ചുവപ്പുനാടകൾ മാറ്റിയെഴുതി ജനസമ്പർക്കം; മാറ്റിയെടുത്തത് 57 ജനദ്രോഹ ചട്ടങ്ങൾ


തിരുവനന്തപുരം: ഇടുക്കിയിൽ ജനസമ്പർക്ക പരിപാടിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുന്നിലെത്തിയ ഒരു പെൺകുട്ടിയുടെ ചോദ്യമാണ് പിന്നീട്, സർക്കാർ വർഷങ്ങളായി തുടർന്നുവന്ന ഒരു ചട്ടം മാറ്റാൻ കാരണമായത്. അച്ഛനു പിന്നാലെ അമ്മ കൂടി മരിച്ചതാണോ താൻ ചെയ്ത തെറ്റ് എന്നായിരുന്നു ആ പെൺകുട്ടിയുടെ ചോദ്യം. പാവപ്പെട്ട വിധവകളുടെ പെൺമക്കൾക്കു വിവാഹ ധനസഹായം നൽകുന്ന പദ്ധതിയിൽ അച്ഛനും അമ്മയും മരിച്ചുപോയ പാവപ്പെട്ട പെൺകുട്ടികൾക്ക് സഹായം ലഭിക്കുമായിരുന്നില്ല. ആ പെൺകുട്ടി വിവാഹസഹായത്തിന് കയറിയിറങ്ങാത്ത സർക്കാർ ഓഫിസുകളുമുണ്ടായിരുന്നില്ല.

ആ ചോദ്യത്തിന്, തൊട്ടടുത്ത ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഉമ്മൻ ചാണ്ടി ഉത്തരം കണ്ടെത്തി. പാവപ്പെട്ട വിധവകളുടെ പെൺമക്കൾക്കു വിവാഹ ധനസഹായം നൽകുന്ന പദ്ധതി മാതാപിതാക്കൾ മരിച്ച പാവപ്പെട്ട പെൺകുട്ടികൾക്കു കൂടി നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഒന്നാംഘട്ട ജനസമ്പർക്ക പരിപാടിക്കുശേഷം ഇത്തരത്തിൽ ഇറങ്ങിയത് 45 ഉത്തരവുകളാണ്. എല്ലാം സാധാരണക്കാരനു ലഭിക്കേണ്ട സഹായങ്ങൾ ചുവപ്പുനാടയിൽ കുരുക്കിയിട്ട വ്യവസ്ഥകൾ പൊളിച്ചെഴുതിയ ഉത്തരവുകൾ.

മുന്നിലെത്തുന്നവരോട് ഒന്നും പറ്റില്ലെന്നുപറഞ്ഞ് ഉമ്മൻചാണ്ടി തിരിച്ചയയ്ക്കാറില്ല. ആ കാര്യം നടത്തിക്കൊടുക്കാൻ നിയമപരമായി എന്തുചെയ്യാൻ കഴിയുമെന്നു നോക്കും. നിയമത്തെ മറികടന്നല്ല, മുട്ടാപ്പോക്കായി നിൽക്കുന്ന നിയമക്കുരുക്കുകൾ മറികടക്കാൻ നിയമവും ചട്ടവും മാറ്റിയെഴുതി അതു നടപ്പാക്കും. ആ ശീലമാണ് ജനസമ്പർക്കത്തിലേക്ക് എത്തിച്ചത്.

രണ്ടാം ഘട്ട ജനസമ്പർക്കവും പൂർത്തിയാക്കിയപ്പോൾ 57 ഉത്തരവുകളാണ് ഇത്തരത്തിൽ പുറത്തിറങ്ങിയത്.