മൂന്നാം കാതോലിക്കാ സ്ഥാനാരോഹണം

... കോട്ടയത്തെ വിജയസ്തംഭം
വമ്പിച്ച കൊട്ടക, 2000 പേര്‍ക്ക് ഇരിക്കാം.
സുഖസൌകര്യ വ്യവസ്ഥകള്‍
സംഭരണബാഹുല്യം
ഐകമത്യം-മഹാബലം

പ്രത്യേക ലേഖകന്‍

കോട്ടയം; കുംഭം 3: ഇന്നത്തെ സൂര്യോദയം വളരെ രമണീയമായിരുന്നു. ഇന്നലത്തെ കാര്‍മേഘാവൃതമായ അന്തരീക്ഷം അല്ലാ ഇന്നത്തത്. ബാലാര്‍ക്കന്‍ സുസ്മിതനായി ചെങ്കതിരുകള്‍ വീശി. സുഖദായകമായ കുളിര്‍കാറ്റടിപ്പൂ നാനാദിഗന്തങ്ങളില്‍ നിന്നും വന്നുചേരുന്ന യാത്രക്കാരില്‍ ഒരു പുതുമ കാണുന്നു. വരുകയും പോകുകയും ചെയ്തുകൊണ്ടിരുന്ന രീതി കൈവിട്ടുവരുന്നവര്‍ വരുന്നവര്‍ ഇവിടെ തന്നെ താവളങ്ങള്‍ അന്വേഷിച്ചു തുടങ്ങി. എവിടെനിന്നു വരുന്നവരായാലും അവരുടെയെല്ലാം യാത്ര നേരെ മനോരമപ്പള്ളി എന്നു പ്രസിദ്ധമായ മാര്‍ ഏലിയാച്ചാപ്പലിലേക്കാണ്. മോട്ടര്‍കവലകള്‍ കടന്നു കിഴക്കോട്ടുള്ള വഴിയില്‍കൂടെ ജനങ്ങള്‍ ഒഴുകിത്തുടങ്ങിയിരിക്കുന്നു. വിവിധ വേഷങ്ങളണിഞ്ഞു വിവിധതരത്തില്‍പ്പെട്ടയാളുകളാണു യാത്ര ചെയ്യുന്നത്. എല്ലാപേരും മലയാളംതന്നെ സംസാരിക്കുന്നുണ്ടെങ്കിലും നീട്ടും കുറുക്കും മറ്റും കൊണ്ടു ഭാഷയ്ക്കുതന്നെ വിവിധത്വം കാണുന്നുണ്ട്. അയ്മേനികള്‍ മാത്രമല്ലാ പട്ടക്കാരും ധാരാളം. ധനികനെന്നോ ദരിദ്രനെന്നോ ഉദ്യോഗസ്ഥനെന്നോ പൗരനെന്നോ ഒക്കെയുള്ള വകഭേദങ്ങള്‍ മറന്നു ഒരേ മാതാവിന്‍റെ സന്താനങ്ങള്‍ ആ അമ്മയുടെ അഭിമാനം സംരക്ഷിക്കുവാന്‍ ഓരോരുവനാലും ആകുംവിധം പ്രയത്നിക്കുന്നതിനു ഹൃദയപൂര്‍വ്വം യോജിച്ചുകൊണ്ടുള്ള ഒരു യാത്രയാണത്. ഞാനും അവരെ അനുധാവനം ചെയ്തു. വിചിത്രതരമായി രാജപാത അലങ്കരിക്കുന്നതിനു ബദ്ധകങ്കണന്മാരായി ഒട്ടനവധി ജനങ്ങള്‍ അവിടവിടെ കൂടിനിന്ന് ഓരോരോ ജോലികളില്‍ എടപെട്ടുകൊണ്ടിരുന്നു. വളച്ചുവാതിലുകള്‍ തോരണങ്ങള്‍ മുതലായവയുടെ ചടങ്ങുകള്‍ അല്പാല്പമായി കണ്ടുകൊണ്ടു മന്ദംമന്ദം നടന്നു ഞാന്‍ മലയാള മനോരമ ആപ്പീസിന്‍റെ പടിക്കല്‍ എത്തി. കണിയാല നിരത്തിയ കമനീയമായ ഒരു ചെറുപന്തല്‍ ഞാന്‍ അവിടെ കണ്ടു. അതിന്‍റെ ആര്‍ക്കുകള്‍ മുതലായവ അപ്പോള്‍ തീര്‍ന്നിട്ടില്ല. അതിനു കിഴക്കുവശം മനോരമ (എം.ഡി. സിമ്മനാരി) ഹൈസ്കൂളിന്‍റെ വടക്കുവശത്തുള്ള രാജപാതയില്‍ കൊട്ടില്‍ മാതിരി കയറു പാകിപ്പടുത്തിയിട്ടുള്ള പൂപ്പന്തല്‍ വളരെ ആകര്‍ഷണീയമായിരുന്നു. സൂര്യന്‍റെ ചെങ്കതിരുകള്‍ വിവിധനിറത്തിലുള്ള കടലാസുകളില്‍ പ്രതിഫലിച്ച് അവ മന്ദമാരുതനില്‍ കളിയാടിക്കൊണ്ടിരുന്നു. ഞാന്‍ ഹൈസ്ക്കൂള്‍ വളപ്പില്‍ പ്രവേശിച്ചു വളരെ വലിപ്പത്തില്‍ കെങ്കേമമായ ഒരു പുതിയ എടുപ്പാണു എന്‍റെ അക്ഷികള്‍ക്കു ലക്ഷീഭവിച്ചത്. ചാപ്പലിനു പടിഞ്ഞാറുവശത്തു പശ്ചിമാഭിമുഖമായി വിസ്താരത്തില്‍ കെട്ടിയിട്ടുള്ള പ്രധാനപന്തല്‍ മാത്രമേ ഇപ്പോള്‍ തീര്‍ന്നു കഴിഞ്ഞിട്ടുള്ളു. 15 അടി നീളം 10 അടി വീതിയിലാണ് അതു കെട്ടിയിട്ടുള്ളത്. ………. വിവിധ വര്‍ണ്ണത്തിലുള്ള തൂണുകള്‍ക്കൊണ്ടു അവിടെ കമാനം വിതാനം ആരംഭിച്ചിട്ടുണ്ട്. അതിന്‍റെ മുകളില്‍, കാണികളെ അത്യധികം ആനന്ദിപ്പിക്കുമാറ് കമനീയമായുള്ള ചിത്രകൂടാരത്തിന്‍റെ തട്ടുകള്‍ മൂന്നും ഇപ്പോള്‍ മണ്ഡപത്തില്‍ വച്ചു കഴിഞ്ഞിട്ടില്ല. അതിന്‍റെ കീഴെ പ്രതിഷ്ഠിക്കുന്നതിനുള്ള പീഠവും ഇരുപാര്‍ശങ്ങളിലുമുള്ള മാലാഖമാരും മിക്കവാറും തയ്യാറായികഴിഞ്ഞു. മേല്‍പറഞ്ഞ മണ്ഡപത്തെ തുടര്‍ന്ന് 24 അടി വീതിയില്‍ 136 അടി നീളത്തില്‍ കിഴക്കുപടിഞ്ഞാറായി ഒരു കൊട്ടില്‍ കെട്ടി വളപുര വിതാനത്തിനുള്ള വെള്ള നിവിര്‍ത്തു കഴിഞ്ഞു. അതിന്‍റെ തെക്കും വടക്കും ഭാഗങ്ങളില്‍ 48 അടി വീതം വീതിയിലും 150 അടി വീതം നീളത്തില്‍ വമ്പിച്ച രണ്ടു പന്തലുകള്‍ ഇട്ടിട്ടുണ്ട്. അവയും കണലോലകൊണ്ടു വിതാനിച്ചുകഴിഞ്ഞു. ഈ പന്തലിലേക്കു മൂന്നു ഗേറ്റുകള്‍ ഉണ്ട്. അവ ഒന്നു വടക്കുനിന്നും, രണ്ടാമത്തേതു പടിഞ്ഞാറുനിന്നു, മൂന്നാമത്തേതു തെക്കുനിന്നും ആണ്. അവയില്‍ തെക്കേ ഗേറ്റു വഴി മാത്രമേ സ്ത്രീകള്‍ക്കു പ്രവേശനമുള്ളു. അവിടെ തെക്കു കിഴക്കു ഭാഗത്ത് അതിഥികള്‍ക്ക് 23 അടി വീതിയില്‍ തെക്കുവടക്കായി 48 അടി നീളം സ്ഥലം വിട്ടു കഴിഞ്ഞാല്‍ തെക്കേഭാഗത്തു മൂന്നില്‍രണ്ടു ഭാഗം സ്ഥലം സ്ത്രീകള്‍ക്കായി തിരിച്ചിട്ടുണ്ട്. പടിഞ്ഞാറേ ഗേറ്റുവഴി പട്ടക്കാര്‍ക്കും കുട്ടികള്‍ക്കും പ്രവേശിക്കാം. കേവലം ശിശുക്കളെ പന്തലില്‍ പ്രവേശിപ്പിച്ചാല്‍ ഉപദ്രവം നേരിടുമെന്ന് കണ്ട് അതിനെ തടയുവാന്‍ പ്രവര്‍ത്തകന്മാര്‍ക്ക് ആലോചനയുണ്ട്. സ്ത്രീകള്‍ക്കുള്ള സ്ഥലത്തിനു വടക്കുവശം പടിഞ്ഞാറുള്ള ഗേറ്റിനു തെക്കുവശം സ്ഥലം കുട്ടികള്‍ക്ക് ഒഴിച്ചിട്ടിരിക്കുന്നു. മണ്ഡപത്തിനു തെക്കുവശത്തെന്നപോലെ വടക്കുവശത്തും അതിഥികള്‍ക്ക് സ്ഥലം പ്രത്യേകം തിരിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് അതിനു പടിഞ്ഞാറുവശത്തുള്ള സ്ഥലമാണ് കിടക്കുന്നത്. ഈ പന്തലിനകത്തു പന്തീരായിരത്തിലധികം ആളുകള്‍ക്ക് ഇരിക്കുവാന്‍ കഴിയും. ഇതുകൊണ്ടു പോരെന്ന് കണ്ട് വടക്കും പടിഞ്ഞാറും വശങ്ങളില്‍ വളരെ വിസ്തൃതമായ പന്തലുകള്‍ കെട്ടിത്തുടങ്ങിയിരിക്കുന്നു. വടക്കുവശത്തു കിഴക്കേ അറ്റത്ത് ഇംഗ്ലീഷില്‍ തങ്കക്കടലാസുകൊണ്ടുള്ള സ്വാഗതം (ണഋഘഇഛങഋ) പടുത്തപ്പോള്‍ മണി 10 ആയിട്ടുണ്ട്. അവിടെനിന്ന് എന്‍റെ ശ്രദ്ധ പതിഞ്ഞതു പന്തലിനു പടിഞ്ഞാറുവശത്തുള്ള സ്ക്കൂള്‍കെട്ടിടത്തിലേക്കാണ്. അവിടെ എക്സിക്യൂട്ടീവ് കൌണ്‍സില്‍ കൂടിയിരുന്നു. ആഹാരാവശ്യങ്ങള്‍ക്കുപോലും വീടുകളിലേക്കു പോകുന്നതല്ലെന്നുള്ള പ്രതിജ്ഞയോടു കൂടിയോ എന്നു തോന്നുമാറു നാളെയും മറ്റന്നാളും നടക്കുന്ന മഹോത്സവം വിജയപ്രദമാക്കുന്നതിനു പ്രസിഡണ്ടു മി. ….. മുതലായവര്‍ അവിടെ ….. വ്യവസ്ഥകള്‍ …… അവര്‍ ഏര്‍പ്പെടുത്തുന്നുവെന്നു കാണുമാറായ കാര്യങ്ങള്‍ വിശദീകരിച്ചുള്ള ലഘുലേഖകള്‍ ധാരാളമായി പ്രചരിപ്പിക്കുന്നതിനു നേരത്തെ തീരുമാനിച്ചിട്ടുള്ളതാണല്ലൊ. പ്രസ്തുത മഹത്തിന്‍റെ മാഹാത്മ്യം എപ്പോഴും സ്മരിക്കാന്‍ തക്കവിധം ഓരോ ചടങ്ങിനും അന്തസ്സും ഗൌരവവും ഉണ്ടാകുന്നതിന് അവര്‍ ബദ്ധപ്പെടുന്നുണ്ട്. ആരും ഒരിടത്തും ഇരിക്കാതെ അവിടവിടെ എത്തി ഓരോ സംഗതിയിലും ധാരാളം ശ്രദ്ധിക്കുന്നു. ഓരോ വിനാഴിക കഴിയുംതോറും പന്തലിലും മണ്ഡപത്തിലും പുതിയ പുതിയ മോടികള്‍ ഉദിച്ചുയരുന്നു. കാര്യനിര്‍വാഹകന്മാരും ജോലിക്കാരും ഒരുപോലെ ജാഗ്രത്തായി ജോലി ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ ഇതുപോലെ ഞാനധികം കണ്ടിട്ടില്ല. ഹൈസ്കൂള്‍ വക ഫുട്ബോള്‍ ചുറ്റുപാടുമായി താല്‍ക്കാലിക കൂടാരങ്ങള്‍ പലതും കണ്ടുതുടങ്ങി. ഇവിടെ വന്നുചേരുന്ന വലിയ ജനാവലിയുടെ ഭക്ഷണപാനീയങ്ങള്‍ക്കു നിര്‍വാഹകസംഘക്കാര്‍ ചെയ്യുന്ന വ്യവസ്ഥകളാണ് ഇവയെന്നു കാണുന്നു. സമസൃഷ്ടികളുടേയും സന്തതി പരമ്പരകളുടെയും രക്ഷയ്ക്കുവേണ്ടി ക്രിസ്തു ഭഗവാന്‍ തറയ്ക്കപ്പെട്ട കുരിശുകള്‍ പല തരത്തിലുള്ളവ ധാരാളം സംഭരിച്ചു കഴിഞ്ഞു. പിന്നെയും പിന്നെയും അവ ശേഖരിക്കുന്നതിനു ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. മുത്തുക്കുടകള്‍ വന്നുചേര്‍ന്നു തുടങ്ങി. അവ ഒന്നൊന്നായി കൊട്ടകത്തൂണുകളുടെ മുകള്‍ഭാഗത്തു നിവിര്‍ത്തു നിരത്തിക്കൊള്ളുന്നതിനു നിര്‍വാഹകന്മാര്‍ തീരുമാനിച്ചു. എം. ഡി. സെമിനാരി മുതല്‍ പഴയസെമിനാരിവരെ മറ്റന്നാള്‍ നടത്തേണ്ടുന്ന ഘോഷയാത്ര കെങ്കേമമാക്കുന്നതിനുള്ള അലങ്കാരങ്ങള്‍ ധൃതഗതിയില്‍ നടന്നുവരുന്നു (അവയെ സംബന്ധിച്ചുള്ള ഒരു വിവരണം അന്യത്ര പ്രസിദ്ധം ചെയ്തിട്ടുണ്ട്. മ. മ. പ.). അത്യന്തം ആകര്‍ഷണീയമാംവിധം 15 ആര്‍ക്കുകള്‍ കെട്ടുന്ന വിവരം പ്രസിദ്ധം ചെയ്തിട്ടുണ്ടല്ലോ. വേറെയും ആര്‍ക്കുകള്‍ കെട്ടിത്തുടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച നേരം വൈകിയപ്പോഴേയ്ക്കു കോട്ടയം പട്ടണത്തിന്‍റെ നില ഒന്നു ഭേദപ്പെട്ടു. രാജപാതകള്‍ സര്‍വ്വത്ര അലംകൃതമായിക്കഴിഞ്ഞു. മന്ദമാരുതനില്‍ ഉലാത്തുന്ന തോരണങ്ങളും, പൂപ്പന്തലുകളില്‍ കളിയാടുന്ന കടലാസുപുഷ്പങ്ങളും ആഗതര്‍ക്കു സ്വാഗതമരുളുന്നു.

