മാര്‍ത്തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ 19-ാം ശതാബ്ദി സമ്മേളനം (1972)


“ക്രൈസ്തവസഭ വിദൂരമായ ഭാരതത്തില്‍ സ്ഥാപിക്കുക മാത്രമല്ല, നമ്മുടെ കര്‍ത്താവ് അപ്പോസ്തോലന്മാര്‍ക്ക് നല്‍കിയ അനുഗ്രഹകരവും പുണ്യകരവുമായ പൗരോഹിത്യം തൃക്കൈകള്‍കൊണ്ടു മലങ്കരയുടെ മക്കള്‍ക്കു നല്‍കിക്കൊണ്ടു മാര്‍ത്തോമ്മാശ്ലീഹാ മലങ്കര നസ്രാണികളുടെ സ്ഥാനവും മാനവും സഭാചരിത്രത്തില്‍ ഉയര്‍ത്തുകയുമായിരുന്നു. ക്രൈസ്തവമതത്തിന്‍റെ കേന്ദ്രങ്ങളായി അറിയപ്പെടുന്ന എല്ലാ പാശ്ചാത്യദേശങ്ങളെക്കാളും ചില പൗരസ്ത്യദേശങ്ങളേക്കാളും മുമ്പായി സത്യവിശ്വാസത്തിന്‍റെയും ശ്രേഷ്ഠ പൗരോഹിത്യത്തിന്‍റെയും വഴിത്താര തെളിച്ചുതന്ന ഈ പുണ്യപിതാവിനെ സ്മരിക്കുമ്പോള്‍ നമ്മുടെ ആഹ്ലാദം അതിരു കവിയും, അഭിമാനം ഉയരും. നമ്മുടെ ശക്തിയുടെയും ആവേശത്തിന്‍റെയും അടിസ്ഥാനമാണു മാര്‍ത്തോമ്മാശ്ലീഹാ.”

(മാര്‍ത്തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ 19-ാം ശതാബ്ദി സമ്മേളനത്തില്‍ പ. ഔഗേന്‍ ബാവാ ചെയ്ത ഉദ്ഘാടന പ്രസംഗത്തില്‍ നിന്ന്)

ജനലക്ഷങ്ങള്‍ പങ്കെടുത്ത ഘോഷയാത്ര
മാര്‍ത്തോമ്മാ ചരമശതാബ്ദി ആഘോഷം സമാപിച്ചു

കോട്ടയം, ഡിസംബര്‍ 31: മാര്‍ത്തോമ്മാശ്ലീഹായുടെ പത്തൊമ്പതാം ശതാബ്ദി പ്രമാണിച്ച് മലങ്കരസഭയുടെ ആഭിമുഖ്യത്തില്‍ ആഘോഷപരിപാടികള്‍, കോട്ടയം നഗരം ഇന്നോളം ദര്‍ശിച്ചിട്ടുള്ളതിലേക്കും ഗംഭീരവും വര്‍ണ്ണോജ്ജ്വലവുമായ ഘോഷയാത്രയോടും പൊതുസമ്മേളനത്തോടും കൂടി സമാപിച്ചിരിക്കുന്നു.

ജനലക്ഷങ്ങള്‍ പങ്കെടുത്ത ഘോഷയാത്ര അണമുറിഞ്ഞൊഴുകിയ ജലപ്രവാഹം പോലെ നഗരവീഥികള്‍ നിറഞ്ഞുകവിഞ്ഞ് മുന്നോട്ടു നീങ്ങിയപ്പോള്‍ കോട്ടയം നഗരം പ്രകമ്പനം കൊണ്ടു.

ഘോഷയാത്രയ്ക്കുശേഷം മലങ്കരസഭയുടെ സിരാകേന്ദ്രമായ എം.ഡി. കൊമ്പൗണ്ടിലെ മാര്‍ത്തോമ്മാ നഗറില്‍ പ. ഔഗേന്‍ കാതോലിക്കാബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വമ്പിച്ച സമ്മേളനം കേരള ഗവര്‍ണ്ണര്‍ വി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു.

