പഴയനിയമവും പുതിയനിയമവും ദൈവികവെളിപാടിന്റെ ലിഖിത രൂപങ്ങളായി സഭ പരിഗണിക്കുന്നു . അതുകൊണ്ട് സഭയെ സംബന്ധിച്ചിടത്തോളം അവ രണ്ടും ക്രിസ്തീയവിശ്വാസത്തിന്റെ ആധികാരിക രേഖകളാണ് . പഴയനിയമ വെളിപാടും അതിലെ ദൈവസങ്കല്പവും അതിൽ കാണുന്ന ദൈവിക ഇടപെടലും സഭയ്ക്കു ബാധകമല്ല എന്ന അടുത്ത കാലത്ത് നടന്നുവരുന്ന പ്രചരണം സഭയ്ക്കു സ്വീകാര്യമല്ല . എന്നാൽ സഭയുടെ ഈ നിലപാട് സ്ഥാപിച്ചെടുക്കേണ്ട ബാദ്ധ്യത സഭാശുശ്രൂഷകർക്കുണ്ട് .
സഭയുടെ കാഴ്ചപ്പാടിൽ നിന്നു ഭിന്നമായി ചിന്തിക്കുന്നവർ തങ്ങളുടെ നിലപാടുകൾ സാധൂകരിക്കുവാനായി ഉന്നയിക്കുന്ന വാദങ്ങൾ ഇവയാണ് .
1. പഴയനിയമത്തിൽ വെളിപ്പെടുന്ന ദൈവത്തിന്റെ നാമം യഹോവ എന്നാണ് . ഈ പേരിലുള്ള ഒരു ദൈവത്തെപ്പറ്റി പുതിയനിയമത്തിൽ പരാമർശം ഇല്ല .
2 , പുതിയനിയമത്തിലും സഭയുടെ വിശ്വാസപ്രഖ്യാപനങ്ങളിലും ദർശിക്കുന്ന ത്രിത്വ രൂപത്തിലുള്ള ദൈവികഘടനയിൽ ഈ ദൈവനാമത്തിനോ ദൈവത്തിനോ ഇടമുള്ളതായി കാണുന്നില്ല . അതായത് ത്രിത്വ ദൈവികദർശനത്തിന് അന്യമായ ദൈവരൂപവും നാമവുമാണ് പഴയനിയമത്തിലെ യഹോവയ്ക്കുള്ളത് .
3 . പഴയനിയമത്തിൽ വെളിപ്പെടുന്ന ദൈവം ക്രൂരത, യുദ്ധക്കൊതി , പ്രാകൃതത്വം, പ്രതികാരനീതി എന്നിവയുടെ പ്രതീകമാണ് . ഇതിനു നേർവിരുദ്ധമായ ദൈവികസ്വഭാവമാണ് പുതിയനിയമ ദൈവസങ്കല്പത്തിൽ ഉള്ളത്. ക്രിസ്തു വെളിപ്പെടുത്തുന്ന ദൈവം സ്നേഹസ്വരൂപിയാണ് ; ദുഷ്ടന്മാരുടെയും നല്ലവരുടെയും മേൽ ഒരുപോലെ മഴ പൊഴിക്കുന്ന ദൈവം . അതായത് പുതിയനിയമം വെളിപ്പെടുത്തുന്ന ദൈവത്തിന്റെ രൂപം ,നാമം ,സ്വഭാവം എന്നിവ പഴയനിയമത്തിൽ കണ്ടെത്തുന്ന ദൈവത്തിന്റേതുമായി പൊരുത്തപ്പെടുന്നില്ല . അതിന്റെയടിസ്ഥാനത്തിൽ പഴയനിയമം സഭയ്ക്ക് തിരുവെഴുത്ത് എന്ന നിലയിൽ ആധികാരികമായി പരിഗണിക്കാനാവില്ല . അതുകൊണ്ടുതന്നെ ബാധകവുമല്ല . ഈ കാഴ്ചപ്പാടിനെയാണ് സഭ പഠനവിധേയമാക്കേണ്ടതും വിലയിരുത്തേണ്ടതും .