ഏതേതെല്ലാം പ്രദേശങ്ങളില്‍ നിന്ന് ആരാരെല്ലാമാണു വന്നുചേര്‍ന്നിട്ടുള്ളതെന്നു നിര്‍ണ്ണയിക്കുവാന്‍ കഴിയുന്നവര്‍ വളരെ ചുരുങ്ങും. മനോരമപ്പള്ളി മുതല്‍ പഴയ സെമിനാരി വരെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചും സുഹൃത്തുക്കളെ അന്വേഷിച്ചും വസതികള്‍ നിര്‍ണ്ണയിച്ചും പലരും ചുറ്റിത്തിരിയുന്നതു നിമിത്തം ജനാവലിയുടെ വലിപ്പം അധികംപേര്‍ക്കും ഗ്രഹിക്കുവാന്‍ സാധിക്കുന്നതല്ല. ഒരു തീര്‍ത്ഥയാത്രയുടെ പരമഭക്തിയോടും, ഒരുക്കങ്ങളോടും കൂടെ അവിടവിടെ എട്ടും പത്തും നാല്‍പതും അമ്പതും ആളുകള്‍ കൂട്ടംകൂട്ടമായി കാണപ്പെടുന്നു. സകുടുംബം വന്നു ചേര്‍ന്നിട്ടുള്ള ഗൃഹസ്ഥന്മാര്‍ക്കും കണക്കില്ല. കൃത്യാന്തരബഹുജനായ പുരുഷനും, ഗൃഹഭരണപര്യാകുലയായ സ്ത്രീയ്ക്കും ലീലാലോലുപരായ കുട്ടികള്‍ക്കും ഒരുപോലെ ഭക്തിരസം വഴിഞ്ഞൊഴുകുന്ന ഈ മഹനീയമായ സന്ദര്‍ഭം സകലപ്രകാരത്തിലും പ്രയോജനകരമാക്കുന്നതിനാണു സ്ത്രീപുരുഷന്മാരും ബാലികാബാലന്മാരും ഒരുങ്ങിവന്നിരിക്കുന്നത്. ഇവരില്‍ ഓരോരുത്തരുടേയും മുഖത്തു കളിയാടുന്ന വിജയേഛ ഒന്നു പ്രത്യേകമാണ്. ചരിത്രപ്രസിദ്ധമായ പഴയസെമിനാരി സന്ദര്‍ശിക്കുന്നതിനും മാര്‍ ജോസഫ് ദീവന്നാസ്യോസു തിരുമേനിയുടെ കബറുങ്കല്‍ കുമ്പിടുന്നതിനുംവേണ്ടി ഒരു നല്ല ഭാഗം ജനങ്ങള്‍ അങ്ങോട്ടു പോകുകയുണ്ടായി. അവിടെയും ആഡംബരസന്നാഹങ്ങള്‍ക്കു കുറവില്ല.

സായംസന്ധ്യയായി. കതിനാവെടികള്‍ മുഴങ്ങി. മനോരമപ്പള്ളിയില്‍ ഞാന്‍ എത്തി. അവിടെ ബഥനിയുടെ എപ്പിസ്ക്കോപ്പാ തിരുമേനി മറ്റു വൈദികന്മാരുടെ സഹകരണത്തോടുകൂടെ സന്ധ്യാശുശ്രൂഷ നടത്തി. പിന്നീടു നാളെയും മറ്റന്നാളും അനുഷ്ഠിക്കേണ്ടുന്നതായ ക്രമങ്ങള്‍ തിരുമേനി വൈദികന്മാര്‍ക്കുപദേശിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡണ്ടിന്‍റെ അദ്ധ്യക്ഷതയില്‍ സന്നദ്ധസംഘം കൂടി അവര്‍ക്കു ബാഡ്ജു കൊടുക്കുകയും ക്രമപാലനരീതികള്‍ ഉപദേശിക്കുകയും ചെയ്തു. സായം സന്ധ്യയിലെ മനോരമപ്പള്ളി അത്യന്തം ചേതോഹരമായിരുന്നു. ഹൈസ്ക്കൂളിന്‍റെ പടിഞ്ഞാറേ കെട്ടിടത്തിന്‍റെ കിഴക്കെ വരാന്തയിലും മറ്റുമായി രമണീയമായ ദീപക്കാഴ്ച ഉണ്ടായിരുന്നു. കിഴക്കേ ഗേറ്റുങ്കല്‍ കെട്ടി ഉയര്‍ത്തി ഈന്തല്‍ കൊണ്ടു വളച്ചുള്ള ദ്ധ്വജസ്തംഭം ചന്ദ്രികയുള്ള ആകാശമണ്ഡലത്തിലേക്കുയര്‍ന്ന് അവിടെയുള്ള വിവിധ ഗോളങ്ങളെ ഇങ്ങോട്ടു ക്ഷണിക്കയാണോ എന്നു തോന്നിപ്പോകും. ഗാസ്ലൈറ്റുകളാല്‍ പ്രശോഭിതമായ പന്തലിനകം ഏറ്റവും മോഹനമായിരുന്നു. കൊട്ടിലിനകം കടലാസുമാലകളാലും പന്തലിനകം ഈന്തല്‍, കൊടി എന്നിവയാലും അലംകൃതമായിരുന്നു.

മണ്ഡപം മിക്കവാറും വിതാനിക്കപ്പെട്ടിരുന്നു. മുമ്പു പ്രസ്താവിച്ചിട്ടുള്ള പീഠം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. എണ്‍കോണ്‍ വിചിത്ര കൂടാരത്തിന്‍റെ മൂന്നു നിലകളും, ബലിപീഠവും അതിന്‍റെ മുകളില്‍ പ്രതിഷ്ഠിതമായിരുന്ന കുരിശും ആ വെളിച്ചത്തില്‍ തിളങ്ങി വിളങ്ങി. ചിത്രക്കടലാസുകളും വിവിധ നിറങ്ങളിലുള്ള തുണിത്തറികളാലും അലംകൃതമായിരുന്ന തൂണുകള്‍ അത്യന്തം ഭംഗിയുള്ളവയായിരുന്നു. എവിടെനോക്കിയാലും ഒരു ഉണര്‍ച്ചയും അവിടെയെല്ലാം എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാരും വിശേഷിച്ചു പ്രസിഡണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു. കമ്മറ്റി കൂടെക്കൂടെ കൂടുകയും കാര്യപരിപാടി ക്രമപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. സഭാംഗങ്ങളില്‍ ഒരു വലിയ വിഭാഗം പന്തലിലും പരിസരപ്രദേശങ്ങളിലുമായി സ്ഥാനം പിടിച്ചു. രാത്രിയില്‍ ഉറങ്ങിയവരുണ്ടോ എന്ന് സംശയമാണ്. വിതാനങ്ങള്‍ ഭംഗിയാക്കുന്നതിനു ചുമതലപ്പെട്ടവര്‍ ഘോഷയാത്രാവഴിയിലും പന്തലിലും നിന്ന് ഊര്‍ജ്ജിതമായി ജോലി ചെയ്തുകൊണ്ടിരുന്നു. കാര്യനിര്‍വഹകന്മാര്‍ അവിടവിടെ ഓടിനടന്ന് ഓരോന്നും ക്രമപ്പെടുത്തിക്കൊണ്ടിരുന്നു. നേരം വെളുക്കുവോളം കാറുകളും മറ്റു വാഹനങ്ങളും തുടരെത്തുടരെ വന്നുകൊണ്ടിരിക്കുകയും പ്രത്യേകം പ്രത്യേകം വസതികളിലേക്ക് ആഗതര്‍ പൊയ്ക്കൊണ്ടിരിക്കുകയും ചെയ്തു. നാളെയും മറ്റന്നാളും നടക്കുന്ന വിശിഷ്ട സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സംഭാഷണം മാത്രമേ എവിടെയും കേള്‍ക്കാനുള്ളു. വെള്ളിയാഴ്ച വെളുപ്പിനു മണി നാലടിച്ചപ്പോളേക്കു തന്നെ ആളുകള്‍ പന്തലില്‍ സ്ഥലം പിടിച്ചു തുടങ്ങി. ആറു മണിക്കു കതിനാവെടികളും മണിനാദങ്ങളും മുഴങ്ങിക്കഴിഞ്ഞപ്പോളേക്ക് ഇരുപതിനായിരത്തില്‍പരം ആളുകള്‍ പന്തലിലും വെളിക്കുമായി സ്ഥലം പിടിച്ചു കഴിഞ്ഞു. സ്ത്രീകളുടെ സംഖ്യ മാത്രം നോക്കിയാല്‍ 3000-ല്‍ കുറയുകയില്ല. കുട്ടികളും ഏകദേശം അത്രയും വരും. പുരുഷന്മാരെ നില നോക്കി ഒന്നു തരം തിരിച്ചു നിറുത്തുവാന്‍ പ്രയാസം. യാക്കോബായ സഭയില്‍ പ്രബലന്മാരായവരെല്ലാവരും – സമുദായാഭിമാനമുള്ള സകലരും – പന്തലിലും വെളിക്കുമായി നിരന്നു കഴിഞ്ഞു. വിവിധ ക്രിസ്തീയ വകുപ്പുകളില്‍പെട്ടവരും മറ്റു മതസ്ഥരും വന്നുചേരുന്നുണ്ട്. അതിഥികള്‍ക്കുള്ള സ്ഥലം നിറഞ്ഞു കവിഞ്ഞു. പ്രമാണികള്‍ പലര്‍ പുറമേ തന്നെ ഒഴിഞ്ഞു മാറിക്കൊണ്ടു മറ്റുള്ളവര്‍ക്കു സ്ഥലം കൊടുത്തു. വാളന്‍റിയര്‍മാര്‍ക്കു നിയന്ത്രിക്കാന്‍ പാടില്ലാത്തവിധം ജനങ്ങള്‍ വര്‍ദ്ധിച്ചു. ഏകദേശം മുന്നൂറോളം വൈദികന്മാര്‍ക്കിരിക്കുവാന്‍ തയ്യാറാക്കിയിരുന്ന സ്ഥലത്ത് മണ്ണു നുള്ളിയിട്ടാല്‍ താഴാതെയായി.

ആറരമണിക്ക് മേല്പട്ടക്കാര്‍ ഉള്‍പ്പെടെയുള്ള വൈദികന്മാര്‍ ഹൈസ്ക്കൂള്‍ ഹാളില്‍ കൂടുകയും ചില നിര്‍ദ്ദേശങ്ങള്‍ക്കു ശേഷം അണിനിരന്നു പടിഞ്ഞാറേ ഗേറ്റു കടന്നു പന്തലിലേക്ക് ആഗതരാവുകയും നിര്‍ദ്ദിഷ്ട സ്ഥാനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. അതോടുകൂടെ പ്രഭാത നമസ്ക്കാരം ആരംഭിച്ചു. ബഥനിയുടെ എപ്പിസ്ക്കോപ്പാ അവര്‍കളായിരുന്നു പ്രാര്‍ത്ഥന നടത്തിയത്. മലങ്കര മെത്രാപ്പോലീത്താ അവര്‍കള്‍ കാതോലിക്കാ സ്ഥാനാര്‍ത്ഥിയായ തിരുമേനി, മെത്രാന്‍ സ്ഥാനാര്‍ത്ഥികളായ റമ്പാന്മാര്‍ മുതല്‍ ധാരാളം പട്ടക്കാരുടെ സഹകരണത്തോടുകൂടെ പ്രഭാത നമസ്ക്കാര ശുശ്രൂഷ അവസാനിച്ചപ്പോള്‍ മണി ഏഴര കഴിഞ്ഞു.