മലങ്കരസഭ മാര്‍ത്തോമ്മായുടെ മഹത്തായ പാരമ്പര്യത്തില്‍ അടിയുറച്ചുനില്‍ക്കുമെന്നും അദ്ദേഹത്തിന്‍റെ ദൗത്യം നിറവേറ്റുമെന്നും സമ്മേളനം പ്രതിജ്ഞയെടുത്തു.

നാളെ പിറക്കുന്ന പുതുവര്‍ഷം സാമൂഹ്യസേവനത്തിന്‍റെ വര്‍ഷമായിരിക്കുമെന്ന് പ. കാതോലിക്കാബാവാ പ്രഖ്യാപനം ചെയ്തു.

നഗരാതിര്‍ത്തിയായ കോടിമതച്ചിറയില്‍ നിന്ന് മൂന്നു മണിക്കാരംഭിച്ച ഘോഷയാത്രയുടെ മുന്നറ്റം മാര്‍ത്തോമ്മാനഗറില്‍ എത്തിച്ചേര്‍ന്നപ്പോഴും പിന്‍നിര കോടിമതയില്‍ നിന്നു പുറപ്പെട്ടിരുന്നില്ല.

ഘോഷയാത്രയുടെ മദ്ധ്യത്തില്‍ മന്ദം മന്ദം മുന്നോട്ടുനീങ്ങിയ മനോജ്ഞമായ ഹംസരഥത്തിലെ പ്രധാനപീഠത്തില്‍ പ. കാതോലിക്കാബാവാ ഉപവിഷ്ടനായിരുന്നു. ജറുശലേം പാത്രിയര്‍ക്കീസ് പ. ഡര്‍ഡേറിയന്‍ ബാവാ, നിയുക്തകാതോലിക്കാ മാത്യൂസ് മാര്‍ അത്താനാസ്യോസ്, മെത്രാപ്പോലീത്താമാരായ ദാനിയേല്‍ മാര്‍ പീലക്സിനോസ്, ഫീലിപ്പോസ് മാര്‍ തെയോഫിലോസ്, യൂഹാനോന്‍ മാര്‍ സേവേറിയോസ്, മാത്യൂസ് മാര്‍ കൂറിലോസ് എന്നിവരും ജറുശലേമില്‍ നിന്നെത്തിയ മറ്റു മെത്രാപ്പോലീത്താമാരും ഇതേ രഥത്തില്‍ ഉണ്ടായിരുന്നു.

മാര്‍ത്തോമ്മാശ്ലീഹായുടെ സുവിശേഷപ്രവര്‍ത്തനങ്ങളെയും രക്തസാക്ഷിത്വത്തെയും ചിത്രീകരിക്കുന്ന മനോഹരമായ ഫ്ളോട്ടുകള്‍ ഘോഷയാത്രയ്ക്ക് വര്‍ണ്ണപ്പൊലിമ നല്‍കി.

പടച്ചട്ടയണിഞ്ഞ പത്തൊമ്പത് അശ്വവീരന്മാരും നെറ്റിപ്പട്ടം ധരിച്ച പത്തൊമ്പത് ഗജവീരന്മാരും ഘോഷയാത്രയ്ക്ക് മിഴിവ് പകര്‍ന്നു. ഘോഷയാത്രയുടെ മുന്‍നിര മാര്‍ത്തോമ്മാനഗറില്‍ എത്തിച്ചേര്‍ന്നപ്പോള്‍ തിരുപനന്തപുരം ഫ്ളൈയിംഗ് ക്ലബിന്‍റെ പുഷ്പകവിമാനം പുഷ്പവൃഷ്ടി നടത്തി.

