വൈദിക ശമ്പള പരിഷ്കരണ സമിതി നിർദേശിച്ച പ്രധാനപ്പെട്ട സേവന വ്യവസ്ഥകൾ

1. ചുമതലയുള്ള പള്ളിയിൽ വൈദികൻ എല്ലാ ദിവസവും സന്ധ്യാ പ്രാർത്ഥന നടത്തിയിരിക്കണം. മറ്റു യാമപ്രാർത്ഥനകളും പള്ളിയിൽ തന്നെ നടത്തുന്നത് അഭികാമ്യമായിരിക്കും

2. ഒന്നിൽ കൂടുതൽ ഇടവകകളുടെ ചുമതലയുള്ള വൈദികൻ, വിശുദ്ധ കുർബ്ബാന അർപ്പിക്കുന്ന പള്ളിയിൽ തലേ ദിവസം സന്ധ്യാ നമസ്കാരം നടത്തിയിരിക്കണം.

3. ഞായറാഴ്ചകളിൽ എന്ന പോലെ തന്നെ എല്ലാ മാറാനായ പെരുന്നാളുകളിലും വിശുദ്ധ കുർബ്ബാനയും, അനുബന്ധ ശുശ്രൂഷകളും വൈദികന് ചുമതലയുള്ള പള്ളിയിൽ നിർബന്ധമായും നടത്തിയിരിക്കണം.

4. വൈദികൻ പ്രതിവർഷം രണ്ടു പ്രാവശ്യമെങ്കിലും തങ്ങളുടെ ഇടവകയിലെ ഭവനങ്ങൾ നിർബന്ധമായും സന്ദർശിക്കണം. രോഗികളുള്ള ഭവനങ്ങളും, മരണമടഞ്ഞവരുടെ ഭവനങ്ങളും കൂടുതൽ പ്രാവശ്യം സന്ദർശിച്ച് ബന്ധപ്പെട്ടവർക്ക് ആശ്വാസം പകർന്നു കൊടുക്കണം. വർഷത്തിൽ ഒരു പ്രാവശ്യം എല്ലാ ഭവനങ്ങളും കൂദാശ ചെയ്തിരിക്കണം.

5. ആരാധനയിൽ ജനങ്ങളുടെ പങ്കാളിത്തവും ഐകരൂപ്യവും ഉണ്ടാകുവാൻ വേണ്ട പരിശീലനം നൽകണം. ആരാധനാ പുസ്തകങ്ങൾ ഉപയോഗിച്ച് ആരാധനയിൽ സജീവമായി പങ്കെടുക്കുവാൻ ജനങ്ങളെ ബോധവൽക്കരിക്കണം.

6. ഇടവകയിലെ എല്ലാ ആത്മീയ സംഘടനകളുടെയും പ്രവർത്തനങ്ങളിൽ വൈദികർ സജീവമായി പങ്കെടുത്ത് അവയിലെ അംഗങ്ങൾക്ക് പ്രയോജനകരമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകണം. സഭയിൽ നിന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഏതെങ്കിലും ആത്മീയ സംഘടന ഇടവകയിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ അത് സംഘടിപ്പിക്കണം. വിശ്വാസ പഠന പദ്ധതി ക്രമീകരിച്ച് പ്രാർത്ഥനാ യോഗങ്ങളിലൂടെ നടപ്പാക്കണം.

7.എന്റെ പിതാവിന്റെ ആലയം പ്രാർത്ഥനാലയം എന്ന ക്രിസ്തുവചനത്തിന്റെ അന്ത:സത്ത ഉൾക്കൊണ്ടുകൊണ്ട് ദൈവാലയങ്ങൾ വിശ്വാസികൾക്ക് സദാ പ്രാർത്ഥനക്കായി തുറന്നു കൊടുക്കുവാൻ വേണ്ട ക്രമീകരണം ചെയ്യണം.

8. വൈദികൻ വിശ്വാസികളുടെ ആത്മീയ പിതാവ് എന്ന നിലയിൽ പിതൃ സഹജമായ വാത്സല്യത്തോടും കരുതലോടും കൂടി ജനങ്ങളുടെ ആത്മീയ വളർച്ചക്കും പൊതുവായ ഉയർച്ചക്കും വേണ്ടി അഹോരാത്രം അധ്വാനിക്കണം.

9. ഇടവകയുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും, സാമ്പത്തിക അച്ചടക്കം പുലർത്തുന്നതിനും വൈദികൻ കൂടുതൽ ഉൽസാഹിക്കണം.

10. വൈദിക ഇൻഷ്വറൻസ്, വൈദിക ക്ഷേമനിധി, വൈദിക ശബള സബ്സിഡി , എന്നിവയുടെ വിഹിതം കണ്ടെത്തുന്നതിനായി കാതോലിക്കാ ദിന പിരിവും, മെത്രാസന ദിന പിരിവും ഇടവകയിലെ ഭവനങ്ങൾ വൈദികന്റെ നേതൃത്വത്തിൽ സന്ദർശിച്ച് സമാഹരിക്കണം.