ഈ വാദമുഖങ്ങൾ പ്രഥമ ശ്രവണത്തിൽ യുക്തിഭദ്രവും സാധുവും ആയി അനുഭവപ്പെടാവുന്നതാണ് . അതുകൊണ്ടുതന്നെ നിരവധി വിശ്വാസികൾ ഈ കാഴ്ചപ്പാടിൽ കഴമ്പുള്ളതായി കരുതുന്നു . ഇതിന്റെ പ്രചാരകർ പഴയനിയമത്തെ തിരസ്കരിക്കുമ്പോഴും ക്രിസ്തുവിന്റെ ദൈവത്വം ,പുതിയനിയമത്തിന്റെ ആധികാരികത , ക്രിസ്തുവിലൂടെയുള്ള ദൈവികവെളിപാടിന്റെ സാധുത , ക്രിസ്തുവിലൂടെയുള്ള സൃഷ്ടിയുടെ രക്ഷ എന്നീ കാര്യങ്ങളെല്ലാം ഒരു തിരുത്തുമില്ലാതെ അംഗീകരിക്കുന്നു . അതുകൊണ്ട് പല ക്രൈസ്തവരും ഈ നിലപാടിൽ വിശ്വാസപ്രശ്നം കാണുന്നില്ല . ക്രിസ്തുവിലുള്ള വിശ്വാസവും അതു വഴിയുള്ള രക്ഷയുമാണല്ലോ വിശ്വാസികൾക്ക് അടിസ്ഥാനമായ കാര്യം. കൂടാതെ പഴയനിയമത്തിൽ പ്രകടമാകുന്ന കിരാതമായ ദൈവസങ്കല്പത്തിന് വിശദീകരണം നൽകേണ്ട ബാധ്യതയും സഭാംഗങ്ങൾക്ക് ഇല്ലാതാകും . ഒപ്പം തന്നെ പഴയനിയമം അവതരിപ്പിക്കുന്ന ധാർമ്മിക – വിശ്വാസ സമസ്യകളിൽ നിന്ന് ക്രൈസ്തവർക്ക് എളുപ്പം തലയൂരുവാനുള്ള മാർഗ്ഗവുമാണിത് . പഴയനിയമത്തെ യഹൂദന്മാരുടെ വേദഗ്രന്ഥമായും യഹോവയെ പ്രാകൃതനും പ്രതികാരദാഹിയുമായ ഗോത്രദൈവവുമായി അവതരിപ്പിച്ച് ക്രിസ്തീയവിശ്വാസത്തെ സംരക്ഷിക്കുകയും ആകാം . ചുരുക്കത്തിൽ പഴയനിയമവും പുതിയനിയമവും തമ്മിൽ നിലനിൽക്കുന്നുവെന്ന് പലരും ചിന്തിക്കുന്ന സംഘർഷം പരിഹരിക്കുന്നതിനുള്ള ലളിതമായ മാർഗ്ഗമാണ് അവയെ വേർതിരിക്കുക എന്നത് . അതോടൊപ്പം പഴയനിയമത്തിൽ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന സദാചാരവിരുദ്ധ ധാരണകളുടെ ബാദ്ധ്യതയിൽ നിന്നും സഭയ്ക്ക് ഒഴിവാകുവാനുള്ള ലളിത മാർഗ്ഗമായി വിശ്വാസികളിൽ പലരും ഈ അവതരണത്തെ കാണുകയും ചെയ്യുന്നു . അതുകൊണ്ട് അവരെ സംബന്ധിച്ച് ഇത് നിരുപദ്രവമായ പ്രശ്നപരിഹാര ശ്രമമാണ് .
