പകല്‍ സൂര്യനായും രാത്രി ചന്ദ്രനായും | ഡോ. പോള്‍ മണലില്‍


ഇസ്രായേല്‍ ജനത മരുഭൂമിയില്‍ കൂടി സഞ്ചരിക്കുമ്പോള്‍ അവര്‍ക്കു രാവും പകലും യാത്ര ചെയ്യുവാന്‍ തക്കവണ്ണം വഴികാണിക്കേണ്ടതിനു വെളിച്ചം കൊടുക്കാന്‍ പകല്‍ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവര്‍ക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നുവെന്ന് ബൈബിളിലെ പുറപ്പാട് പുസ്തകത്തില്‍ എഴുതിയിരിക്കുന്നു. അതിനു സമാനമായ വാചകമാണ് ‘ഒരേയൊരു ഉമ്മന്‍ചാണ്ടി’ എന്ന ശീര്‍ഷകത്തില്‍ ‘മാതൃഭൂമി’ ദിനപത്രം ജൂലൈ പത്തൊമ്പതിനു എഴുതിയ മുഖപ്രസംഗത്തിലെ ആദ്യ വരികള്‍.

അതിങ്ങനെ: “കേരളത്തിന്‍റെ ആകാശത്ത് പകല്‍ സൂര്യനായും രാത്രി ചന്ദ്രനായും നിറഞ്ഞ പ്രകാശം. അതായിരുന്നു ഉമ്മന്‍ ചാണ്ടി.”

ഉമ്മന്‍ ചാണ്ടി കേരള ജനതയ്ക്കു പകല്‍ മേഘസ്തംഭവും രാത്രിയില്‍ അഗ്നിസ്തംഭവും ആയിരുന്നുവെന്നു സാക്ഷ്യപ്പെടുത്തുന്ന അനുഭവമായിരുന്നു ജൂലൈ പത്തൊമ്പതിനും ഇരുപതിനും നമ്മള്‍ കണ്ടത്. ആ സാക്ഷ്യത്തിന്‍റെ പൊരുള്‍ എന്തായിരുന്നു?

അത് അമ്പത്തിമൂന്നു വര്‍ഷം അദ്ദേഹം പുതുപ്പള്ളിയുടെ എം.എല്‍.എ. യും ആറേമുക്കാല്‍ വര്‍ഷം കേരളത്തിന്‍റെ മുഖ്യമന്ത്രിയും നാലു തവണ വിവിധ മന്ത്രിസഭകളില്‍ അംഗവും ഒരു തവണ പ്രതിപക്ഷ നേതാവും ആയിരുന്നതുകൊണ്ടാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? അതല്ലെങ്കില്‍ അദ്ദേഹം വികസന നായകനായി കേരളത്തില്‍ മെട്രോ പദ്ധതിയും സ്മാര്‍ട്ട് സിറ്റി പദ്ധതിയും കണ്ണൂര്‍ വിമാനത്താവളവും വിഴിഞ്ഞം പദ്ധതിയും നടപ്പാക്കിയിട്ടാണോ?

ഇത്രയും മാത്രമല്ല, ഉമ്മന്‍ ചാണ്ടി വേറെയും പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയായിരിക്കെ നടപ്പാക്കിയ ജനസമ്പര്‍ക്ക പരിപാടിയിലൂടെ പതിനൊന്നു ലക്ഷം ജനങ്ങളെ അദ്ദേഹം നേരിട്ടു കാണുകയും അവരുടെ വേദനകളും പ്രശ്നങ്ങളും മനസ്സിലാക്കുകയും അതിനു പരിഹാരം കണ്ടെത്തുകയും ചെയ്തതു ഒരു ചരിത്ര സംഭവമായിരുന്നു. അധികാരം പൊതുജനസേവനമാണെന്നു തെളിയിച്ച ഒരു പരിപാടിയായിരുന്നു ഇത്. ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി കേള്‍ക്കാന്‍ അദ്ദേഹം പത്തൊമ്പതു മണിക്കൂര്‍ ജലപാനം പോലുമില്ലാതെ ഒറ്റനില്‍പ്പ് നിന്നിട്ടുള്ള ചരിത്രവും ഉണ്ട്.

