ഒറ്റമരത്തുരുത്ത്; വികസന പദ്ധതികൾക്കായി ഏതറ്റം വരെയും പോയ മുഖ്യമന്ത്രി


കൊച്ചി മെട്രോ പദ്ധതിയുടെ നടത്തിപ്പ് ഡൽഹി മെട്രോ റെയിൽ കോർപറേഷനെ ഏൽപിക്കണമെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആഗ്രഹത്തിന് അന്നത്തെ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അനുകൂലമായിരുന്നില്ല. ഡൽഹി മെട്രോയുടെ തുടർ വികസനം വൈകുമോ എന്നതായിരുന്നു അവരുടെ ആശങ്ക. ഉടൻ ഉമ്മൻ ചാണ്ടി ഡൽഹിക്കു വിമാനം കയറി. ഷീലാ ദീക്ഷിതിന്റെ ഔദ്യോഗികവസതിയിലെ പ്രഭാത ഭക്ഷണത്തിനിടെ അവരുടെ മനസ്സുമാറ്റി. ഇ.ശ്രീധരനെ പദ്ധതിയേൽപിക്കുന്നതിൽ ഉടക്കിട്ട ഐഎഎസ് ഉദ്യോഗസ്ഥരെയും ഉമ്മൻ ചാണ്ടിയുടെ നയതന്ത്രം വരിഞ്ഞുകെട്ടി. നാടിനും ജനത്തിനും ഗുണകരമെന്നു ബോധ്യപ്പെട്ടാൽ വികസന പദ്ധതികൾക്കായി ഏതറ്റം വരെയും പോകുന്ന മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. ഇത് ആർക്കെങ്കിലും ദോഷകരമെന്നു വന്നാൽ പിന്മാറുന്നതിന് ഒരു ‘ഈഗോ’യും തടസ്സമായതുമില്ല.

മെട്രോ കാര്യങ്ങൾക്കായി മുഖ്യമന്ത്രിയുടെ ചേംബറിൽ ആദ്യ കൂടിക്കാഴ്ചയ്ക്കെത്തിയ ശ്രീധരനോട് എപ്പോൾ തുടങ്ങാൻ പറ്റും എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ‘ഇന്നലെത്തന്നെ തുടങ്ങേണ്ടതായിരുന്നു’ എന്നു ശ്രീധരന്റെ മറുപടി. ഉമ്മൻ ചാണ്ടിയുടെ വേഗമറിയാവുന്ന മെട്രോമാൻ അങ്ങനെ ഒരു മറുപടി പറഞ്ഞതിൽ അദ്ഭുതമില്ലെന്ന് ഈ കൂടിക്കാഴ്ചയ്ക്കു സാക്ഷിയായിരുന്ന പ്രൈവറ്റ് സെക്രട്ടറി പി.എസ്.ശ്രീകുമാർ പറയുന്നു. കൊച്ചിക്കു മെട്രോ കൊടുത്തപ്പോൾ, കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ പ്രഖ്യാപിച്ചു വികസന സന്തുലിതാവസ്ഥയും ഉറപ്പാക്കി.

വിഴിഞ്ഞം രാജ്യാന്തര തുറമുഖം അദാനി പോർട്സിനെ ഏൽപിക്കുന്നതിൽ കെപിസിസി മുതൽ എഐസിസി വരെ എതിരായിരുന്ന സമയം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരെ ഡൽഹിക്കു തിരിച്ചു. പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയെയും പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും വീട്ടിലെത്തി കണ്ടു. ഇനിയും കാത്തിരുന്നാൽ കേരളത്തിനു പദ്ധതി തന്നെ ഇല്ലാതാകുമെന്ന ആശങ്ക പങ്കുവച്ചു. ഉമ്മൻ ചാണ്ടിയുടെ വാക്കുകളിലെ ആത്മാർഥത ഇരുനേതാക്കൾക്കും കണ്ടില്ലെന്നു നടിക്കാനായില്ല. പദ്ധതിക്കു പാർട്ടിയുടെയും കേന്ദ്രസർക്കാരിന്റെയും അനുമതി ലഭിച്ചു.