“അപ്പോസ്തോലികമായ അത്യുന്നത പൗരസ്ത്യ കാതോലിക്കാസ്ഥാനത്തിന്‍റെ പദവിയിലേക്കു പരിശുദ്ധ റൂഹാ അവിടുത്തെ വിളിക്കുന്നുന്നു”വെന്നു വിശുദ്ധ സുന്നഹദോസ് കാതോലിക്കാസ്ഥാനാര്‍ത്ഥിയോടു പറഞ്ഞു മുട്ടുകുത്തി. അദ്ദേഹമാകട്ടെ, “ഞാന്‍ സമ്മതിച്ച് അംഗീകരിക്കുന്നു” എന്നു പറഞ്ഞു കുമ്പിട്ടു. അദ്ദേഹത്തിനെ വി. സുന്നഹദോസിന്‍റെ അദ്ധ്യക്ഷന്‍ വലതുകരം പിടിച്ച് മദ്ബഹായില്‍ പ്രവേശിപ്പിച്ചു. ആ സമയം ഗായകസംഘം “യജമാനന്‍ വരുമന്നേരം” എന്നു തുടങ്ങുന്ന ഗീതം ഏറ്റം ശ്രുതിമധുരമായി പാടി. പിന്നീടു സ്ഥാനാര്‍ത്ഥിയെ സ്ഥാനോചിതമായ വസ്ത്രങ്ങള്‍ ധരിപ്പിച്ചു പ്രത്യേകം തയ്യാറാക്കിയിട്ടുള്ള മുറിയിലേക്കു ബഥനിയിലെ തിരുമേനിയും മെത്രാന്‍സ്ഥാനാര്‍ത്ഥികളും കൂടെ കൊണ്ടുപോയി ഇരുത്തുകയും തിരികെ വന്നു ശുശ്രൂഷ തുടരുകയും ചെയ്തു. ഇതു സംബന്ധിച്ചുള്ള കുര്‍ബ്ബാന അണച്ചതു മറ്റു വൈദികന്മാരുടെ സഹായത്തോടുകൂടെ മലങ്കര മെത്രാപ്പോലീത്താ തിരുമേനിയായിരുന്നു. പ്രായാനുരൂപം നര ധാരാളമുള്ള തിരുമേനി സ്വതസിദ്ധമായ പ്രൗഢഗംഭീരതയോടും, വഴിഞ്ഞൊഴുകുന്ന ഭക്തിപ്രചുരിമയോടും, ആത്മിക സന്താനങ്ങളില്‍ നിറഞ്ഞു കവിയുന്ന വാത്സല്യ പ്രസരിപ്പോടും, ധര്‍മ്മാനുഷ്ഠാനത്തില്‍ സഹജമായ ദൃഢവ്രതത്തോടും കൂടെ മണ്ഡപത്തില്‍ നിന്നു കുര്‍ബ്ബാന അണച്ചതു കാണേണ്ടതായ ഒരു കാഴ്ച തന്നെയായിരുന്നു. ശുദ്ധ ദൈവികമായ ചിന്താഭാരത്താല്‍ വിനയോന്വിതനായ ബഥനിത്തിരുമേനിയുടെ സാമുഖ്യം ഏതൊരു സദസ്സിനുമെന്നപോലെ ഇന്നത്തേതിനും ചൈതന്യസന്ദായകമായിരുന്നു. സന്ദര്‍ഭത്തിന്‍റെ മാഹാത്മ്യത്തിനും ഗൗരവത്തിനും അതു ഗുണമായി. വൈദികന്മാരും അയ്മേനികളും സ്വസ്ഥാനങ്ങളില്‍ നിശ്ശബ്ദപൂര്‍വ്വം സ്ഥലംപിടിച്ചു. കുര്‍ബ്ബാനമദ്ധ്യേ ബഥനിയിലെ തിരുമേനി ഒരു പ്രസംഗം ചെയ്തു. ഹാളില്‍ അഭംഗുരമായ നിശ്ശബ്ദത പരിപാലിക്കണമെന്നുള്ള നിഷ്ക്കര്‍ഷയോടുകൂടെ അദ്ദേഹം പ്രസംഗം ആരംഭിച്ചു. മാതാവായ വിശുദ്ധ കന്യകമറിയവും വളര്‍ത്തഛനായ മാര്‍ യൗസേപ്പും കൂടെ കര്‍ത്താവായ യേശുക്രിസ്തുവിനെ ഊര്‍ശ്ലേം പള്ളിയില്‍ കാഴ്ച വച്ചു. മാറാനായപെരുന്നാള്‍ ദിവസമാണ് ഇന്നെന്ന് അനുസ്മരിപ്പിച്ചുകൊണ്ട് അതിന്‍റെ സന്ദര്‍ഭവൈശിഷ്ട്യം തിരുമേനി വിവരിച്ചു. അങ്ങനെയുള്ള ഈ ശുഭ ദിനത്തില്‍ കാതോലിക്കാ സ്ഥാനാരോഹണം നടത്തുന്നതിന്‍റെ വൈശിഷ്ട്യം അദ്ദേഹം ചൂണ്ടിക്കാണിച്ചു. കാതോലിക്കാ സ്ഥാനാരോഹണം ദൈവികാനുഗ്രഹത്തിനുവേണ്ടി മാത്രമാണെന്നും അതില്‍ മറ്റു യാതൊരു ഉദ്ദേശവുമില്ലെന്നും അദ്ദേഹം യുക്തിയുക്തം സമര്‍ത്ഥിച്ചു. പ്രസംഗം ആദ്യന്തം മര്‍മ്മസ്പൃക്കായിരുന്നു. അതിന്‍റെ ശേഷം കുര്‍ബ്ബാന തുടങ്ങുകയും കാതോലിക്കാ സ്ഥാനാര്‍ത്ഥിയെ തിരികെ മണ്ഡപത്തില്‍ കൊണ്ടുവരികയും ചെയ്യുന്നു. “മേല്‍പ്പട്ടസ്ഥാനാഭിഷേകകര്‍മ്മം” എന്ന പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ള കര്‍മ്മങ്ങള്‍ ഒന്നൊന്നായി നടത്തുകയുണ്ടായി. സ്ഥാനാര്‍ത്ഥിയായ മാര്‍ ഗ്രീഗോറിയോസ് തിരുമേനി സകലതും ജഗന്നിയന്താവില്‍ സമര്‍പ്പിച്ച് ഭക്തിയില്‍ മുഴുകി കണ്ണുനീര്‍ വാര്‍ത്തുകൊണ്ടാണ് ശുശ്രൂഷയില്‍ സംബന്ധിച്ചത് എന്നുള്ള വസ്തുത പ്രത്യേകം സ്മരണീയമാണ്. ഗീതങ്ങളും പ്രാര്‍ത്ഥനകളും കഴിഞ്ഞ് രഹസ്യപ്രാര്‍ത്ഥന നടത്തുകയും “കുറിയേലായിസ്സോന്‍” (കര്‍ത്താവേ! കരുണയുണ്ടാകേണമേ) ചൊല്ലുകയും, മേല്‍പ്പട്ടക്കാരില്‍ ഒരാള്‍ “കോറൂസൂസോ” വായ്ക്കയും ചെയ്തശേഷം സ്ഥാനാര്‍ത്ഥി കിഴക്കോട്ടുതിരിഞ്ഞ് കുനിഞ്ഞു നില്‍ക്കുകയും വിശുദ്ധ സുന്നഹദോസിന്‍റെ അദ്ധ്യക്ഷനായ വലിയ തിരുമേനി സ്ഥാനാര്‍ത്ഥിയുടെ തലയില്‍ വലതുകൈ വെച്ചുകൊണ്ട് “വിശുദ്ധ മാര്‍തോമ്മാശ്ലീഹായുടെ അനുഗ്രഹിക്കപ്പെട്ട വി. പൗരസ്ത്യസഭയ്ക്കായി ബസേലിയോസ് കാതോലിക്കാ പ. പിതാവിന്‍റയും പുത്രന്‍റെയും വിശുദ്ധ റൂഹായുടെയും തിരുനാമത്തില്‍” നിത്യജീവങ്കലേക്കായി അവരോധിക്കപ്പെടുന്നു എന്നുള്ള പ്രാര്‍ത്ഥന ചൊല്ലുകയും നെറ്റിയില്‍ സ്ലീബായുടെ മുദ്ര കുത്തുകയും സ്ലീബാ ഭരമേല്‍പ്പിക്കുകയും ചെയ്തു. ഓക്സിയോസ് വിളി കഴിഞ്ഞ് അംശവടി സ്വീകരിച്ച് കാതോലിക്കാബാവാ തിരുമനസ്സുകൊണ്ട് അംശവടി ഉയര്‍ത്തി സര്‍വ്വ ജനങ്ങളെയും ആശീര്‍വദിച്ചു. തിരുമേനിക്കു വേണ്ടി സു: അദ്ധ്യക്ഷന്‍ തിരുമേനി പ്രാര്‍ത്ഥിച്ചു. ഒടുവില്‍ ബാവാ തിരുമനസ്സുകൊണ്ട് കുറുബാനയുടെ ബാക്കിഭാഗങ്ങളും നിറവേറ്റുകയുണ്ടായി. ഡിവിഷന്‍ അസിസ്റ്റന്‍റ് മി. സി. ഓ. മാധവന്‍ കുറുബാന ആരംഭിച്ചപ്പോഴേക്കു സദസ്സില്‍ സന്നിഹിതനായിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ടു മി. ആര്‍. കൃഷ്ണപിള്ള, ഡി. പോലീസു സൂപ്രണ്ട് മി. പാച്ചു അയ്യങ്കാര്‍ എന്നിവര്‍ വന്നുചേര്‍ന്നു. ആംഗ്ലിക്കന്‍ ബിഷപ്പ് റൈറ്റ് റവ. ഇ. എ. എല്‍. മൂര്‍ അവര്‍കള്‍ കുര്‍ബാന ആരംഭിച്ചശേഷം വന്നുചേര്‍ന്നു. വാഹനനിയന്ത്രണം മുതലായ വിഷയത്തില്‍ സ്പൃഹണീയമായ സഹായങ്ങള്‍ പോലീസുകാര്‍ ചെയ്കയുണ്ടായി. വാളന്‍റിയറന്മാര്‍ അഭിനന്ദനീയമായി പെരുമാറി.

സ്ഥാനാരോഹണ ശുശ്രൂഷയുടെ ഇടയ്ക്കു കതിനാവെടികള്‍ മുഴക്കുകയും ബാന്‍റു വായിക്കുകയും ഉണ്ടായി. പതിനൊന്നര മണിയോടുകൂടി ഈ ചടങ്ങുകള്‍ അവസാനിച്ചു. പിന്നീടു ബഥനി എപ്പിസ്കോപ്പായെ ഒരു പ്രാര്‍ത്ഥനയോടുകൂടി മെത്രാപ്പോലീത്താ ആയി അവരോധിച്ചു. അതിന്‍റെശേഷം കുര്‍ബാന അവസാനിപ്പിച്ചു. അപ്പോള്‍ മണി പന്ത്രണ്ടര ആയിട്ടുണ്ട്. ആ സമയം കതിനാവെടികള്‍ വയ്ക്കപ്പെട്ടു. പിന്നീടു പള്ളി പ്രദിക്ഷണം നടത്തി. കൈമുത്തു നടത്തി രാവിലത്തെ ചടങ്ങുകള്‍ അവസാനിപ്പിച്ചു. (തുടരും)

(മലയാള മനോരമ, 1929 ഫെബ്രുവരി 16)

കാതോലിക്കാ സ്ഥാനാരോഹണം

അതികമനീയമായ അലങ്കാര വിശേഷങ്ങള്‍
അഭൂതപൂര്‍വ്വമായ ജനക്കൂട്ടവും നയനാഭിരാമമായ സജ്ജീകരണങ്ങളും

(പ്രത്യേക റിപ്പോര്‍ട്ടര്‍)

