“താഴ്മയോടെ മറ്റുള്ളവനെ തന്നെക്കാള്‍ ശ്രേഷ്ഠന്‍ എന്നു എണ്ണിക്കൊള്‍വിന്‍” | ഫിലിപ്പോസ് റമ്പാന്‍


പെന്തിക്കോസ്തിക്കുശേഷം ഒന്‍പതാം ഞായര്‍. വി. ലൂക്കോസ് 14:7-11

പരീശപ്രമാണികളില്‍ ഒരുവന്‍റെ ഭവനത്തില്‍ ക്ഷണമനുസരിച്ച് യേശുതമ്പുരാന്‍ വിരുന്നിനു പോയപ്പോള്‍ അവിടെ വച്ചു അരുളിച്ചെയ്ത ചില വചനങ്ങളാണ് വി. ലൂക്കോസ് 14: 7 മുതല്‍ 11 വരെ കാണുന്നത്. വിരുന്നിനു യേശുവും നേരത്തെ എത്തുന്നു. ചുറ്റുപാടും നോക്കിയശേഷം ഒരു ഒഴിഞ്ഞ കോണില്‍ താനും സ്ഥലം പിടിക്കുന്നു. ഉടനെതന്നെ സ്നേഹരൂപിയായ തന്‍റെ കണ്ണുകള്‍ ഒരു രോഗിയുടെ ദയനീയ അവസ്ഥയിലേക്ക് ആകര്‍ഷിക്കപ്പെടുകയും തന്‍റെ സ്നേഹം അവനിലേക്ക് പ്രവഹിപ്പിച്ചിട്ട് അവനെ സൗഖ്യമാക്കുകയും ചെയ്യുന്നു. ഇതോടുകൂടി എല്ലാവരുടെയും ശ്രദ്ധ അവന്‍റെ മേല്‍ പതിയുന്നു. കുറെ സമയം താന്‍ മൗനമായിരുന്നശേഷം പ്രധാന സ്ഥാനങ്ങള്‍ക്കുവേണ്ടി തന്‍റെ ചുറ്റുപാടും നടന്ന മത്സരത്തെ വീക്ഷിച്ചിട്ട് സമയോചിതമായി താന്‍ ഇപ്രകാരം കല്‍പ്പിക്കുന്നു.

ഒരു വിവാഹ വിരുന്നിനു നിങ്ങളെ ആരെങ്കിലും ക്ഷണിച്ചാല്‍ മുഖ്യാസനത്തു കയറി ഇരിക്കരുത്. നിങ്ങളെക്കാള്‍ മാന്യനായ ഒരു അതിഥിയെ ക്ഷണിച്ചിട്ടുണ്ടായിരിക്കാം. ആതിഥേയന്‍ വന്ന് “ഇദ്ദേഹത്തിനു ഇടം ഒഴിഞ്ഞു കൊടുക്കുക” എന്നു നിങ്ങളോടു പറഞ്ഞാല്‍ ലജ്ജിതമായി എഴുന്നേറ്റു ഏറ്റവും ഒടുവിലത്തെ ഇരിപ്പിടത്തില്‍ പോയി ഇരിക്കേണ്ടിവരും. എന്നാല്‍ നിങ്ങള്‍ വിരുന്നിനു ക്ഷണിക്കപ്പെടുമ്പോള്‍ ഏറ്റവും ഒടുവിലത്തെ സ്ഥാനത്തു ഇരിക്കുക. ആതിഥേയന്‍ വന്ന് നിങ്ങളോടു, “സ്നേഹിതാ മുമ്പോട്ടു കയറി ഇരിക്കൂ” എന്നു പറയുവാന്‍ ഇടയാകട്ടെ. അപ്പോള്‍ വിരുന്നിനു വന്നിരിക്കുന്നവരുടെ മുമ്പില്‍ നിങ്ങള്‍ ബഹുമാനിതനാകും. തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും, തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും. താഴ്മ അഭിനയിക്കുവാനല്ല. താഴ്മ ജീവിതശൈലിയാക്കുവാനുള്ള ഉപദേശമാണിവിടെ ലഭിക്കുന്നത്. വിരുന്നില്‍ ക്ഷണിക്കപ്പെട്ട പ്രധാനന്മാരായ പരീശന്മാരും മുഖ്യാസനങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ കാണിച്ച ആസക്തിയാണ് ഈ സംഭാഷണത്തിന്‍റെ മുഖ്യകാരണം. എന്നാല്‍ യേശുതമ്പുരാന്‍ നമ്മോടു പറയുവാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍

1) ആത്മാവിലും സത്യത്തിലും വിനയമുള്ളവരായിത്തീരുക

അന്യരുടെ ദൃഷ്ടിയില്‍ വലിയവരായി ഗണിക്കപ്പെടണമെന്നുള്ള ആഗ്രഹം സാധാരണ എല്ലാവരിലും ഏതെങ്കിലും ഒരു രൂപത്തില്‍ കാണാവുന്നതാണ്. ലോകത്തിന്‍റെ വളര്‍ച്ചയ്ക്കും മനുഷ്യജാതിയുടെ ഉന്നമനത്തിനുമായി ദൈവത്തില്‍ നിന്നു ലഭ്യമായ ഒരു ശക്തിയുടെ ദുഷിച്ച ഫലമാണ് ഇത്. ലോകത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതും ഈ ശക്തിയുടെ ദുരുപയോഗമാണെന്ന് സന്ദേഹമെന്യേ പറയാം. രാജ്യങ്ങള്‍ തമ്മിലുള്ള ശണ്ഠകള്‍ക്കും, ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ കാണുന്ന വിപ്ലവങ്ങള്‍ക്കും, വ്യക്തികളില്‍ കളിയാടുന്ന വിദ്വേഷത്തിനും, അസൂയയ്ക്കും, സൗന്ദര്യപിണക്കത്തിനും, ദുഷിക്കും എല്ലാം അടിസ്ഥാനമായിരിക്കുന്നത് ഈ ദുരാഗ്രഹം ഒന്നു മാത്രമാണ്.

മറ്റുള്ളവരുടെ ദൃഷ്ടിയില്‍ ഒരുവനു മാന്യത ലഭിക്കുവാനുള്ള ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം വിനീതത്വമാണ്. ലൗകിക കാര്യങ്ങളില്‍ എന്നപോലെ ആത്മീയ കാര്യങ്ങളിലും ഈ തത്വമാണ് സ്വീകാര്യമായിട്ടുള്ളത്. വി. കുര്‍ബ്ബാന മുതലായ കൂദാശകളോട് സമീപിക്കുന്ന ഒരാള്‍ തന്‍റെ അയോഗ്യതയെപ്പറ്റി അല്ലെങ്കില്‍ കുറവുകളെപ്പറ്റി എത്രമാത്രം ആഴമായ ബോധത്തോടുകൂടി ചെയ്യുന്നുവോ അത്രയ്ക്ക് ഹാര്‍ദ്ദവമായ സ്വീകരണമാണ് ദൈവസന്നിധിയില്‍ ലഭിക്കുക. വിനയത്തിന്‍റെ ആവശ്യകതയെ ബോദ്ധ്യപ്പെടുത്തുവാനായി കര്‍ത്താവ് പല അവസരങ്ങളിലും ഉപയോഗപ്പെടുത്തുന്ന ഒരു ഉപദേശമാണിത്. ധര്‍മ്മിഷ്ടതയും വിനയവും കര്‍ത്താവിന്‍റെ സര്‍വ്വപ്രധാനമായ ഉപദേശങ്ങള്‍ സ്വര്‍ഗ്ഗരാജ്യ അനുഭവത്തിനു ഒരുവനെ യോഗ്യനാക്കുന്ന പ്രധാന ഉപാധികളാണ്. കപടവേഷത്തിനോ കേവലം താഴ്മയുടെ ഭാവനക്കോ ഇവിടെ യാതൊരു സ്ഥാനവുമില്ല. ആത്മാവിലും സത്യത്തിലും വിനയമുള്ളവനാണ് സാക്ഷാല്‍ ക്രിസ്ത്യാനി.

ആനുകാലിക യഹൂദസമൂഹത്തിലെ ഒരു പൊതുപ്രവണതയെ യേശുമശിഹാ തിരുത്തുകയാണിവിടെ. പൊതുവേദികളിലും പരസ്യമായും ഉയര്‍ന്ന സ്ഥാനം പിടിച്ചുപറ്റുന്ന തത്രപ്പാടിലായിരുന്നു യഹൂദ നേതൃത്വം. ഇതുമൂലം ചിലപ്പോള്‍ അവര്‍ പരസ്യമായി അപമാനിതരായ അവസരങ്ങളും ചുരുക്കമല്ലായിരുന്നു. അതുകൊണ്ട് എവിടെ ക്ഷണിക്കപ്പെട്ടാലും അവസാനത്തെ സ്ഥാനത്തു പോയി ഇരിക്കുകയാണു വേണ്ടത് എന്നു യേശു ഉപദേശിക്കുന്നു. അതുമൂലം ലജ്ജിക്കുവാന്‍ ഒരിക്കലും ഇടയാവുകയില്ല. നേരെമറിച്ച് പരസ്യമായി ബഹുമാനിതനാകുവാന്‍ കൂടുതല്‍ സാദ്ധ്യതയുമുണ്ടുതാനും. “അവ്വണ്ണം ഇളയവരേ മൂപ്പന്മാര്‍ക്കു കീഴടങ്ങിയിരിപ്പിന്‍. എല്ലാവരും തമ്മില്‍ തമ്മില്‍ കീഴടങ്ങി താഴ്മ ധരിച്ചുകൊള്‍വിന്‍. ദൈവം നിഗളികളോടു നില്‍ക്കുന്നു. താഴ്മയുള്ളവര്‍ക്കോ കൃപ നല്‍കുന്നു. അതുകൊണ്ടു അവന്‍ തക്കസമയത്തു നിങ്ങളെ ഉയര്‍ത്തുവാന്‍ ദൈവത്തിന്‍റെ ബലമുള്ള കൈക്കീഴില്‍ താണിരിപ്പിന്‍” (1 പത്രോസ് 5:5-6)