ജനങ്ങളെ സേവിക്കുക എന്നത് രാഷ്ട്രീയ നേതാക്കളുടെ കടമയാണെന്ന പാഠം ഉമ്മന്‍ ചാണ്ടി പഠിപ്പിച്ചു. ഉമ്മന്‍ ചാണ്ടി തൊഴില്‍ മന്ത്രിയായിരിക്കുമ്പോഴാണ് തൊഴില്‍രഹിതര്‍ക്കു വേതനം നല്‍കുന്ന പദ്ധതി തുടങ്ങിയത്. ലക്ഷക്കണക്കിനു ചെറുപ്പക്കാര്‍ക്കു അതിന്‍റെ ആനുകൂല്യം ലഭിച്ചു. കുട്ടികള്‍ക്കു കേള്‍വിശക്തി പകരുന്ന ശ്രുതിതരംഗം പദ്ധതി, അവയവം മാറ്റിവയ്ക്കാനുള്ള മൃതസഞ്ജീവനി പദ്ധതി, പതിനെട്ടു വയസ്സു വരെയുള്ളവര്‍ക്കു സൗജന്യ ചികിത്സാ പദ്ധതി ഇങ്ങനെ ഉമ്മന്‍ ചാണ്ടി കേരളത്തില്‍ നടപ്പാക്കിയ ‘ഭരണപരിഷ്ക്കാരങ്ങളി’ലെല്ലാം ഒരു യേശുക്രിസ്തു ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു.

രാഷ്ട്രീയവും മതവും രണ്ടാണെങ്കിലും ഉമ്മന്‍ ചാണ്ടിയെ കേരളത്തിലെ മറ്റു രാഷ്ട്രീയ നേതാക്കളില്‍ നിന്നു വ്യത്യസ്തനാക്കുന്നതു, അദ്ദേഹം രാഷ്ട്രീയത്തില്‍ യേശുക്രിസ്തുവിനെ പ്രകാശിപ്പിക്കാന്‍ ശ്രമിച്ചു എന്നുള്ളതാണ്. ആര്‍ദ്രതയും കാരുണ്യവും സ്നേഹവും സന്മനസ്സും സഹാനുഭൂതിയും കരുതലും ത്യാഗമനോഭാവവും സമന്വയിപ്പിച്ചാല്‍ അതു ഉമ്മന്‍ ചാണ്ടിയാകും. ഉമ്മന്‍ ചാണ്ടിയെ ജനലക്ഷങ്ങള്‍ നെഞ്ചിലേറ്റിയതു ഇതുകൊണ്ടൊക്കെയാണ്.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഉമ്മന്‍ ചാണ്ടിയെ ഒറ്റവാക്കില്‍ നില്‍വചിച്ചിട്ടുണ്ട് – “മനസ്സലിവുള്ളവന്‍.” പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കാരശുശ്രൂഷയ്ക്കിടയില്‍ നടത്തിയ പ്രഭാഷണത്തില്‍ പരിശുദ്ധ ബാവാ പറഞ്ഞതു, ഉമ്മന്‍ ചാണ്ടി മനസ്സലിവിന്‍റെ ആള്‍രൂപമായിരുന്നു എന്നാണ്. അതുകൊണ്ടായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ നിന്നും പുതുപ്പള്ളി പള്ളിയിലെത്തിക്കാന്‍ രണ്ടു പകലും ഒരു രാത്രിയും വേണ്ടിവന്നത്. നൂറ്റമ്പത്തെട്ട് കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ആ വിലാപയാത്ര മുപ്പത്തിയേഴു മണിക്കൂറാണ് എടുത്തത്. അതൊരു വിലാപയാത്രയായിരുന്നില്ല, സ്നേഹനദിയുടെ ഒഴുക്കായിരുന്നു. ജനലക്ഷങ്ങള്‍ എന്നു കേട്ടിട്ടേയുള്ളു. ആ കാഴ്ച നമ്മള്‍ കണ്ടു. ഉമ്മന്‍ ചാണ്ടിയെ കണ്ടിട്ടുള്ളവരും കാണാത്തവരും ആ വിലാപവീഥിയില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുക മാത്രമല്ല “കണ്ണേ കരളേ കുഞ്ഞൂഞ്ഞേ” എന്നു ഉറക്കെ വിളിച്ചു കരയുകയും ചെയ്തു. അതേ, കേരളത്തിന്‍റെ കണ്ണും കരളുമായിരുന്നു ഉമ്മന്‍ ചാണ്ടി.

ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എങ്ങനെയാണ് ജനതയുടെ കണ്ണും കരളുമായി മാറുന്നത്? പുതിയനിയമത്തില്‍ മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം നാല്പത്തിയൊന്നു, നാല്പത്തിരണ്ട് വാക്യങ്ങളില്‍ അതിന്‍റെ ഉത്തരമുണ്ട്.

അതിങ്ങനെ: “ഒരുത്തന്‍ നിന്നെ ഒരു നാഴിക വഴിപോകുവാന്‍ നിര്‍ബന്ധിച്ചാല്‍ രണ്ടു അവനോടുകൂടെ പോക. നിന്നോടു യാചിക്കുന്നവനു കൊടുക്ക.”