കോട്ടയം 4-6-104: മലങ്കരസുറിയാനിസഭയുടെ ഭാഗ്യാതിരേകത്താല്‍ മാര്‍ അബ്ദേദു മിശിഹാ പാത്രിയര്‍ക്കീസുബാവാ തിരുമേനിയുടെ ഔചിത്യബുദ്ധിയുടെയും ദീര്‍ഘദൃഷ്ടിയുടെയും ഫലമായി ലഭ്യമായ പൗരസ്ത്യ കാതോലിക്കാ സ്ഥാപനത്തെ അഭംഗമായി പരിപാലിക്കുന്നതില്‍ ജനസമുദായത്തിനുള്ള അത്യാംകാംക്ഷയുടെ പ്രത്യക്ഷ പ്രതിഫലനമെന്നു തോന്നക്കവിധത്തില്‍ ഈ പ്രാവശ്യത്തെ കാതോലിക്കാസ്ഥാനാരോഹണം സര്‍വ്വവിധ ആഘോഷങ്ങളോടും കൂടി അത്യാഡംബരപൂര്‍വ്വം നടത്തുന്നതിനും നൂതനമായി സ്ഥാനാരോഹണം ചെയ്യുന്ന കാതോലിക്കാബാവാ തിരുമേനിയേയും മെത്രാപ്പോലീത്തന്മാരെയും മാര്‍ ഏലിയാ ചാപ്പലില്‍ നിന്നു പഴയസെമിനാരിയിലേക്ക് കെങ്കേമമായവിധത്തില്‍ എതിരേല്‍ക്കുന്തിനുംവേണ്ട ഒരുക്കങ്ങള്‍ വന്‍പിച്ച തോതില്‍ നടന്നുവരുന്ന വിവരം യഥാവസരം മനോരമ പംക്തികളില്‍ പ്രസ്താവിച്ചിരുന്നതാണല്ലോ. എന്നാല്‍ ഇന്നു കോട്ടയം പട്ടണം സന്ദര്‍ശിക്കുന്ന യാതൊരു മനുഷ്യന്‍റെയും ഹൃദയഭിത്തികളെ തട്ടിത്തകര്‍ക്കുമാറു തിങ്ങിപ്പൊങ്ങി കവിഞ്ഞുവരുന്ന വികാര പരമ്പരകളെ വര്‍ണ്ണിക്കുവാനോ ദൃഷ്ടിക്കു വിഷയീഭവിക്കുന്ന അതികമനീയമായ അലങ്കാരവിശേഷങ്ങളെയും ഈ മഹാമഹത്തിനു എത്രയും അനുയോജ്യമായവിധത്തില്‍ ചെയ്യപ്പെട്ടിരിക്കുന്ന അതിവിപുലങ്ങളായ സജ്ജീകരണങ്ങളെയോ വിവരിക്കുവാനോ ആയിരം നാവുള്ള അനന്തനും സാദ്ധ്യമല്ല. പട്ടണത്തിലെവിടെയും തിക്കും തിരക്കും ബഹളവുമേ കാണ്മാനുള്ളൂ. മനോരമ ചാപ്പലിനു മുന്‍വശത്ത് “ചേതസ്സാകര്‍ഷക”മാംവണ്ണം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതും ശില്പകലാവൈഭവത്തിന്‍റെ ഊഹാതീതമായ ഹൃദയ വശീകരണശക്തിയെ സുവ്യക്തം അനുഭവബോദ്ധ്യമാക്കുന്നതുമായ മനോഹര മണ്ഡപത്തെയും, അതിനു മൂന്നു ഭാഗത്തുമായി കെട്ടിയൊരുക്കി അലങ്കരിച്ചു മോടിപിടിപ്പിച്ചു നേത്ര സാഫല്യത്തെ പ്രദാനം ചെയ്യുമാറ് നയനാഭിരാമമാക്കി ചെയ്യപ്പെട്ടിരിക്കുന്ന വിസ്തൃതമായ പന്തലിനെ പന്തലിന്‍റെ മുന്‍ഭാഗത്ത് ഉദ്ദേശം നാല്‍പതടി ഉയരത്തില്‍ ഈന്തല്‍ പലവര്‍ണ്ണക്കടലാസുകൊടികള്‍, ലതകള്‍ ആദിയായവയാല്‍ അലംകൃതമായി ഉച്ചത്തില്‍ വഹിച്ചിരിക്കുന്ന വെള്ളക്കൊടിയുടെ മന്ദാനിലനിലുള്ള ചാഞ്ചാട്ടം മൂലം ജാതിമതഭേദം കൂടാതെ സര്‍വ്വ മനുഷ്യര്‍ക്കും ഹൃദയപൂര്‍വകമായ സ്വാഗതമരുളി പരിലസിക്കുന്ന ഗോപുരത്തെ വര്‍ണ്ണിക്കുന്നതിനൊരുമ്പെടുന്നതു സാഹസം തന്നെ. ചാപ്പലിന്‍റെ പുരോഭാഗത്തു പശ്ചിമാഭിമുഖമായി ഇരുപത്താറടി സമചതുരത്തില്‍ രണ്ടര അടി ഉയര്‍ത്തി കെട്ടിയിട്ടുള്ളതും സ്ഥാനാഭിഷേകശുശ്രൂഷാ നിര്‍വഹണത്തിനു പ്രത്യേകം തയ്യാറാക്കപ്പെട്ടിരിക്കുന്നതുമായ മണ്ഡപത്തില്‍ പ്രസിദ്ധ ശില്പകലാവിദഗ്ദ്ധനായ മിസ്റ്റര്‍ തൊമ്മിക്കണ്ണു ബാദുവാ ചെയ്തിരിക്കുന്ന അലങ്കാര വിശേഷങ്ങളുടെ മനോഹാരിത അനുഭവിച്ചാനന്ദിക്കുകതന്നെ ചെയ്യേണ്ടതാണ്. കെട്ടിപ്പൊക്കിയിട്ടുള്ളതും വിശിഷ്ടങ്ങളായ തിരശ്ശീലകളാല്‍ ആഛാഭിതവും ആയ മണ്ഡപ തറയില്‍ എട്ടുപട്ടത്തിലുള്ള നാലു മനോഹര തൂണുകളും അവയുടെ മദ്ധ്യത്തില്‍ വിചിത്രപ്പണികളാല്‍ ചേതോഹരിതമാക്കി ചെയ്യപ്പെട്ടിട്ടുള്ള മൂന്ന് ആര്‍ക്കുകളും അവയുടെ മേല്‍ഭാഗത്ത് അഗ്രത്തില്‍ മനോഹരമാംവിധം അലങ്കാരവേലകള്‍ ചെയ്തിട്ടുള്ള സുവര്‍ണ്ണ പ്രഭാപൂരതമായ ……. ശോടുകൂടിയ എട്ടുപട്ട…. ഒരു ഗോപുരവുമാണ് കാണപ്പെടുന്നത്. എട്ടു പട്ടത്തിലുള്ള ഗോപുരത്തിന്‍റെ ഉള്‍ഭാഗത്തു ചെയ്തിരിക്കുന്ന നയനാനന്ദകരമായ അലങ്കാരവേലകള്‍ യഥാര്‍ത്ഥത്തില്‍…. സുവര്‍ണ്ണ മണ്ഡപം കാണപ്പെടുന്നതിന്‍റെ അന്തര്‍ഭാഗത്താണ് ത്രോണോസ് അഥവാ അള്‍ത്താര സ്ഥിതിചെയ്യുന്നത്. ദര്‍ശനമാത്രയില്‍ത്തന്നെ യാതൊരു നിരീശ്വരവാദിയേയും ഭക്തപരവശനാക്കിത്തീര്‍ക്കത്തക്കവിധത്തില്‍ സുവര്‍ണ്ണദ്യുതി പ്രസ്ഫുരിപ്പിച്ചുകൊണ്ടിരിക്കുന്ന അള്‍ത്താരയുടെ മദ്ധ്യത്തില്‍ വിശിഷ്ടമായ ഒരു കനകക്കുരിശും അതിന്‍റെ രണ്ടു ഭാഗത്തും ആറാറു ചിറകുകളോടുകൂടിയ ഓരോ മാലാഖമാരുമായി ദീപ്തിമത്തായ മെഴുകുതിരിവെളിച്ചത്തില്‍ പ്രശോഭിക്കുന്ന ആ കാഴ്ച ഭക്തജനങ്ങള്‍ക്ക് എന്നെന്നും സ്മരിക്കത്തക്കതുതന്നെ. സുവര്‍ണ്ണ മണ്ഡപത്തിന്‍റെ പുരോഭാഗം അനാഛാദനം ചെയ്ത് ഉള്ളിലേക്കു ദൃഷ്ടിയേ ആനയിക്കുന്ന യാതൊരുത്തന്‍റെയും ഹൃദയത്തില്‍ അവിടുത്തെ ആ വിശിഷ്ടാലങ്കാരങ്ങളും കലകമയമായ അതിശോഭയും പറന്നു നില്‍ക്കുന്ന മാലാഖമാരുടെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്ന കുരിശും എല്ലാം കൂടി സ്വര്‍ഗ്ഗരാജ്യ സ്മരണകളെ ഉളവാക്കുമെന്നുള്ളത് നിസ്തര്‍ക്കമാണ്. ഇതുതന്നെയാണു ദിവ്യാനന്ദദായകമായ നയനസാഫല്യം. മണ്ഡപത്തിന്‍റെ ദക്ഷിണോത്തരഭാഗങ്ങളിലുള്ള കൊട്ടിലുകളും മുന്‍വശത്തുള്ള പന്തലും അലങ്കാരവിഷയത്തില്‍ ഒട്ടും പിന്നോക്കമല്ല. 120 അടി സമചതുരത്തില്‍ പന്തലും അതിന്‍റെ മധ്യഭാഗത്തുള്ള ആറടി വീതിയില്‍ ഒരു കൊട്ടിലുമായിട്ടാണ് മുന്‍ഭാഗം സജ്ജീകരിച്ചിരിക്കുന്നത്. പന്തലിന്‍റെ മുകള്‍ഭാഗം പച്ചപ്പട്ടിനൊത്ത ഈന്തലുകള്‍ വിരിച്ചും ഇടയ്ക്കിടെ അരയടി അകലത്തില്‍ വിവിധ വര്‍ണ്ണത്തിലുള്ള കൊടികളും തോരണങ്ങളും കൊണ്ടലങ്കരിച്ചു മോടിപിടിപ്പിച്ചിരിക്കുന്നു. പന്തലിന്‍റെ നാലുവശവും മനോഹരങ്ങളായ ആര്‍ക്കുകളും കടലാസു കൊണ്ടുള്ള വിചിത്രവേലകളും കൊണ്ടു നയനാനന്ദകരമാക്കി ചെയ്യപ്പെട്ടിരിക്കുന്നു. മദ്ധ്യത്തിലുള്ള കൊട്ടിലുകളുടെ മുകളില്‍ ശുഭ്രവസ്ത്രം വിരിച്ചു പുഷ്പമാല്യങ്ങളും നക്ഷത്രപംക്തികളും കൊണ്ട് അലംകൃതമായിരിക്കുന്നു. മണ്ഡപത്തിനു രണ്ടു വശത്തുമുള്ള പന്തലുകള്‍ വിചിത്രമായലംകരിച്ചു മാന്യാതിഥികള്‍ക്കായി പ്രത്യേകം ഒഴിച്ചിട്ടിരിക്കയാണ്. പന്തലിന്‍റെ മുന്‍പില്‍ കാണപ്പെടുന്ന ഗോപുരം പച്ചവര്‍ണ്ണത്തിലുള്ള ലതകളും ഇലകളും കൊണ്ട് അലങ്കരിച്ച് അതീവ മോഹനമാക്കിത്തീര്‍ത്തിരിക്കുന്നു. ഗോപുരത്തിന്‍റെ അഗ്രത്തില്‍ നിന്നു നാനാഭാഗത്തേക്കും കെട്ടിയിരിക്കുന്ന തോരണ പംക്തികളും കൊടിക്കൂറകളും ഇളംതെന്നലില്‍ അല്പാല്പമായി ചലിച്ചു ജനക്കൂട്ടത്തെ ആകര്‍ഷിച്ചുകൊണ്ട് ഉയരത്തില്‍ത്തന്നെ സ്ഥിതിചെയ്യുന്നു. ഇപ്രകാരം മനോരമ കോമ്പൗണ്ടിലേക്കു പ്രവേശിക്കുന്ന ഉടന്‍ ദൃഷ്ടിക്കു വിഷയീഭവിക്കുന്ന ഗോപുരം കൊടിക്കൂറ ഹസ്തങ്ങളാല്‍ ജനസഞ്ചയത്തെ സ്വീകരിച്ചഭിവാദ്യം ചെയ്യുന്നെങ്കില്‍ പന്തലും പരിസരങ്ങളും ദൃഷ്ടികള്‍ക്കു നയനസാഫല്യത്തേയും മണ്ഡപത്തിന്‍റെ അന്തര്‍ഭാഗം ഭക്തജനങ്ങള്‍ക്കു ഹൃദയസംപൂര്‍ണ്ണമായ ദിവ്യാനന്ദത്തേയും പ്രദാനം ചെയ്യുന്നുണ്ട്. ഇനി നമുക്കു റോഡിലേക്കു കടക്കാം. മനോരമ ചാപ്പല്‍ മുതല്‍ പഴയസെമിനാരി വരെയുള്ള രണ്ടു മൈല്‍ റോഡു മുഴുവന്‍ ചേതോഹരമാംവണ്ണം അലങ്കരിക്കയെന്നത് എത്ര ശ്രമസാദ്ധ്യമായ ഒരു സംഗതിയാണെന്നു വായനക്കാര്‍ തന്നെ ഊഹിച്ചുകൊള്ളുകയാണുത്തമം. റോഡിന്‍റെ മദ്ധ്യത്തില്‍ 18 അടിയും രണ്ടുവശത്തും പതിനാലടി ഉയരത്തില്‍ നെടുകെ കയറുകൊണ്ട് ഓരോ കോലകലത്തില്‍ ഓരോ തോരണപംക്തി വീതമാണു കെട്ടി അലങ്കരിച്ചിരിക്കുന്നത്. ചെറുകാറ്റില്‍ നാനാവര്‍ണ്ണങ്ങളിലുള്ള കൊടിക്കൂറകളും പുഷ്പമാല്യങ്ങളും പറന്നു കളിയാടുന്ന ആ കാഴ്ചയാണു റോഡില്‍ എവിടെയും കാണപ്പെടുന്നത്. സ്വാഗതാശംസകളോടുകൂടിയ ഭീമാകാരത്തിലുള്ള ആര്‍ക്കുകളും എണ്ണത്തിലും വണ്ണത്തിലും കുറവില്ല. മനോരമയാപ്പീസിന്‍റെ പ്രവേശനദ്വാരത്തിങ്കല്‍ ആപ്പീസുവകയായി മനോഹരമായ ഒരു ആര്‍ക്കും ഒരു സ്വീകരണപ്പന്തലും തയ്യാറാക്കീട്ടുണ്ട്. സിറ്റി ബാങ്കുകാരുടെ വകയായി ഡോക്ടര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ അവര്‍കളുടെ അരമനയ്ക്കു പടിഞ്ഞാറുവശത്തുള്ള അവരുടെ ആപ്പീസിന്‍റെ മുമ്പിലും കോട്ടയത്തെ വണിക്ശ്രേഷ്ടന്മാരുടെ വകയായി ചന്തക്കവലയിലും കിഴക്കേക്കവലയിലും ഓരോ ആര്‍ക്ക് വന്നിട്ടുണ്ട്. കോട്ടയത്തെ മാര്‍ത്തോമ്മാ സുറിയാനി സമുദായാംഗങ്ങള്‍ ചേര്‍ന്നു യരുശലേം പള്ളിയുടെ പുരോഭാഗം നേത്രാനന്ദകരമാംവണ്ണം അലങ്കരിച്ചു മംഗളപത്രസമര്‍പ്പണത്തിനു സജ്ജമാക്കിയിരിക്കുന്നു. പുഷ്പമാല്യങ്ങളും പച്ചീതലുകളും കൊണ്ടു ഹൃദയാകര്‍ഷകമാംവിധം അലങ്കരിച്ചിട്ടുള്ള ഈ പന്തലും ഈ സഹോദരങ്ങളാല്‍ സമര്‍പ്പിതമാകുന്ന മംഗളപത്രവും മലങ്കര സുറിയാനിസഭാ ചരിത്രത്തില്‍ സുവര്‍ണ്ണലിപികളാല്‍ രൂപപ്പെടുത്തേണ്ട ഒരു നൂതനാദ്ധ്യായത്തെ സമാരംഭിക്കുന്നുണ്ടെന്നുള്ളത് ഒരു അവിതര്‍ക്കിതമാണ്. യോജിപ്പിന്‍റെയും സമാധാനത്തിന്‍റെയും ബുദ്ധിയോടുകൂടി മാര്‍ത്തോമ്മാ സഭാംഗങ്ങള്‍ ഇന്നു ബാവാ തിരുമനസിലേക്കു സമര്‍പ്പിക്കുന്ന മംഗളപത്രത്തേയും അദ്ദേഹത്തിന് അവര്‍ നല്‍കുന്ന സ്വീകരണത്തെയും കാതോലിക്കാബാവാ തിരുമനസുകൊണ്ടും ഒരു കാലത്തും വിസ്മരിക്കുകയില്ലെന്നു നമുക്ക് ദൃഢമായി വിശ്വസിക്കാം. യറുശലേംപള്ളിയുടെ മുന്‍ഭാഗത്ത് ഇരുപതടി ചതുരത്തില്‍ തീര്‍ത്തിരിക്കുന്ന പൂപ്പന്തല്‍ സുറിയാനിസഭാചരിത്രത്തിലെ ഇരുപതുവശങ്ങളെ അര്‍ഹിക്കുന്നുണ്ടെന്നു നിസ്സംശയം അഭിപ്രായപ്പെടാവുന്നതാണ്. ചുങ്കം കവല, റീഡിംഗ് റൂം കവല, ബേക്കര്‍ മെമ്മോറിയല്‍ സ്ക്കൂള്‍ കവല എന്നീ സ്ഥലങ്ങളിലും അതിമനോഹരങ്ങളായ ഓരോ ആര്‍ക്കുകള്‍ കെട്ടി അലങ്കരിച്ചിട്ടുണ്ട്. റോഡിലെവിടെയും തോരണപംക്തികള്‍ മാത്രമേ കാണുന്നതിനുള്ളൂ. ഇത്ര വലിയ ഒരു മഹോല്‍സവമോ ഇത്രയും കെങ്കേമമായ അലങ്കാര സവിശേഷങ്ങളോ കോട്ടയം പട്ടണം ഉണ്ടായിട്ടു ഇതുവരെയും ഉണ്ടായിട്ടില്ലെന്നു നിശ്ചയമായും പറയാം. തിരുവിതാംകൂറില്‍ ധനശക്തികൊണ്ടു ം വിദ്യാഭ്യാസം കൊണ്ടും ഒട്ടും അപ്രധാനമല്ലാത്ത ഒരു സ്ഥാനത്തെ അര്‍ഹിക്കുന്ന സുറിയാനി സമുദായത്തിന്‍റെ ഒരു പ്രധാനകേന്ദ്രമായ കോട്ടയത്തെ പ്രധാനന്മാര്‍ തങ്ങളുടെ സമുദായത്തിന്‍റെയും സ്ഥിതിക്കും …. മായ വിധത്തില്‍ … കൊണ്ടാടുന്നതിനു … അവരെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കേണ്ടിയിരിക്കുന്നു.