എന്നാൽ സഭയുടെ കാഴ്ചപ്പാടും നിലപാടും ഈ സിദ്ധാന്തവുമായി ചേർന്നു പോകുന്നില്ല . അതുകൊണ്ട് ഈ വിഷയം ഇവിടെ അഭിസംബോധന ചെയ്യപ്പെടേണ്ടിയിരിക്കുന്നു. പുതിയനിയമത്തെയും സഭയെയും രക്ഷപ്പെടുത്തുന്നതിന്റെ പേരിൽ രൂപപ്പെടുത്തിയിരിക്കുന്ന ഈ സിദ്ധാന്തത്തെ എങ്ങനെ സമീപിക്കണം , നേരിടണം എന്നതാണ് സഭയുടെ മുമ്പിലുള്ള വെല്ലുവിളി . സഭയുടെ വിശ്വാസവും പാരമ്പര്യവും ഇതാണ് എന്നു പറഞ്ഞാൽ മാത്രം പോരല്ലോ ; പ്രത്യുത അത് വിശ്വാസ്യതയോടെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു . വിശ്വാസിസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയോ ആശയക്കുഴപ്പത്തിലാക്കുകയോ ചെയ്തിരിക്കുന്ന വേദശാസ്ത്ര വെല്ലുവിളിയിലെ പിശക് അവരെ ബോദ്ധ്യപ്പെടുത്തി അവരെ ശരിയിലേക്കു നയിക്കേണ്ട ബാദ്ധ്യത സഭയ്ക്കുണ്ട് . ഇവിടെ സഭയുടേതിൽ നിന്ന് വ്യത്യസ്ത നിലപാടെടുത്തിരിക്കുന്നവരുടെ ആത്മാർത്ഥതയും ഉദ്ദേശ്യശുദ്ധിയും ഒരു വിഷയമാക്കി അവരെ വിമർശിക്കുന്നതിന് ഉദ്ദേശ്യമില്ല . അവർ എത്തിയിരിക്കുന്ന നിഗമനങ്ങളിലെ പാളിച്ചകൾ വ്യക്തമാക്കന്നതിനാണ് ശ്രമിക്കുന്നത് . ക്രിസ്തുവിലൂടെയുള്ള വെളിപാടിനെയും രക്ഷാസിദ്ധാന്തത്തെയും സ്വതന്ത്രമാക്കി പഴയനിയമം സൃഷ്ടിക്കുന്ന ബാദ്ധ്യതകളിൽ നിന്ന് സഭയെ മോചിപ്പിക്കുവാനുള്ള അന്വേഷണമാകാം അവരുടെ നിലപാടിനു പിന്നിലുള്ളത് . പഴയനിയമത്തിലെ ധാർമ്മിക പ്രശ്നങ്ങളും വിഷയങ്ങളും യഹൂദമത ഉല്പന്നങ്ങളാക്കി മാറ്റി സഭയുടെ കരങ്ങൾ ശുദ്ധമാക്കുവാനുള്ള ശ്രമവും ഇതിന്റെ പിന്നിലുണ്ടാകാം . അതുകൊണ്ട് ഈ സിദ്ധാന്തം പ്രചരിപ്പിക്കുന്നവരെയും അതു വിശ്വസിക്കുന്നവരെയും പ്രതിസ്ഥാനത്ത് നിർത്തുകയോ വിധിക്കുകയോ അല്ല ഇവിടെ ചെയ്യുന്നത് . സത്യത്തിന്റെ തിരിച്ചറിവിലേക്ക് അവരെ തിരിച്ചെത്തിക്കുവാനാണ് ലക്ഷ്യമിടുന്നത് . കൂടാതെ പുതിയനിയമത്തിന്റെ ഇതു സംബന്ധിച്ച വീക്ഷണവും സഭയുടെ നിലപാടും അവതരിപ്പിക്കുക കൂടി ഈ രചനയുടെ താൽപര്യമാണ് .
ഇത് അത്ര ലാഘവമായ വിഷയമല്ല . വിശ്വാസ- വേദവിജ്ഞാനീയ – ദാർശനിക കാര്യമായി ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ് . എന്നാൽ അതിലേയ്ക്കു കടക്കുന്നതിനു മുമ്പ് ഇതിൻെറ സൈദ്ധാന്തികരുടെ പഴയ നിയമത്തോടുള്ള സമീപനം, ഈ നിഗമനങ്ങളിലെത്താൻ അവർ പഠനത്തിനവലംബിച്ച രീതിശാസ്ത്രം എന്നിവ പ്രാഥമികമായി പഠനവിധേയമാക്കേണ്ടിയിരിക്കുന്നു . അവർ ഇങ്ങനെയൊരു നിലപാടിൽ എത്തിയതിന്റെ കാരണം സഭയുടെ ഇതു സംബന്ധിച്ച വീക്ഷണം അന്വേഷിക്കാതിരുന്നതും അശാസ്ത്രീയമായ രീതിശാസ്ത്രപ്രയോഗവുമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു . അതുകൊണ്ട് ഈ മേഖലയിലുള്ള ചർച്ചയാകണം ആദ്യം നടക്കേണ്ടത് .