ഉമ്മന്‍ ചാണ്ടി അത്തരക്കാരനായിരുന്നു. ജീവിതത്തില്‍ വഴിമുട്ടി നില്‍ക്കുന്നവരുടെ ഒപ്പം അദ്ദേഹം ഒരു നാഴികയും രണ്ടു നാഴികയുമല്ല അതിന്‍റെ ഇരട്ടിയും ഇരട്ടിയുടെ ഇരട്ടിയും നടന്നു. യാചിക്കുന്നവനും യാതന അനുഭവിക്കുന്നവനും ഉമ്മന്‍ ചാണ്ടി കരുതലും കാരുണ്യവും കടാക്ഷവും നല്‍കി.

ക്രിസ്തുവിനു വേണ്ടി പൗലോസ് ശ്ലീഹാ എത്ര വേദനയാണ്, എത്ര കഷ്ടപ്പാടാണ് അനുഭവിച്ചത്. അതുപോലെ ഉമ്മന്‍ ചാണ്ടി കേരള ജനതയ്ക്കു വേണ്ടി വേദനയും കഷ്ടപ്പാടും മാത്രമല്ല പരിഹാസവും അനുഭവിച്ചു.

യേശുക്രിസ്തുവിനെ ക്രൂശിക്കാന്‍ സന്നാഹങ്ങള്‍ കാട്ടിയ യഹൂദപ്രമാണിമാരോട്, ഈ നീതിമാന്‍റെ രക്തത്തില്‍ എനിക്കു പങ്കില്ലെന്നു പറഞ്ഞു കൈകഴുകിയ പീലാത്തോസിനെ കടത്തിവെട്ടി നമ്മുടെ ‘ജുഡീഷ്യല്‍’ പീലാത്തോസുമാര്‍ ഉമ്മന്‍ ചാണ്ടിയില്‍ കന്മഷം കണ്ടെത്തിയതു കൊണ്ടോ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചാണക്യസൂത്രങ്ങള്‍ പ്രയോഗിച്ച് രാജനീതി നടപ്പാക്കിയതിനെ മുന്‍നിര്‍ത്തി അദ്ദേഹത്തിന്‍റെ നീതിയില്‍ അനീതി ആരോപിച്ചതുകൊണ്ടോ ഉമ്മന്‍ ചാണ്ടിയെ കേരള ജനത തള്ളിക്കളഞ്ഞോ? ഷേക്സ്പിയറിന്‍റെ ‘കിംങ് ലിയര്‍’ നാടകത്തില്‍ ലിയര്‍ രാജാവ് പറയുന്നുണ്ട് – I am more sinned against than sinning. ഉമ്മന്‍ ചാണ്ടി പാപം ചെയ്തതിനെക്കാള്‍ ഏറെ നാം അദ്ദേഹത്തോട് പാപം ചെയ്തിരിക്കുന്നു.

ജനാധിപത്യം ഒരു ആത്മാര്‍ത്ഥതയാണെന്ന് ഉമ്മന്‍ ചാണ്ടി ഉറച്ചു വിശ്വസിച്ചിരുന്നു. ഈ ആത്മാര്‍ത്ഥത മനുഷ്യന്‍റെ ആന്തരീകതയോടാണ് ബന്ധപ്പെട്ടിരിക്കുന്നത്. സത്യം അകത്താണ്. നമ്മുടെ ജീവിതത്തിന്‍റെ അടിസ്ഥാനമാകുന്നതു ഈ സത്യമാണ്. ഈ ആന്തരീകതയോട് ആത്മാര്‍ത്ഥത കാണിച്ച നിസ്വാര്‍ത്ഥ ജനസേവകനായിരുന്നു ഉമ്മന്‍ ചാണ്ടി. അഹമില്ലാത്ത ആന്തരീകതയുടെ വിവര്‍ത്തനമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. നമ്മുടെ ജീവിതത്തിന്‍റെ അടിസ്ഥാനമാകുന്നതു നമ്മുടെ ആന്തരീകതയാണെന്നും നമ്മെ താങ്ങിനിര്‍ത്തുന്നതും ഈ ആന്തരീകതയാണെന്നും ഉള്ള ഒരു പാഠം കൂടി ഉമ്മന്‍ ചാണ്ടിയില്‍ നിന്നു നമുക്കു പഠിക്കാന്‍ കഴിയും.