(മലയാള മനോരമ, 1929 ഫെബ്രുവരി 16; 1104 കുംഭം 5 ശനിയാഴ്ച)

മലങ്കരസുറിയാനിസഭ

ഈ സഭയുടെ പ്രധാന പുരോഹിതനായി നിരണം മുതലായ ഇടവകകളുടെ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ അവര്‍കളെ മോറാന്‍ മാര്‍ ബസേലിയോസ് എന്ന സ്ഥാനനാമത്തില്‍ പൗരസ്ത്യ കാതോലിക്കായായി ഇന്നലെ കോട്ടയം മാര്‍ ഏലിയാ ചാപ്പലില്‍ വെച്ച് അവരോധിച്ചതു സംബന്ധിച്ചുള്ള ചടങ്ങുകളെപ്പറ്റിയുള്ള റിപ്പോര്‍ട്ട് ഇന്നത്തെ ലക്കത്തില്‍ തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ കാതോലിക്കാബാവാ അവര്‍കളുടെ മുന്‍ഗാമിയെ 1100 മേട മാസത്തില്‍ നിരണത്തുപള്ളിയില്‍വെച്ചു അവരോധിച്ച സമയം ഈ പംക്തികളില്‍ പ്രസിദ്ധപ്പെടുത്തിയിരുന്ന മുഖപ്രസംഗത്തില്‍ ഞങ്ങള്‍ പ്രസ്താവിച്ചിരുന്നതില്‍ കൂടുതലായി ഈ സംഗതിയെപ്പറ്റി അധികമായി ഒന്നും പറയാനില്ലാത്തതുകൊണ്ട് ആ മുഖപ്രസംഗത്തിന്‍റെ പ്രധാന ഭാഗങ്ങള്‍ സന്ദര്‍ഭാനുസരണം ആവശ്യമായിത്തീര്‍ന്നിട്ടുള്ള ചില ഭേദങ്ങളോടുകൂടി താഴെ ഉദ്ധരിച്ചുകൊള്ളുന്നു. 1100 മേട മാസത്തില്‍ നിരണത്തുവെച്ച് കോട്ടയം മുതലായ ഇടവകകളുടെ നി. വ. ദി. ശ്രീ. മാര്‍ പീലക്സീനോസു മെത്രാപ്പോലീത്താ അവര്‍കളെ പൗരസ്ത്യ കാതോലിക്കായായി അഭിഷേകം ചെയ്തതിനോടുകൂടി ഈ കുഴപ്പങ്ങള്‍ക്ക് ഒരു പരിഹാരമുണ്ടായിട്ടുള്ളതായി പരിഗണിക്കാവുന്നതാണ്. അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി നിരണം മുതലായ ഇടവകകളുടെ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ അവര്‍കളെ ഇന്നലെ കോട്ടയത്തു മാര്‍ ഏലിയാ ചാപ്പലില്‍ വച്ചു മലങ്കര സുറിയാനിസഭാചരിത്രത്തില്‍ അഭൂതപൂര്‍വ്വമായ ആഡംബരങ്ങളോടുകൂടി പൌരസ്ത്യ കാതോലിക്കായായി വാഴിച്ചതിനോടുകൂടി ഈ പ്രസ്ഥാനം സ്ഥായിയായി നിലനില്‍ക്കുമെന്നുള്ളതിനെപ്പറ്റി വല്ല സംശയവുമുണ്ടായിരുന്നു എങ്കില്‍ അതും ദൂരീകരിക്കപ്പെട്ടിരിക്കുന്നു.