ഈ സമയം ഇന്ത്യന്‍ നേവിയുടെ ഹെലിക്കോപ്റ്റര്‍ മുകളില്‍ വട്ടമിട്ടു പറന്നുകൊണ്ടിരുന്നു.
ഇന്നുരാവിലെ മുതല്‍ കേരളത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നു വിവിധ വാഹനങ്ങളിലായി ഭക്തജനങ്ങള്‍ മലങ്കരസഭയുടെ ആസ്ഥാനമായ കോട്ടയത്തേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഘോഷയാത്രയാരംഭിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പുതന്നെ കോട്ടയം നഗരത്തിലെ ഗതാഗതം സ്തംഭിച്ചു.

അലങ്കരിച്ച ലോറികളും വാദ്യഘോഷങ്ങളും നൂറുകണക്കിനു മുത്തുക്കുടകളും പൊന്‍വെള്ളിക്കുരിശുകളും ഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ചു. മലങ്കരയിലെ പത്ത് ഭദ്രാസനങ്ങളില്‍ നിന്നെത്തിയ ഗായകസംഘങ്ങള്‍ പ്രകടനഘോഷയാത്രയ്ക്ക് സ്വരമാധുരി നല്‍കി.

ഭാരതത്തില്‍ ക്രൈസ്തവസഭയുടെ ഭദ്രദീപവുമായി എത്തിയ പരിശുദ്ധ തോമ്മാശ്ലീഹാ രക്തസാക്ഷിത്വം വരിച്ച മൈലാപ്പൂരില്‍ നിന്നു കൊണ്ടുവന്ന ദീപശിഖയും അദ്ദേഹം സ്ഥാപിച്ച ഏഴരപ്പള്ളികളിലൊന്നായ തിരുവിതാംകോട്ടുനിന്ന് ആഘോഷപൂര്‍വ്വം കൊണ്ടുവന്ന പീതവര്‍ണ്ണപതാകയും ഘോഷയാത്രയോടൊപ്പം മുന്നോട്ടു നീങ്ങി.

കാതോലിക്കേറ്റ് പതാക വഹിച്ചുകൊണ്ട് സമുദായ സെക്രട്ടറി പി. സി. ഏബ്രഹാമും ഇന്ത്യാ-പാക് യുദ്ധത്തില്‍ ധീരനേതൃത്വം നല്‍കിയ വൈസ് അഡ്മിറല്‍ ഇലഞ്ഞിക്കല്‍ ഇ. സി. കുരുവിളയും ഇ. ജോണ്‍ ജേക്കബും ജീപ്പില്‍ സഞ്ചരിച്ചിരുന്നു. കോട്ടയം ചെറിയപള്ളി വികാരി ഫാ. ഇ. ജെ. തോമസ് പ. ബാവായുടെ അംശവടി വഹിച്ചു. മദ്രാസില്‍ നിന്നു കൊണ്ടുവന്ന ദീപശിഖ ഫാ. എ. സി. കോശിയാണ് വഹിച്ചിരുന്നത്.

മലയാള മനോരമ ഓഫീസിനു മുമ്പില്‍ വച്ച്, സെന്‍റ്. തോമസിന്‍റെ ചിത്രത്തിനും ഹംസരഥത്തില്‍ സഞ്ചരിച്ചിരുന്ന പ. കാതോലിക്കാബാവായ്ക്കും ജറുശലേം പാത്രിയര്‍ക്കീസ് ബാവായ്ക്കും മലയാള മനോരമ മാനേജിംഗ് എഡിറ്റര്‍ കെ. എം. മാത്യു ഹാരാര്‍പ്പണം നടത്തി. സഭാപുരോഗമന സമിതിക്കുവേണ്ടി ഇ. കെ. അലക്സാണ്ടര്‍ ഹാരാര്‍പ്പണം നടത്തി.

ഘോഷയാത്രയുടെ മുമ്പില്‍ ജനറല്‍ കണ്‍വീനര്‍ അലക്സാണ്ടര്‍ കാരയ്ക്കല്‍, ഘോഷയാത്രാ കണ്‍വീനര്‍ ബേബി അലക്സ്, പബ്ലിസിറ്റി കണ്‍വീനര്‍ ജോണ്‍ കുന്നപ്പള്ളി എന്നിവര്‍ പൈലറ്റുജീപ്പില്‍ സഞ്ചരിച്ചു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിക്കൊണ്ടിരുന്നു.