തുറന്നു വച്ച വാതിലായിരുന്നു ഉമ്മന്‍ ചാണ്ടി. എല്ലാവരുടെയും സ്വര്‍ഗ്ഗീയ മനുഷ്യന്‍. ഒരു സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകനു എങ്ങനെ അപ്രകാരമായി ഭവിക്കാന്‍ കഴിയും? ചലച്ചിത്രതാരം മമ്മൂട്ടി പറഞ്ഞതു, മനുഷ്യത്വത്തില്‍ പി.എച്ച്.ഡി. എടുത്തയാളാണ് ഉമ്മന്‍ ചാണ്ടിയെന്നാണ്. യേശുക്രിസ്തു പറഞ്ഞ കല്പന ജീവിതത്തില്‍ അതേപോലെ അദ്ദേഹം പാലിച്ചു. അയല്‍ക്കാരനെയും ശത്രുവിനെയും സ്നേഹിച്ചതു കൂടാതെ തന്നേ കല്ലെറിഞ്ഞവനെയും സ്നേഹിച്ചു. പൊതുവേദികളില്‍ ഇരിക്കുമ്പോള്‍ മദ്യപാനികളും രാഷ്ട്രീയ എതിരാളികളും വന്നു ഉമ്മന്‍ ചാണ്ടിയെ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും ഞാന്‍ എത്രയോ തവണ കണ്ടിരിക്കുന്നു.

ഉമ്മന്‍ ചാണ്ടിയെ മറ്റുള്ള രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നിന്നു വ്യത്യസ്തനാക്കുന്നതു അദ്ദേഹത്തിന്‍റെ അടിയുറച്ച ‘രാഷ്ട്രീയ’ വിശ്വാസമായിരുന്നു. അതിനെ കോണ്‍ഗ്രസ് വിശ്വാസമായി ആരും തെറ്റുദ്ധരിക്കരുത്. ആ രാഷ്ട്രീയ വിശ്വാസം മനുഷ്യവിശ്വാസത്തിനു ഒപ്പം നില്‍ക്കുന്ന ഒന്നായിരുന്നു. മനുഷ്യരില്‍ പൂര്‍ണ്ണവിശ്വാസമുള്ള രാഷ്ട്രീയമെന്നാല്‍ ദൈവത്തില്‍ അടിയുറച്ച വിശ്വാസമെന്നും അതിനു പരിപ്രേഷ്യമുണ്ട്. നല്ല ക്രിസ്ത്യാനിക്കു മനുഷ്യനില്‍ ക്രിസ്തുവിനെ കാണാന്‍ കഴിയുക എന്നതു ഒരു ഭാഗ്യമാണ്. ആ ഭാഗ്യം ഉമ്മന്‍ ചാണ്ടി അനുഭവിച്ചു. അതാണ് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയമെന്നു പറഞ്ഞത്. ജനാധിപത്യത്തില്‍ ഇപ്രകാരം ഉമ്മന്‍ ചാണ്ടി പുതിയൊരു ശൈലിയുണ്ടാക്കി.

ഓര്‍ത്തഡോക്സ് സഭയില്‍ നിന്നും ഉമ്മന്‍ ചാണ്ടിക്കു കുറെ കല്ലേറു കിട്ടിയിട്ടുണ്ട്. സഭയും രാഷ്ട്രീയവും വിവക്ഷിക്കുന്നതിലുള്ള അപാകതയില്‍ നിന്നുണ്ടായ ഒരു അപകടത്തില്‍ നിന്നു സംഭവിച്ചതാണിത്. “ഞാനൊരു ദൈവവിശ്വാസിയാണെന്നു” ആവര്‍ത്തിച്ചാവര്‍ത്തിച്ച് പൊതുവേദിയില്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ള ഉമ്മന്‍ ചാണ്ടി യഥാര്‍ത്ഥ സത്യക്രിസ്ത്യാനിയായിട്ടാണ് ജീവിച്ചതെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ മനസ്സിലാക്കിയിട്ടുണ്ട്. മാമോദീസായ്ക്കും അന്ത്യകൂദാശയ്ക്കും മാത്രമായിരുന്നില്ല ഉമ്മന്‍ ചാണ്ടി പള്ളിയില്‍ പോയിരുന്നത്. ഓശാന ഞായറാഴ്ചയിലും ദുഃഖവെള്ളിയാഴ്ചയിലും മാത്രം പള്ളിയില്‍ പോകുന്ന ‘സത്യക്രിസ്ത്യാനി’യെ പോലെയും ആയിരുന്നില്ല അദ്ദേഹം. മലങ്കരസഭ അനുശാസിക്കുന്ന എല്ലാ നോമ്പുകളും അനുഷ്ഠിക്കുന്നതു ഉമ്മന്‍ ചാണ്ടിയുടെ ജീവിതപ്രമാണമായിരുന്നു. രാഷ്ട്രീയ ഉപവാസങ്ങള്‍ നടത്തുന്നതിനു അദ്ദേഹം ഊര്‍ജ്ജം സംഭരിച്ചിരുന്നതു വിശ്വാസജീവിതത്തില്‍ അദ്ദേഹം നിഷ്ഠയോടെ ഉപവസിച്ചതിന്‍റെ ‘പവര്‍’ ബാങ്കില്‍ നിന്നെടുത്ത ഊര്‍ജ്ജം കൊണ്ടായിരുന്നു. അല്ലെങ്കിലെന്ത്, പ്രഭാതം മുതല്‍ പ്രദോഷം വരെ ഓട്ടത്തിനിടയില്‍ അദ്ദേഹം എത്രനേരം ഭക്ഷണം കഴിച്ചിരിക്കുന്നു? ഭക്ഷണം മാത്രമല്ല, മരുന്നും അദ്ദേഹം കഴിച്ചില്ല. ഇങ്ങനെ ഉമ്മന്‍ ചാണ്ടിയെ പോലെ ഉപവസിക്കാന്‍ നമുക്കു കഴിയുകയില്ല.