ക്രിസ്തീയ സഭയെ പോഷിപ്പിച്ചു മേല്‍ഭരണം ചെയ്യുന്നതിനായി ക്രിസ്തുദേവന്‍ പന്ത്രണ്ടു പ്രധാന ശിഷ്യന്മാരെ തെരഞ്ഞെടുക്കുകയും ഇവരെ തന്‍റെ കൈകൊണ്ട് തൊട്ട് അനുഗ്രഹിച്ചു പ്രധാനാചാര്യത്വത്തിന്‍റെ നല്‍വരം പ്രദാനം ചെയ്യുകയും ഇങ്ങനെ അവിടുത്തെ ഹസ്തസ്പര്‍ശനത്താല്‍ ദിവ്യശക്തി പ്രാപിച്ചവരും അവരുടെ പിന്‍ഗാമികളെ പരമ്പരയാ കൈവച്ചു മേല്‍പ്പട്ടക്കാരായി അഭിഷേകം ചെയ്യുകയും ചെയ്തതായും ഇങ്ങനെ അഭിഷേകം കൈക്കൊണ്ട ബിഷപ്പുമാര്‍ അല്ലെങ്കില്‍ എപ്പിസ്ക്കോപ്പന്മാര്‍ അല്ലെങ്കില്‍ മെത്രാന്മാര്‍ എന്നു പേരു പറഞ്ഞു വരുന്ന മേല്‍പ്പട്ടക്കാര്‍ ക്രിസ്തീയസഭയില്‍ തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്നതായും ഇങ്ങനെയുള്ള മേല്‍പ്പട്ടക്കാര്‍ മൂലം മാത്രമാണു യേശുക്രിസ്തു മൂലം ലഭിച്ചിട്ടുള്ള കൃപാവരങ്ങള്‍ മനുഷ്യന് അനുഭവപ്പെടുന്നതെന്ന് പ്രൊട്ടസ്റ്റന്‍റു വകുപ്പുകാരോടൊപ്പം പൗരസ്ത്യരും പാശ്ചാത്യരുമായ ക്രിസ്തീയ വകുപ്പുകാരും ദൃഢമായി വിശ്വസിച്ചുവരുന്നു. മാര്‍പാപ്പാ അവര്‍കളുടെ മേലധികാരം സ്വീകരിച്ചു വരുന്നവരായ ഭൂരിപക്ഷം ക്രിസ്ത്യാനികളെ പാശ്ചാത്യവകുപ്പുകാരെന്നും, ഇതര വകുപ്പുകാരെ പൗരസ്ത്യരെന്നുമാണ് നാമകരണം ചെയ്തുവരുന്നത്. രാഷ്ട്രീയമായ പിരിച്ചില്‍, സ്ഥലദൂരം, വര്‍ഗ്ഗീയവ്യത്യാസം മുതലായ പല കാരണങ്ങളാല്‍ ഓരോ രാജ്യങ്ങളിലുള്ള ബിഷപ്പുമാര്‍ അല്ലെങ്കില്‍ മെത്രാന്മാര്‍ ഒരുമിച്ചു ചേര്‍ന്നും ക്രിസ്തീയ സഭയ്ക്കു പൊതുവായ പ്രധാന സംഗതികളെ ഒഴിച്ചു മറ്റു കാര്യങ്ങളില്‍ മറ്റു ബിഷപ്പുമാരില്‍ നിന്നു വേര്‍പെട്ടും അവരവരുടെ ഭരണചുമതലകള്‍ നിര്‍വഹിക്കേണ്ട ആവശ്യം ആരംഭത്തില്‍ത്തന്നെ നേരിട്ടു. ഇങ്ങനെ ഒരുമിച്ചു പ്രവര്‍ത്തിച്ചുവന്ന ബിഷപ്പുമാരുടെ നായകനായി ഇവരില്‍ ഒരാളെ ഇവരു തന്നെ അവരോധിക്കയും ഈ പ്രധാനമേല്‍പ്പട്ടക്കാരനു പാത്രിയര്‍ക്കീസ് അല്ലെങ്കില്‍ കാതോലിക്കാ എന്നു പേരു പറയുകയും ചെയ്യുകയെന്നുള്ളത് ക്രിസ്തുസഭയുടെ ആരംഭകാലങ്ങളില്‍തന്നെ നടപ്പായി. ഏതെങ്കിലും ഒരു രാജ്യത്തിലെ ബിഷപ്പുമാരു കൂടി അവരില്‍ ഒരാളെ തങ്ങളില്‍ വെച്ചു പ്രധാനനാക്കി അവരോധിക്കാന്‍ തീര്‍ച്ചയാക്കുമ്പോള്‍ അതതു രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലെ ബിഷപ്പന്മാരേ പാത്രിയര്‍ക്കീസന്മാരായിട്ടോ കാതോലിക്കാ ആയോ തിരഞ്ഞെടുക്കുക എന്നുള്ളതും സ്വാഭാവികമായിത്തീര്‍ന്നു. ഇങ്ങനെയാണ് കോണ്‍സ്റ്റാന്‍റിനോപ്പില്‍, അലക്സന്ത്രിയാ, അന്ത്യോഖ്യാ, സെലൂക്യാ മുതലായി പൂര്‍വ്വകാലങ്ങളില്‍ പ്രബലതയിലിരുന്ന ഓരോ സ്ഥലങ്ങളിലെ ബിഷപ്പന്മാര്‍ കാലാന്തരത്തില്‍ പാത്രിയര്‍ക്കീസന്മാരായോ കാതോലിക്കാമാരായോ ഉയര്‍ത്തപ്പെടാനിടയായത്. ഈ ഓരോ പ്രധാന മേല്‍പ്പട്ടക്കാരും അവരവരോടുകൂടി ചേര്‍ന്നുനിന്ന ബിഷപ്പന്മാരും കൂടിച്ചേരുന്ന സംഘത്തിന് അതതു വകുപ്പുകളുടെ സിനഡ് എന്നോ സുന്നഹദോസെന്നോ പേരു പ്രസ്താവിക്കയും ഈ സുന്നഹദോസ് കൂടി അതതു സഭാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തുവന്നു. എന്നാല്‍ എല്ലാ ക്രിസ്തീയ സഭകളെയും പൊതുവായി ബന്ധിക്കുന്നവനായി കാതലായ വിശ്വാസാചാര നടപടികളെപ്പറ്റി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ച് ആലോചിച്ചു സമ്മതമായ തീര്‍ച്ചകള്‍ ചെയ്യാനായി പൊതു സുന്നഹദോസുകള്‍ (എക്യുമെനിക്കല്‍ സിനേഡ്സ്) കൂടേണ്ട ആവശ്യം ആരംഭം മുതലേ നേരിട്ടു. നിഖ്യാ,കോണ്‍സ്റ്റാന്‍റിനോപ്പിള്‍, എഫീസസ് മുതലായ സ്ഥലങ്ങളില്‍ കൂടിയ പൊതു സുന്നഹദോസുകളിലെ തീരുമാനങ്ങളുടെ പ്രാമാണ്യത്തെ ചില പ്രൊട്ടസ്റ്റന്‍റു സഭക്കാരൊഴിച്ചു പൗരസ്ത്യരും പാശ്ചാത്യരുമായ എല്ലാ ക്രിസ്തീയ വകുപ്പുകാരും സ്വീകരിച്ചുവരുന്നു. കാല്‍സിഡന്‍ അല്ലെങ്കില്‍ കല്‍ക്കുദോനിയാ എന്ന സ്ഥലത്തുവെച്ചുകൂടിയ നാലാമത്തെ പൊതു സുന്നഹദോസില്‍ വെച്ചു റോമ്മാസാമ്രാജ്യക്കാരും, ഈജിപ്ത്, ഹറിയാ, പേര്‍ഷ്യാ മുതലായ പൗരസ്ത്യ രാജ്യക്കാരും തമ്മില്‍ രാഷ്ട്രീയമായും മറ്റനേകം സംഗതികളിലും മുമ്പുതന്നെ ഉണ്ടായിക്കൊണ്ടിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പ്രബലപ്പെടുകയും സുന്നഹദോസു യോഗങ്ങള്‍ കഴിഞ്ഞശേഷം ഈ പൗരസ്ത്യ രാജ്യങ്ങളിലെ ബിഷോപ്പന്മാരില്‍ ഒരു വലിയ ഭാഗം ആളുകള്‍ സുന്നഹദോസിന്‍റെ പ്രാമാണ്യത്തെ നിഷേധിക്കുകയും ചെയ്തു. ഇതുമൂലം സഭ ഉടനടി രണ്ടായി പിരിഞ്ഞില്ല. രണ്ടു ഭാഗക്കാരും അവരവരുടെ ഭാഗത്തെ പ്രബലപ്പെടുത്താനായി ഉറ്റു ശ്രമിച്ചുകൊണ്ടിരുന്നു. കുസ്തന്തീനോസ്പോലീസ് പട്ടണത്തില്‍ നാടുവാണിരുന്ന റോമ്മാ ചക്രവര്‍ത്തിമാരുടെ മനസ്ഥിതി അനുസരിച്ച് ഓരോ കാലത്തില്‍ ഓരോ കൂട്ടര്‍ക്കു വിജയം സിദ്ധിക്കുകയും അപ്പോള്‍ എതിരു ഭാഗക്കാരെ കഠിനമായി ഉപദ്രവിക്കുകയും ചെയ്യുക ഒരു പതിവായിത്തീര്‍ന്നു. മാര്‍പാപ്പാമാര്‍ മാത്രം ഈ ചാഞ്ചല്യങ്ങള്‍ക്കു വഴിപ്പെടാതെ ആരംഭം മുതലേ കല്‍ക്കദോനിയ സുന്നഹദോസിന്‍റെ പ്രാമാണികത്വത്തില്‍ പൂര്‍ണ്ണമായി വിശ്വസിച്ചും അതിനെ പുലര്‍ത്തിയും കൊണ്ടിരുന്നു. പല ചക്രവര്‍ത്തിമാര്‍ കല്‍ക്കദോനിയ സുന്നഹദോസിന്‍റെ പരമശത്രുക്കളായിരിക്കയും അതുനിമിത്തം പൗരസ്ത്യരാജ്യങ്ങളിലെ സഭകളും മേല്‍പ്പട്ടക്കാരും മിക്കവാറും എതി .. ഉള്‍പ്പെടുകയും ചെയ്തു. ക്രിസ്താബ്ദം 518-ല്‍ അന്തരിച്ച അനസ്റ്റേഷ്യസ് ചക്രവര്‍ത്തിയുടെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ട ഒരാളായിരുന്നു. ഈ കാലമെല്ലാം പൗരസ്ത്യസഭയും പാശ്ചാത്യ സഭയും തമ്മില്‍ വേറുതിരിഞ്ഞു സമരം ചെയ്തുവന്നു. ഈ ചക്രവര്‍ത്തിയുടെ കാലശേഷം ജസ്റ്റീനിയന്‍ എന്നയാള്‍ ചക്രവര്‍ത്തി ആയതിനോടുകൂടി മട്ടെല്ലാം മാറിവീണു. ഇറ്റലി രാജ്യം ചക്രവര്‍ത്തിയുടെ അധീനത്തില്‍നിന്നു വിട്ടുപോയിട്ടു വളരെക്കാലം കഴിഞ്ഞിരുന്നു. ഈ രാജ്യം തിരിച്ചുകിട്ടണമെന്നു ചക്രവര്‍ത്തിക്കുണ്ടായിരുന്ന അതിമോഹം സാധിക്കുന്നതിനു മാര്‍പാപ്പായുടെ ആനുകൂല്യം അത്യാവശ്യമായിരുന്നു. അതിനാല്‍ സഭകള്‍ തമ്മില്‍ പുനരൈക്യം ഉണ്ടാക്കണമെന്നു ചക്രവര്‍ത്തി ഹോര്‍മ്മിസ്ദാസ് മാര്‍പാപ്പായോട് അപേക്ഷിച്ചു. മാര്‍പാപ്പാ ആവശ്യപ്പെട്ടപ്രകാരമെല്ലാം പൗരസ്ത്യസഭകളിലെ വിശ്വാസാചാരങ്ങള്‍ ഭേദപ്പെടുത്താമെന്നു ചക്രവര്‍ത്തി സമ്മതിച്ച് ഐക്യം പുനഃസ്ഥാപിതമാക്കിത്തീര്‍ക്കുകയും ചെയ്തു. എതിരുഭാഗത്തിലെ പ്രബലന്മാരായ മേലദ്ധ്യക്ഷന്മാര്‍ അലക്സന്ത്രിയായിലെ ദീയസ്ക്കോറോസ്, അന്ത്യോഖ്യായിലെ സേവേറിയോസ് എന്നീ പാത്രിയര്‍ക്കീസന്മാരായിരുന്നു. ഈജിപ്തുകാരോടു വഴക്കിനു പുറപ്പെട്ടാല്‍ വലിയ കലാപമുണ്ടാകുമെന്നു ചക്രവര്‍ത്തിക്കറിയാമായിരുന്നതുകൊണ്ട് അന്ത്യോഖ്യായിലേക്കു മുഖം തിരിച്ചു. വിശ്വാസസ്ഥിരതയുണ്ടായിരുന്ന പാത്രിയര്‍ക്കീസന്മാര്‍ ഈജിപ്തില്‍ പോയി അഭയം പ്രാപിച്ചു. സിറിയയില്‍ കല്‍ക്കദോനിയ സുന്നഹദോസിനു കീഴ്പ്പെടാത്ത മേല്‍പ്പട്ടക്കാര്‍ മറ്റ് മെത്രാന്മാരെ വാഴിച്ചാല്‍ അവര്‍ക്കു മരണശിക്ഷ കൊടുക്കുമെന്നു ചക്രവര്‍ത്തി വിളംബരം പ്രസിദ്ധപ്പെടുത്തി. … ല്ലാമിലെ ജോണ്‍ എന്ന മെത്രാന്‍ മോണോഫിസൈറ്റ് വിശ്വാസത്തിലുണ്ടായിരുന്നു. ഈ ദേഹത്തെ വധിക്കുകയും ചെയ്തു. എന്നാല്‍ ….. ചക്രവര്‍ത്തിയുടെ ഭാര്യയായ ….. ചക്രവര്‍ത്തിനി മോണോഫിസൈറ്റ് വിശ്വാസത്തില്‍ സ്ഥിരപ്പെട്ട ഒരാളായിരുന്നു. അതിനാല്‍ …. ലുള്ള പലരേയും …. സഹായിക്കയും ….. തടവില്‍ കിടന്ന ബിഷോപ്പുമാരില്‍ നിന്ന് …… മറ്റു മേല്‍പ്പട്ടക്കാര്‍ സ്ഥാനം പ്രാപിക്കയും ചെയ്യുന്നതിനിടയായി. ഈ കൂട്ടത്തില്‍ യാക്കോബ് ബുര്‍ദ്ദാന എന്ന പ്രധാന മേല്‍പ്പട്ടക്കാരന്‍ മെത്രാനായി. ….ചെയ്യപ്പെടുകയും അദ്ദേഹത്തിന്‍റെ അക്ഷീണപരിശ്രമം നിമിത്തം മോണോഫിസൈറ്റ് വിശ്വാസത്തിന് ….. പ്രാബല്യമുണ്ടാവുകയും ചെയ്തു. അങ്ങനെ സുന്നഹദോസിനാലും ….. പാത്രിയര്‍ക്കീസന്മാരാലും ബഹിഷ്ക്കരിക്കുകയും ചക്രവര്‍ത്തിയാല്‍ തടവിലാക്കപ്പെടുകയും ചെയ്ത യാക്കോബു ബുര്‍ദ്ദാന അഭിഷേകം ചെയ്ത മേല്‍പ്പട്ടക്കാര്‍ …. എന്നിവരാണു യാക്കോബായസഭയുടെ പാത്രിയര്‍ക്കീസ് സിംഹാസനം നിലനിര്‍ത്തിപ്പോന്നിട്ടുള്ളതെന്നുള്ള സംഗതി നിസ്തര്‍ക്കമാണ്. മേല്‍ വിവരിച്ചപ്രകാരം കാല്‍സീഡന്‍ സുന്നഹദോസിനാല്‍ മുടക്കപ്പെട്ടവരും ബഹിഷ്ക്കരിക്കപ്പെട്ടവരുമായ ഏതാനും മേല്‍പ്പട്ടക്കാര്‍ മുടക്കിന്‍റെ ശേഷം ജയിലില്‍ കിടന്നുകൊണ്ട് യാക്കോബു ബുര്‍ദ്ദാനായുടെ തലയില്‍ കൈവെച്ച് അദ്ദേഹത്തെ മേല്‍പ്പട്ടക്കാരനാക്കി എന്നുള്ളതിനെപ്പറ്റി എതിരുകക്ഷിക്കാര്‍ക്കുപോലും യാതൊരു തര്‍ക്കവും പുറപ്പെടുവിക്കാന്‍ പാടില്ലാത്തവിധത്തില്‍ ആ സംഭവം നടന്നതാകയാല്‍ യാക്കോബു ബുര്‍ദ്ദാനാ മൂലം ഉണ്ടായ മേല്‍പ്പട്ടക്കാര്‍ക്കു പട്ടത്വമില്ലെന്നു റോമന്‍ കത്തോലിക്കാസഭ പോലും വാദിക്കുന്നില്ല. യേശുക്രിസ്തു മൂലം കൈവെപ്പു സിദ്ധിച്ച മേല്‍പ്പട്ടക്കാരില്‍നിന്നു കൈവെപ്പ് സിദ്ധിച്ചവര്‍ക്ക് ഈ ദിവ്യ നല്‍വരം ലഭിക്കുന്നതാണെന്നും ഒരു പാത്രിയര്‍ക്കീസിന്‍റെയോ എല്ലാ പാത്രിയര്‍ക്കീസന്മാരും ബിഷപ്പന്മാരും കൂടിയ പൊതു സുന്നഹദോസിന്‍റെയോ മുടക്കുകൊണ്ടു പോലും മായിച്ചുകളയാന്‍ പാടില്ലാത്ത ഒരു സ്വര്‍ഗ്ഗീയ മുദ്ര ഇങ്ങനെ കൈവെപ്പു പ്രാപിച്ചവരില്‍ പതിയുന്നു എന്നുള്ളത് ക്രിസ്തീയസഭയുടെ കാതലായ ഒരു വിശ്വാസമാണ്. ഇവരുടെ മേല്‍പ്പട്ടത്വത്തിലോ പട്ടത്വത്തിലോ ന്യായമായ മേലധികാരത്തെ സ്വീകരിച്ചില്ലെന്നും മറ്റുമുള്ള വീഴ്ചകള്‍ ഉണ്ടെന്നല്ലാതെ ഇങ്ങനെ മുടക്കപ്പെട്ട മേല്‍പ്പട്ടക്കാര്‍ക്കോ അവര്‍ കൈവെച്ച് അഭിഷേകം ചെയ്ത മറ്റു മേല്‍പ്പട്ടക്കാര്‍ക്കോ മേല്‍പ്പട്ടത്വത്തിന്‍റെ നല്‍വരമില്ലെന്നു റോമന്‍ കത്തോലിക്കാസഭ പോലും പറയുന്നില്ല. മേല്‍വിവരിച്ചപ്രകാരം ജയിലില്‍കിടന്ന മേല്‍പ്പട്ടക്കാരില്‍ നിന്നു മേല്‍പ്പട്ടം സിദ്ധിച്ച യാക്കോബു ബുര്‍ദ്ദാന മൂലം കൈവെപ്പു കിട്ടിയിട്ടുള്ള സുറിയാനിസഭയിലെ പട്ടക്കാര്‍ കത്തോലിക്കാസഭയില്‍ ചേര്‍ന്നാല്‍ വീണ്ടും പട്ടം കൊടുക്കുക പതിവില്ലെന്നു മാത്രമല്ല പട്ടം കൊടുക്കുന്നതായാല്‍ അതൊരു കഠിന പാപമായി കൂടി ഗണിക്കപ്പെട്ടും വരുന്നു. എല്ലാ ക്രിസ്തീയസഭയുടെ ഇടയിലും പട്ടത്തെപ്പറ്റിയുള്ള വിശ്വാസം ഇങ്ങനെയാണ്. ഒരു പാത്രിയര്‍ക്കീസിനാലല്ല, ഒരു പൊതു സുന്നഹദോസില്‍ മുടക്കപ്പെട്ട ബിഷപ്പന്മാരില്‍ നിന്നു രഹസ്യമായി മേല്‍പ്പട്ടക്കാരനായി കൈവെപ്പു പ്രാപിച്ച യാക്കോബു ബുര്‍ദ്ദാനായില്‍ നിന്നുള്ള കൈവെപ്പു മാത്രമാണ് അബ്ദുള്ളാ പാത്രിയര്‍ക്കീസു ബാവാ മുതലായവര്‍ക്കുള്ളതെന്ന സംഗതിയും സര്‍വ്വസമ്മതമാണ്. ഇങ്ങനെയുള്ള ഒരു പാത്രിയര്‍ക്കീസ്, മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കളെ മുടക്കിയതിനാല്‍ മെത്രാപ്പോലീത്താ അവര്‍കളുടെ മേല്‍പ്പട്ടത്വവും പട്ടത്വവും നിശ്ശേഷം മാഞ്ഞുപോയി എന്നാണല്ലോ ഒരു കൂട്ടര്‍ ശഠിച്ചുവരുന്നത്. ലോകത്തില്‍ കാര്യവിവരമുള്ള ആരെങ്കിലും ഇങ്ങനെ പറയുന്നതല്ല. ചരിത്രം ഇവരുടെ മിഥ്യാവാദങ്ങളെപ്പറ്റി എന്തു പറയുമെന്നുള്ളതു വിചാരിച്ചുനോക്കിയാല്‍ ലജ്ജിക്കാതിരിക്കാന്‍ നിവൃത്തിയില്ല. ഈ കൂട്ടര്‍ മുടക്കപ്പെട്ടവരെന്ന് പറയുന്ന പട്ടക്കാരിലാരെങ്കിലും റോമന്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നാല്‍ മുടക്കില്ലെന്നു ഈ കൂട്ടര്‍ പറയുന്ന പട്ടക്കാരിലാരെയെങ്കിലും കത്തോലിക്കാ സഭയില്‍ ചേര്‍ക്കുന്ന വിധത്തില്‍ തന്നെ മറ്റവരേയും സ്വീകരിക്കുമോ എന്നുള്ളത് ഇപ്പോള്‍ തന്നെ നാമെല്ലാവരും കണ്ടു ബോധിച്ചിരിക്കുന്ന സംഗതിയാണ്. ലോകത്തില്‍ ന്യായമായ കൈവെപ്പുള്ളവരെന്ന് സമ്മതിക്കപ്പെട്ടിട്ടുള്ള മേല്‍പ്പട്ടക്കാരില്‍ ഭൂരിപക്ഷം ആളുകളും സമ്മതിക്കുന്ന ഈ പരമസത്യം സത്യമല്ലെന്നു വാദിക്കുന്നവരായി മാര്‍ യൂലിയോസ്സ്, മാര്‍ ഒസ്താത്യോസ് മുതലായി ഏതാനും തുര്‍ക്കി ബിഷപ്പുമാരും അവരുടെ അജ്ഞത്വത്തെപ്പറ്റി മനസ്സിലാക്കുവാന്‍ ശക്തിയില്ലാത്തവരും മനസ്സിലായിട്ടുണ്ടെങ്കിലും അന്യോന്യമുള്ള വഴക്കുകൊണ്ട് വെളിയില്‍ സമ്മതിക്കാത്തവരുമായി ചുരുക്കം ചിലയാളുകളും കാണിക്കുന്നത് സര്‍വ്വാബദ്ധങ്ങളാണ്. വാസ്തവത്തില്‍ അവര്‍ ശഠിക്കുന്നത് കേട്ടാല്‍ ഭൂമിയില്‍ തങ്ങള്‍ക്കു സുബുദ്ധിയുണ്ടെന്നും മറ്റുള്ളവര്‍ക്ക് എല്ലാവര്‍ക്കുമാണ് ഭ്രാന്തെന്നും ഭാവിക്കുകയും പറകയും ചെയ്യുന്ന ഭ്രാന്തന്മാരെയാണ് മനസ്സില്‍ ഓര്‍മ്മ വരുന്നത്. അങ്ങനെയുള്ളവരെ നാം വെറുക്കുകയോ അവരേപ്പറ്റി മനസ്സില്‍ പാരുഷ്യം വച്ചുകൊണ്ടിരിക്കയോ ചെയ്യാതെ തുര്‍ക്കി ചരിത്രത്തില്‍ ഇവര്‍ക്കു തുടരെ നേരിട്ടുകൊണ്ടിരുന്നിട്ടുള്ള ആപത്തുകളില്‍ക്കൂടി നാം കടന്നുപോകേണ്ടി വരുന്നതില്‍ ഇവരേക്കാള്‍ ഉല്‍കൃഷ്ടമോ …. തമോ ആയ ഒരു മനസ്ഥിതി നമുക്കുണ്ടാവുമോ എന്നു നാം ഗാഢമായി പര്യാലോചിച്ചു നോക്കേണ്ടതാണെന്നും ….. വ്വമായ അനുകമ്പയോടുകൂടി ….. വികല്പങ്ങളെ ക്ഷമിക്കേണ്ടതാണെന്നും മാത്രം പറഞ്ഞുകൊണ്ട് ….. സംഗതി വിട്ടിരിക്കുന്നു.
ഒരുമിച്ചു ചേര്‍ന്ന് ……ന്‍മാര്‍ കൂടി അവരുടെ ….. മേല്‍പട്ടക്കാരനായി കാതോലിക്കാ എന്നോ പാത്രിയര്‍ക്കീസെന്ന പേരിലോ അദ്ധ്യക്ഷന്മാരെ അവരോധിക്കാറുണ്ടെന്നു മേല്‍പ്രസ്താവിച്ചിട്ടുണ്ടല്ലോ. അന്ത്യോഖ്യാ പാത്രിയര്‍ക്കീസു സംസ്ഥാപിതമായി ഏറെത്താമസിയാതെതന്നെ സെലൂഖ്യായിലെ കാതോലിക്കായുമുണ്ടായി. അന്ത്യോഖ്യാ പട്ടണം റോമാ സാമ്രാജ്യത്തില്‍ ഉള്‍പ്പെട്ടു കിടന്നു. പേര്‍ഷ്യാ, ഇന്‍ഡ്യാ മുതലായ മറ്റു ഭരണത്തിന്‍കീഴില്‍ ഉള്‍പ്പെട്ടിരുന്ന മേല്‍പ്പട്ടക്കാര്‍ക്ക് അന്ത്യോഖ്യാ പാത്രിയര്‍ക്കീസു മാത്രം തങ്ങളുടെ പ്രധാനാദ്ധ്യക്ഷനായിരുന്നതുനിമിത്തം പല അസൗകര്യങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നതിനാലാണ് ഇങ്ങനെ ഒരു കാതോലിക്കാസ്ഥാനം ഉണ്ടാകാനിടയായത്. ക്രിസ്താബ്ദം നാനൂറിനും അഞ്ഞൂറിനും മദ്ധ്യേ മുതല്‍ കാതോലിക്കാസ്ഥാനമുണ്ടായി എന്നുള്ളത് സര്‍വസമ്മതമാണ്. അതിനു മുമ്പായി തന്നെ ഇതുണ്ടായിട്ടുണ്ടെന്നു ഐതിഹ്യമുണ്ടെന്നിരുന്നാലും അതിലേക്കു ചരിത്രത്തില്‍ മതിയായ ലക്ഷ്യമില്ല. ഏതായാലും അന്നുമുതല്‍ വളരെക്കാലത്തേക്കു – അതായത് രാജ്യഭരണസംബന്ധമായ വിപ്ലവങ്ങള്‍ കൊണ്ടും മറ്റും കാതോലിക്കാസ്ഥാനം തന്നെ നിന്നു പോയതുവരെ – മലങ്കരസഭ സെലൂക്യയിലെ (കുറേകഴിഞ്ഞപ്പോള്‍ ഇവരുടെ ആസ്ഥാനം പേര്‍ഷ്യയിലെ വേറൊരു പട്ടണമായ തിഗ്രീസിലേക്കു മാറ്റപ്പെട്ടു) കാതോലിക്കായ്ക്കു കീഴ്പ്പെട്ടിരുന്നു എന്നുള്ളതും സര്‍വസമ്മതമാണ്. കാതോലിക്കായും പാത്രിയര്‍ക്കീസും കൂടെഒരു സ്ഥലത്തു കൂടിയാല്‍ പ്രാഥമ്യം പാത്രിയര്‍ക്കീസിനാണെന്നും ദിവ്യാരാധനകളിലും മറ്റും പ്രധാന പുരോഹിതന്‍ ഉച്ചരിക്കേണ്ട ഭാഗങ്ങള്‍ ഉച്ചരിക്കാനുള്ള അധികാരം പാത്രിയര്‍ക്കീസിനാണെന്നുമുള്ളതൊഴിച്ചു കാതോലിക്കാസ്ഥാനവും പാത്രിയര്‍ക്കാസ്ഥാനവും തമ്മില്‍ മറ്റു യാതൊരു വ്യത്യാസവും ഏറ്റക്കുറച്ചിലുമില്ലായിരുന്നു. അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെയും തിഗ്രീസിലെ കാതോലിക്കായുടേയും കീഴില്‍ ഇരുന്ന സഭകള്‍ തമ്മില്‍ വിശ്വാസസംഗതികളിലും മറ്റും യാതൊരു വ്യത്യാസവുമില്ലാതിരുന്നതിനാല്‍ ഇവ വേര്‍പെട്ട രണ്ടു സഭകളായിരിക്കുന്നതു വിഹിതമല്ലെന്നും അതിനാല്‍ ഇവര്‍ തമ്മിലുള്ള യോജിപ്പു ദൃഢീകരിക്കുന്നതിനും മറ്റുള്ളവര്‍ക്കു ദൃഷ്ടിഗോചരമാക്കിത്തീര്‍ക്കുന്നതിനുമായി അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ അഭിഷേകം ചെയ്യുന്നതു തിഗ്രീസിലെ കാതോലിക്കായെ അഭിഷേകം ചെയ്യുന്നതു അന്ത്യോഖ്യാ പാത്രിയര്‍ക്കീസായിരിക്കണമെന്നും അന്ത്യോഖ്യായിലെ യൂഹാനോന്‍ പാത്രിയര്‍ക്കീസിന്‍റെ ആവശ്യപ്രകാരം ഇവര്‍ തമ്മില്‍ ഒരു ഉടമ്പടി ചെയ്തു. കാതോലിക്കാസ്ഥാനം നിന്നുപോയ സമയം വരെ ആ ഉടമ്പടിപ്രകാരം സംഗതികള്‍ തുടര്‍ന്നുകൊണ്ടുപോകയും ചെയ്തു.

