മൈലപ്ര മാത്യൂസ് റമ്പാന്‍ | ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

മുനിവര്യനായ മൈലപ്ര മാത്യൂസ് റമ്പാന്‍ കാലയവനികയ്ക്ക് പിറകില്‍ പോയിട്ട് ഇന്ന് അഞ്ചു വര്‍ഷം തികയുകയാണ്. നാല്‍പത്തിയെട്ട് വര്‍ഷം മുഴുവന്‍ ഒരു റമ്പാനായി ജീവിച്ച്, സാധാരണ റമ്പാന്മാരില്‍ പലപ്പോഴും കാണുന്ന സ്ഥാനമോഹങ്ങളൊന്നുമില്ലാതെ ഏകാന്തതയിലും മൗനവ്രതത്തിലും കാലം കഴിച്ച്, ദൈവസ്നേഹത്തിന്‍റെ അഗാധമായ അനുഭവം മൂലം അജ്ഞാത പരിശുദ്ധനായി ഉയര്‍ന്ന റമ്പാച്ചനോട് എനിക്ക് വലിയ ബഹുമാനമുണ്ട്. ഈ മഹല്‍ജീവിതത്തിന്‍റെ ഒരു മുകുരമായി അയ്യായിരത്തിലധികം പേജുകളുള്ള സ്വന്ത കൈപ്പടയിലുള്ള ലിഖിതങ്ങളെ നമുക്ക് കാണാം.

ക്രൈസ്തവ സഭയിലെ കിഴക്കന്‍ പാരമ്പര്യത്തില്‍ മൂന്ന് വിവിധ രീതിയിലുള്ള സന്യാസ സമ്പ്രദായങ്ങള്‍ ഉടലെടുത്തു. ഒന്നാമത്, പരിശുദ്ധനായ അന്തോനിയോസിന്‍റെ നാമവുമായി ബന്ധിക്കപ്പെടുന്ന ഏകാന്ത സന്യാസം. ഇതിനോട് വളരെ അടുത്തതാണ് മൈലപ്ര റമ്പാച്ചന്‍റെ സന്യാസ ജീവിതം. ഏകാന്തത, മൗനം, ധ്യാനം, ഉപവാസം എന്നിവയ്ക്കാണ് ഈ സമ്പ്രദായത്തില്‍ പ്രാധാന്യം.

രണ്ടാമത്തെ പ്രധാന സന്യാസ പാരമ്പര്യം, ഈജിപ്ഷ്യന്‍ മണലാരണ്യത്തില്‍ തന്നെ ഉടലെടുത്ത് മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിച്ച സാമൂഹ്യ സന്യാസ പ്രസ്ഥാനം തന്നെ. പരിശുദ്ധനായ മാര്‍ പഖോമിയസ് ആണ് ഈ പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍. ഏകാന്തവാസികളായ അനേക സന്യാസികളെ ഒരുമിച്ചുചേര്‍ത്ത് അവര്‍ക്ക് പൊതുവായ ഒരു നിയമവും ജീവിതരീതിയും ഉളവാക്കി, വേണ്ടുന്നിടത്ത് പള്ളികള്‍ കൂടെ പണിത് അദ്ദേഹം ഒന്‍പതിലധികം സന്യാസമഠങ്ങള്‍ സ്ഥാപിച്ചു. അവയിലൊന്ന് സ്ത്രീകള്‍ക്കു വേണ്ടിയുള്ളതായിരുന്നു. ഏകാന്തവാസിയായ സന്യാസിയില്‍ കാണപ്പെടുന്ന പല സ്വാര്‍ത്ഥ പ്രവണതകള്‍ക്കും ഒരു വ്യവസ്ഥിതിയുള്ള സമൂഹവാസം കൊണ്ടു മാത്രമേ അറുതി വരികയുള്ളു എന്നായിരുന്നു, പരിശുദ്ധനായ പഖോമിയോസിന്‍റെ ഉപദേശം. സ്വന്തമായി ഒന്നുമില്ലാതെ, എല്ലാം സമൂഹത്തില്‍ അര്‍പ്പിച്ച്, ദൈവാശ്രയത്തിലും, താഴ്മയിലും അനുസരണത്തിലുമുള്ള ഒരു ജീവിതരീതിയായിരുന്നു പരിശുദ്ധ പഖോമിയോസിന്‍റെ സന്യാസ പ്രസ്ഥാനം. സന്യാസിക്ക് അവന്‍റേതായ സ്വാതന്ത്ര്യം ഉണ്ട്. രഹസ്യ പ്രാര്‍ത്ഥനാ സമ്പ്രദായത്തിലും, ഭക്ഷണക്രമത്തിലും, വസ്ത്രധാരണാരീതിയിലും, ഐകരൂപ്യം സ്ഥാപിക്കുവാന്‍ പരിശുദ്ധ പഖോമിയോസ് ശ്രമിച്ചതേയില്ല. ഈ പ്രസ്ഥാനം ഈജിപ്റ്റില്‍ ഉടലെടുത്ത് അധികം താമസിയാതെ എത്യോപ്യയിലും ന്യൂബിയയിലും (സുഡാന്‍) സിറിയയിലും, പലസ്തീനിലും വ്യാപിച്ചു. നാലും അഞ്ചും ശതാബ്ദങ്ങളിലെ ക്രൈസ്തവ സഭയുടെ അദ്ധ്യാത്മികത അധികവും ഉടലെടുത്തത് ഈ പ്രസ്ഥാനത്തില്‍ നിന്നാണ്.

