വിശ്വാസത്തിന്‍റെ കാവൽഭടൻ | ഡോ. പോള്‍ മണലില്‍

മൊസാർട്ടിന്റെ സംഗീതത്തെ ഇഷ്ടപ്പെട്ടിരുന്ന മാർപാപ്പയായിരുന്നു ബെനഡിക്ട് പതിനാറാമൻ. ജർമൻകാരനായതുകൊണ്ടായിരുന്നില്ല ജോസഫ് അലോഷ്യസ് റാറ്റ്സിംഗർ എന്ന ബെനഡിക്ട് പതിനാറാമൻ മൊസാർട്ടിനെ സ്നേഹിച്ചത്. ജീവിതത്തിൽ സ്നേഹത്തിന്റെയും പ്രത്യാശയുടെയും സത്യത്തിന്റെയും കിരണങ്ങൾ നിറക്കാൻ ആഹ്വാനംചെയ്ത ആ ജീവിതം (1927-2022) സംഗീതംപോലെ സാന്ദ്രമായിരുന്നു.

ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായി എട്ടു വർഷത്തോളമേ പ്രവർത്തിച്ചുള്ളൂവെങ്കിലും അക്കാലയളവിൽ പരിശുദ്ധസഭയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് അദ്ദേഹം ചുക്കാൻപിടിച്ചു. 1415ൽ ഗ്രിഗറി പന്ത്രണ്ടാമൻ മാർപാപ്പ സ്ഥാനത്യാഗംചെയ്ത് 600 വർഷങ്ങൾക്കുശേഷം 2013ൽ ബെനഡിക്ട് പതിനാറാമനാണ് ആദ്യമായി സ്ഥാനത്യാഗം നടത്തിയത്. ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ വിയോഗത്തെ തുടർന്നാണ്​ 2005ൽ അദ്ദേഹം സ്ഥാനമേറ്റത്. സ്ഥാനമേറ്റ വർഷംതന്നെ ‘സ്നേഹ’ത്തിന്റെ ചാക്രികലേഖനം പുറത്തിറക്കി. തുടർന്ന് ‘​പ്രത്യാശ’ (2007), ‘സത്യത്തിൽ സ്നേഹം’ (2009) എന്നീ ചാക്രികലേഖനങ്ങളും.

ബെനഡിക്ട് പതിനാറാമന്റെ പിൻഗാമി ഫ്രാൻസിസ് മാർപാപ്പ ‘വിശ്വാസത്തിൻ വെളിച്ചം’ എന്ന ചാക്രികലേഖനം പുറത്തിറക്കിയ​പ്പോൾ അതിന്റെ തുടക്കം ബെനഡിക്ട് പതിനാറാമൻ ആയിരുന്നതുപോലെ ഇദ്ദേഹത്തിന്റെ മൂന്ന് ചാക്രിക ലേഖനങ്ങളുടെയും തുടക്കം മുൻഗാമി ജോൺപോൾ രണ്ടാമനായിരുന്നു. ഇപ്രകാരം പരിശുദ്ധസഭയിൽ തുടർച്ചയും തുടക്കവുമായിരുന്ന ബെനഡിക്ട് പതിനാറാമൻ കത്തോലിക്കാസഭയിൽ വിശ്വകീർത്തി നേടിയ വേദശാസ്ത്രജ്ഞനും തത്ത്വജ്ഞാനിയും ഭാഷാപണ്ഡിതനുമായിരുന്നു. ദൈവം സഭയിലൂടെ നമ്മോട് സംസാരിക്കുന്നു എന്ന വേദശാസ്ത്രം ഊന്നിപ്പറഞ്ഞ അദ്ദേഹം ബൈബിളിന്റെ പൂരണമാണ് സഭ എന്ന ചിന്ത അവതരിപ്പിച്ചു. സമകാല സഭയുടെ സാമൂഹികശാസ്ത്രം തിരിച്ചറിഞ്ഞ അദ്ദേഹം വിമോചന ദൈവശാസ്ത്രം പോലെയുള്ള പ്രവണതകളെ തള്ളിക്കളയുകയും കത്തോലിക്കാസഭയുടെ വിശ്വാസത്തിന്റെ കാവൽഭടനായി പ്രഖ്യാപിക്കുകയും ചെയ്തു. വിശ്വാസവിപരീതമായ ആധുനിക സഭാപ്രവണതകളെ നിരാകരിച്ചു.