ന്യായമായ കൈവെപ്പു സിദ്ധിച്ചിട്ടുള്ള മേല്‍പ്പട്ടക്കാര്‍ കൂടി മറ്റു മേല്‍പ്പട്ടക്കാരെയും, കാതോലിക്കായേയും, പാത്രിയര്‍ക്കീസിനെയും വാഴിക്കാമെന്നുള്ളത് മേല്‍പ്പട്ടസ്ഥാനത്തിന് സ്വതസിദ്ധമായി ഉള്ള ഒരധികാരശക്തിയാണ്. ഹിന്ദുമതത്തില്‍ ഓരോ മഠാധിപതികളും മറ്റും അവര്‍ മരിക്കുന്നതിനു മുമ്പായി ഇന്നാര്‍ അവരുടെ പിന്‍ഗാമികളായിരിക്കണമെന്നു തീര്‍ച്ചയാക്കുക പതിവുണ്ട്. എന്നാല്‍ ക്രിസ്തു സഭയില്‍ മാര്‍പാപ്പാ, പാത്രിയര്‍ക്കീസു, കാതോലിക്കാ എന്നീ പ്രധാനാദ്ധ്യക്ഷന്മാരെ സംബന്ധിച്ചിടത്തോളം ഇതു പതിവില്ലെന്നു മാത്രമല്ല ഒരു പ്രധാനാദ്ധ്യക്ഷനും തന്‍റെ പിന്‍തുടര്‍ച്ചക്കാരനെ നിയമിക്കാന്‍ പാടില്ലെന്നു കാനോന്‍ ചട്ടങ്ങളില്‍ കഠിനമായി വിരോധിക്ക പോലും ചെയ്തിട്ടുണ്ട്. അതിനാല്‍ ബിഷോപ്പന്മാരുടെ സുന്നഹദോസിലും അല്ലെങ്കില്‍ സംഘത്തിനു …. പാത്രിയര്‍ക്കീസിനേയോ കാതോലിക്കായേയോ ….. പാടില്ലെന്നു ഒരു വിധത്തിലും ….. അബ്ദുള്ളാ പാത്രിയര്‍ക്കീസ് ഇപ്പോഴത്തെ ഏലിയാസു പാത്രിയര്‍ക്കീസു മുതലായവരെ ഒരു ….. തെരഞ്ഞെടുത്തു വാഴിക്കപ്പെട്ടെന്നും സാധാരണ ബിഷപ്പന്മാര്‍ …. ചേര്‍ന്നു അവരോധിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ആ കക്ഷികള്‍ സമ്മതിക്കുന്നതാണല്ലോ. …. അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസിനാല്‍ മെത്രാപ്പോലീത്താമാരായിനിയമിക്കപ്പെട്ട മേല്‍പ്പട്ടക്കാരില്‍ നിന്ന് ഒരാളെ ഒരു കാതോലിക്കായായോ ഒരു പാത്രിയര്‍ക്കീസായോ അവരോധിക്കാന്‍ സ്വതസിദ്ധമായി അവര്‍ക്ക് അധികാരം ഉള്ളതാണ്. ഈ അധികാരം കുറെക്കാലമായി പ്രയോഗിക്കാതിരുന്നതിനാല്‍ പാത്രിയര്‍ക്കീസിന്‍റെ അനുമതി കൂടാതെ ഈ അധികാരം പ്രയോഗിക്കുവാന്‍ പാത്രിയര്‍ക്കീസില്‍നിന്നും സ്ഥാനം സിദ്ധിച്ച മേല്‍പ്പട്ടക്കാര്‍ക്കു സമ്മതവും ധൈര്യവും ഇല്ലാതിരുന്നതിനെപ്പറ്റി അല്‍ഭുതപ്പെടാനില്ല. എന്നാല്‍ അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസുബാവാ മലങ്കരസഭയിലെ മേല്‍പ്പട്ടക്കാര്‍ക്ക് ഇതിലേക്ക് അനുവാദം കൊടുക്കുകയും ഈ അവകാശം ആര്‍ക്കും തടയുവാനോ എടുത്തുകളയുവാനോ അധികാരമില്ലെന്നു രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അബ്ദേദ് മിശിഹാ ബാവായുടെ സ്ഥാനത്തിനെന്തെങ്കിലും ന്യൂനതയുണ്ടെന്നും മറ്റും ചില കൂട്ടര്‍ കല്‍പിക്കുന്നുണ്ടെങ്കിലും ലോകമാസകലമുള്ള ക്രിസ്തീയ സഭയോ ചരിത്രമോ ഇതു സമ്മതിക്കുന്നതല്ല.

അബ്ദുള്ളാ ബാവായുടെ മുടക്കുപ്രയോഗം മുതലായവ ന്യായരഹിതവും അസാധുവുമാണെന്നാണല്ലോ മലങ്കര സുറിയാനി സഭാംഗങ്ങളില്‍ ഭൂരിപക്ഷം ആളുകളും വിശ്വസിച്ചുവരുന്നത്. എന്നാല്‍ ക്രിസ്തീയസഭ നിലനിറുത്തി ഭരിച്ചുകൊണ്ടു പോകാനുള്ള അധികാരം പൂര്‍വകാലം മുതലേ നടപ്പുകൊണ്ടും സുന്നഹദോസുകളുടെ തീരുമാനം കൊണ്ടും മെത്രാന്മാരിലാണ് സ്ഥിതിചെയ്യുന്നത്. മെത്രാന്മാരെ പുതുതായി വാഴിക്കുന്നതും മറ്റും മെത്രാന്മാരുടെ സംഘത്തിന് അധികാരമുള്ള സംഗതിയാണെന്നിരുന്നാലും വളരെക്കാലമായി ചരിത്രസമ്മതി സിദ്ധിച്ചിട്ടുള്ള എല്ലാ ക്രിസ്തീയ സഭകളിലേയും നടപടി മെത്രാന്മാരുടെ സംഘം കൂടി ഒരു കാതോലിക്കായെയോ ഒരു പാത്രിയര്‍ക്കീസിനേയോ വാഴിക്കണമെന്നും ഇങ്ങനെ വാഴിക്കപ്പെടുന്ന പാത്രിയര്‍ക്കീസോ കാതോലിക്കായോ നേരിട്ടുതന്നെയോ അല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ അനുമതികളോടുകൂടിയും പ്രതിനിധികളായും മൂന്നില്‍ കുറയാതെ ബിഷപ്പന്മാര്‍ കൂടി ചേര്‍ന്നോ മെത്രാന്മാരെ വാഴിക്കണമെന്നാണ് വളരെക്കാലം നിലനിന്നിട്ടുള്ള നടപ്പ്. അബ്ദുള്ളാ ബാവായുടെ നടപടിപ്പിശകുകള്‍ക്ക് ശേഷം പൗരസ്ത്യ കാതോലിക്കാസ്ഥാനം മലങ്കരയില്‍ പുനഃസ്ഥാപിക്കാനുള്ള സകല ഏര്‍പ്പാടുകളും പൂര്‍ത്തിയാക്കി വെച്ചുവെങ്കിലും അന്ത്യോഖ്യാ സഭയുമായി വേര്‍പെടാതിരിക്കണമെന്നും മലങ്കരസഭയില്‍ ഭിന്നതയുണ്ടാകാതിരിക്കണമെന്നും നേതാക്കന്മാര്‍ക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നതുകൊണ്ടും വളരെക്കാലം മലങ്കരയിലെ ഒന്നാമത്തെ കാതോലിക്കായുടെ പിന്‍ഗാമിയായി ഒരാളെ അവരോധിക്കാതെയിരുന്നതും മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കള്‍ മര്‍ദ്ദീനില്‍ പോയതും ന്യായമായി വഴിപ്പെടാവുന്ന എല്ലാ സംഗതികളും സമ്മതിച്ചു എന്നുള്ളതും എല്ലാവര്‍ക്കും അറിയാവുന്ന സംഗതിയാണ്. ഇതിനും പുറമേ മര്‍ദ്ദീനിലെ പാത്രിയര്‍ക്കീസിന്‍റെ ഇപ്പോഴത്തെ അവസ്ഥ വിചാരിച്ചുനോക്കിയാല്‍ പാത്രിയര്‍ക്കാസ്ഥാനം മേലാല്‍ നിലനില്‍ക്കുമെന്നുള്ള ആശ പോലും നശിക്കയും ചെയ്തിരിക്കുന്നു. ഇതിനേപ്പറ്റി ഇവിടെക്കിട്ടിയ അറിവു മനോരമയില്‍ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ അത് അവാസ്തവമാണെന്നു തുര്‍ക്കി മെത്രാന്മാരും കൂട്ടരും കൊട്ടിഗ്ഘോഷിച്ചു വന്നുവല്ലോ. അബ്ദേദ് മിശിഹാ പാത്രിയര്‍ക്കീസു ബാവാ ഇവിടെ വരുവാനിടയുണ്ടെന്നു മനോരമയില്‍ പ്രസ്താവിച്ചപ്പോള്‍ അതിനെപ്പറ്റിയും ഈ കൂട്ടര്‍ ഇങ്ങനെതന്നെയായിരുന്നുവല്ലോ പറഞ്ഞുവന്നത്. മര്‍ദ്ദീനിലെ ഇപ്പോഴത്തെ സ്ഥിതിയെപ്പറ്റി ഇന്നവഴിയില്‍ നിന്നാണറിവു കിട്ടിയതെന്നു പല കാരണങ്ങളാലും വെളിപ്പെടുത്താതിരിക്കയായിരുന്നു. എങ്കിലും ഇപ്പോഴത്തെ ഘട്ടത്തില്‍ ഈ സംഗതി വെളിപ്പെടുത്താതിരിക്കുന്നതു വിഹിതമല്ലെന്നു തോന്നുന്നതിനാല്‍ വാസ്തവം പറഞ്ഞുകൊള്ളുന്നു. സുറിയാനിക്കാരില്‍ നിന്നു റോമന്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നിട്ടുള്ളവരായ സുറിയാനിക്കാരുടെ മേലദ്ധ്യക്ഷനും അഗാധ പണ്ഡിതനെന്നും സര്‍വ്വസമ്മതനായ സാത്വികനെന്നും പൊതുസമ്മതി പ്രാപിച്ചിട്ടുള്ള ആളും പൗരസ്ത്യതാരക (ടമേൃ ീള വേല ഋമെേ) എന്ന അപരനാമത്താല്‍ അറിയപ്പെടുന്ന ആളുമായ ദേഹത്തിന്‍റെ ഒരെഴുത്താണ് ഇതിനെപ്പറ്റി ഇവിടെ കിട്ടിയിട്ടുള്ളത്. ഇദ്ദേഹത്തിന്‍റെ പേര് അപ്രേംറഹമാനി എന്നാണ്. ഇദ്ദേഹത്തിന്‍റെ സ്ഥാനമോ അന്ത്യോഖ്യായുടെ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് എന്നാണ്. ഇദ്ദേഹവും നമ്മുടെ അന്ത്യോഖ്യാ ബാവാമാരുടെ വര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ട ഒരു സുറിയാനിക്കാരനാണ്. ഇദ്ദേഹം ഫ്രാന്‍സുകാരുടെ അധീനത്തിലിരിക്കുന്ന സിറിയാ രാജ്യത്തിലെ ആലപ്പോ പട്ടണത്തില്‍ താമസിച്ചുവരുന്നു. അബ്ദുള്ളാ പാത്രിയര്‍ക്കീസുബാവാ റോമന്‍ കത്തോലിക്കാസഭയില്‍ ചേര്‍ന്നശേഷം പത്തു വര്‍ഷക്കാലം അപ്രേം റഹമാനി എന്ന ഈ പാത്രിയര്‍ക്കീസു ബാവായുടെ കീഴില്‍ അദ്ദേഹത്തിന്‍റെ ശമ്പളം പറ്റിക്കൊണ്ടാണ് കഴിച്ചുകൂട്ടിയത്. മര്‍ദ്ദീന്‍ പട്ടണത്തിലെ ദേവാലയങ്ങളും മറ്റും തുര്‍ക്കി പട്ടാളക്കാരുടെ വാസസ്ഥലമാക്കിയെന്നും പാത്രിയര്‍ക്കീസുബാവായെ അദ്ദേഹത്തിന്‍റെ പൗരോഹിത്യത്തെ സൂചിപ്പിക്കുന്ന വേഷങ്ങളെല്ലാം മാറ്റി ഒരു അയ്മേനിയുടെ വേഷം മാത്രം ധരിപ്പിച്ചു പട്ടാളക്കാരുടെ പാറാവില്‍ താമസിപ്പിച്ചിരിക്കുന്നു എന്നും എഴുതി അറിയിച്ചിരിക്കുന്നതു മേല്‍പ്പറഞ്ഞ വിധത്തിലിരിക്കുന്ന ഒരു മഹാനാണെന്നും ആ എഴുത്ത് ആര്‍ക്കും കാണത്തക്കവണ്ണം കൈവശമുണ്ടെന്നും പറഞ്ഞാല്‍ തുര്‍ക്കി മെത്രാന്മാരും അവരുടെ കൂട്ടരുമല്ലാതെ ഈ സംഗതി അവിശ്വസിക്കുന്നതല്ലല്ലോ. ഇതുപോലെ തന്നെ വിശ്വാസയോഗ്യമായ വേറൊരെഴുത്ത് ഈയിടെ ഇവിടെ കിട്ടിയതില്‍ പാത്രിയര്‍ക്കീസു ബാവാ തുര്‍ക്കി പട്ടാളക്കാരില്‍ നിന്നു രക്ഷപെടാന്‍ കഴിയുന്നത്ര പരിശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നും റഹമാനി പാത്രിയര്‍ക്കീസിന്‍റ എഴുത്തില്‍ വിവരിച്ചിരുന്നു. ഏലിയാസ് പാത്രിയര്‍ക്കീസു ബാവാ ഇപ്പോള്‍ ഏതുവിധത്തിലോ തുര്‍ക്കിയില്‍ നിന്നു രക്ഷപെട്ടു ബ്രിട്ടീഷാധിപത്യത്തിന്‍കീഴിലുള്ള രാജ്യങ്ങളില്‍ താമസിച്ചുവരുന്നു. ഇദ്ദേഹത്തിനിനിയും തുര്‍ക്കിരാജ്യത്തില്‍ കടക്കാനോ മര്‍ദ്ദീനിലെ പാത്രിയര്‍ക്കീസ് സിംഹാസനത്തിലിരിക്കാനോ സാധിക്കുമെന്നു വിചാരിക്കാനും തരമില്ല.

