് ക്ലെര്‍ജി ഫണ്ടായി ഒരു ലക്ഷം രൂപയുടെ ഒരു എന്‍ഡോവ്മെന്‍റ് ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത് യോഗം അംഗീകരിച്ചു.
വൈദികസംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ വൈദികര്‍ക്കായി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന പുരോഹിതന്‍ മാസികയുടെ വരിസംഖ്യ ഇനത്തിലും മറ്റുമായി വൈദികരില്‍ നിന്നും ആണ്ടുതോറും പത്തു രൂപാ പിരിച്ചെടുക്കുന്നത് ബുദ്ധിമുട്ടാണെന്നും ആ തുക എല്ലാ മെത്രാസനങ്ങളും ശേഖരിച്ച് വൈദികസംഘം സെക്രട്ടറിയെ ഏല്പിക്കുന്നത് സഹായകരമായിരിക്കുമെന്നും അപ്രകാരം എല്ലാ മെത്രാസനങ്ങളും ചെയ്യണമെന്നും വൈദികസംഘം പ്രസിഡണ്ട് പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ സമര്‍പ്പിച്ച അപേക്ഷ യോഗം സ്വീകരിച്ചു.
പള്ളിശുശ്രൂഷകര്‍
സഭയിലെ എല്ലാ പള്ളികളിലെയും പള്ളിശുശ്രൂഷകരെ സംഘടിപ്പിച്ച് അവര്‍ക്കായി ഒരു സംഘടന രൂപീകരിക്കണമെന്നുള്ള കോട്ടയം മെത്രാസനത്തിലെ പള്ളിശുശ്രൂഷകരുടെ അപേക്ഷ യോഗത്തില്‍ വായിച്ചു. യോഗം ഇതേപ്പറ്റി ചിന്തിച്ചതില്‍ എല്ലാ മെത്രാസനങ്ങളിലും മെത്രാസനാടിസ്ഥാനത്തില്‍ ശുശ്രൂഷകരുടെ സംഘങ്ങള്‍ രൂപീകരിക്കണമെന്നും അവര്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കണമെന്നും ആയതിന് അതാത് ഇടവക മെത്രാപ്പോലീത്താമാര്‍ വേണ്ടതു പ്രവര്‍ത്തിക്കണമെന്നും നിശ്ചയിച്ചു.
ഗള്‍ഫ് ഇടവകകള്‍
ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇടവകകള്‍ക്ക് വൈദികരെ അയയ്ക്കുന്ന കാര്യത്തില്‍ ബോംബേ, കല്‍ക്കട്ടാ, ഡല്‍ഹി എന്നീ മെത്രാസനങ്ങളിലെ മെത്രാപ്പോലീത്തന്മാര്‍ ആലോചിച്ചും സഹകരിച്ചും പ്രവര്‍ത്തിക്കണമെന്ന് സുന്നഹദോസ് നിശ്ചയിച്ചു.
CASA യുടെ പ്രതിനിധി
ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് സൗത്ത് ഏഷ്യയുടെ മീറ്റിംഗുകളില്‍ സംബന്ധിക്കുന്നതിന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രതിനിധിയായി പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായെ നിയമിക്കുന്നതിന് നിശ്ചയിച്ചു.
ചെങ്ങന്നൂര്‍ മെത്രാസനം
ചെങ്ങന്നൂര്‍ മെത്രാസനത്തില്‍ നിലവിലുള്ള പട്ടക്കാരുടെ കുറവ് നികത്തുന്നതിന് വൈദിക സെമിനാരി പഠനം ഇല്ലാത്ത ഏതാനുംപേര്‍ക്ക് ഹൃസ്വകാല പരിശീലനം നല്‍കി വൈദികപട്ടം കൊടുക്കുന്നതിന് അനുവദിക്കണമെന്നുള്ള ചെങ്ങന്നൂര്‍ മെത്രാസനത്തിന്‍റെ തോമസ് മാര്‍ അത്താനാസിയോസ് എപ്പിസ്ക്കോപ്പായുടെ അപേക്ഷയെപ്പറ്റി യോഗം ചിന്തിച്ചു. അത്യാവശ്യമെങ്കില്‍ വൈദികസ്ഥാനത്തിന് യോഗ്യരായ ആളുകള്‍ക്ക് വേണ്ടത്ര പരിശീലനം നല്‍കിയശേഷം പട്ടം കൊടുക്കാവുന്നതാണെന്ന് അദ്ധ്യക്ഷന്‍ തിരുമേനി നിര്‍ദ്ദേശിച്ചതിനെ യോഗം അംഗീകരിച്ചു.