ദൈവികവെളിപാടിന്റെ സ്വഭാവം എപ്രകാരമായിരുന്നുവെന്ന് എബ്രായ ലേഖനത്തിന്റെ പ്രാരംഭ വാക്യം തന്നെ സാക്ഷിക്കുന്നു . “പൂർവ്വകാലങ്ങളിൽ പ്രവാചകന്മാർ വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചിട്ട് ഈ അവസാന നാളുകളിൽ പുത്രൻ വഴി അവൻ നമ്മോട് സംസാരിച്ചിരിക്കുന്നു . ( എബ്ര. 1:1, 2 a)”. ദൈവികവെളിപാട് ഭാഗംഭാഗമായും ഘട്ടം ഘട്ടമായും ക്രിസ്തുയേശുവിൽ വന്നെത്തിയ ചരിത്രപരമ്പരയാണ് . അത് ലോകാരംഭം മുതൽ ക്രമാനുഗതവും വിവിധ ഘട്ടങ്ങളിലുമായി സംഭവിച്ച ദൈവത്തിന്റെ സ്വയാവതരണ (self disclosure)മാണ് എന്നാണിവിടെ പറയുന്നത് . കൃത്യമായി പറഞ്ഞാൽ പഴയനിയമത്തിലെ ദൈവികവെളിപാടിന്റെ ചരിത്രമാണ് ഇവിടെ പരാമർശം . അക്കാര്യം ലേഖനത്തിലെ തുടർഭാഗങ്ങൾ വ്യക്തമാക്കുന്നുണ്ട് . അതായത് ദൈവികവെളിപാടിന്റെ സ്വഭാവം ഗ്രന്ഥകാരൻ വ്യക്തമാക്കുന്നു . ക്രിസ്തുവെളിപാടിനെ ഒറ്റപ്പെടുത്തിയല്ല തിരുവചനം വീക്ഷിക്കുന്നത് . അതിനെ ഒരു പരമ്പരയായാണ് കാണുന്നത് . ആദിയിൽ ആരംഭിച്ച് ചരിത്രത്തിലൂടെ ക്രിസ്തുവിൽ എത്തുന്ന ദൈവികവെളിപാടിനെ ഐക്യത്തിലും സമഗ്രതയിലും കാണണം എന്നാണ് തിരുവചനം തന്നെ ഓർമ്മിപ്പിക്കുന്നത് . ഇവിടെ ക്രിസ്തുവിലൂടെയുള്ള വെളിപാടിനെ ഒറ്റപ്പെടുത്തി പിൽക്കാല ദൈവിക ഇടപെടലുകളെ നിഷേധിക്കുന്നതിനുള്ള സാദ്ധ്യത നൽകുന്നില്ല . ചരിത്രത്തിലെ വെളിപാടുകളുടെ പരിധികൾ , പരിമിതികൾ , സവിശേഷതകൾ എന്നിവ അംഗീകരിച്ചുകൊണ്ടുള്ള സമഗ്ര വെളിപാടുദർശനമാണ് ഇവിടെ പ്രകടമാക്കുന്നത് .
