(ഇ. ജെ. ജോണ്‍ വക്കീല്‍ വാദിച്ചു ജയിച്ച ഒട്ടധികം പ്രധാനപ്പെട്ട കേസുകളുടെ വിശദമായ വിവരം ട്രാവന്‍കൂര്‍ ലോ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നൂറു വര്‍ഷം മുമ്പ് മദ്ധ്യതിരുവിതാംകൂറിനെ ഇളക്കിമറിച്ച ചെങ്ങന്നൂര്‍ ആറാട്ടു കേസിലെ പ്രതികള്‍ക്കു വേണ്ടി ഹാജരായി വാദിച്ചു ജയിച്ചതു ജോണ്‍ വക്കീലാണ്. ഏതാണ്ടു വിസ്മൃതമായ ആറാട്ടു കേസിനെപ്പറ്റി കേസിലെ ഒന്നാം പ്രതിയുടെ കൊച്ചുമകനും കവിയുമായിരുന്ന എം. എ. ജേക്കബ്ബ് എഴുതിയ ഓര്‍മ്മകള്‍)
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍പ്പെട്ട പുത്തന്‍കാവ് എന്ന ഗ്രാമം. ചെങ്ങന്നൂര്‍ സര്‍ക്കാര്‍ സ്കൂളായിരുന്നു സമീപവാസികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏക ആശ്രയം. ജാതിമതഭേദമെന്യേ ഒട്ടധികം കുട്ടികള്‍ അവിടെ പഠിച്ചിരുന്നു. അന്നൊരു ദിവസം പുത്തന്‍കാവില്‍ നിന്നുള്ള ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളും ആറാട്ടുപുഴ മുതല്‍ ആറന്മുള വരെയുള്ള സ്ഥലങ്ങളില്‍ നിന്നു വരുന്ന ഹൈന്ദവ വിദ്യാര്‍ത്ഥികളും തമ്മില്‍ എന്തോ കാരണത്തിന്‍റെ പേരില്‍ കലഹമായി. കലഹം മൂത്ത് അടികലശലായി. എണ്ണത്തില്‍ കൂടുതലുണ്ടായിരുന്ന ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ ഹൈന്ദവ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. അവര്‍ ജീവനും കൊണ്ടോടി.
യാദൃച്ഛികമെന്ന് പറയട്ടെ, അന്ന് ആറന്മുള ക്ഷേത്രത്തിലെ ഉത്സവ ദിനമായിരുന്നു. ഉത്സവത്തിന്‍റെ ഭാഗമായി ആറന്മുള ക്ഷേത്രത്തില്‍ നിന്നു ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ ഹൈന്ദവ വിശ്വാസികളെത്തുകയും അവിടെ നിന്നു തിരിച്ച് ആറന്മുള ക്ഷേത്രത്തിലേക്ക് വമ്പിച്ച ഘോഷയാത്ര നടത്തുകയും പതിവായിരുന്നു. ഗജവീരന്മാര്‍ ഘോഷയാത്രയെ അനുഗമി ക്കുന്നു. ചെങ്ങന്നൂര്‍ പള്ളിക്കൂടത്തിലെ കുട്ടികള്‍ തമ്മില്‍ അടിനടന്ന ദിവസം തന്നെയായിരുന്നു ഈ ഘോഷയാത്രയും. കുട്ടികളില്‍ നിന്നു വിവരങ്ങള്‍ ഗ്രഹിച്ച ആറന്മുളയിലെ ഹൈന്ദവര്‍ ചെങ്ങന്നൂര്‍ ക്ഷേത്രത്തി ലേക്കുള്ള യാത്രയില്‍ കരിങ്കല്‍കഷണങ്ങള്‍ ചാക്കുകണക്കിനു കരുതി വച്ചു. പുത്തന്‍കാവിലെ സെന്‍റ് മേരീസ് കത്തീഡ്രല്‍ ജംഗ്ഷന്‍ (പള്ളിപ്പടി) മുതല്‍ ചെങ്ങന്നൂര്‍ ക്ഷേത്രത്തിലേക്ക് തിരിയുന്ന വളവു വരെ ക്രൈസ്തവ സമുദായാംഗങ്ങള്‍ മാത്രം ഇടതിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണല്ലോ അന്നും ഇന്നും. പലരുടെയും വീടുകള്‍ റോഡിനോട് തൊട്ടുരുമ്മിയാണ് നിലകൊള്ളുന്നത്.
