മാവേലിക്കര പടിയോലയ്ക്കു നിറക്കൂട്ടില്‍ പുനര്‍ജനി ഒരുങ്ങുന്നു


കോട്ടയം: മലങ്കര സഭയുടെ ഉണര്‍വിന്‍റെ ചരിത്രമുഹൂര്‍ത്തമായ മാവേലിക്കര പടിയോലയ്ക്കു നിറക്കൂട്ടില്‍ പുനര്‍ജനി ഒരുങ്ങുന്നു. സഭയ്ക്കു മേല്‍ അധിനിവേശം ലക്ഷ്യമിട്ടു ബ്രിട്ടിഷ് മിഷനറിമാര്‍ നല്‍കിയ നിര്‍ദേശങ്ങളെ അവഗണിച്ച് 1836 ജനുവരി 16-നു മാവേലിക്കര പള്ളിയില്‍ തയാറാക്കിയ ഉടമ്പടിയാണ് മാവേലിക്കര പടിയോല.

പുതിയകാവ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്‍റെ 1080ാം വാര്‍ഷികത്തിന്‍റെ ഭാഗമായാണു ചരിത്രപ്രധാനമായ മാവേലിക്കര പടിയോല എന്ന ആശയത്തിനു വര്‍ണക്കൂട്ട് ഒരുക്കാന്‍ തീരുമാനിച്ചത്. ചരിത്ര ചിത്രകാരനായ ജിജുലാല്‍ കാന്‍വാസിലേക്കു പകര്‍ന്ന ചരിത്ര ചിത്രം നാളെ രാവിലെ 11-നു കത്തീഡ്രല്‍ ഹാളില്‍ അനാഛാദനം ചെയ്യും.

ചരിത്രകാരനും ഗവേഷകനുമായ ഡോ. എം. കുര്യന്‍ തോമസാണ് ചരിത്രരേഖകള്‍ പരിശോധിച്ചു ചിത്രത്തിന് ആവശ്യമായ ആശയവും പശ്ചാത്തലവും ഒരുക്കിയത്. ചിത്രകാരനായ ഫാ. ഡോ. കെ. എം. ജോര്‍ജ് ചിത്രമെഴുത്തിനു മാര്‍ഗനിര്‍ദേശം നല്‍കി. പുതിയകാവ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ മാനേജിങ് കമ്മിറ്റിയുടെ താല്‍പര്യപ്രകാരം, 8 അടി നീളവും 4 അടി ഉയരവുമുള്ള കാന്‍വാസിലാണ് ജിജുലാലും കൂട്ടരും ചിത്രമെഴുതിയത്. മാവേലിക്കര സുന്നഹദോസിന്‍റെ പ്രാദേശിക, സാമൂഹിക പശ്ചാത്തലങ്ങള്‍ ഉള്‍പ്പെടുത്തിയാണു ചിത്രീകരണം.

മാവേലിക്കര പടിയോല രൂപപ്പെട്ട സുന്നഹദോസിന്‍റെ കാലസൂചകങ്ങളായി തെക്കുകിഴക്കേ കോണില്‍ നിന്നും വീഴുന്ന സൂര്യപ്രകാശവും കായ്ഫലമുള്ള പ്ലാവും ചിത്രത്തിലുണ്ട്. മലങ്കര മെത്രാപ്പൊലീത്ത ചേപ്പാട്ട് പീലിപ്പോസ് മാര്‍ ദിവന്നാസിയോസ് നാലാമന്‍, കൂത്തൂര്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മലങ്കര മെത്രാപ്പൊലീത്ത, യോഗ തീരുമാനങ്ങള്‍ കടലാസിലും എഴുത്തോലയിലും രേഖപ്പെടുത്താന്‍ 2 രായസം എഴുത്തുകാര്‍, ബിഷപ് ഡാനിയേല്‍ വില്‍സന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ വായിച്ചു വിശദീകരിക്കുന്ന കോനാട്ട് അബ്രഹാം മല്‍പാന്‍ ഒന്നാമന്‍ എന്നിവര്‍ ചിത്രത്തിലുണ്ട്.

വിവരങ്ങള്‍ അറിയാന്‍ എത്തിയവരും മാവേലിക്കര പള്ളി പ്രമാണിമാരും കത്തനാരുമാരും ഉള്‍പ്പെടുന്ന ചിത്രത്തില്‍ വെറ്റിലച്ചെല്ലം, ഓലക്കുട, വടി എന്നിവയും ഉണ്ട്. കമുക്, മുള, മെടഞ്ഞ തെങ്ങോല എന്നിവ ഉപയോഗിച്ചാണ് അരങ്ങും ഭാഗികമായി മാത്രം ദൃശ്യമാകുന്ന പന്തലും നിര്‍മിച്ചിരിക്കുന്നത്. കുരുത്തോല, മാവില, കമുകിന്‍ പൂക്കുല ഇവ ഉപയോഗിച്ചുള്ള അലങ്കാരത്തിനൊപ്പം കുലച്ച വാഴ ഒരുക്കിയ കവാടവും ഉണ്ട്.

നാളെ 11-നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ, ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍പിള്ള എന്നിവര്‍ ചേര്‍ന്ന് അനാഛാദനം ചെയ്യുമെന്നു കത്തീഡ്രല്‍ വികാരി ഫാ. എബി ഫിലിപ്, സഹവികാരി ഫാ. ജോയിസ് വി. ജോയി, ട്രസ്റ്റി പി. ഫിലിപ്പോസ്, സെക്രട്ടറി അനി വര്‍ഗീസ്, സഭാ മാനേജിങ് കമ്മിറ്റി അംഗം സൈമണ്‍ കെ. വര്‍ഗീസ് കൊമ്പശേരില്‍, പെരുന്നാള്‍ കണ്‍വീനര്‍ വിനു ഡാനിയേല്‍ എന്നിവര്‍ അറിയിച്ചു. ചിത്രകാരനായ ജിജു ലാല്‍, ഫാ. ഡോ. കെ. എം. ജോര്‍ജ്, ഡോ. എം. കുര്യന്‍ തോമസ് എന്നിവരെ ചടങ്ങില്‍ ആദരിക്കും.