11.സഭാ കേന്ദ്രത്തിൽ നിന്നും മെത്രാസന കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന കല്പനകളും നിർദ്ദേശങ്ങളും ഇടവക ജനങ്ങളെ അറിയിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യണം. വൈദികരുടെ പേരിൽ ഇടവകക്കായി ലഭിക്കുന്ന കല്പനകളും അറിയിപ്പുകളും ഇടവകയുടെ ഫയലിൽ സൂക്ഷിക്കണം.

12. മുന്നൂറ് ഭവനങ്ങളിൽ കൂടുതലുള്ള ഇടവകകളിൽ ഫലപ്രദമായ സേവനം ഉറപ്പാക്കുന്നതിനായി രണ്ടു വൈദികരെ നിയമിക്കുന്നതിന് പരിശുദ്ധ സുന്നഹദോസ് തീരുമാനം അനുസരിച്ച് ഇടവകയിൽ നിയമിതരാകുന്ന രണ്ടു വൈദികരുടെയും പൂർണ്ണമായ സേവനം ഉണ്ടാകണം. ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ മെത്രാപ്പോലീത്താമാർ നൽകണം.

13. മൂന്ന് വർഷം കൂടുമ്പോൾ വൈദികർക്ക് ഇടവക മാറ്റി നൽകുന്നതിനെ, റിട്ടയർമെന്റ് എന്ന നിലയിൽ കണ്ട് വലിയ തോതിൽ ഉപഹാരങ്ങൾ നൽകി യാത്ര അയയ്ക്കുന്നതിൽ നിന്ന് ഇടവകാംഗങ്ങളെ പിന്തിരിപ്പിക്കണം.

പൊതു നിർദ്ദേശങ്ങൾ:

1. വൈദികർ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഇടവക ജനങ്ങളിൽ നിന്ന് കടം വാങ്ങുന്നത് ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുവാൻ പാടില്ല.

2. പ്രത്യേകമായി ചുമതല നൽകിയിട്ടുള്ള വൈദികർ മാത്രമേ പൊതു സമൂഹ മാധ്യമങ്ങളിലൂടെ സഭയുടെ നിലപാടുകൾ പ്രസ്താവിക്കാവൂ.

3.വൈദികരുടെ വ്യക്തിപരമായ പ്രശസ്തിക്കുവേണ്ടി സ്വയമായോ പിന്തുണ സംഘത്തെ ഉപയോഗിച്ചോ പൊതു സമൂഹ മാധ്യമങ്ങൾ വഴി പ്രചരണം നടത്തുവാൻ പാടില്ല.

4. വിവിധ വാർത്താ മാധ്യമങ്ങളിലൂടെ (ഫെയ്സ് ബുക്ക്,വാട്സ് ആപ്പ്, ട്വീറ്റർ മുതലായവ) സഭയുടെ നിലപാടുകൾക്കും യശസ്സിനും കോട്ടം വരുത്തുന്ന വിധത്തിലുള്ള യാതൊരുവിധ പ്രതികരണങ്ങളും വൈദികർ നടത്തിക്കൂടാ. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണം.

5. വൈദികർ സോഷ്യൽ മീഡിയായിൽ വൈദികരുടെ സംസ്കാരത്തിന് അനുയോജ്യമല്ലാത്ത വിധത്തിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാനും, സ്ഥാനോചിത വസ്ത്രങ്ങൾ ഇല്ലാത്ത ചിത്രങ്ങൾ പ്രദർശിപ്പിക്കുവാനും പാടില്ലാത്തതാകുന്നു.

6. വൈദികർ അവരുടെ ഓരോ മാസത്തേയും പ്രവർത്തന റിപ്പോർട്ട് ഇടവക മെത്രാപ്പോലീത്തായ്ക്ക് യഥാസമയം കൊടുക്കണം.

7. വൈദികരുടെ പ്രവർത്തന റിപ്പോർട്ട് ഒരു രജിസ്റ്ററിൽ രേഖപ്പെടുത്തി ഇടവകയിൽ സ്ഥിരമായി സൂക്ഷിക്കണം. മൂന്ന് മാസത്തിൽ ഒരിക്കൽ ഇതിൽ ഇടവക മെത്രാപ്പോലീത്താ ഒപ്പ് വയ്ക്കണം.

8. ഓരോ വൈദികനെയും സംബന്ധിച്ചുള്ള കോൺഫിഡൻഷ്യൽ റിപ്പോർട്ടും സർവ്വീസ് ബുക്കും ഇടവക മെത്രാപ്പോലീത്താ സൂക്ഷിക്കണം

9. വൈദികന്റെ റിട്ടയർമെന്റ് പ്രായപരിധി 65 ആയിരിക്കും.

10.കുർബ്ബാന പണം, തളിക (സ്തോത്ര കാഴ്ച ) എന്നിവയ്ക്ക് വൈദികർക്ക് അവകാശമില്ല.