മൂന്നാമത്തെ സവിശേഷ സന്യാസ സമ്പ്രദായം പരിശുദ്ധനായ മാര്‍ ബസേലിയോസ് ഇന്നത്തെ ഏഷ്യാമൈനറില്‍ സ്ഥാപിച്ച സമ്പ്രദായമാണ്. പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും, സാമൂഹ്യ ശിക്ഷണത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയ ഈ സന്യാസ സമ്പ്രദായത്തിന്‍റെ ഒരു പ്രത്യേകത, എല്ലാ സന്യാസിമാരും സ്വന്ത കൈകളുടെ അദ്ധ്വാനഫലം കൊണ്ട് ചുറ്റുമുള്ള പാവപ്പെട്ടവരെ പോഷിപ്പിക്കുകയും ഉയര്‍ത്തുകയും ചെയ്യണമെന്നുള്ളതായിരുന്നു. ചുറ്റുമുള്ള സമൂഹത്തിന്‍റെ എല്ലാ പ്രശ്നങ്ങളേയും പരിഹരിക്കുവാന്‍ പരിശുദ്ധ ബസേലിയോസും സഹസന്യാസിമാരും ഉറ്റു ശ്രമിച്ചു. ഉദാഹരണമായി, ഒരു നാട്ടില്‍ ഭക്ഷണക്ഷാമം വരുമ്പോള്‍ അവിടെയുള്ള ലാഭമോഹികളായ വ്യാപാരികള്‍ ധാന്യം പൂഴ്ത്തിവച്ച് അതിന് വില കൂട്ടുക എന്നുള്ളത് അന്നും സാധാരണമായിരുന്നു. അങ്ങനെ വരുമ്പോള്‍, പരിശുദ്ധ ബസേലിയോസ് തന്നെ ഈ വ്യാപാരികളെ അഭിമുഖീകരിച്ച്, പൂഴ്ത്തി വച്ചിരിക്കുന്ന ധാന്യം പുറത്തെടുപ്പിച്ച് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുവാന്‍ തന്‍റെ വലിയ സ്നേഹവും വാചാലതയും അദ്ദേഹം ഉപയോഗിച്ചു. സന്യാസിമാര്‍ ആറ്റില്‍ മീന്‍ പിടിക്കുവാന്‍ പോയി കിട്ടുന്ന മീന്‍ സ്വയം ഉപയോഗിക്കാതെ, പാവപ്പെട്ടവരുടെ കുടുംബങ്ങളില്‍ കൊണ്ടുപോയി കൊടുക്കുക എന്നുള്ളത് ബസേലിയന്‍ സന്യാസിമാരുടെയും പ. ബസേലിയോസിന്‍റെ തന്നെയും ഒരു പതിവായിരുന്നു.