വൈദികരുടെ വിവാഹം
കശ്ശീശ്ശാ സ്ഥാനമേറ്റശേഷം വിവാഹം കഴിക്കുന്ന പട്ടക്കാര്‍ കര്‍മ്മം നടത്തുന്നത് കാനോന്‍ നിശ്ചയങ്ങള്‍ക്കും സഭാനടപടികള്‍ക്കും വിരുദ്ധമാണെങ്കിലും വൈദികനായശേഷം വിവാഹം കഴിക്കുന്നവരുടെ കാര്യത്തില്‍ സന്യാസിവസ്ത്രം സ്വീകരിച്ചശേഷം വിവാഹം കഴിക്കുന്ന പട്ടക്കാരെയും സന്യാസവസ്ത്രം സ്വീകരിക്കാതെ പട്ടക്കാരനായശേഷം വിവാഹിതരാകുന്ന പട്ടക്കാരെയും ഒരേ രീതിയില്‍ പരിഗണിക്കുന്നത് ശരിയല്ലെന്നും രണ്ടാമത്തെ ഗണത്തില്‍പെടുന്നവരുടെ കാര്യത്തില്‍ സഭാശിക്ഷണത്തിന് വിഘ്നം വരാത്തവിധത്തില്‍ താഴെ കുറിക്കുന്ന വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതാണെന്നും പ. സുന്നഹദോസ് അഭിപ്രായപ്പെട്ടു.
1. ഏതെങ്കിലും വൈദികന്‍ വിവാഹം ചെയ്യുന്നതിനായി അനുവാദം അഭ്യര്‍ത്ഥിക്കുമ്പോള്‍ ചുമതലക്കാരനായ മെത്രാപ്പോലീത്താ ആവശ്യമെന്നു കാണുന്നപക്ഷം വിവാഹം ചെയ്യുന്നതിന് അയാളെ അനുവദിച്ചുകൊണ്ടും അതോടൊന്നിച്ചു തന്നെ പട്ടത്വത്തിനടുത്ത എല്ലാ അധികാരങ്ങളില്‍ നിന്നും കര്‍മ്മാനുഷ്ഠാനങ്ങള്‍ നടത്തുന്നതില്‍ നിന്നും അയാളെ സ്ഥിരമായി നിരോധിച്ചുകൊണ്ടുമുള്ള ഒരു കല്പന നല്‍കേണ്ടതാണ്.
2. വൈദികനായശേഷം അധികാരപ്പെട്ട മെത്രാപ്പോലീത്തായുടെ അനുവാദം കൂടാതെയോ ഇതരസഭകളില്‍ ചേര്‍ന്നോ വിവാഹം ചെയ്യുന്ന പട്ടക്കാരന്‍ വൈദികവൃത്തിയില്‍നിന്ന് നിരോധിക്കപ്പെടുന്നതോടൊപ്പം സന്യാസവൃതം സ്വീകരിച്ചിട്ടുള്ള പട്ടക്കാരനാണെങ്കില്‍ അയാളുടെ സന്യാസവസ്ത്രങ്ങള്‍ ഉരിഞ്ഞുകളഞ്ഞുകൊണ്ടുള്ള കല്പന കൂടി കൊടുക്കേണ്ടതാണ്.