ദേശീയപാതാ വികസനത്തിനു വേണ്ടി നടത്തിയ പരിശ്രമം ചില സമരങ്ങളിൽ കുടുങ്ങിയപ്പോൾ വികസന വിഷയങ്ങളിൽ ഉമ്മൻ ചാണ്ടിയുടെ ‘പ്ലാൻ ബി’ കേരളം കണ്ടു. അതായിരുന്നു 50 ശതമാനം ചെലവ് സംസ്ഥാനം വഹിച്ചുകൊണ്ടു യാഥാർഥ്യമാക്കിയ കൊല്ലം, ആലപ്പുഴ, കോഴിക്കോട് ബൈപാസുകൾ. ‘എന്തു വിലകൊടുത്തും’ വികസനം നടപ്പാക്കുമെന്ന നിർബന്ധ ബുദ്ധിയുണ്ടായിരുന്നില്ല. സർക്കാരും ജനവും വലിയ വില കൊടുക്കേണ്ടിവരുമെന്നു കണ്ടപ്പോൾ അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിച്ചത് അതുകൊണ്ടായിരുന്നു. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ സമരം ചെയ്ത സുഗതകുമാരിയോട്, ആ പദ്ധതിയെക്കുറിച്ച് ആലോചിക്കേണ്ടിയിരുന്നില്ലെന്നു തുറന്നു സമ്മതിക്കാൻ മുഖ്യമന്ത്രിസ്ഥാനത്തിന്റെ ഭാരം ഉമ്മൻ ചാണ്ടിക്കു തടസ്സമായില്ല.

കണ്ണൂർ വിമാനത്താവളത്തിൽ ട്രയൽ റൺ നടത്തിയത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ്. പൈപ്‌ലൈൻ വഴി ആദ്യമായി പാചകവാതകം നൽകിയതും അദ്ദേഹത്തിന്റെ കാലത്താണ്. നാളേയ്ക്കുള്ളതായിരുന്നു ഉമ്മൻ ചാണ്ടിയുടെ വികസന നയം. ഇന്നു കേരളം നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുന്ന സ്റ്റാർട്ടപ്പ് എന്ന ആശയവും ‘നാളേയ്ക്കുള്ള’ അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു.

വേഗറെയിലിനു പകരം ആലോചിച്ച സബർബൻ റെയിൽ നടപ്പാക്കാൻ കഴിയാതെ പോയതു വികസന വഴിയിൽ എന്നും ഒരു ദുഃഖമായി അദ്ദേഹം കൊണ്ടുനടന്നു. പ്രവാസികളുടെ യാത്രാനിരക്കു കുറയ്ക്കാൻ ആലോചിച്ച എയർ കേരള പദ്ധതി കേന്ദ്രനിയമത്തിൽ കുരുങ്ങിയതു മറ്റൊരു ദുഃഖം.

രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ ഒരു യോഗത്തിൽ കെ.എം.മാണിയും പി.കെ.കുഞ്ഞാലിക്കുട്ടിയും തമ്മിൽ ഒരു പ്രധാന വിഷയത്തിൽ രൂക്ഷമായ വാദപ്രതിവാദം നടക്കുന്നു. രണ്ടുപേർ പറയുന്നതിലും കാര്യമുണ്ടെങ്കിലും ഒറ്റത്തീരുമാനത്തിലേക്ക് എത്താനാകുന്നില്ല. രണ്ടുവശത്തുമിരുന്നു മന്ത്രിമാർ വാദിക്കുമ്പോൾ ഒരുകെട്ടു നിവേദനങ്ങൾ എടുത്തുവച്ച് അതിൽ ധനസഹായം കുറിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. കുറേ നേരം ഇതു നീണ്ടപ്പോൾ ആര്യാടൻ മുഹമ്മദ് ഇടപെട്ടു.

നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ കയറി ഒരു സർക്കാരിനെ അഞ്ചുവർഷം നയിച്ച കയ്യടക്കത്തിന് ഇതിലും വലിയ ഉദാഹരണമെന്തെന്ന്, ഉമ്മൻ ചാണ്ടി സർക്കാരിന്റെ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസൺ ചോദിക്കുന്നു.

കുഞ്ഞാലിക്കുട്ടി ഒരിക്കൽ എഴുതി: പരസ്പരം തർക്കിക്കുന്നവർക്കു രണ്ടു ചെവിയും കൊടുക്കും ഉമ്മൻ ചാണ്ടി. ബാക്കിയുള്ള കൈവച്ചു ഫയലുകളിൽ ഒപ്പിടും. വർത്തമാനം പറയും. ഇതിനിടയിൽ ആദ്യത്തെ തർക്കത്തിൽ തീരുമാനവുമെടുക്കും. ഏത് ഇന്ദ്രിയമാണ് ഉപയോഗിക്കുന്നതെന്നു അദ്ഭുതപ്പെട്ടിട്ടുണ്ട്. ‘അപ്പോൾ അങ്ങനെ തീരുമാനിക്കാം’ എന്നു പറയുമ്പോൾ ‘ എങ്ങനെ’എന്നു പലവട്ടം തിരിച്ചുചോദിച്ചിട്ടുണ്ട്. ഒരു ചിരിയായിരിക്കും മറുപടി!