പില്‍ക്കാലത്തുണ്ടായ സന്യാസ പ്രസ്ഥാന വ്യതിയാനങ്ങള്‍ ഈ മൂന്ന് സമ്പ്രദായങ്ങളുടെ പരസ്പര സങ്കലനമായിരുന്നു. സിറിയന്‍ സന്യാസ പ്രസ്ഥാനത്തില്‍ ഗുഹാവാസത്തിനും, ഏകാന്തതയ്ക്കും, മൗനത്തിനും പ്രത്യേക പ്രാധാന്യം നല്‍കി. എന്നാല്‍ അതോടൊപ്പം തന്നെ, ഈ മൂന്ന് പ്രസ്ഥാനങ്ങളിലും ഇല്ലാതിരുന്ന നാടകീയങ്ങളായ ആത്മനിയന്ത്രണ അടവുകളും രൂപംകൊണ്ടു. കല്ലു കൊണ്ട് തൂണു കെട്ടി, തൂണിന്‍റെ മുകളില്‍ ഇരുന്ന് തപസു ചെയ്തുകൊണ്ടിരുന്ന ശെമവൂന്‍ ദെസ്തുനോയോയെപ്പോലുള്ള സന്യാസിമാര്‍ സിറിയയില്‍ ഉണ്ടായി. ഉറങ്ങുകയോ, ഭക്ഷിക്കുകയോ ചെയ്യാതെ ഒറ്റക്കാലില്‍ നിന്നുകൊണ്ട് തപസു ചെയ്യുന്ന സന്യാസിമാരും സിറിയയിലാണ് കാണപ്പെട്ടത്. ഇരുപത്തിനാലു മണിക്കൂറും രണ്ടോ, മൂന്നോ ഗ്രൂപ്പുകള്‍ മാറിമാറി ഇടരാതെ ദൈവസ്തോത്രം ചെയ്യുന്ന ഈറേന്മാര്‍ അഥവാ ഉണര്‍ന്നിരിക്കുന്നവര്‍ എന്ന് പറയുന്ന സന്യാസപ്രസ്ഥാനവും സിറിയയില്‍ ഉടലെടുത്തു. ഇതൊക്കെയായാലും ആദ്യം പറഞ്ഞ മൂന്ന് പ്രസ്ഥാനങ്ങള്‍, അതായത് അന്തോനിയോസ്, പഖോമിയോസ്, ബസേലിയോസ് എന്നിവര്‍ സ്ഥാപിച്ച മൂന്ന് പ്രസ്ഥാനങ്ങള്‍ ആണ് പൗരസ്ത്യ സന്യാസ പാരമ്പര്യത്തിന്‍റെ അടിസ്ഥാനം. ഇവയില്‍ ഒന്നും രണ്ടും രീതികളുടെ ഒരു സങ്കലനമായിരുന്നു മൈലപ്ര റമ്പാച്ചന്‍റേത്. താന്‍ തന്നെ സമൂഹശിക്ഷണത്തിന് വിധേയനായി വളരെക്കാലം ജീവിച്ചില്ലെങ്കിലും തന്‍റെ അന്തേവാസികളായ കുറെ സന്യാസികളെ ഒരു സാമൂഹ്യ ശിക്ഷണത്തില്‍ കൂടെ അദ്ദേഹം വളര്‍ത്തിയെടുത്തു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹം അന്തോനിയോസ് വ്രതക്കാരനായ ഒരു ഏകാന്ത സന്യാസി (യീഹിദോയൊ) ആയിരുന്നു.

യിഹിദോയോയും ദയറോയോയും കിഴക്കന്‍ സന്യാസ പ്രസ്ഥാനത്തിലെ രണ്ട് ശാഖകളായിരുന്നു. ‘ദയറോ’ എന്ന് പറഞ്ഞാല്‍ ഭവനം എന്നാണര്‍ത്ഥം. സന്യാസാശ്രമങ്ങള്‍ ദൈവഭവനങ്ങളായിട്ടാണ് കരുതപ്പെട്ടിരുന്നത്. അതില്‍പ്പെടാത്തവരെ, ‘ഓലാം’ അഥവാ ലോകം അവരുടെ അധിവാസസ്ഥലമായിരുന്നതുകൊണ്ട് ‘ഒല്‍മോയേ’ എന്ന് അഭിസംബോധന ചെയ്തു. ‘അല്‍മായക്കാരന്‍’ എന്നു പറഞ്ഞാല്‍ ലോകവാസി അല്ലെങ്കില്‍ ദയറാവാസി അല്ലാത്തവന്‍ എന്നാണര്‍ത്ഥം. അല്ലാതെ വൈദികനല്ലാത്തവന്‍ എന്നര്‍ത്ഥമില്ല.