എന്‍റെ ചില അനുഭവങ്ങള്‍ പറയാം. ഒരു ചടങ്ങിനു പോയപ്പോള്‍ കാലടി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായിരുന്ന കെ. എസ്. രാധാകൃഷ്ണന്‍റെ കൂടെ ഞാനും ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്കു ഇഷ്ടഭക്ഷണം വിളമ്പിത്തന്നു. ഞങ്ങള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഉമ്മന്‍ ചാണ്ടി എത്തിയത്. രാവിലെ മുതല്‍ ഓട്ടത്തിലായതിനാല്‍ ഉച്ചഭക്ഷണമെങ്കിലും കഴിക്കാന്‍ വന്നല്ലോ എന്നു ഞാന്‍ വിചാരിച്ചു. അദ്ദേഹം എന്‍റെ അടുത്താണ് ഇരുന്നത്. അദ്ദേഹത്തിന്‍റെ പ്ലേറ്റിലേക്കു ആദ്യം ഇറച്ചി വിളമ്പാന്‍ തുടങ്ങിയപ്പോള്‍ വേണ്ടായെന്നു പറഞ്ഞു. ഉമ്മന്‍ ചാണ്ടി ഇറച്ചി കഴിക്കില്ലെന്നാണ് ഞാന്‍ വിചാരിച്ചത്. ഇറച്ചി വേണ്ടെന്നു പറഞ്ഞപ്പോള്‍ മുട്ട കൊണ്ടുവന്നു. അതും വേണ്ടായെന്നു പറഞ്ഞു. ആതിഥേയന്‍ അങ്കലാപ്പിലായി. ഉടനെ മീന്‍കറിയും മീന്‍ വറുത്തതും കൊണ്ടുവന്നു. അതും വേണ്ടായെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞതു കേട്ടപ്പോള്‍ കെ. എസ്. രാധാകൃഷ്ണന്‍ എന്നോട് ചോദിച്ചു:

“ഇപ്പോള്‍ നോമ്പുണ്ടോ?”

ഇല്ലെന്നു ഞാന്‍ പറഞ്ഞെങ്കിലും എന്‍റെ സംശയം ഞാന്‍ ഒരാളോടു ചോദിച്ചു. അന്നു മൂന്നു നോമ്പാണെന്നു ഉത്തരം കിട്ടി. ഞാന്‍ ലജ്ജിച്ചു തലതാഴ്ത്തി!

ഉമ്മന്‍ ചാണ്ടി നോമ്പ് നോക്കുന്ന ആളാണെന്നു അന്നാണ് എനിക്കു ബോധ്യപ്പെട്ടത്. ഇനി മറ്റൊരു അനുഭവവും കൂടി പറയാം. കെ. ആര്‍. ഗൗരിയുടെ ഇലക്ഷന്‍ പ്രചാരണത്തിനു ഉമ്മന്‍ ചാണ്ടി പോകുന്നുണ്ടെന്ന് അറിഞ്ഞു, കൂടെ ഞാനും പോയി. കോട്ടയത്തെ ഏലിയാ കത്തീഡ്രല്‍ അംഗമായിരുന്ന കുഞ്ഞുമോന്‍ ആയിരുന്നു ഡ്രൈവര്‍. കെ. ആര്‍. ഗൗരി സി.പി.എമ്മില്‍ നിന്നു യു.ഡി.എഫ്-ല്‍ ചേക്കേറിയ കാലം. ഇലക്ഷന്‍ പ്രചാരണത്തിലെ ആ കൗതുകം കാണാനാണ് ഞാന്‍ പോയത്. അതിരാവിലെ പുറപ്പെട്ട് രാത്രിയിലായിരുന്നു ഞങ്ങള്‍ കോട്ടയത്തു തിരിച്ചെത്തിയത്. ഇലക്ഷന്‍ പ്രചാരണം കഴിഞ്ഞു മടക്കയാത്രയ്ക്കു കാറില്‍ കയറിയപ്പോള്‍ ഉമ്മന്‍ ചാണ്ടി ആദ്യം കുഞ്ഞുമോനോട് ഇങ്ങനെ പറഞ്ഞു: ‘കുഞ്ഞുമോനേ, മൂന്നു തവണ അമ്പത്തിയൊന്നാം സങ്കീര്‍ത്തനം ചൊല്ലിയിട്ട് വണ്ടി ഓടിച്ചാല്‍ മതി.”

