വൈദികരുടെ വിവാഹം: 1987 സുന്നഹദോസ് എടുത്ത തീരുമാനം

കശ്ശീശ്ശാ സ്ഥാനമേറ്റശേഷം വിവാഹം കഴിക്കുന്ന പട്ടക്കാര്‍ കര്‍മ്മം നടത്തുന്നത് കാനോന്‍ നിശ്ചയങ്ങള്‍ക്കും സഭാനടപടികള്‍ക്കും വിരുദ്ധമാണെങ്കിലും വൈദികനായശേഷം വിവാഹം കഴിക്കുന്നവരുടെ കാര്യത്തില്‍ സന്യാസിവസ്ത്രം സ്വീകരിച്ചശേഷം വിവാഹം കഴിക്കുന്ന പട്ടക്കാരെയും സന്യാസവസ്ത്രം സ്വീകരിക്കാതെ പട്ടക്കാരനായശേഷം വിവാഹിതരാകുന്ന പട്ടക്കാരെയും ഒരേ രീതിയില്‍ പരിഗണിക്കുന്നത് ശരിയല്ലെന്നും രണ്ടാമത്തെ ഗണത്തില്‍പെടുന്നവരുടെ കാര്യത്തില്‍ സഭാശിക്ഷണത്തിന് വിഘ്നം വരാത്ത വിധത്തില്‍ താഴെ കുറിക്കുന്ന വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതാണെന്നും പ. സുന്നഹദോസ് അഭിപ്രായപ്പെട്ടു.

1. ഏതെങ്കിലും വൈദികന്‍ വിവാഹം ചെയ്യുന്നതിനായി അനുവാദം അഭ്യര്‍ത്ഥിക്കുമ്പോള്‍ ചുമതലക്കാരനായ മെത്രാപ്പോലീത്താ ആവശ്യമെന്നു കാണുന്നപക്ഷം വിവാഹം ചെയ്യുന്നതിന് അയാളെ അനുവദിച്ചുകൊണ്ടും അതോടൊന്നിച്ചു തന്നെ പട്ടത്വത്തിനടുത്ത എല്ലാ അധികാരങ്ങളില്‍ നിന്നും കര്‍മ്മാനുഷ്ഠാനങ്ങള്‍ നടത്തുന്നതില്‍ നിന്നും അയാളെ സ്ഥിരമായി നിരോധിച്ചുകൊണ്ടുമുള്ള ഒരു കല്പന നല്‍കേണ്ടതാണ്.

2. വൈദികനായശേഷം അധികാരപ്പെട്ട മെത്രാപ്പോലീത്തായുടെ അനുവാദം കൂടാതെയോ ഇതരസഭകളില്‍ ചേര്‍ന്നോ വിവാഹം ചെയ്യുന്ന പട്ടക്കാരന്‍ വൈദികവൃത്തിയില്‍നിന്ന് നിരോധിക്കപ്പെടുന്നതോടൊപ്പം സന്യാസവൃതം സ്വീകരിച്ചിട്ടുള്ള പട്ടക്കാരനാണെങ്കില്‍ അയാളുടെ സന്യാസവസ്ത്രങ്ങള്‍ ഉരിഞ്ഞുകളഞ്ഞുകൊണ്ടുള്ള കല്പന കൂടി കൊടുക്കേണ്ടതാണ്.

3. അധികാരപ്പെട്ട മെത്രാപ്പോലീത്തായുടെ അനുവാദത്തോടുകൂടി വിവാഹം കഴിച്ചിട്ടുള്ള സന്യാസവ്രതത്തിന്‍റെ പൂര്‍ണ്ണപ്രതിജ്ഞ ചെയ്തിട്ടില്ലാത്ത, പട്ടക്കാരുടെ കാര്യത്തില്‍ അവരുടെ കൂദാശപരമായ അധികാരങ്ങള്‍ പുനഃസ്ഥാപിക്കുന്ന കാര്യം വിവാഹശേഷം 20 വര്‍ഷത്തേക്ക് പരിഗണിച്ചുകൂടാത്തതാകുന്നു. വിവാഹശേഷം 20 വര്‍ഷക്കാലമെങ്കിലും സഭാശിക്ഷണത്തിന് വിധേയമായും മേലധികാരിയുടെ കല്പന ലംഘിക്കാതെയും നല്ല ജീവിതം നയിച്ചിട്ടുള്ള സന്യാസിയല്ലാത്ത പട്ടക്കാരന്‍ പൗരോഹിത്യ നടപടികള്‍ നടത്തുന്നതിനുള്ള അധികാരം തനിക്ക് വീണ്ടും നല്‍കണമെന്ന് യഥാര്‍ത്ഥ അനുതാപത്തോടുകൂടി അപേക്ഷിക്കുന്നപക്ഷം ആ പ്രത്യേക വ്യക്തിയുടെ ജീവിതവും സാഹചര്യങ്ങളും കണക്കിലെടുത്തുകൊണ്ട് പ്രസ്തുത അപേക്ഷ പ. സുന്നഹദോസ് പരിഗണിക്കാവുന്നതും വേണ്ട നടപടികള്‍ സ്വീകരിക്കാവുന്നതുമാണ്.

4. എന്നാല്‍ അങ്ങനെ പൗരോഹിത്യ അധികാരങ്ങള്‍ വീണ്ടും നല്‍കപ്പെടുന്ന പട്ടക്കാരനെ ഒരിടവക വികാരിയായി നിയമിച്ചുകൂടാത്തതാകുന്നു.

(1987 ഫെബ്രുവരി 24 മുതല്‍ 27 വരെ പഴയസെമിനാരിയിലെ സോഫിയാ സെന്‍റര്‍ ചാപ്പലില്‍ ചേര്‍ന്ന സുന്നഹദോസ് എടുത്ത തീരുമാനം)

Source: മലങ്കരസഭാ മാസിക, 1987 ഏപ്രില്‍, മെയ്

45. മരിച്ചുപോയ പട്ടക്കാരുടെ ഭാര്യമാരെ രണ്ടാമത് കെട്ടിക്കയും മരിച്ചുപോയ അയ്മേനിമാരുടെ ഭാര്യമാരെ പട്ടക്കാര്‍ കെട്ടുകയും പട്ടക്കാര്‍ രണ്ടാമത് വിവാഹം ചെയ്യുകയും – കത്തനാരുപട്ടം ഏറ്റ ശേഷം വിവാഹം ചെയ്യുന്നത് യുക്തമല്ല – എങ്കിലും അങ്ങനെയുള്ള കാര്യങ്ങള്‍ വേണ്ടി വന്നാലും മെത്രാപ്പോലീത്തായെ ബോധിപ്പിച്ച് കല്പന വരുംവണ്ണം നടപ്പാനുള്ളതാകുന്നു.

(കോട്ടയം ചട്ടവര്യോലയില്‍ നിന്നും, 1853)