കോട്ടയം ∙ ഉമ്മൻ ചാണ്ടിക്കായി പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പ്രത്യേക കബറിടം ഒരുങ്ങുന്നു. പള്ളിമുറ്റത്തു വൈദികരുടെ കബറിടത്തിനു സമീപത്തായാണ് ഉമ്മൻ ചാണ്ടിക്കായി കബറിടം തയാറാക്കുന്നത്.
പള്ളി സെമിത്തേരിയിൽ കരോട്ട് വള്ളക്കാലിൽ കുടുംബത്തിന്റെ കല്ലറയുണ്ടെങ്കിലും ഉമ്മൻ ചാണ്ടി മലങ്കര ഓർത്തഡോക്സ് സഭയ്ക്കും പുതുപ്പള്ളി പള്ളിക്കും നാടിനും നൽകിയ സേവനത്തിനും നല്ല നിമിഷങ്ങൾക്കുമുള്ള ആദരസൂചകമായാണു പ്രത്യേക കബറിടം ഒരുക്കാൻ തീരുമാനിച്ചതെന്നു വികാരി ഫാ. ഡോ. വർഗീസ് വർഗീസ് അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ വിയോഗവാർത്ത അറിഞ്ഞ് പള്ളിയിൽ അടിയന്തര കമ്മിറ്റി യോഗം ചേർന്നാണു തീരുമാനമെടുത്തത്.
പ്രിയപ്പെട്ട ഇടം, അന്ത്യവിശ്രമത്തിനും…
പുതുപ്പള്ളി ∙ സുഖത്തിലും ദുഃഖത്തിലും ആദ്യം അഭയം തേടിയെത്തുന്ന പ്രിയപ്പെട്ട ഇടം. ഒടുവിൽ അന്ത്യവിശ്രമത്തിനായി എത്തുന്നതും ഇവിടേക്കു തന്നെ.
പുതുപ്പള്ളിയെന്ന നാട് ഉമ്മൻ ചാണ്ടിയുടെ വികാരമായിരുന്നെങ്കിൽ പുതുപ്പള്ളി പള്ളി ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ എക്കാലവും ഉമ്മൻ ചാണ്ടിക്കു പ്രിയപ്പെട്ടവയായിരുന്നു. ലോകത്തെവിടെയാണെങ്കിലും ഞായറാഴ്ച പുലർച്ചെ പുതുപ്പള്ളി പള്ളിയിൽ കുർബാനയ്ക്ക് എത്തുന്നതായിരുന്നു ശീലം. ദേവാലയത്തിൽ എത്തുമ്പോൾ ഉമ്മൻ ചാണ്ടിക്കു മുഖ്യമന്ത്രിയുടെയോ എംഎൽഎയുടെയോ രാഷ്ട്രീയക്കാരന്റെയോ മേൽവിലാസം ഇല്ലായിരുന്നു.
തീർത്തും സാധാരണക്കാരൻ. പള്ളിയുടെ പിൻഭാഗത്തെയോ വശത്തെയോ വാതിലിനോടു ചേർന്നാണു നിന്നിരുന്നത്. പള്ളിയുടെ നടയിൽ ഉമ്മൻ ചാണ്ടി ഇരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പല തവണ പ്രചരിച്ചിരുന്നു. ജീവിതത്തിലെ നിർണായക ഘട്ടങ്ങളിലും തീരുമാനങ്ങൾ എടുക്കേണ്ട അവസരങ്ങളിലും പള്ളിയിലോ പള്ളിക്കു മുന്നിലെ കുരിശിൻചുവട്ടിലോ എത്തി പ്രാർഥിക്കുന്നതു പതിവായിരുന്നു.