എനിക്ക് കാര്യം പിടികിട്ടിയില്ല. പതിവായി ഉമ്മന്‍ ചാണ്ടിയുടെ കൂടെ പോകുന്ന കുഞ്ഞുമോനു കാര്യം മനസ്സിലായി. അന്ന് അമ്പതു നോമ്പായിരുന്നു. ഉമ്മന്‍ ചാണ്ടി മീനും മുട്ടയും ഇറച്ചിയും കഴിക്കാതെ മൂന്നു നേരവും ഭക്ഷണം കഴിച്ചപ്പോള്‍ കുഞ്ഞുമോന്‍ മൂന്നുനേരവും നോമ്പ് മുറിച്ചു! ഉമ്മന്‍ ചാണ്ടി തമാശ പറയുകയാണെന്നു ഞാന്‍ വിചാരിച്ചെങ്കിലും ‘നോമ്പ് മുറിക്കല്‍’ അദ്ദേഹം ഗൗരവമായിട്ടാണ് കണ്ടത്. അമ്പത്തിയൊന്നാം സങ്കീര്‍ത്തനം ചൊല്ലാന്‍ മടിച്ചുനിന്ന കുഞ്ഞുമോനെ നോക്കി “ദൈവമേ നിന്‍റെ ദയയ്ക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകണമേ. നിന്‍റെ കരുണയുടെ ബഹുത്വപ്രകാരം എന്‍റെ ലംഘനങ്ങളെ മായിച്ചുകളയണമേ, എന്നെ നന്നായി കഴുകി എന്‍റെ അകൃത്യം പോക്കണമേ; എന്‍റെ പാപം നീക്കി എന്നെ വെടിപ്പാക്കണമേ.” എന്നു ഉമ്മന്‍ ചാണ്ടി തന്നെ പ്രാര്‍ത്ഥിച്ചു തുടങ്ങി. ഇങ്ങനെയൊക്കെയാണ് നമ്മള്‍ അറിയാത്ത ഉമ്മന്‍ ചാണ്ടി. വിശുദ്ധ സഭയുടെ കൂദാശകള്‍ അനുഷ്ഠിക്കുക, ആരാധനയില്‍ പങ്കെടുക്കുക, വേദപുസ്തകം വായിക്കുക, പ്രാര്‍ത്ഥിക്കുക ഇതെല്ലാം ‘ബഹുദൂരം, അതിവേഗം’ സഞ്ചരിച്ചിരുന്ന ഉമ്മന്‍ ചാണ്ടി മുടക്കിയിരുന്നില്ല. ഒഴുകുന്ന പുഴ എങ്ങനെയാണ് സ്വയം നവീകരിച്ചു ശുദ്ധമാകുന്നതു, അതുപോലെയായിരുന്നു ഉമ്മന്‍ ചാണ്ടി. തിരക്കിട്ട ഓട്ടത്തിനു ഇടയിലും അദ്ദേഹം സ്വയം നവീകരിച്ചതു വിശുദ്ധ കുമ്പസാരം നടത്തി വിശുദ്ധ കുര്‍ബ്ബാന അനുഭവിക്കുന്നതിലൂടെയായിരുന്നു.