ആഗോള കത്തോലിക്കാസഭയെ നയിച്ച 265ാമത്തെ മാർപാപ്പയായ ബെനഡിക്ട് പതിനാറാമൻ, 85ാം വയസ്സിൽ സ്ഥാനത്യാഗംചെയ്ത് ലോക​ത്തെ അമ്പരിപ്പിച്ചു. ശരീരത്തോടൊപ്പം മനസ്സും ക്ഷയിച്ചപ്പോൾ തുടരാനുള്ള കരുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വത്തിക്കാൻരാഷ്ട്രം സംസ്ഥാപിതമായതിന്റെ 84ാം വാർഷികദിനമായ 2013 ​ഫെബ്രുവരി 11ന് സ്വന്തം കൈപ്പടയിൽ എഴുതിയ ലത്തീൻഭാഷയിലുള്ള സ്ഥാനത്യാഗ പ്രഖ്യാപനം ബെനഡിക്ട് മാർപാപ്പ വായിച്ചത്. തുടർന്ന് ഫെബ്രുവരി 28ന് അദ്ദേഹം സ്ഥാന​​മൊഴിഞ്ഞു.

ജർമനിയിലെ ബവേറിയായിൽ ജനിച്ച ജോസഫ് റാറ്റ്സിംഗർ അഞ്ചാം വയസ്സിൽ ജർമനിയിലെ ​ഫ്രെയ്സിങ് ഇടവകയിൽ കർദിനാൾ മൈക്കിൾ ഫ്ലെയ്ബറെ കണ്ടുമുട്ടി. ദേവാലയത്തിലെ ആരാധനക്കുശേഷം വീട്ടിലെത്തിയ ​ജോസഫ് റാറ്റ്സിംഗർ തന്റെ ആഗ്രഹം മാതാപിതാക്കളെ അറിയിച്ചു. ഒരു കർദിനാൾ ആകണമെന്നായിരുന്നു ആ ബാലന്റെ മോഹം! ജർമൻ പൊലീസ് ഉദ്യോഗസ്ഥനായ പിതാവ് കണ്ണുരുട്ടിയെങ്കിലും മകൻ ഭയന്നില്ല. ദൈവികാരാധനയുടെ സൗരഭ്യത്തിൽ ആനന്ദം അനുഭവിച്ച ആ ബാലൻ പിന്നീട് തിരുസഭയുടെ അൾത്താരയിലേക്ക് പടവുകൾ ചവിട്ടിക്കയറി. 16ാം വയസ്സിൽ വേദശാസ്ത്രം പഠിക്കാൻ സെമിനാരിയിൽ ചേർന്നെങ്കിലും നാസി ഭരണത്തിൽ നിർബന്ധിത പട്ടാളപരിശീലനത്തിനായി പഠനം മുടങ്ങി. 1945ൽ സഖ്യകക്ഷികൾ ജർമനി ആക്രമിച്ചപ്പോൾ ജോസഫ് റാറ്റ്സിംഗർ പട്ടാളത്തിൽനിന്ന് ഒളിച്ചോടിയെങ്കിലും ജയിലിലായി.

ഹിറ്റ്ലറുടെ കിരാതഭരണത്തിൽ രണ്ടുമാസം ജയിലിൽ കിടന്നെങ്കിലും സഖ്യകക്ഷികൾ ഹിറ്റ്ലറെ കീഴടക്കിയതോടെ അദ്ദേഹം ജയിൽമോചിതനായി. തുടർന്നാണ് സെമിനാരി പഠനം പൂർത്തിയാക്കിയത്. വൈദികവൃത്തിയിലേക്ക് തന്നെ ആകർഷിച്ച മ്യൂണിക് ആർച്ച് ബിഷപ് കൂടിയായിരുന്ന കർദിനാൾ മൈക്കിൾ ഫ്ലെയ്ബറിൽനിന്ന് 1951ൽ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. വിശുദ്ധ അഗസ്റ്റിന്റെ ദൈവശാസ്ത്ര ചിന്തകളെപ്പറ്റി 1953ൽ എഴുതിയ പഠനത്തോടെയാണ് ജോസഫ് റാറ്റ്സിംഗർ സഭയിൽ ശ്രദ്ധേയനായത്. തുടർന്ന് അദ്ദേഹം ബൊനവഞ്ചറിന്റെ ദൈവശാസ്ത്ര സംഹിതകളിൽ ഡോക്ടറേറ്റ് നേടി. 1958ൽ അദ്ദേഹം ​ഫ്രെയ്സിങ് യൂനിവേഴ്സിറ്റിയിൽ ദൈവശാസ്ത്രം പഠിപ്പിക്കാൻ നിയോഗിക്കപ്പെട്ടതോടെയാണ് വേദശാസ്ത്രപണ്ഡിതൻ എന്നനിലയിൽ അറിയപ്പെട്ടുതുടങ്ങിയത്.