3. അധികാരപ്പെട്ട മെത്രാപ്പോലീത്തായുടെ അനുവാദത്തോടുകൂടി വിവാഹം കഴിച്ചിട്ടുള്ള സന്യാസവ്രതത്തിന്‍റെ പൂര്‍ണ്ണപ്രതിജ്ഞ ചെയ്തിട്ടില്ലാത്ത, പട്ടക്കാരുടെ കാര്യത്തില്‍ അവരുടെ കൂദാശാപരമായ അധികാരങ്ങള്‍ പുനഃസ്ഥാപിക്കുന്ന കാര്യം വിവാഹശേഷം 20 വര്‍ഷത്തേക്ക് പരിഗണിച്ചു കൂടാത്തതാകുന്നു. വിവാഹശേഷം 20 വര്‍ഷക്കാലമെങ്കിലും സഭാശിക്ഷണത്തിന് വിധേയമായും മേലധികാരിയുടെ കല്പന ലംഘിക്കാതെയും നല്ല ജീവിതം നയിച്ചിട്ടുള്ള സന്യാസിയല്ലാത്ത പട്ടക്കാരന്‍ പൗരോഹിത്യ നടപടികള്‍ നടത്തുന്നതിനുള്ള അധികാരം തനിക്ക് വീണ്ടും നല്‍കണമെന്ന് യഥാര്‍ത്ഥ അനുതാപത്തോടുകൂടി അപേക്ഷിക്കുന്നപക്ഷം ആ പ്രത്യേക വ്യക്തിയുടെ ജീവിതവും സാഹചര്യങ്ങളും കണക്കിലെടുത്തുകൊണ്ട് പ്രസ്തുത അപേക്ഷ പ. സുന്നഹദോസ് പരിഗണിക്കാവുന്നതും വേണ്ട നടപടികള്‍ സ്വീകരിക്കാവുന്നതുമാണ്.
4. എന്നാല്‍ അങ്ങനെ പൗരോഹിത്യ അധികാരങ്ങള്‍ വീണ്ടും നല്‍കപ്പെടുന്ന പട്ടക്കാരനെ ഒരിടവക വികാരിയായി നിയമിച്ചുകൂടാത്തതാകുന്നു.
വാകത്താനം ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ സെന്‍റര്‍
വാകത്താനം ഞാലിയാകുഴി കവലയ്ക്കടുത്തുള്ള ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ സെന്‍റര്‍ സംബന്ധിച്ച് നിലവിലിരുന്ന തര്‍ക്കങ്ങളും കേസുകളും തീര്‍ത്തതായും വസ്തുക്കളുടെ അതിരുകളും മറ്റും ശരിയാക്കി അവിടെ ഉണ്ടായിരുന്ന കെട്ടിടവും ചാപ്പലും കേടുപാടുകള്‍ നീക്കി വൃത്തിയാക്കിയതായും അദ്ധ്യക്ഷന്‍ തിരുമേനി യോഗത്തെ അറിയിച്ചു. അവിടെ ഇപ്പോള്‍ ഏകദേശം ഒന്നര ഏക്കറോളം സ്ഥലം തിരുമനസിലെ പേരില്‍ ഉണ്ടെന്നും ആ സ്ഥാപനത്തിന്‍റെ തല്‍ക്കാല ചുമതല സണ്ടേസ്കൂള്‍ ഡയറക്ടര്‍ ജനറല്‍ സി. വി. ജോര്‍ജ് കോറെപ്പിസ്ക്കോപ്പായെ ഏല്പിച്ചിരിക്കുകയാണെന്നും തിരുമേനി പ്രസ്താവിച്ചു.
അനുശോചനം
റോമന്‍ കത്തോലിക്കാസഭയിലെ കര്‍ദ്ദിനാളായിരുന്ന ആര്‍ച്ചു ബിഷപ്പ് ജോസഫ് പാറേക്കാട്ടില്‍ തിരുമേനിയുടേയും സി. എസ്. ഐ. മദ്ധ്യകേരള മഹാഇടവകയുടെ ബിഷപ്പായിരുന്ന റിട്ടയര്‍ ചെയ്ത എം. എം. ജോണ്‍ തിരുമേനിയുടെയും നിര്യാണത്തില്‍ പ. സുന്നഹദോസ് അനുശോചനം രേഖപ്പെടുത്തുകയും അവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ധ്യാനപ്രസംഗം
എല്ലാ ദിവസവും യോഗാരംഭത്തിനു മുമ്പ് അര മണിക്കൂര്‍ വീതം സങ്കീര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ ആത്മീയ പ്രചോദനവും വിജ്ഞാനപ്രദവും ആയ ധ്യാനപ്രസംഗങ്ങള്‍ നടത്തി.
