കോട്ടയം ∙ ബസേലിയസ് കോളജിന്റെ ഒരു വർഷം നീളുന്ന വജ്രജൂബിലി ആഘോഷം ഇന്ന് 11-ന് പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. ഓർത്തഡോക്സ് സഭാ കോളജുകളുടെ മാനേജർ ഡോ. സഖറിയാസ് മാർ അപ്രേം, തോമസ് ചാഴികാടൻ എംപി, പൂർവ വിദ്യാർഥികളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ എന്നിവർ പ്രസംഗിക്കും. പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സ്മരണാർഥം 1964 ജൂലൈ 4-നാണ് കോളജ് സ്ഥാപിച്ചത്.
യുജിസി നാക് അക്രഡിറ്റേഷനിൽ ഏറ്റവും ഉയർന്ന ഗ്രേഡ് നേടിയ കോളജ് വജ്രജൂബിലി വർഷത്തിൽ ഒട്ടധികം പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഭവനരഹിതരായ വിദ്യാർഥികൾക്ക് വീടുകൾ നിർമിച്ചുനൽകുന്ന ‘ബേസൽ ഹോം’ പദ്ധതി നടപ്പിലാക്കും. പൂർവവിദ്യാർഥി സംഘടനയായ വി–ബസേലിയൻ കോളജിനായി നിർമിക്കുന്ന ഡിജിറ്റൽ തിയറ്ററിന്റെ ഉദ്ഘാടനം, വിരമിച്ച മുൻ അധ്യാപക– അനധ്യാപകർ, നിലവിലുള്ള അധ്യാപകർ എന്നിവരുടെ സ്നേഹസംഗമം ‘ഹൃദ്യം’, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിക്കുന്ന ‘ശ്രേഷ്ഠ’ എന്നിവയും രാജ്യാന്തര സെമിനാറുകൾ, ശിൽപശാലകൾ, കായിക മത്സരങ്ങൾ, കലാസാംസ്കാരിക സമ്മേളനങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കും. മന്ത്രിമാർ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും.
അറുപതാണ്ടുകളായി അക്കാദമിക, കലാ, കായിക സാംസ്കാരിക മേഖലകളിൽ മികവുറ്റ പ്രവർത്തനം നടത്തുന്ന കലാലയമാണിത്.നാഷനൽ സർവീസ് സ്കീം, എൻസിസി യൂണിറ്റുകൾ മികച്ച പ്രകടനം കാഴ്ചവച്ചു. 12 ബിരുദ വകുപ്പുകൾ, 7 ബിരുദാനന്തര വകുപ്പുകൾ, 3 ഗവേഷണ വിഭാഗങ്ങൾ എന്നിവയുണ്ട്. വിപുലമായ ആഘോഷക്കമ്മിറ്റിക്കു രൂപം നൽകിയിട്ടുണ്ടെന്ന് പ്രിൻസിപ്പൽ പ്രഫ.ഡോ.ബിജു തോമസ്, വൈസ് പ്രിൻസിപ്പൽ പ്രഫ. ഡോ.പി.ജ്യോതിമോൾ, ബർസാർ ഡോ. ജോയി മർക്കോസ് എന്നിവർ അറിയിച്ചു.
പ്രൗഢിയോടെ ബസേലിയസ് എന്ന കലാലയ രാജാവ്; അറുപതാം പിറന്നാൾ ആഘോഷത്തിന് ഇന്നു തുടക്കം
കോട്ടയം ∙ ബസേലിയസ് എന്നാൽ രാജാവ് എന്നാണർഥം. വിദ്യ അർഥിച്ചുവന്നവരെയെല്ലാം എല്ലാക്കാലത്തും ഇരുകയ്യും നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് ഈ രാജകീയ കലാലയത്തിനുള്ളത്. അറിവിന്റെ നിറവിലൂടെ ഒട്ടേറെ ജീവിതങ്ങളെ മാറ്റിമറിച്ചു എന്നതു മാത്രമല്ല, സാഹിത്യത്തെയും ചരിത്രത്തെയും രാഷ്ട്രീയത്തെയും നഗരത്തെയും എങ്ങനെയൊക്കെ ഒരു കലാലയം സ്വാധീനിക്കുമെന്നതിന്റെ ഉദാഹരണം കൂടിയാണ് ബസേലിയസ്. വ്യത്യസ്ത മേഖലകളിലെ പ്രതിഭകളുടെ വലിയ തലമുറകളെയാണ് ഈ കലാലയം വാർത്തെടുത്തത്.
ചരിത്രത്തിന്റെ താളുകളിലേക്ക് നടന്നുകയറിയ കലാലയം അറുപതാം പിറന്നാളിന്റെ നിറവിലാണ്.അഖില കേരള ബാലജനസഖ്യം പ്രസിഡന്റും കെഎസ്‌യു സംസ്ഥാന പ്രസിഡന്റും ആഭ്യന്തര മന്ത്രിയുമായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, മോൻസ് ജോസഫ് എംഎൽഎ ഉൾപ്പെടെയുള്ളവർ ഈ കോളജിലെ പൂർവവിദ്യാർഥികളാണ്.
ചലച്ചിത്ര ഛായാഗ്രാഹകൻ വേണു, ചലച്ചിത്ര താരങ്ങളായ വിജയരാഘവൻ, ഗിന്നസ് പക്രു, ശാലു കുര്യൻ, ഗായിക സിസിലി, തിരക്കഥാകൃത്തുക്കളും കഥാകൃത്തുക്കളുമായ എസ്. ഹരീഷ്, ഉണ്ണി. ആർ, കവികളായ മനോജ് കുറൂർ, എം.ആർ. രേണുകുമാർ എന്നിവരും ബാസ്കറ്റ്ബോൾ ഇന്ത്യൻ ടീം മുൻ ക്യാപ്റ്റൻ മുഹമ്മദ് ഇക്ബാൽ, ഒളിംപ്യൻ ജിൻസൺ ജോൺസൺ, ഹാൻഡ്ബോൾ രാജ്യാന്തര താരം തനു മാത്യു, സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബോൾ ടീം അംഗങ്ങളായ കെ സൽമാൻ, ജി. സഞ്ചു, മുഹമ്മദ് റാഷിദ് എന്നിവരും ഇവിടെ പഠിച്ചവരാണ്.
യുജിസി നാക് അക്രഡിറ്റേഷനിൽ ഏറ്റവും ഉയർന്ന ഗ്രേഡ് നേടിയ ഇവിടത്തെ എൻഎസ്എസ്, എൻസിസി യൂണിറ്റുകൾ മികവിന്റെ സമ്മാനങ്ങൾ പലവട്ടം നേടിയിട്ടുണ്ട്. പ്ലേസ്മെന്റ് സെൽ മുഖേന വിദ്യാർഥികൾക്ക് പഠന കാലയളവിൽ തന്നെ ബാങ്കിങ് മേഖലയിലും മറ്റു സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നു.