എന്നാല്‍ ദയറാവാസികളായവരില്‍ തന്നെ ചില പ്രത്യേക വ്യക്തികള്‍ക്ക് ദയറായുടെ ഒരു മൂലയില്‍ തന്നെയോ, അല്ലെങ്കില്‍ കാട്ടിലോ, ഗുഹയിലോ പോയിരുന്ന് ഏകാന്തതപസ് ചെയ്യുന്നതിനുള്ള അനുവാദം ദയറായില്‍ നിന്നു തന്നെ കൊടുക്കുമായിരുന്നു. കുറെ വര്‍ഷങ്ങള്‍ ഏകാന്ത തപസ് ചെയ്തിട്ട്, ആ സന്യാസി വീണ്ടും ദയറായിലേക്ക് തിരികെ വരികയും ചെയ്യുക പതിവായിരുന്നു. ഏകാന്തവാസത്തിന്‍റെ പ്രധാന പരിമിതി, സമൂഹ പ്രാര്‍ത്ഥനയിലും പരിശുദ്ധ കുര്‍ബാനയിലും പതിവായി സംബന്ധിക്കുവാനുള്ള സാധ്യത പലപ്പോഴും ഇല്ലായിരുന്നു എന്നുള്ളതാണ്.

നമ്മുടെ മൈലപ്ര റമ്പാച്ചന്‍ ഏകാന്തവാസിയും, മുനിയും ആയിരുന്നുവെങ്കിലും അതോടുകൂടെ തന്നെ സമൂഹ പ്രാര്‍ത്ഥനയ്ക്കും പരിശുദ്ധ കുര്‍ബാനയ്ക്കും അദ്ദേഹം ഉയര്‍ന്ന സ്ഥാനം കല്‍പിച്ചു.

മാത്രമല്ല, ഒരു നല്ല സന്യാസിയുടെ പ്രത്യേകതകളില്‍ പ്രധാനമായിട്ടുള്ളത്, അളവില്ലാത്ത താഴ്മയും, കളങ്കമില്ലാത്ത ശിശുതുല്യമായ ശുദ്ധതയുമാണ്. ഇത് രണ്ടിലും റമ്പാച്ചന്‍ ആരുടെയും പിറകിലായിരുന്നില്ല. മറ്റൊരു ഗുരുവിന്‍റെ ശിക്ഷണത്തിന് കീഴ്പെട്ട് താഴ്മയും മറ്റും അഭ്യസിക്കുവാന്‍ അദ്ദേഹത്തിന് അവസരം കിട്ടിയില്ലെങ്കിലും താഴ്മയും ശുദ്ധതയും അദ്ദേഹം സ്വയം അഭ്യസിച്ചു. നിഷ്കളങ്കമായ ഒരു മനസ്സാണ് റമ്പാച്ചനുണ്ടായിരുന്നതെന്ന് എന്‍റെ അറിവില്‍ നിന്ന് എനിക്ക് പറയുവാന്‍ കഴിയും. എനിക്ക്  അദ്ദേഹത്തോടുണ്ടായിരുന്ന വലിയ ബഹുമാനത്തിന്‍റെ അടിസ്ഥാനം, ഈ ശുദ്ധതയും, താഴ്മയും അദ്ദേഹത്തിന്‍റെ ഇടതോരാത്ത പ്രാര്‍ത്ഥനാശീലവുമായിരുന്നു. അങ്ങനെയുള്ള സന്യാസിമാര്‍ നമ്മുടെ സഭയില്‍ ഇന്നും അധികമില്ല. പ. പരുമല തിരുമേനിയെപ്പോലെ പണ്ഡിതനൊന്നുമായിരുന്നില്ല മൈലപ്ര റമ്പാച്ചന്‍. പക്ഷേ, പ്രാര്‍ത്ഥനയിലും ഉപവാസത്തിലും പരുമലത്തിരുമേനിയെപ്പോലെ തന്നെ അത്യുല്‍സുകനും, നിഷ്ഠയുള്ളവനുമായിരുന്നു റമ്പാച്ചന്‍.

എനിക്ക് വ്യക്തിപരമായി പലപ്പോഴും പ്രചോദനം പകര്‍ന്നു തന്നിട്ടുള്ള റമ്പാച്ചനെ ഈ അഞ്ചാം വാര്‍ഷികത്തില്‍ ഞാന്‍ പ്രത്യേകം സ്നേഹബഹുമാനപുരസ്സരം അനുസ്മരിക്കുന്നു. എന്‍റെ ഏറ്റവും താഴ്മയോടു കൂടിയുള്ള ഉപഹാരബലിയെ ആ തൃപ്പാദങ്ങളില്‍ ഞാന്‍ അര്‍പ്പിക്കുന്നു. എനിക്കു വേണ്ടിയും, എന്‍റെ സഭയ്ക്കുവേണ്ടിയും, എന്‍റെ ലോകത്തിനു വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥിക്കണമേ എന്ന് ആ പുണ്യ പുരുഷനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

(ഓര്‍ത്തഡോക്സ് യൂത്ത്, 1996 സെപ്റ്റംബര്‍)