ഘോഷയാത്രയ്ക്കു കോടിമതയില്‍നിന്ന് ഒന്നരമൈല്‍ അകലെയുള്ള മാര്‍ത്തോമ്മാനഗറില്‍ എത്തിച്ചേരാന്‍ രണ്ടു മണിക്കൂറോളം വേണ്ടിവന്നു.

തോമാശ്ലീഹായുടെ സന്ദേശം ക്രൈസ്തവസഭയ്ക്കു മാത്രമല്ല: ഗവര്‍ണര്‍

മാര്‍ത്തോമ്മാനഗര്‍, കോട്ടയം, ഡിസംബര്‍ 31: വിശുദ്ധ തോമ്മാശ്ലീഹായുടെ സന്ദേശം ക്രൈസ്തവര്‍ക്കു മാത്രമായുള്ള സന്ദേശമല്ലെന്നും, മറിച്ച് അത് ഭാരതത്തിലെ മുഴുവന്‍ ജനതയ്ക്കുമുള്ളതാണെന്നും ഗവര്‍ണര്‍ വി. വിശ്വനാഥന്‍ പ്രസ്താവിച്ചിരിക്കുന്നു.

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭയുടെ ആഭിമുഖ്യത്തില്‍ ഇന്നു വൈകുന്നേരം ഇവിടെ എം.ഡി. സെമിനാരി അങ്കണത്തിലുള്ള മാര്‍ത്തോമ്മാനഗറില്‍ നടത്തപ്പെട്ട മാര്‍തോമ്മാശ്ലീഹായുടെ 19-ാമതു ചരമശതാബ്ദിയാഘോഷ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഗവര്‍ണര്‍.

പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാബാവാ സമ്മേളനത്തില്‍ ആദ്ധ്യക്ഷ്യം വഹിച്ചു.

നിയുക്ത കാതോലിക്കാ മാത്യൂസ് മാര്‍ അത്താനാസ്യോസ് സ്വാഗതവും, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അലക്സാണ്ടര്‍ കാരയ്ക്കല്‍ കൃതജ്ഞതയും പറഞ്ഞു.

ജറുശലേം പാത്രിയര്‍ക്കീസ് പ. ഡര്‍ഡേറിയന്‍ ബാവാ, പാലാ ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ വയലില്‍, ബിഷപ്പ് റ്റി. എസ്. ജോസഫ്, റവ. ഡോ. മക്കന്‍സി, എന്‍.എസ്.എസ്. പ്രസിഡന്‍റ് കളത്തില്‍ വേലായുധന്‍ നായര്‍, സാംബിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ എ. എം. തോമസ്, സി. എം. സ്റ്റീഫന്‍ എം. പി. എന്നിവര്‍ പ്രസംഗിച്ചു.

സന്ദേശങ്ങള്‍

രാഷ്ട്രപതി വി. വി. ഗിരി, ഉപരാഷ്ട്രപതി ജി. എസ്. പാഠക്, പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയിലി സലാസി, മുഖ്യമന്ത്രി സി. അച്യുതമേനോന്‍ തുടങ്ങിയവരുടെ ആശംസാസന്ദേശങ്ങള്‍ സമുദായ സെക്രട്ടറി പി. സി. ഏബ്രഹാം വായിച്ചു.
സമ്മേളന നഗറില്‍ ആഗതനായ ഗവര്‍ണറെ സമുദായ സെക്രട്ടറി പി. സി. ഏബ്രഹാം, മുന്‍സിപ്പല്‍ ചെയര്‍മാന്‍ കുര്യന്‍ ഉതുപ്പ് കരയോരം, മനോരമ ചീഫ് എഡിറ്റര്‍ കെ. എം. ചെറിയാന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കെ. സി. ഈപ്പനാണ് ഗവര്‍ണര്‍ വി. വിശ്വനാഥനെ ഗസ്റ്റ്ഹൗസില്‍നിന്ന് സ്വീകരിച്ചു സമ്മേളനനഗറിലേക്ക് ആനയിച്ചത്.

