എത്യോപ്യന്‍ സഭയില്‍ വീണ്ടും വിമത നീക്കം

എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ വീണ്ടും വിമത നീക്കം. എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസില്‍ നിന്ന് വംശീയ-രാഷ്ട്രീയ പ്രേരിതരായി സ്വയം വേര്‍പിരിഞ്ഞ 4 ആര്‍ച്ചുബിഷപ്പുമാര്‍ ചേര്‍ന്ന് 6 ബിഷപ്പുമാരെ വാഴിച്ചു. തിഗ്രേയിലെ അക്സും സെന്‍റ് മേരീസ് സീയോന്‍ കത്തീഡ്രലില്‍ ജൂലൈ 23-നാണ് അകാനോനികവും നിയമവിരുദ്ധവുമായ ഈ സംഭവം നടന്നത്. ഒരു പുതിയ ‘സുന്നഹദോസ്’ രൂപീകരിക്കുന്നതാണ് അടുത്ത നീക്കമെന്ന് അവര്‍ വ്യക്തമാക്കി. മെത്രാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത 10 പേരില്‍ നിന്ന് 6 പേരെയാണ് അന്നു വാഴിച്ചത്. നേരത്തെ എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ആബൂനാ മത്ഥിയാസ് നടത്തിയ അനുരഞ്ജനനീക്കത്തോട് വിമതര്‍ സഹകരിച്ചില്ല. എത്യോപ്യയുടെ വടക്ക് എറിത്രിയായോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമണ് തിഗ്രേ. ഇതിനിടെ ജൂലൈ 16-ന് പാത്രിയര്‍ക്കീസ് ആബൂനാ മത്ഥിയാസിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ എത്യോപ്യന്‍ സഭയില്‍ 9 മെത്രാന്മാര്‍ വാഴിക്കപ്പെട്ടു.

ഈ വര്‍ഷം രണ്ടാം പ്രാവശ്യമാണ് എത്യോപ്യന്‍ സഭയില്‍ വിഘടിത നീക്കമുണ്ടാകുന്നത്. ജനുവരി മാസത്തില്‍ രൂപപ്പെട്ട ഭിന്നത സഭയുടെയും ‘ഒറോമിയാ സിനഡ്’ എന്നറിയപ്പെട്ട വിമതരുടെയും സര്‍ക്കാരിന്‍റെയും പ്രതിനിധികള്‍ തമ്മില്‍ നടന്ന ചര്‍ച്ചകളിലൂടെ മൂന്നാഴ്ചയ്ക്കകം പരിഹരിക്കുകയുണ്ടായി. ഒറോമിയാ വംശീയ-ഭാഷാ-സംസ്കാരിക പ്രശ്നങ്ങളായിരുന്നു ഭിന്നതയുടെ അടിസ്ഥാന കാരണം. വിഘടിതവിഭാഗത്തിന് നേതൃത്വം നല്‍കിയ മൂന്ന് ആര്‍ച്ച്ബിഷപ്പുമാര്‍ ജനുവരി 22-ന് സിനഡിന്‍റെ അറിവോ സമ്മതമോ കൂടാതെ 26 പേരെ ബിഷപ്പുമാരായി വാഴിച്ചിരുന്നു. വിഘടിതവിഭാഗത്തിന് നേതൃത്വം നല്‍കിയ മൂന്ന് മെത്രാന്മാരുടെയും മുടക്ക് പിന്‍വലിക്കുകയും അവര്‍ വാഴിച്ച മെത്രാന്മാര്‍ തല്‍ക്കാലം പഴയ സ്ഥാനങ്ങളിലേക്ക് മടങ്ങുകയും ചെയ്തു.

എത്യോപ്യന്‍ സഭയില്‍ 1991-ല്‍ ഉടലെടുത്ത ഭിന്നിപ്പ് എത്യോപ്യന്‍ സര്‍ക്കാരിന്‍റെ പിന്തുണയോടെ 2018-ല്‍ സമ്പൂര്‍ണ യോജിപ്പിലെത്തി പരിഹരിച്ചിരുന്നു. കമ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ കീഴില്‍ 1988 ല്‍ എത്യോപ്യന്‍ സഭയുടെ നാലാമത്തെ പാത്രിയര്‍ക്കീസായി വാഴിക്കപ്പെട്ട ആബൂനാ മെര്‍ക്കോറിയോസ്, കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റിന്‍റെ തകര്‍ച്ചയെ തുടര്‍ന്ന് അവരുമായി സഹകരിച്ചതിന്‍റെ പേരില്‍ 1991-ല്‍ സുന്നഹദോസിനാല്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. 1993ല്‍ പലായനം ചെയ്ത അദ്ദേഹം പിന്നീട് അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടി. സഭയിലെ ഒരു ചെറിയ വിഭാഗത്തിനു നേതൃത്വം നല്‍കിക്കൊണ്ട് അദ്ദേഹം ന്യൂജേഴ്സിയില്‍ താമസിക്കുകയായിരുന്നു. ആബൂനാ മത്ഥിയാസ് പാത്രിയര്‍ക്കീസ് നേതൃത്വം നല്‍കിയ ഔദ്യോഗിക വിഭാഗവും (ആഡിസ് അബാബാ സിനഡ്) ആബൂനാ മെര്‍ക്കോറിയോസ് പാത്രിയര്‍ക്കീസ് നേതൃത്വം നല്‍കിയ രാജ്യത്തിനു പുറത്തുള്ള വിഭാഗവും (എക്സൈല്‍ സിനഡ്) 2018 ജൂലൈ 31ന് സമ്പൂര്‍ണ യോജിപ്പിലെത്തിയതിനെ തുടര്‍ന്ന് അമേരിക്കയില്‍ പ്രവാസിയായി കഴിഞ്ഞ ആബൂനാ മെര്‍ക്കോറിയോസ് എത്യോപ്യയില്‍ മടങ്ങിയെത്തി. എത്യോപ്യന്‍ പ്രധാനമന്ത്രി ഡോ. അബി അഹമദ് അലിയുടെ ശക്തമായ ഇടപെടലാണ് 27 വര്‍ഷത്തെ ഭിന്നിപ്പ് അവസാനിപ്പിച്ചത്. പരസ്പര മുടക്കുകള്‍ പിന്‍വലിച്ചതോടെ ഒരു സഭയും ഒരു സുന്നഹദോസും മാത്രമായി. ആബൂനാ മെര്‍ക്കോറിയോസ് 2022 മാര്‍ച്ച് 3 ന് കാലം ചെയ്തു.