ഘടകകക്ഷികളെ മാത്രമല്ല, ഭരണം കൈകാര്യം ചെയ്യുന്നതിലുമുണ്ടായിരുന്നു തികഞ്ഞ കയ്യടക്കം. ഫുട്ബോൾ മൈതാനത്ത്, ഏതു കളിക്കാരനെ ഏതു സമയത്ത്, ഏതു പൊസിഷനിൽ ഇറക്കിവിടണമെന്നറിയാവുന്ന പരിശീലകനെപ്പോലെയായിരുന്നു അദ്ദേഹം. ഇറക്കി വിടുക മാത്രമല്ല, കൃത്യമായി കളിയുടെ ഗതി മാറ്റുകയും ചെയ്യും. പിന്നീട് ചീഫ് സെക്രട്ടറിയായി മാറിയ കെ.എം.ഏബ്രഹാമിനെ ധനകാര്യവകുപ്പിൽ നിയോഗിച്ചപ്പോൾ ഒരു പ്രധാന ഘടകകക്ഷി എതിർപ്പുന്നയിച്ചു. എന്നാൽ, അന്നത്തെ സിവിൽ സർവീസ് ടീമിൽ ഏബ്രഹാമിനോളം പറ്റിയ ഒരാൾ ധനകാര്യ വകുപ്പ് ഏൽപിക്കാൻ ഇല്ലെന്ന് ഉമ്മൻ ചാണ്ടി തിരിച്ചറിഞ്ഞു. ആ തീരുമാനം ഘടകകക്ഷിയെ പിണക്കാതെ സാധിച്ചെടുക്കുകയും ചെയ്തു.

അറബിക് സർവകലാശാലയ്ക്കു വേണ്ടി മുസ്‍ലിം ലീഗ് സമ്മർദം ശക്തമാക്കിയപ്പോൾ എന്തു തീരുമാനമെടുക്കുമെന്നറിയാതെ കോൺഗ്രസ് വിഷമിച്ചു. പഠിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയാണ് ഉമ്മൻ ചാണ്ടി ചെയ്തത്. പഠനം നടത്തിയ ചീഫ് സെക്രട്ടറി നൽകിയ നിർദേശം, എല്ലാ വിദേശഭാഷകളും പഠിപ്പിക്കുന്ന ഒരു സർവകലാശാല വേണമെന്നതായിരുന്നു. ഇതോടെ വിഷയം തൽക്കാലമടങ്ങി.

മുൻപിലെത്തുന്ന ഫയൽ കുത്തിയിരുന്നു പഠിക്കുന്ന രീതിയൊന്നും ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്നില്ല. പക്ഷേ ഒറ്റ നോട്ടം മതി, അതു ഗുണമോ ദോഷമോ എന്നു കണ്ടെത്താൻ. അങ്ങനെയൊരു ആറാമിന്ദ്രിയം അദ്ദേഹത്തിനുണ്ടായിരുന്നെന്ന് ഒപ്പം പ്രവർത്തിച്ച ഉദ്യോഗസ്ഥർ പറയുന്നു.

ഉദ്യോഗസ്ഥർക്കിടയിൽ സ്വന്തമായി ഒരു കോർ ടീം ഒന്നുമുണ്ടാക്കിയിരുന്നില്ല. കേൾക്കുക എന്ന ഗുണം മാത്രമല്ല, എല്ലാവരെയും കേൾക്കുക എന്ന വലിയ ഗുണവും അദ്ദേഹത്തിനുണ്ടായിരുന്നു. നല്ലതെങ്കിൽ ഏത് ആശയവും എവിടെനിന്നുമെടുക്കും. സിവിൽ സർവീസ് തലത്തിൽ അദ്ദേഹത്തിന് ഉപഗ്രഹങ്ങൾ ഇല്ലാതിരുന്നതു ഉദ്യോഗസ്ഥർക്കു നൽകിയ ധൈര്യം ചെറുതല്ല.