ആറന്മുളയില്‍ നിന്ന് തിരിച്ച ഹൈന്ദവര്‍ മുന്‍പറഞ്ഞ ദേവാലയ ത്തിലേക്കും വീടുകളിലേക്കും അവര്‍ കരുതിവച്ചിരുന്ന കരിങ്കല്‍ കഷണ ങ്ങള്‍ കൊണ്ട് ഏറു തുടങ്ങി. പള്ളിക്ക് കേടുപാട് പറ്റി. പള്ളി കഴിഞ്ഞാലു ള്ളത് അന്നത്തെ ഒരു പ്രമുഖ കുടുംബമായ മാമ്മൂട്ടില്‍ കൂടിനിന്നവരെയും എറിഞ്ഞു. തുടര്‍ന്നങ്ങോട്ട് ചെങ്ങന്നൂര്‍ ക്ഷേത്രത്തിലേക്ക് തിരിയുന്ന സ്ഥലം വരെയും ഏറ് തുടര്‍ന്നു. ഈ ഏറിന്‍റെ ഫലമായി വസ്തുവക കള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായതിനു പുറമെ പലര്‍ക്കും പരിക്കും പറ്റി. ഹൈന്ദവരുടെ ഈ പ്രവൃത്തിയില്‍ രോഷാകുലരായവര്‍ മാമ്മൂട്ടില്‍ വീടിന്‍റെ അങ്കണത്തില്‍ യോഗംചേര്‍ന്ന് പ്രതികാരം ചെയ്യുവാന്‍ തീരുമാനിച്ചു.
അന്ന് റോഡ് വളരെ വീതികുറഞ്ഞതായിരുന്നു. മാമ്മൂട്ടില്‍ കുടുംബത്തില്‍ ധാരാളം കാളകളും കാളവണ്ടികളും ഉണ്ടായിരുന്നു. വീടിന്‍റെ മുമ്പിലത്തെ റോഡില്‍ കാളവണ്ടിയിട്ട് ബ്ലോക്കു ചെയ്തു. ധാരാളം പുരുഷന്മാര്‍ ആയുധങ്ങളും ഏന്തി എന്തിനും തയ്യാറായി നിന്നു. ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ പോയ ഹൈന്ദവര്‍ ഈ വിവരം അറിയുന്നതേ ഇല്ല. റോഡു കഴിഞ്ഞാല്‍ ഇപ്പോഴത്തെ മെട്രോപ്പോലീറ്റന്‍ ഹൈസ്ക്കൂളും അതിനും അപ്പുറത്ത് അന്ന് വളരെ ആഴം ഉണ്ടായിരുന്ന പമ്പാ നദിയുമാണ്. തൊട്ടപ്പുറത്തായി പമ്പാനദിയില്‍ അത്തിമൂട് എന്ന സ്ഥലത്ത് വലിയ ഒരു ചുഴലി രൂപപ്പെടുന്ന പതിവും ഉണ്ടായിരുന്നു. അവിടെ ചെന്നെത്തിപ്പോയാല്‍ രക്ഷപ്പെടുക അസാദ്ധ്യമായിരുന്നു.
ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ നിന്നുള്ള വന്‍ ഘോഷയാത്ര മാമ്മൂട്ടില്‍ പടിക്കല്‍ എത്തിക്കഴിഞ്ഞു. ആയിരക്കണക്കിനു ജനങ്ങള്‍ ഉണ്ടായിരുന്നു. അപ്രതീക്ഷിതമായി റോഡില്‍ ഉണ്ടായിരുന്ന തടസ്സങ്ങള്‍ കണ്ട് ജനം അമ്പരന്നു. ജനങ്ങള്‍ പ്രാണരക്ഷാര്‍ത്ഥം ഓടി. ചിലര്‍ പമ്പാ നദിയിലേക്ക് എടുത്തുചാടി. മറ്റു ചിലര്‍ മാമ്മൂട്ടില്‍ കുടുംബത്തിലേക്ക് അതിക്രമിച്ചു കയറി. അവരെ അവിടെ സായുധരായി നിന്നവര്‍ കൈകാര്യം ചെയ്തു. എന്തിനധികം വിവരിക്കുന്നു. അന്നത്തെ വര്‍ഗ്ഗീയ സംഘട്ടനത്തില്‍ ഒട്ടധികം ആളുകള്‍ക്ക് ജീവാപായം സംഭവിച്ചു. അതിലധികം പേര്‍ക്ക് സാരമായ പരിക്കുപറ്റി. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന് നിയന്ത്രിക്കുവാനാവാത്ത വിധമായിരുന്നു സംഘട്ടനം.