2) സ്വാര്‍ത്ഥത കൂടാതെയുള്ള സേവനബോധമുള്ളവരായിത്തീരുക

നിങ്ങളില്‍ ജ്ഞാനിയും വിവേകിയുമായവന്‍ ആര്‍? അവന്‍ ജ്ഞാനലക്ഷണമായ സൗമ്യതയോടെ നല്ല നടപ്പില്‍ തന്‍റെ പ്രവൃത്തികളെ കാണിക്കട്ടെ (വി. യാക്കോബ് 3:13). ശാസ്ത്രിമാരും പരീശന്മാരും അവര്‍ തങ്ങളുടെ പ്രവൃത്തികളെല്ലാം മനുഷ്യര്‍ കാണേണ്ടതിനത്രേ ചെയ്യുന്നത്. പള്ളികളില്‍ മുഖ്യാസനവും അങ്ങാടിയില്‍ വന്ദനവും മനുഷ്യര്‍ റബ്ബീ എന്നു വിളിക്കുന്നതും അവര്‍ക്കു പ്രിയമാകുന്നു. എന്നാല്‍ ക്രിസ്തു പറയുന്നു “നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷക്കാരന്‍ ആകേണം.” ഓര്‍ത്തുകൊള്ളുക നിങ്ങളെക്കാള്‍ ശ്രേഷ്ഠന്‍ മറ്റൊരുവന്‍ ഉണ്ടാകും.

മനുഷ്യഹൃദയത്തിന്‍റെ മര്‍മ്മസ്ഥാനത്തേക്കാള്‍ ഇവിടെ കര്‍ത്താവ് വിരല്‍ ചൂണ്ടിയിരിക്കുന്നത്. സാക്ഷാല്‍ വലിയവന്‍റെ ലക്ഷണമെന്താണെന്ന് താന്‍ ഇവിടെ സ്പഷ്ടമാക്കുന്നു. മേശക്കിരിക്കുന്നവനല്ല വലിയവന്‍, പിന്നെയോ മേശക്ക് ശുശ്രൂഷിക്കുന്നവനാണ്. ഒരുവന്‍ വലിയവനാകണമെന്നാഗ്രഹിക്കുന്നു എങ്കില്‍ അതു സാധിപ്പാനുള്ള മറ്റുള്ളവരുടെ ദാസനായിത്തീരുകയാണ്. സ്വാര്‍ത്ഥത കൂടാതെയുള്ള സേവനബോധമാണ് ഒരുവനെ ശ്രേഷ്ഠനാക്കുന്നത്. തന്നെത്താന്‍ വലിയവനെന്ന് ഭാവിച്ചതുകൊണ്ടോ പ്രധാന സ്ഥാനങ്ങളെ കരസ്ഥമാക്കുന്നതുകൊണ്ടോ പ്രാപിക്കാവുന്ന ഒന്നല്ല ഇത്. യേശുക്രിസ്തു തന്‍റെ ദൃഷ്ടാന്തംമൂലം വെളിവാക്കിയിരിക്കുന്നതുപോലെ മറ്റുള്ളവരുടെ സുഖത്തേയും നന്മയേയും മുന്‍നിര്‍ത്തി നാം പ്രവര്‍ത്തിക്കേണ്ടതാണ്.

ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തന്‍ മറ്റുള്ളവനെ തന്നെക്കാള്‍ ശ്രേഷ്ഠന്‍ എന്നു എണ്ണിക്കൊള്‍വിന്‍. ഓരോരുത്തന്‍ സ്വന്തഗുണമല്ല മറ്റുള്ളവന്‍റെ ഗുണംകൂടെ നോക്കേണം. ക്രിസ്തുയേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവന്‍ ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യ സാദൃശ്യത്തിലായി തന്നെത്താന്‍ ഒഴിച്ചു വേഷത്തില്‍ മനുഷ്യനായി വിളങ്ങി. തന്നെത്താന്‍ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ അനുസരണമുള്ളവനായി തൂര്‍ന്നു.

താഴ്മ അഭിനയിക്കുവാനുള്ള ഒരാഹ്വാനമല്ല യേശു നല്‍കുന്നത്. താഴ്മ അഭിനയിച്ചിട്ടു, സ്ഥാനമാനങ്ങള്‍ക്കുവേണ്ടി പരോക്ഷമായി പരവശരാകുന്നവരെത്തന്നെ ഉദ്ദേശിച്ചാണ് യേശു ഇതു പറയുന്നത്. അതുകൊണ്ട് രാഷ്ട്രീയത്തിലും മതത്തിലും കാണുന്ന അധികാരത്തിനു വേണ്ടിയുള്ള ആവേശം യേശുവിന്‍റെ ദൃഷ്ടിയില്‍ പരിഹാസ്യമാണ്. നാലാം നൂറ്റാണ്ടിലെ സഭാപിതാക്കന്മാരില്‍ പ്രമുഖനും കപ്പദോക്യന്‍ പിതാക്കന്മാരില്‍ ഒരാളുമായ നാസിയാന്‍സിലെ ഗ്രീഗോറിയോസ് തന്നെ മെത്രാന്‍ സ്ഥാനത്തേക്കു തിരഞ്ഞെടുക്കുവാന്‍ പോകുന്നുവെന്നറിഞ്ഞു ആരുമറിയാതെ സ്ഥലം വിടുകയുണ്ടായി. പിന്നീടു സഭയുടെ ശക്തമായ നിര്‍ബന്ധത്തിനു വഴങ്ങി പട്ടം സ്വീകരിച്ചപ്പോള്‍ എന്തുകൊണ്ടാണ് താന്‍ മുമ്പ് ഒളിച്ചോടിയത് എന്ന് വിവരിച്ചു ഒരു പ്രഭാഷണം നടത്തിയിട്ടുണ്ട്. സഭയില്‍ പുരോഹിത സ്ഥാനത്തേക്കു വരുവാന്‍ ആഗ്രഹിക്കുന്നവര്‍ ആവശ്യം വായിച്ചിരിക്കേണ്ടതാണ് പ്രസ്തുത പ്രഭാഷണം.

സഭയുടെ ആരാധന വര്‍ഷത്തിലെ അഞ്ചാമത്തെ കാലഘട്ടമായ പെന്തിക്കോസ്തി കാലത്തിലൂടെയായിരുന്നു നാം ഇതുവരെയും സഞ്ചരിച്ചുകൊണ്ടിരുന്നത്. അടുത്ത ആഴ്ച നമ്മുടെ കര്‍ത്താവിന്‍റെ തേജസ്ക്കരണപ്പെരുന്നാള്‍ ആഘോഷിക്കുവാന്‍ നാം ഒരുങ്ങുകയാണല്ലോ. അടുത്ത ആഴ്ച മുതല്‍ തേജസ്കരണ കാലഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. കൂടാതെ വി. മാതാവിന്‍റെ വാങ്ങിപ്പുപെരുന്നാളിനോടനുബന്ധിച്ചുള്ള 15 നോമ്പിലേക്കും നാം ഓഗസ്റ്റ് ഒന്നു മുതല്‍ പ്രവേശിക്കുകയാണല്ലോ. ഏവര്‍ക്കും അനുഗ്രഹപ്രദമായ ഒരു നോമ്പുകാലം ആശംസിക്കുന്നു. “ഇതാ ഞാന്‍ കര്‍ത്താവിന്‍റെ ദാസി. നിന്‍റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ” എന്ന് പറഞ്ഞ് ദൈവഹിതത്തിന് തന്നെ സമര്‍പ്പിച്ചവളാണ് വി. കന്യകമറിയാം. ദൈവഹിതത്തിന് തന്നെ സമര്‍പ്പിച്ച മാതാവിനെപ്പോലെ വി. കന്യകമറിയാമിന്‍റെ മദ്ധ്യസ്ഥതയില്‍ നമുക്ക് അഭയപ്പെടാം. മാതാവിനെപ്പോലെ വിനയമുള്ളവരായി മാറാം. തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും. തന്നെത്താന്‍ താഴ്ത്തപ്പെടുന്നവന്‍ എല്ലാം ഉയര്‍ത്തപ്പെടും (വി. മത്തായി 23:12).