സഹവര്‍ത്തിത്വത്തിന്‍റെ സന്ദേശമാണ് സെന്‍റ്തോമസ് ഭാരതത്തിനു നല്‍കിയിട്ടുള്ളതെന്ന് ഗവര്‍ണര്‍ വിശ്വനാഥന്‍ ഉദ്ഘാടനപ്രസംഗത്തില്‍ പ്രസ്താവിച്ചു.

സെന്‍റ്തോമസ് നല്‍കിയ ക്രിസ്തുവിന്‍റെ സന്ദേശം ഭാരതത്തിലെ ക്രിസ്ത്യാനിയെയും, മുസ്ലിമിനെയും, ഹിന്ദുവിനെയും, ജൈനനേയും എല്ലാം ആകര്‍ഷിച്ചുവെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

സെന്‍റ്തോമസ് ഭാരതത്തില്‍ വന്നു ക്രിസ്തുമതം സ്ഥാപിച്ചുവെന്നത് ചരിത്രം ഉദ്ഘോഷിക്കുന്ന വസ്തുതയാണ്. മലബാറിലും, തമിഴ്നാട്ടിലും മറ്റുമാണ് സെന്‍റ്തോമസ് സഭ സ്ഥാപിച്ചത്.

കാതോലിക്കാബാവാ

“എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ” എന്ന് തന്‍റെ ഗുരുവിനെ അഭിസംബോധന ചെയ്തുകൊണ്ട് ക്രൈസ്തവസഭയുടെ കാതലായ വിശ്വാസപ്രമാണം ആദ്യമായി പ്രഖ്യാപനം ചെയ്തത് മാര്‍ത്തോമ്മാ ശ്ലീഹായാണെന്ന് പരിശുദ്ധ കാതോലിക്കാബാവാ അദ്ധ്യക്ഷപ്രസംഗത്തില്‍ പ്രസ്താവിച്ചു.

യഹൂദന്മാരുടെ മിശിഹാ മാത്രമല്ല പിന്നെയോ സര്‍വലോകത്തിന്‍റെ കര്‍ത്താവും സര്‍വസൃഷ്ടികളുടെ ദൈവവുമാണ് ക്രിസ്തുവെന്ന് മാര്‍ത്തോമ്മാശ്ലീഹാ പ്രഖ്യാപിച്ചുവെന്ന് കാതോലിക്കാബാവാ പറഞ്ഞു.

ഭാരതത്തിലെ വിവിധ സഭാവിഭാഗങ്ങളെ പരസ്പരം കൂടുതല്‍ അടുപ്പിച്ചുകൊണ്ടുവരുന്നതിന് രാജ്യത്തിന്‍റെ നാനാഭാഗങ്ങളില്‍ നടന്ന മാര്‍ത്തോമ്മാ ചരമശതാബ്ദി ആഘോഷങ്ങള്‍ സഹായകമായിത്തീര്‍ന്നിട്ടുണ്ട്.

ക്രൈസ്തവസഭയിലെ ഭിന്നതകള്‍ സഭയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മാത്രമല്ല ഇതുമൂലം സഭാനാഥന്‍റെ ദൗത്യം നിര്‍വ്വഹിക്കുന്നതില്‍ വേണ്ടത്ര വിജയിക്കാനും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ. ബാവാ തുടര്‍ന്നു: നമ്മോടൊത്ത് ഇരിക്കേണ്ട മാര്‍ തോമ്മാ ദീവന്നാസ്യോസിന്‍റെ അസാന്നിദ്ധ്യം നമ്മെ വളരെയധികം ശോകത്തിലാഴ്ത്തിയിട്ടുണ്ട്. രാജാജിയുടെ ദേഹവിയോഗം ഇന്ത്യയ്ക്ക് കനത്ത നഷ്ടമാണ് വരുത്തിവച്ചിട്ടുള്ളത്.