ഉമ്മന്‍ ചാണ്ടിയുടെ വ്യക്തിപ്രഭാവത്തെ ജാജ്വല്യമാനമാക്കിയതു അദ്ദേഹത്തിന്‍റെ എളിമയും വിനയവും ലാളിത്യവുമായിരുന്നു. അന്ത്യകര്‍മ്മങ്ങള്‍ക്കിടയില്‍ ഔദ്യോഗിക ബഹുമതിയോ ആചാരവെടിയോ യോഗ്യമല്ലെന്നു സ്വയം തിരിച്ചറിഞ്ഞ മനുഷ്യനായിരുന്നു അദ്ദേഹം. ആത്മീയ ജീവിതത്തില്‍ ‘ചെറിയ’ നിഷ്ഠകള്‍ പോലും പാലിക്കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. പുതുപ്പള്ളി പള്ളിയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും ഡോ. പി. സി. അലക്സാണ്ടറും പങ്കെടുത്ത ഒരു ചടങ്ങ് പള്ളിയുടെ വടക്കേ പന്തലില്‍ നടന്നപ്പോള്‍ യോഗത്തിനു മുമ്പുള്ള പ്രാര്‍ത്ഥന തുടങ്ങി. എന്‍റെ അടുത്തിരുന്നതു ആ പള്ളിയിലെ ചെറിയാന്‍ വറുഗീസ് ആയിരുന്നു. പ്രാര്‍ത്ഥന തുടങ്ങിയപ്പോള്‍ ഉമ്മന്‍ ചാണ്ടി ചെരുപ്പ് ഊരിയിടുന്നതു കണ്ടിട്ട് ചെറിയാന്‍ വര്‍ഗീസ് അക്കാര്യം എന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. അതു ഞാനും കണ്ടിരുന്നു. പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മില്‍ എത്രപേര്‍ കാലിലെ ചെരുപ്പ് ഊരിയിടാറുണ്ടെന്ന് ഓര്‍ക്കാനൊരു അനുഭവം കൂടിയാണിത്.

പുതുപ്പള്ളി പള്ളിയിലെ ആദ്യ കുര്‍ബ്ബാന കൂടി ഊര്‍ജ്ജം സംഭരിച്ചിട്ടായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഓരോ ആഴ്ചയും തുടങ്ങിയിരുന്നത്. വ്യക്തിപരമായ സങ്കടങ്ങളും ഭാരങ്ങളും ഇറക്കിവെയ്ക്കാന്‍ അദ്ദേഹം ഓടിയെത്തിയിരുന്നതു പരിശുദ്ധ പരുമല തിരുമേനിയുടെയും പാമ്പാടി തിരുമേനിയുടെയും കബറിങ്കലായിരുന്നു. വിശുദ്ധന്മാരുടെ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിക്കുന്ന ഓര്‍ത്തഡോക്സ് വിശ്വാസത്തില്‍ ഊന്നി നിന്നുകൊണ്ടുള്ള ഒരു ആത്മീയ പ്രയാണമായിരുന്നു അദ്ദേഹത്തിന്‍റേത്. പുതുപ്പള്ളി പള്ളിയിലെ ഒമ്പതു വിശുദ്ധന്മാരുടെ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിച്ചിരുന്ന ഉമ്മന്‍ ചാണ്ടി ഗീവറുഗീസ് പുണ്യവാളന്‍റെ സംരക്ഷണവും മധ്യസ്ഥതയും ഒരാത്മീയ സൗന്ദര്യമായി അനുഭവിച്ചാസ്വദിച്ചു. തിരുവനന്തപുരം സെന്‍റ് ജോര്‍ജ് കത്തീഡ്രലില്‍ മാത്രമല്ല, ഞായറാഴ്ച മറ്റ് ഏതെങ്കിലും സ്ഥലത്താണെങ്കില്‍ അവിടുത്തെ ഓര്‍ത്തഡോക്സ് പള്ളി അന്വേഷിച്ച് കണ്ടുപിടിച്ച് അദ്ദേഹം ആരാധനയില്‍ പങ്കെടുക്കുമായിരുന്നു. ഓര്‍ത്തഡോക്സ് പള്ളിയില്ലെങ്കില്‍ അദ്ദേഹം കത്തോലിക്കാ പള്ളിയിലെ ശുശ്രൂഷയില്‍ പങ്കെടുത്തിട്ടുള്ള കാര്യം കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി റോമിലെ അനുഭവം സ്മരിച്ച് പറഞ്ഞിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ കൂടെ ഒട്ടേറെ ചടങ്ങുകളില്‍, പ്രത്യേകിച്ച് സഭയുടെ ചടങ്ങുകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. സഭയിലെ ഓരോ ചലനങ്ങളിലും ഉമ്മന്‍ ചാണ്ടി ബദ്ധശ്രദ്ധനായിരുന്നു. സഭകളുടെ ലോകകൗണ്‍സിലിന്‍റെ (WCC) ആസ്ഥാനത്തു ഒരിക്കല്‍ ഞാന്‍ ചെന്നപ്പോള്‍ WCC യുടെ ഇന്‍റര്‍നാഷണല്‍ അഫേഴ്സ് ഡയറക്ടര്‍ ഡോ. മാത്യൂസ് ജോര്‍ജ് ചുനക്കര, ഉമ്മന്‍ ചാണ്ടിയുടെ WCC ബന്ധം പറഞ്ഞതു ഓര്‍ക്കുന്നു. ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ഉമ്മന്‍ ചാണ്ടി WCC ഓസ്ട്രിയയില്‍ നടത്തിയ ഒരു രാജ്യാന്തര സംവാദത്തില്‍ പങ്കെടുത്തിരുന്നുവെന്നാണ് ഡോ. മാത്യൂസ് ജോര്‍ജ് ചുനക്കര പറഞ്ഞത്. രാഷ്ട്രീയ തിരക്കില്‍ തുടര്‍ന്ന് ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും സഭാരംഗത്തു പ്രവര്‍ത്തിക്കുന്ന എത്രയോ ചെറുപ്പക്കാര്‍ക്കു അദ്ദേഹം പ്രോത്സാഹനം നല്‍കിയിരിക്കുന്നു.