ഓരോ കാലഘട്ടത്തിലും ഉള്ള വിശ്വാസിസമൂഹത്തിൻെറ ഭൗതിക -ആത്മീയ – സാംസ്കാരിക വളർച്ചയ്ക്കും ഗ്രഹണശക്തിയ്ക്കും ഉള്ളിൽ നിന്നുകൊണ്ട് മനുഷ്യമനസ്സിനെ ദീപ്തമാക്കുകയായിരുന്നു ദൈവിക വെളിപാട് . അത് നിശ്ചലം (static)അല്ല . ചാലനവും (dynamic) തുടർച്ചയുള്ളതും (ongoing) പരിണാമ സ്വഭാവമുള്ളതും ( evolutionary)പുരോഗമനാത്മകവുമായ (progressive)പ്രക്രിയയായി ഇതിനെ മനസ്സിലാക്കണം .തിരുവെഴുത്തുകളിലെ വൈവിധ്യ – വൈരുദ്ധ്യങ്ങൾ കേവല യുക്തിക്കു വിധേയമാക്കി വെളിപാടുചരിത്രത്തെ വിലയിരുത്തിയാൽ അതു തെറ്റായ രീതിശാസ്ത്രം ആയിരിക്കും. അങ്ങനെ ചെയ്താൽ ഉറപ്പായും എത്തുന്നത് തെറ്റായ നിഗമനങ്ങളിൽ തന്നെയായിരിക്കും. അത് സ്വാഭാവികം . തിരുവചനങ്ങളിലെ വൈരുദ്ധ്യങ്ങൾ അടിസ്ഥാനമാക്കി വ്യക്തിപരമായ നിഗമനങ്ങളിൽ എത്തിച്ചേരുമ്പോൾ സഭ മനസ്സിലാക്കുകയും വിവക്ഷിക്കുകയും ചെയ്യുന്ന രീതിയിലുള്ള വെളിപാടിന്റെ ഐക്യവും (integerity )ആന്തരിക യുക്തിബന്ധവും (internal coherence) നഷ്ടമാകുന്നു . പുതിയനിയമം തന്നെ എടുത്താലും വൈരുദ്ധ്യങ്ങൾ ധാരാളമുണ്ട് എന്നോർക്കുക . നാല് സുവിശേഷങ്ങളിലെ അവതരണം, സംഭവങ്ങളുടെ കാലാനുക്രമം(chronological sequence ) ഇവയിലെല്ലാം അത് പ്രകടമാണ് . വിശ്വാസ്യതയുടെ അടിസ്ഥാനം വൈരുദ്ധ്യങ്ങളുടെ അടിസ്ഥാനമെങ്കിൽ പുതിയനിയമവും തള്ളേണ്ടി വരും . ദൈവികവെളിപാടും സത്യദർശനവും ദൈവസങ്കല്പവും വിശ്വാസാനുഭവവും എല്ലാം രൂപപ്പെടൽ (formation ) പ്രക്രിയയാണ് എന്ന് മനസ്സിലാക്കുകയും ഓരോ ഘട്ടത്തിലുമുള്ള അവയുടെ ആപേക്ഷികത തിരിച്ചറിയുകയും ചെയ്യുമ്പോൾ വൈരുദ്ധ്യങ്ങളുടെ സാംഗത്യവും അനിവാര്യതയും മനസ്സിലാക്കാനാവും . വെളിപാടിന്റെ തുറവിയനുസരിച്ച് ദൈവജനത്തിന്റെ ദൈവബോധവും ധാർമ്മികതയും ലോകദർശനവും രക്ഷാചിന്തയുമെല്ലാം വ്യതിയാന വിധേയമാവുകയും വികസിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു . ഈ കാഴ്ചപ്പാടില്ലാതെ പോയാൽ തിരുവെഴുത്തുകൾ മനസ്സിലാക്കുന്നതിൽ പിഴവു വരും. വെളിപാട് ദൈവികകാലഗണനയനുസരിച്ചുള്ള പ്രക്രിയയായും അതുവഴി ജനത്തിന്റെ ദൈവബോധരൂപപ്പെടൽ നടക്കുന്നതായും മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ വൈരുദ്ധ്യങ്ങളുടെ സ്വാഭാവികത വ്യക്തമാവുകയും അവ ഉണ്ടാകുന്നത് ന്യായമാണ് എന്ന ചിന്തയിലേക്കു വരികയും ചെയ്യും .
ലക്ഷ്യാധിഷ്ഠിതമായി (teleological )പുരോഗമിക്കുന്ന വെളിപാടുപ്രക്രിയയുടെ പശ്ചാത്തലത്തിലും വെളിപാടിന്റെ സമഗ്രതയിലുമാണ് സഭ തിരുവെഴുത്തുകളെ മനസ്സിലാക്കുന്നത് . അങ്ങനെ ചിന്തിക്കുമ്പോഴാണ് വൈരുദ്ധ്യങ്ങൾ തിരുവെഴുത്തുകളിൽ എങ്ങനെ സംഭവിക്കുന്നുവെന്ന് വ്യക്തമാകുന്നത് . സഭ ഇന്നും പൂർണ്ണസത്യം അനുഭവിക്കാനുള്ള യാത്രയിലാണ്. വെളിപാടുപ്രക്രിയയുടെ അന്ത്യത്തിലാണ് സത്യത്തിന്റെ പൂർണ്ണതയും വെളിപാടിന്റെ ചരിത്രഘട്ടങ്ങളുടെ അവസ്ഥ , ഭാഗധേയത്വം , സൂചനകൾ എന്നിവയും വ്യക്തമാകൂ . ദൈവിക ഉണ്മ ദുർഗ്രഹമാകയാൽ സത്യാന്വേഷണത്തിന് അന്ത്യമില്ല എന്നാണ് വിശുദ്ധ ഐറേനിയസ് ചിന്തിക്കുന്നത് . ഭാഗിക അറിവിന്റെ വെളിച്ചത്തിൽ പൂർണ്ണ ജ്ഞാനം കൈവന്നുവെന്ന് സഭ ചിന്തിക്കുന്നില്ല . പരമ സത്യത്തിന്റെ വെളിപ്പെടൽ മുമ്പിൽ കണ്ടു കൊണ്ടുള്ള യാത്രയിലാണ് എന്ന് സഭ സ്വയം മനസ്സിലാക്കുന്നു .