തുര്‍ക്കിയിലുള്ള മേല്‍പ്പട്ടക്കാര്‍ വേറൊരാളെ പാത്രിയര്‍ക്കീസായി വാഴിച്ചിട്ടുള്ളതായും ഒരു കേള്‍വിയുണ്ട്. ആകപ്പാടെ വിചാരിച്ചാല്‍ ഏലിയാസു പാത്രിയര്‍ക്കീസിന്‍റെ അധികാരം പ്രയോഗിക്കുവാന്‍ സൗകര്യമുള്ളതായി ശേഷിച്ചിട്ടുള്ള സ്ഥലങ്ങള്‍ ഇറാക്കിലും പലസ്റ്റൈനിലും ഉള്ള ചുരുക്കം ചില പട്ടണങ്ങളും മലങ്കരയും ആണ്. മലങ്കരയില്‍ അദ്ദേഹത്തിന്‍റെ പേരുവെച്ചു പല വിധികളും മുടക്കുകളും മുടക്കുതീര്‍ക്കലുകളും പ്രചരിപ്പിച്ചു വരുന്നുണ്ട്. ഇങ്ങനെയുള്ള പരിതസ്ഥിതികളെപ്പറ്റി വ്യാകുലഹൃദയന്മാരും മര്‍ദ്ദീനിലെ സംഗതികളെപ്പറ്റി കേട്ട അറിവുകള്‍ എല്ലാം അക്ഷരപ്രകാരം സത്യമാണെന്നു പൂര്‍ണ്ണബോധമുള്ളവരും ചുമതലാബോധമുള്ളവരുമായ നേതാക്കന്മാര്‍ക്ക് മേല്‍ വിവരിച്ച എല്ലാ സംഗതികളും ആലോചിച്ചുനോക്കിയ ശേഷവും ഇപ്പോള്‍ മലങ്കരയില്‍ കാതോലിക്കാസ്ഥാനം നില… ഗത്യന്തരമില്ലെന്നു ….. അത്ഭുതപ്പെടാനില്ല. ….വടക്കുള്ള ചില ….. സമുദായ നന്മയെ മാത്രം ……. ന്മാര്‍ക്കു ദുഃഖമില്ലാത്തതുകൊണ്ടല്ല ഇങ്ങനെ ചെയ്തിട്ടുള്ളതെന്നുള്ള സംഗതി അവര്‍ പ്രത്യേകം ധരിച്ചിരിക്കണമെന്നാഗ്രഹിക്കുന്നു. ഇപ്പോഴത്തെ ഘട്ടത്തില്‍ ഇവിടെയുള്ള ബിഷപ്പന്മാരുടെ സംഘം കൂടി കാതോലിക്കായേയോ പാത്രിയര്‍ക്കീസിനേയോ വാഴിക്കാന്‍ മാര്‍ഗ്ഗമുണ്ടാക്കുന്നു എന്നുള്ളത് മേല്‍ വിവരിച്ച സംഗതികളില്‍ നിന്നു കാണാവുന്നതാണല്ലോ. മര്‍ദ്ദീനിലോ മറ്റോ സ്വതന്ത്രനും വിശ്വാസസ്ഥിരതയുള്ള ആളും കാനോനികമായി സ്ഥാനം ലഭിച്ചിട്ടുള്ള ആളുമായ ഒരു പാത്രിയര്‍ക്കീസ് ഉണ്ടാകുന്നപക്ഷം അദ്ദേഹത്തെ പാത്രിയര്‍ക്കീസായി മലങ്കര ജനങ്ങളും സ്വീകരിക്കാനുള്ള മാര്‍ഗ്ഗം തടയരുതെന്നുള്ള ഏക ആഗ്രഹം കൊണ്ടു മാത്രമാണ് കാതോലിക്കാസ്ഥാനം കൊണ്ടു തൃപ്തിപ്പെടണമെന്നു തീര്‍ച്ചയാക്കിയതെന്നുള്ള പരമാര്‍ത്ഥം വടക്കുള്ള സഭാംഗങ്ങള്‍ പ്രത്യേകം മനസ്സിലാക്കിയിരിക്കണമെന്നു അപേക്ഷിച്ചുകൊള്ളുന്നു. കോട്ടയം മുതല്‍ തെക്കോട്ടുള്ള ആളുകളുടെ പ്രത്യേക സ്വത്തായി കാതോലിക്കായെ ആരുംതന്നെ ഉദ്ദേശിച്ചിട്ടില്ല. കാലതാമസം കൂടാതെ എല്ലാവര്‍ക്കും സംഗതികളുടെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുമെന്നും മലങ്കരസഭയുടെ യോജിപ്പിനും നിലനില്‍പ്പിനും ഏക മാര്‍ഗ്ഗം ഈ കാതോലിക്കാസ്ഥാനമല്ലാതെ മറ്റൊന്നും ഇപ്പോള്‍ മനുഷ്യദൃഷ്ടിക്കു കാണാനില്ലെന്ന് അവര്‍ സമ്മതിക്കുമെന്നും ഞങ്ങള്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു. ക്രിസ്തുസഭയുടെ ആരംഭം മുതല്‍ ഉണ്ടായിട്ടുള്ള സര്‍വ്വപ്രധാനങ്ങളായ ചരിത്രസംഭവങ്ങളോടു ഗാഢമായ സംബന്ധമുള്ളതും ചരിത്രദൃഷ്ട്യാ ക്രിസ്തീയ സഭാചരിത്രത്തിലെ ഒരു പ്രധാന സംഭവമെന്നു ഭാവിയില്‍ ഐകകണ്ഠ്യേന സമ്മതിക്കേണ്ടി വരുന്നതും ജ്ഞാനചക്ഷുസ്സുള്ള എല്ലാവര്‍ക്കും അനിവാച്യമായ ഗൌരവമുള്ള ഒരു സംഭവമെന്നു ഇപ്പോള്‍ത്തന്നെ കാണാവുന്നതുമായ ഒരു സംഗതിയാണ് ഇന്നലെ കോട്ടയത്തുകാരും ഇതര ഇടവകകളില്‍നിന്നു വന്നുകൂടിയ ബഹുജനങ്ങളും ആബാലവൃദ്ധം എത്രമാത്രം യോജിപ്പോടും ആഹ്ലാദത്തോടും കൂടിയാണ് ഈ സംഗതിയില്‍ സഹകരിച്ചതെന്നും എത്ര വലിയ ആള്‍ക്കൂട്ടം ഇവിടെ ഉണ്ടായിരുന്നുവെന്നും മറ്റുമുള്ള ഇതു കൂടിയിരുന്ന എല്ലാ സഭാംഗങ്ങള്‍ക്കും അത്യന്തം കൃതാര്‍ത്ഥതാജനകമായിരുന്നു എന്നുള്ള സംഗതിയും സവിശേഷം പ്രസ്താവയോഗ്യമാണ്.

ചരിത്രപ്രസിദ്ധന്മാരായ അനേകം പുരോഹിത ശ്രേഷ്ഠന്മാരുടെ പിന്‍ഗാമിയായും മൂന്നാമത്തെ പൗരസ്ത്യ കാതോലിക്കായായും അവരോധിക്കപ്പെട്ടിട്ടുള്ള യഥാര്‍ത്ഥ സിദ്ധനും സ്വസമുദായോന്നതിക്കായി സര്‍വ്വാത്മനാ പ്രയത്നിക്കാനും ഏതുവിധം പ്രയാസങ്ങളും സഹിപ്പാനും സന്നദ്ധനുമായ ആ പുണ്യാത്മാവിനെ ഞങ്ങള്‍ ഹൃദയപൂര്‍വ്വം അനുമോദിക്കുകയും അദ്ദേഹത്തിന്‍റെ ഭരണകാലം മലങ്കരസുറിയാനിസഭയുടെ സര്‍വ..വിശ്രേയസ്സുകള്‍ …..മായിത്തീരുമെന്ന് ആശംസിക്കുകയും ചെയ്തു കൊള്ളുന്നു.

(1929 ഫെബ്രുവരി 15-ാം തീയതി പൗരസ്ത്യ കാതോലിക്കായായി ബസേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ ബാവാ വാഴിക്കപ്പെട്ടതിനെക്കുറിച്ച് 16-ാം തീയതിയിലെ മനോരമയുടെ മുഖപ്രസംഗം)

കാതോലിക്കാ സ്ഥാനാരോഹണ മംഗള പ്രാര്‍ത്ഥന

(ഗാഥാ രീതി)

“ശ്രീമിശിഹാവരും വീണ്ടുമൊരിക്കലീ
ഭൂമിയി”ലെന്നേവം ചൊല്ലിക്കേള്‍പ്പൂ.
ആ മഹാദൈവത്തിന്‍പുത്രനിതുകാല-
മീ മഹിതന്നിലിറങ്ങിവന്നോ?
ഭൂതലപുണ്യപ്രഭാവത്താല്‍ക്കാരുണ്യ-
ക്കാതലാം ദൈവത്തിനുള്ള നല്ല-
പൈതലെന്നോണം ശ്രീ മാര്‍ ബസേലിയോസു
കാതോലിക്കാബാവാ ശോഭിക്കുന്നു.
നാട്ടിന്‍പുറത്തുള്ള നല്ല ജനങ്ങളാ-
മാട്ടിന്‍കിടാക്കളേയാകമാനം
പാട്ടില്‍പ്പെടുത്തി ശ്രീ മിന്നും സഭയാകും
കൂട്ടിലൊരുനിലയ്ക്കാശു ചേര്‍പ്പാന്‍
ഇത്തിരുമേനിക്കു സര്‍വ്വശക്തന്‍ ദൈവ-
മിത്തിരിയൊന്നു തുണച്ചീടട്ടെ.
ക്രിസ്തുദേവന്‍ തന്‍റെ കാരണ്യപൂരത്താല്‍
നിസ്തുലകീര്‍ത്തി ലഭിച്ചു മേലാല്‍
സത്യത്തേ പാലിച്ചുകൃത്യങ്ങള്‍സാധിച്ചു
നല്‍ത്തിരുമേനി ജയിച്ചീടട്ടെ.
മാനമോദാത്തിഹ കാതോലിക്കാബാവാ
സ്ഥാനമിയന്നോരു സല്‍ഗുണാഢ്യന്‍
ഹാനി കൂടാതെ വിളങ്ങട്ടെയിത്തിരു-
മേനിക്കു മംഗളം തിങ്ങിടട്ടെ.

കവിതിലകന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി

(മലയാള മനോരമ, 1929 ഫെബ്രുവരി 16-ലെ മുഖപ്രസംഗ പേജില്‍ പ്രസിദ്ധീകരിച്ച കവിത)

പൗരസ്ത്യ കാതോലിക്കാബാവാ അവര്‍കള്‍

“മലങ്കര സുറിയാനിക്കാരുടെ ഏറ്റവും ഉയര്‍ന്ന വൈദിക മേലദ്ധ്യക്ഷനായ പൗരസ്ത്യ കാതോലിക്കാബാവാ അവര്‍കളുടെ സ്ഥാനാരോഹണം സംബന്ധിച്ചുള്ള വൈദികകര്‍മ്മങ്ങളും അതിനോടു സംബന്ധിച്ചുള്ള മറ്റാഘോഷങ്ങളും ഏറ്റവും അഭൂതപൂര്‍വ്വമായ വിധത്തില്‍ ഈ കുംഭം നാലും അഞ്ചും തീയതികളില്‍ കോട്ടയത്തുവച്ചു നടന്ന വിവരം പ്രസിദ്ധമാണല്ലോ. ഈ മഹാമഹത്തില്‍ സംബന്ധിക്കുന്നതിനു കൂടിയിരുന്ന ജനാവലിയുടെ സംഖ്യയോ അതു സംബന്ധമായി കോട്ടയത്തു ചെയ്തിരുന്ന നടപടികളോ വിചാരിക്കുന്നപക്ഷം കോട്ടയം പട്ടണം ഉണ്ടായതില്‍പ്പിന്നെ ഇത്രമാത്രം വിജയകരമായും ശ്രേയസ്കരമായും മറ്റൊരു സംഗതിയും ഇവിടെ നടന്നിട്ടില്ലെന്നു സംശയം കൂടാതെ തന്നെ പ്രസ്താവിക്കാവുന്നതാണ്.”

(ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ ആദ്യ ഖണ്ഡിക, പുസ്തകം 33, ലക്കം 7, 1104 കുംഭം)