പുതുപ്പള്ളി പള്ളിയുടെ തിരുമുറ്റത്തു പതിമൂന്നു വൈദികരുടെ കല്ലറകളുടെ ഇടയില്‍ മൂന്നു തെങ്ങുകളുടെ ശീതളച്ഛായയിലാണ് ഉമ്മന്‍ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്നത്. ജീവിച്ചിരുന്നപ്പോള്‍ ജനങ്ങള്‍ക്കു അദ്ദേഹം ഒരു കല്‍പവൃക്ഷമായിരുന്നു. ഇപ്പോള്‍ കല്‍പവൃക്ഷങ്ങള്‍ക്കു അദ്ദേഹം ഒരു കല്‍പവൃക്ഷമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു! വൈക്കം മുഹമ്മദ് ബഷീറിന്‍റെ ഒരു കഥയുണ്ട് – ‘തേന്മാവ്.’ മരിക്കാന്‍ കിടക്കുമ്പോള്‍ ലഭിച്ച വെള്ളം ഉണങ്ങിയ ഒരു മാവിന്‍തൈയുടെ ചുവട്ടില്‍ ഒഴിച്ച് അതിനു ‘ജീവന്‍’ പ്രദാനം ചെയ്യുന്ന ഒരു സഞ്ചാരിയുടെ കഥയാണിത്. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം പ്രകൃതിക്കും ജീവന്‍ പകരുന്ന അനുഭവം നാം കാണുന്നു. “മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്കു തിരികെപ്പോകുക’ എന്നു പറഞ്ഞു നമ്മള്‍ ഉമ്മന്‍ ചാണ്ടിയെ സംസ്കരിച്ചെങ്കിലും മരിച്ച ഉമ്മന്‍ ചാണ്ടി വര്‍ദ്ധിച്ച ശോഭയോടെ ജനങ്ങളുടെ മധ്യസ്ഥനായിക്കൊണ്ടിരിക്കുന്ന കാഴ്ച നമ്മള്‍ കാണുന്നു.

കേരളം വിട്ട് ആദ്യമായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കാനെത്തിയപ്പോള്‍ ‘താജ്മഹല്‍’ കണ്ടിട്ടുണ്ടോയെന്ന് ഒരു പത്രപ്രവര്‍ത്തകന്‍ ഒരു കുസൃതിചോദ്യം ഉമ്മന്‍ ചാണ്ടിയോട് ചോദിച്ചു. ജീവിതത്തില്‍ മനുഷ്യന്‍റെ സൗന്ദര്യമല്ലാതെ ഭൂമിയുടെ സൗന്ദര്യമൊന്നും കണ്ടിട്ടില്ലാത്ത ഉമ്മന്‍ ചാണ്ടിയുടെ “ഇല്ല” എന്ന ഉത്തരം കേട്ടിട്ട് ആ പത്രപ്രവര്‍ത്തകന്‍ ഒന്നു ഞെട്ടി. താജ്മഹല്‍ കാണാതെ എങ്ങനെ ഡല്‍ഹിയില്‍ ജീവിക്കാനൊക്കും? ഉമ്മന്‍ ചാണ്ടി കാണാത്ത ആ താജ്മഹല്‍ കേരളത്തിലെ ജനഹൃദയങ്ങളില്‍ ഇതാ, ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നു. ഇന്ത്യക്കു ഇപ്പോള്‍ ആഗ്രയിലെ താജ്മഹല്‍ മാത്രമല്ല, കേരളത്തിലെ ജനലക്ഷങ്ങളുടെ ഹൃദയങ്ങളിലെ ഈ താജ്മഹല്‍ കൂടി ഉണ്ടായിട്ടുണ്ട്.