ഈ കാഴ്ചപ്പാട് വെളിപാടിന്റെ കാര്യങ്ങളിൽ മാത്രമായിu പരിമിതപ്പെടുത്താനാവില്ല . ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാഹിത്യത്തിന്റെയും ശാസ്ത്രത്തിന്റെയും എന്നുവേണ്ട സകല മേഖലകളുടെയും ഗതി പരിശോധിക്കുമ്പോൾ വൈരുദ്ധ്യങ്ങളുടെയും സമന്വയത്തിന്റെയും തുടർന്നും വൈരുദ്ധ്യങ്ങളുടെയും ഒത്തുചേരലിന്റെയും ശൃംഖലയാണ് എന്ന് മനസ്സിലാക്കാനാകും . ഈ വൈരുദ്ധ്യാത്മകത ജർമ്മൻ ദാർശനികനായ ഹേഗൽ (1730 – 1831 ) നിരീക്ഷിക്കുന്നുണ്ട് . വൈരുദ്ധ്യാത്മക (dialectical)ഘടകങ്ങളുടെ പ്രതിപ്രവർത്തനത്തിലൂടെയാണ് ഓരോ മേഖലയുടെയും പരിണാമവും വികാസവും നടക്കുന്നത്. അതുകൊണ്ടാണ് contradiction is the core of reality and dialectics is the nature of evolution in all normal process എന്നു പറയുന്നത് . വെളിപാടുചരിത്രത്തിലെയും വൈരുദ്ധ്യങ്ങൾ ഈ ദാർശനിക തിരിച്ചറിവിൽ കാണാൻ കഴിയേണ്ടതാണ് . അല്ലാതെ വരുമ്പോഴാണ് പ്രശ്നപരിഹാരത്തിന് കുറുക്കു വഴികൾ കണ്ടെത്തി തെറ്റായ നിഗമനങ്ങളിൽ എത്തിച്ചേരുന്നത് . ദൈവികവെളിപാടിലെ വൈരുദ്ധ്യങ്ങളും അതിൻെറ പരിണാമ – പുരോഗമന സ്വഭാവവും മനസ്സിലാക്കി അതിനെ ദൈവിക വെളിപാടുപദ്ധതിയുടെ ആസൂത്രിതമായ വിടരൽ ( planned unfolding) ആയി മനസ്സിലാക്കാനാവും . അങ്ങനെ വെളിപാടുചരിത്രത്തിന്റെ ഐക്യവും പാരസ്പര്യതയും സംരക്ഷിക്കുവാനാവും . ക്രിസ്തു പഴയനിയമത്തെ നിഷേധിക്കുന്നതായി സുവിശേഷങ്ങളിൽ ഒരിടത്തും നാം വായിക്കുന്നില്ല . ക്രിസ്തു വിമർശിക്കുന്നതായി സുവിശേഷകർ രേഖപ്പെടുത്തിയിരിക്കുന്നത് പഴയനിയമ വെളിപാടിനെയോ ആധികാരിക മത – അനുഷ്ഠാന – ആത്മീയ പാരമ്പര്യങ്ങളെയോ അല്ല . അവയ്ക്ക് കർത്താവ് പുതിയ അർത്ഥതലങ്ങൾ കണ്ടെത്തി പൂർത്തീകരിക്കുകയായിരുന്നു (മത്താ. 5:17) . പരീശന്മാരും ശാസ്ത്രാദ്ധ്യാപകരും ദുർവ്യാഖ്യാനം ചെയ്തു സൃഷ്ടിച്ച അബദ്ധ പാരമ്പര്യങ്ങൾ ആയിരുന്നു കർത്താവിന്റെ വിമർശനത്തിന് വിധേയമായത് . അതുകൊണ്ടാണ് ക്രിസ്തുവിന്റെ പഴയനിയമ വെളിപാടിനോടുള്ള സമീപനം എന്തായിരുന്നുവെന്ന് അന്വേഷകർ വിലയിരുത്തുന്നത് . Jesus never deviated from the total loyalty to the Thorah . He fulfilled the deeper message of the Law (Elaine Pagels ; The origin of Satan , P, 85 ) . ക്രിസ്തുവിന്റെ ഈ സമീപനം മാനദണ്ഡമായി എടുത്താൽ ക്രിസ്തുവിന്റെ പഴയനിയമവെളിപാടിന്റെ നിരാസത്തിന് സാദ്ധ്യതയില്ല .