ഒന്നാം ദിവസം 23-ാം സങ്കീര്‍ത്തനത്തെ അടിസ്ഥാനമാക്കിയും പിന്നീടുള്ള ദിവസങ്ങളില്‍ യഥാക്രമം 45, 141, 142 എന്നീ സങ്കീര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയും ആയിരുന്നു ധ്യാനപ്രസംഗങ്ങള്‍.
ഉപസംഹാരം
സഭയുടെ പൊതുവായ കാര്യങ്ങളിലും പ. സുന്നഹദോസിന്‍റെ പ്രവര്‍ത്തനങ്ങളിലും പ. സുന്നഹദോസ് അംഗങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന വിലയേറിയ സഹകരണങ്ങള്‍ക്ക് പ. ബാവാ തിരുമേനി കൃതജ്ഞത പ്രകടിപ്പിച്ചു.
പ. സുന്നഹദോസ് അംഗങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ സഭയുടെയും പ. സുന്നഹദോസ് അംഗങ്ങളായ ഏവരുടെയും നേതാവായി പ. ബാവാ തിരുമേനിയെ ലഭിച്ചത് വലിയ ഭാഗ്യമാണെന്നും ആയതിന് ഏവരും ദൈവത്തോടു കൃതജ്ഞതയുള്ളവരായിരിക്കണമെന്നും പ്രസ്താവിച്ചു. എല്ലാവരേയും ഒന്നുപോലെ സ്നേഹിക്കുകയും അതേസമയം ആവശ്യമുള്ളപ്പോള്‍ ശാസിക്കുകയും തെറ്റുകള്‍ കര്‍ശനമായി ചൂണ്ടിക്കാണിക്കുകയും തുറന്നു പറയുകയും അപ്രകാരം തെറ്റുകളില്‍നിന്ന് പിതൃസഹജമായ സ്നേഹത്തോടെ നമ്മെ നേരെയാക്കുകയും ചെയ്യുന്ന തിരുമനസിലെ കരുതല്‍ വിലയേറിയതാണ്. എല്ലാ ദിവസവും വളരെ സമയം ആരോഗ്യം കണക്കാക്കാതെ സഭയുടെ വിവിധ ആവശ്യങ്ങള്‍ക്കായി കഠിനമായി അദ്ധ്വാനിക്കുന്ന തിരുമേനി ഏവര്‍ക്കും മാതൃകയാണ്. ഏതു സംഗതിയിലും സത്യവും മര്‍മ്മവും കാണുവാനുള്ള കുശാഗ്രബുദ്ധിയും പെട്ടെന്നു കാര്യങ്ങളുടെ നിജസ്ഥിതി ഗ്രഹിക്കുവാനുള്ള തിരുമേനിയുടെ കഴിവും കഴിഞ്ഞ കാലങ്ങളില്‍ സഭയുടെ വളര്‍ച്ചയ്ക്കും ഉന്നമനങ്ങള്‍ക്കും കാരണമായി തീര്‍ന്നിട്ടുണ്ട് എന്നും തിരുമേനി എടുത്തു പറഞ്ഞു. ഇപ്രകാരം പ. ബാവാ തിരുമേനിയെ പ. സഭയ്ക്കു ലഭിച്ചതില്‍ ദൈവത്തെ സ്തുതിക്കുകയും കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു.
പ്രാര്‍ത്ഥനയോടും അദ്ധ്യക്ഷന്‍ തിരുമേനിയുടെ ആശീര്‍വാദത്തോടുംകൂടി 27-ാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 മണിക്ക് പ. സുന്നഹദോസ് യോഗം പര്യവസാനിച്ചു.
(മലങ്കരസഭ മാസിക, 1987, ഏപ്രില്‍, മെയ്)