തുടർന്ന് പ്രവർത്തനം മൂൺസ്റ്റർ യൂനിവേഴ്സിറ്റിയിലായി. കത്തോലിക്കാസഭയെ ആധുനിക ലോകവുമായി ബന്ധപ്പെടുത്തിയ രണ്ടാം വത്തിക്കാൻ സുന്നഹദോസിൽ അദ്ദേഹം പ​ങ്കെടുത്തു. 1966ൽ അ​ദ്ദേഹം ട്യൂബെൻജൻ യൂനിവേഴ്സിറ്റിയിൽ സൈദ്ധാന്തിക ദൈവശാസ്ത്ര മേധാവിയായി സ്ഥാനമേറ്റ ശേഷം എഴുതിയ ‘ക്രൈസ്തവവിശ്വാസത്തിന് ഒരാമുഖം’ എന്ന ഗ്രന്ഥം വലിയ വിവാദമുണ്ടാക്കി. വിശ്വാസത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും മേഖലകളിലുള്ള വൈവിധ്യമാർന്ന അഭിപ്രായങ്ങൾ വത്തിക്കാൻ മാനിക്കണമെന്ന്​ ഇതിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. മാർക്സിസ്റ്റ് സ്വാധീനത്തിൽ സഭയിൽ ഉയർന്നുവന്ന വേദശാസ്ത്ര ചിന്താധാരകളെയും അദ്ദേഹം എതിർത്തു.

ലോകത്തിലെ ഇരുപതോളം ഭാഷകളിൽ ഇന്ന് പ്രസിദ്ധീകരിച്ചുവരുന്ന ‘കൊമ്മൂണിയോ’ എന്ന ദൈവശാസ്ത്ര പ്രസിദ്ധീകരണം 1972ൽ ആരംഭിച്ചത് ജോസഫ് റാറ്റ്സിംഗറാണ്. വേദശാസ്ത്രചിന്തകൻ എന്നനിലയിൽ മൗലികസംഭാവനകൾ നൽകിയ ഇദ്ദേഹത്തെ 1977ൽ പോൾ ആറാമൻ മാർപാപ്പ മെത്രാനായി നിയമിച്ചു. അതേവർഷംതന്നെ അദ്ദേഹത്തെ കർദിനാളായും ഉയർത്തി. അങ്ങനെ ആർച്ച് ബിഷപ് ആകുന്നതിനുമുമ്പ് അദ്ദേഹം കർദിനാളായി. കർദിനാൾ റാറ്റ്സിംഗറെ 1982ൽ ജോൺ പോൾ രണ്ടാമൻ വത്തിക്കാനിലെ വിശ്വാസസംഘത്തിന്റെ പ്രീഫെക്ട് ആയി നിയമിച്ചതോടെ ആ ചിന്താധാരകൾക്ക് അംഗീകാരം ലഭിച്ചത്. കൃത്രിമ ജനനനിയന്ത്രണം, സ്വവർഗരതി, വിമോചന ദൈവശാസ്ത്രം, മതാന്തരസംവാദം എന്നീ മേഖലകളിൽ കത്തോലിക്കാസഭയുടെ നിലപാടുകൾ ഉറപ്പിക്കാൻ കർദിനാൾ ജോസഫ് റാറ്റ്സിംഗർക്ക് കഴിഞ്ഞു.

കർദിനാൾ പദവിയിൽ ഇരിക്കുമ്പോൾ 70 വയസ്സ് തികഞ്ഞതിനാൽ വിരമിക്കാൻ അനുവദിക്കണമെന്ന് മാർപാപ്പയോട് അഭ്യർഥിച്ചെങ്കിലും ജോൺപോൾ രണ്ടാമൻ ആ അപേക്ഷ സ്വീകരിച്ചില്ല. ജോ​ൺപോൾ രണ്ടാമന്‍റെ കാലശേഷം കർദിനാൾ ജോസഫ് റാറ്റ്സിംഗറെ ബെനഡിക്റ്റ് എന്നപേരിൽ മാർപാപ്പയായി തെരഞ്ഞെടുക്കുകയായിരുന്നു. കത്തോലിക്കാസഭയുടെ തലവനെന്നനിലയിൽ വിശ്വാസഭ്രംശത്തെയും വിശ്വാസ ശൈഥില്യത്തെയും നിഷ്പ്രഭമാക്കാൻ കഴിഞ്ഞതാണ് ബെനഡിക്ട് മാർപാപ്പ നൽകിയ മഹത്തായ സംഭാവന. ബെനഡിക്ട് എന്ന ലത്തീൻ പദത്തിന്റെ അർഥം അനുഗ്രഹിക്കപ്പെട്ടവൻ എന്നാണ്. നന്നായി സംസാരിക്കുന്നവനും ചിന്തിക്കുന്നവനും പ്രവർത്തിക്കുന്നവനും നല്ലകാര്യം ചെയ്യുന്നവനുമാണ് അനുഗ്രഹിക്കപ്പെട്ടവൻ. കാലംചെയ്ത ​ബെനഡിക്ട് പതിനാറാമൻ ഇപ്രകാരം അനുഗ്രഹിക്കപ്പെട്ടവനായിരുന്നു; ദൈവത്തിന്റെ അനുഗ്രഹമായിരുന്നു.