കോളിളക്കം സൃഷ്ടിച്ച, ആറാട്ടുകേസും ആരംഭിച്ചു. മാമ്മൂട്ടില്‍ കുടും ബത്തിന്‍റെ നാഥനായിരുന്ന ഈപ്പന്‍ ചാക്കോ (മാമ്മൂട്ടില്‍ ചാക്കോച്ചന്‍) ആയിരുന്നു ഒന്നാം പ്രതി. മൂന്നൂറില്‍പരം പ്രതികളും അഞ്ഞൂറില്‍പരം സാക്ഷികളും ഉണ്ടായിരുന്നുവത്രെ. കേസ് ആരംഭിച്ചത് മാവേലിക്കര കോടതിയില്‍ ആയിരുന്നു. കേസില്‍ ധാരാളം പ്രതികളും അതിലധികം സാക്ഷികളും ഉണ്ടായിരുന്നതിനാലും ഇന്നത്തെപ്പോലെ വാഹനസൗകര്യം ഇല്ലാതിരുന്നതിനാലും ചെങ്ങന്നൂരില്‍ ഈ കേസിന്‍റെ നടത്തിപ്പിനായി ഒരു മുന്‍സിഫ് കോടതി ആരംഭിക്കേണ്ടി വന്നു. അങ്ങനെയാണ് ചെങ്ങന്നൂരില്‍ കോടതി സ്ഥാപിക്കുന്നത്. അന്ന് വളരെ പ്രതാപശാലിയായി വാണിരുന്ന ഒന്നാം പ്രതി മാമ്മൂട്ടില്‍ ചാക്കോച്ചനെയും രണ്ട് അധഃസ്ഥിത സമുദായാംഗങ്ങളെയും വിലങ്ങുവച്ച് റോഡിലൂടെ പരസ്യമായി നടത്തിക്കൊണ്ടു പോയത് ശത്രുമിത്രഭേദം കൂടാതെ ഏവരെയും ആശ്ചര്യപരതന്ത്രരാക്കി.
ഒന്നാം പ്രതിക്കും മറ്റുള്ള പ്രധാനപ്പെട്ട പ്രതികള്‍ക്കും വേണ്ടി കോടതിയില്‍ ഹാജരായത് ഇ. ജെ. ജോണ്‍ ആയിരുന്നു. ഒന്നാം പ്രതിയായ മാമ്മൂട്ടില്‍ ചാക്കോച്ചന്‍റെ ഭൗതികസമ്പത്തിന്‍റെ സിംഹഭാഗവും അന്യാധീനപ്പെട്ടു. കേസു നടത്തിപ്പിന്‍റെ ചെലവും സാമ്പത്തികശേഷിയില്ലാത്ത മറ്റു പ്രതികളുടെയും സാക്ഷികളുടെയും കേസു ചെലവും വീട്ടുചെലവും ഒന്നാം പ്രതിക്കു തന്നെ താങ്ങേണ്ടി വന്നു.
അന്ന് അപ്രകാരം ഒരു അനിഷ്ട സംഭവം ഉണ്ടായി എങ്കിലും പുത്തന്‍കാവിലും പരിസരപ്രദശങ്ങളിലും ഇന്ന് ജീവിക്കുന്ന വിവിധ സമുദായാംഗങ്ങള്‍ ഏകോദര സഹോദരങ്ങളെപ്പോലെയാണ് കഴിഞ്ഞുകൂടുന്നത്. വര്‍ഗ്ഗീയ ലഹളകളോ സംഘട്ടനങ്ങളോ ഇവിടെ കേട്ടുകേള്‍വി പോലും ഇല്ല. ഇന്നത്തെ ചെങ്ങന്നൂര്‍ താലൂക്കില്‍പ്പെട്ട പുതിയ തലമുറക്കാര്‍ക്ക് മേല്പറഞ്ഞ ആറാട്ടുകേസിനെപ്പറ്റിയോ മാമ്മൂട്ടില്‍ ചാക്കോച്ചനെപ്പറ്റിയോ വേണ്ടത്ര അറിവില്ല. മാമ്മൂട്ടില്‍ കുടുംബത്തിന്‍റെ കെട്ടിടവും സ്ഥലവും പുത്തന്‍കാവ് പള്ളി വിലയ്ക്ക് വാങ്ങുകയും പള്ളിവക ഓഡിറ്റോറിയം പണിയുകയും ചെയ്തു.