പ്രാചീനകാലഘട്ടം മുതല്‍തന്നെ ഭാരതസഭാചരിത്രത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് കൊല്ലം. പരിശുദ്ധനായ മാര്‍ത്തോമ്മാ ശ്ലീഹായാണ് ഇവിടെ പള്ളി സ്ഥാപിച്ചത്. കൊല്ലം ഒരു പുരാതന വാണിജ്യകേന്ദ്രമായിരുന്നു. എ.ഡി. 52-ല്‍ കൊടുങ്ങല്ലൂര്‍ എത്തിയ തോമ്മാശ്ലീഹാ അവിടെ സഭ സ്ഥാപിച്ചശേഷം കൊല്ലത്ത് വന്നു. ഒരു വര്‍ഷത്തോളം കൊല്ലത്തു താമസിച്ചു എന്നാണ് റമ്പാന്‍ പാട്ടില്‍ കാണുന്നത്. കൊല്ലവര്‍ഷത്തിന്‍റെ ആരംഭം എ.ഡി. 824-ല്‍ കൊല്ലത്ത് സ്ഥാപിതമായ ക്രൈസ്തവ മതവിഭാഗത്തോട് ബന്ധപ്പെട്ടിട്ടുള്ളതാണ്. അഞ്ചാം മാര്‍ത്തോമ്മായും ആറാം മാര്‍ത്തോമായും ഈ ഭദ്രാസനത്തിലെ പ്രധാനപ്പെട്ട പള്ളികള്‍ സന്ദര്‍ശിച്ചിട്ടുള്ളതായി ചരിത്രരേഖകള്‍ ഉണ്ട്.
1876-ല്‍ രൂപീകൃതമായ കൊല്ലം ഭദ്രാസനത്തില്‍ 31 പള്ളികളാണുണ്ടായിരുന്നത്. ആദ്യകാലത്ത് മലങ്കര മെത്രാപ്പോലീത്ത പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസിയോസ് രണ്ടാമന്‍ ഭദ്രാസന ഭരണം നിര്‍വ്വഹിച്ചു. ദീര്‍ഘനാള്‍ മലങ്കര മെത്രാപ്പോലീത്തായുടെ നേരിട്ടുള്ള നിയന്ത്രണത്തിലിരുന്ന ഈ ഭദ്രാസന ഭരണം, ഇടക്കാലത്ത് നിരണം ഭദ്രാസനത്തിന്‍റെ പരുമല മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, കല്ലാശേരില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത (പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ) എന്നിവര്‍ നിര്‍വ്വഹിച്ചിരുന്നു. 1938-ല്‍ കൊല്ലം ഭദ്രാസനത്തിനുവേണ്ടി ബഥനിയുടെ അലക്സിയോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലിത്ത അഭിഷിക്തനായി. അദ്ദേഹത്തെത്തുടര്‍ന്ന് മാത്യൂസ് മാര്‍ കൂറിലോസ് (പ. മാത്യൂസ് ദ്വിതീയന്‍ ബാവാ), മാത്യൂസ് മാര്‍ എപ്പിഫാനിയോസ്, സഖറിയാ മാര്‍ അന്തോണിയോസ് എന്നീ മെത്രാപ്പോലീത്താമാര്‍ ഭദ്രാസന ഭരണം നടത്തി. 2022 മുതല്‍ ഡോ. ജോസഫ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്ത ഭദ്രാസന ചുമതല വഹിക്കുന്നു.
മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെ കാലത്ത് ഭദ്രാസന ആസ്ഥാനം കൊല്ലത്ത് സ്ഥാപിക്കുകയും അരമനയും ചാപ്പലും (കത്തീഡ്രല്‍) നിരവധി സ്ഥാപനങ്ങളും ആരംഭിക്കുകയും ചെയ്തു. തിരുവനന്തപുരം, ചെങ്ങന്നൂര്‍, മാവേലിക്കര, അടൂര്‍, കൊട്ടാരക്കര എന്നീ ഭദ്രാസനങ്ങള്‍ കൊല്ലം ഭദ്രാസനത്തിലെ പള്ളികള്‍ക്കൂടി ചേര്‍ത്ത് രൂപീകരിച്ചവയാണ്. ഒരു കത്തീഡ്രല്‍ ഉള്‍പ്പെടെ 64 പള്ളികളുള്ള ഈ ഭദ്രാസനത്തിലാണ് പുരാതനമായ തേവലക്കര, കല്ലട, കൊല്ലം കാദീശ്ശാ എന്നീ പള്ളികളും കുണ്ടറ സെമിനാരിയും ഉള്‍പ്പെടുന്നത്.
പ. മാത്യൂസ് ദ്വിതീയന്‍ ബാവാ ഉള്‍പ്പെടെ നിരവധി മേല്‍പ്പട്ടക്കാര്‍ ഈ ഭദ്രാസനത്തില്‍നിന്നുള്ളവരാണ്. ഈ ഭദ്രാസനത്തില്‍പ്പെട്ട ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തില്‍ പ. മാത്യൂസ് ദ്വിതീയന്‍ ബാവായും കൊല്ലം അരമനയില്‍ മാത്യൂസ് മാര്‍ എപ്പിഫാനിയോസും തേവലക്കരപ്പള്ളിയില്‍ മാര്‍ ആബോ, കല്ലട പള്ളിയില്‍ മാര്‍ അന്ത്രയോസ് എന്നീ വിദേശ മേല്‍പ്പട്ടക്കാരും കബറടങ്ങിയിരിക്കുന്നു. ശാസ്താംകോട്ട മാര്‍ തേവോദോസിയോസ് മിഷന്‍ ഹോസ്പിറ്റല്‍, ശാസ്താംകോട്ട നേഴ്സിങ് കോളജ്, സെന്‍റ് തോമസ് ബോയ്സ് ഹോം, ഭദ്രാസന അരമനയോടു ചേര്‍ന്ന ഷോപ്പിങ് കോംപ്ലക്സ്, തലവൂര്‍ ശാന്തിഭവന്‍, മിത്രപുരം എസ്റ്റേറ്റ്, കൊട്ടാരക്കര എപ്പിഫാനിയോസ് സെന്‍റര്‍, ശൂരനാട് മാര്‍ എപ്പിഫാനിയോസ് സെന്‍റര്‍ എന്നിവയാണ് ഭദ്രാസനത്തിലെ പ്രധാന സ്ഥാപനങ്ങള്‍. ശാസ്താംകോട്ട ഈപ്പന്‍ ട്രസ്റ്റിന്‍റെ കീഴില്‍ സ്കൂളുകള്‍, എഞ്ചിനീയറിങ് കോളജ്, ഹോസ്റ്റല്‍, അടൂര്‍ വി.എച്ച്.എസ്. സ്കൂള്‍, ശാസ്താംകോട്ട ബൈബിള്‍ സ്കൂള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. ഭദ്രാസനത്തിന്‍റേതായി ‘പൗരസ്ത്യതാരം’ എന്നൊരു മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്.