ഉദ്യോഗസ്ഥരെ ഒരു കാര്യത്തിലും ബലി കൊടുക്കാതിരിക്കാനുള്ള കരുതലും കാണിച്ചു. 2013ൽ കണ്ണൂരിൽ വച്ചു കല്ലേറുകൊണ്ട സമയത്ത്, സ്വാഭാവികമായും സുരക്ഷാ വീഴ്ചയുടെ പേരിൽ മൂന്നോ നാലോ പൊലീസ് ഉദ്യോഗസ്ഥരുടെ തൊപ്പി തെറിക്കുമായിരുന്നു. എന്നാൽ ഒരുദ്യോഗസ്ഥനെതിരെ പോലും നടപടി പാടില്ലെന്ന് അദ്ദേഹം കർശന നിർദേശം നൽകിയതായി മുൻ ഡിജിപി എ.ഹേമചന്ദ്രൻ ഓർമിക്കുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിനെച്ചൊല്ലിയുള്ള അന്തർസംസ്ഥാന കലഹം കേരളത്തിലും തമിഴ്നാട്ടിലും വൈകാരിക പ്രതികരണങ്ങളുണ്ടാക്കിയ സമയത്ത് തർക്കം തണുപ്പിക്കാൻ ഉമ്മൻ ചാണ്ടി നടത്തിയ അധ്വാനവും ഹേമചന്ദ്രൻ ഓർമിച്ചെടുക്കുന്നു.

സമരമോ പ്രതിഷേധമോ ഉണ്ടാകുമ്പോൾ അതു വഷളാകാൻ കാത്തിരിക്കാതെ അങ്ങോട്ടു കയറിച്ചെല്ലാനുള്ള ധൈര്യവും അദ്ദേഹം പുലർത്തി. വിഴിഞ്ഞം പദ്ധതിക്കെതിരെയുണ്ടായ പ്രതിഷേധം തണുപ്പിച്ചു പദ്ധതി തുടങ്ങിയത് അങ്ങനെയുള്ള ചില ഇടപെടലുകളായിരുന്നു.
മുട്ടിൻമേൽ വച്ചു ശുപാർശക്കത്തെഴുതുന്നുവെന്ന്, ഉമ്മൻ ചാണ്ടിയെ കളിയാക്കാനായി രാഷ്ട്രീയ എതിരാളികളും, അദ്ദേഹത്തിന്റെ വിശാല മനസ്കത സൂചിപ്പിക്കാനായി അനുയായികളും ഒരേപോലെ പറഞ്ഞു നടക്കുമായിരുന്നു. സഹായം ചോദിച്ചു മുൻപിലെത്തുന്നവർക്കായിരുന്നു ഏതു തിരക്കിനിടയിലും ആദ്യ പരിഗണന. മന്ത്രിസഭാ യോഗത്തിലേക്കു പോലും ഒരുകെട്ട് നിവേദനങ്ങളുമായി കയറിച്ചെല്ലുന്ന ഉമ്മൻ ചാണ്ടിയെയായിരുന്നു സഹപ്രവർത്തകർക്കു പരിചയം.

ഒരിക്കൽ ഒഡീഷയിൽനിന്നു കേരളത്തിലേക്കു വൈദ്യുതി എത്തിക്കാനുള്ള 50,000 കോടി രൂപയുടെ പദ്ധതി സംസാരിക്കാൻ ഒരു സംഘം നിക്ഷേപകർ മുഖ്യമന്ത്രിയെ കാണാൻ എത്തി. മുഖ്യമന്ത്രിയുടെ മുറിയിൽ ചെല്ലുമ്പോൾ അദ്ദേഹം കസേരയിൽ ഇല്ല.

നിവേദനങ്ങളുമായെത്തിയ കുറേപ്പേർക്കിടയിൽനിന്നു മുഖ്യമന്ത്രിയെ കണ്ടെത്താൻ സംഘം ഏറെ പണിപ്പെട്ടു. മുഖ്യമന്ത്രിക്കു മുൻപിൽ പദ്ധതി അവതരിപ്പിച്ചുകൊണ്ടിരിക്കേ, നിവേദകസംഘത്തിൽനിന്ന് ഒരു സ്ത്രീ ഓടിയെത്തി. കോഴിഫാമിലെ കോഴികളെല്ലാം രോഗം വന്നു ചത്തുപോയെന്നും സഹായിക്കണമെന്നുമുള്ള അപേക്ഷ.

50,000 കോടിയുടെ പദ്ധതിയുമായി മുന്നിലിരിക്കുന്ന സംഘത്തോടു കാത്തിരിക്കാൻ പറഞ്ഞ്, ആ സ്ത്രീയുടെ നിവേദനത്തിൽ 50,000 രൂപ അനുവദിക്കാൻ എഴുതിക്കൊടുക്കുകയാണ് ഉമ്മൻ ചാണ്ടി ചെയ്തത്.!