പഴയനിയമവും ക്രിസ്തുവിലൂടെയുള്ള ദൈവികവെളിപാടും തമ്മിലുള്ള ഏറ്റുമുട്ടൽ സുവിശേഷങ്ങളിലോ ആദിമസഭയുടെ പഴയനിയമവിരോധം പുതിയനിയമത്തിലെ ഇതര രചനകളിലോ നാം കണ്ടെത്തുന്നില്ല . ഈ രേഖകളിലെല്ലാം കാണുന്നത് പഴയനിയമ വെളിപാടുമായ സംവാദ (dialogue)മാണ് . പഴയനിയമത്തെ അംഗീകരിച്ച് അതിൽ പുതിയ അർത്ഥതലങ്ങൾ കണ്ടെത്താനുള്ള ശ്രമം ആയിരുന്നു . പഴയനിയമം കർത്താവ് അംഗമായിരുന്ന ഇസ്രായേൽ എന്ന മത – സാംസ്കാരിക – ചരിത്ര സമൂഹത്തിൻെറ സ്വത്വബോധത്തിന്റെ അടിത്തറ ആയിരുന്നു . ആ പശ്ചാത്തല പരിസരങ്ങളെ എങ്ങനെ ക്രിസ്തുവിന് നിഷേധിക്കാനാകും . വെളിപാടുചരിത്രത്തിലെ ആശയ വൈരുദ്ധ്യങ്ങൾ അവയുടെ മൂല പരിസരത്തു നിന്നും ആപേക്ഷിക സ്വഭാവത്തിൽ നിന്നും അടർത്തിയെടുത്ത് ആത്യന്തിക യാഥാർത്ഥ്യമാക്കി ( absolutize ) അവയെ ഭിന്ന ധ്രുവങ്ങളിൽ പ്രതിഷ്ഠിച്ച് ചേരായ്ക പ്രഖ്യാപിക്കുകയല്ല പ്രത്യുത വെളിപാട് അതിന്റെ തുടർച്ചയിലും സമഗ്രതയിലും മനസ്സിലാക്കി അവയ്ക്ക് ഇടം കണ്ടെത്തുന്നതിനുള്ള ശ്രമമായിരുന്നു പുതിയനിയമവായനയിൽ സഭ കാണുന്നത് . അതുകൊണ്ടാണല്ലോ കർത്താവ് പറയുന്നത് : നിയമവും പ്രവാചകന്മാരെയും പൂർത്തീകരിക്കുന്നതിനാണ് താൻ വന്നിരിക്കുന്നത് എന്ന് . പഴയനിയമവും ക്രിസ്തുവുമായി നടക്കുന്ന ആശയപരമായ സംവാദം ആണിത് . ഈ സമീപനവും രീതിശാസ്ത്രവും അവലംബിച്ചാൽ ശരിയായ നിഗമനത്തിൽ എത്താവുന്നതാണ് . അതാണ് സഭയുടെ നിലപാട്. ഉയിർപ്പു പെരുന്നാളിന്റെ ദൈവിക അനുഗ്രഹങ്ങൾ എല്ലാവർക്കും ആശംസിക്കുന്നു . (തുടരും …)