മാര്‍ത്തോമ്മാശ്ലീഹായുടെ 19-ാം ചരമശതാബ്ദിയാഘോഷങ്ങള്‍ ഐക്യത്തിന്‍റെ പാതയില്‍ക്കൂടി മുന്നോട്ടുപോകാന്‍ നമുക്ക് ഉത്തേജനം നല്‍കുമെങ്കില്‍ അതു വലിയ നേട്ടമായിരിക്കും.

ആഘോഷ പരിപാടികളില്‍ നിന്നു നമുക്ക് ലഭിച്ച ഉത്തേജനം സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുവിടുന്നതിന് 1973 മാര്‍ത്തോമ്മാശ്ലീഹായുടെ പാവനസ്മരണയ്ക്കായി ഒരു സാധുജനോദ്ധാരണ വര്‍ഷമായി പ്രഖ്യാപിക്കുകയാണ്.

1972 ആഘോഷ പരിപാടികളുടെ വര്‍ഷമായിരുന്നെങ്കില്‍ 1973 ക്രിയാത്മക പരിപാടികളുടെ വര്‍ഷമാണ്. സഭ മുഴുവനായി സാധുജനോദ്ധാരണപരിപാടികള്‍ക്കു മുന്‍ഗണന നല്‍കുകയാണ്. ഓരോ ഇടവകയും അവിടുത്തെ ദരിദ്രന്‍റെയും നിസ്സഹായന്‍റെയും ആശാകേന്ദ്രമായിത്തീരുമ്പോള്‍ മാര്‍ത്തോമ്മാശ്ലീഹായുടെ ദൗത്യം ഭാരതത്തില്‍ വിജയിക്കുന്നതാണ്.

പരിശുദ്ധ കാതോലിക്കാബാവായുടെ പ്രസംഗം ദാനിയേല്‍ മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തായാണ് വായിച്ചത്.

പരിശുദ്ധ മാര്‍തോമ്മാശ്ലീഹായുടെ നാട്ടില്‍നിന്നുള്ള ആശംസകളുമായാണ് താന്‍ എത്തിയിരിക്കുന്നതെന്ന് ജറുശലേം പാത്രിയര്‍ക്കീസ് പ. ഡര്‍ഡേറിയന്‍ ബാവാ തന്‍റെ പ്രസംഗത്തില്‍ പ്രസ്താവിച്ചു.

മാര്‍ത്തോമ്മാശ്ലീഹാ നല്‍കിയ വിശ്വാസം കാത്തുസൂക്ഷിക്കുന്നതില്‍ മലങ്കരസഭയെ ജറുശലേം പാത്രിയര്‍ക്കീസ് അനുമോദിച്ചു.

തങ്ങളുടെ സഭ സ്ഥാപിച്ച വിശുദ്ധ തദ്ദായി ശ്ലീഹായും മാര്‍ത്തോമ്മാശ്ലീഹായും സഹോദരന്മാരാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

തദ്ദായി ശ്ലീഹായും, മാര്‍ത്തോമ്മാശ്ലീഹായും രക്തം ചിന്തിയാണ് സഭയെ വളര്‍ത്തിയത്.

ഏശാവിനെപ്പോലെ ഒരു പാത്രം പാല്‍പ്പായസത്തിനുവേണ്ടി മാര്‍ത്തോമ്മാശ്ലീഹായുടെ വിശ്വാസം മലങ്കരസഭ വിറ്റുകളഞ്ഞിട്ടില്ല. സഭകള്‍ മനുഷ്യസമുദായത്തെ മുഴുവന്‍ ഏകോദരസഹോദരങ്ങളെപ്പോലെ കാണണമെന്നും ജറുശലേം പാത്രിയര്‍ക്കീസ് ഉദ്ബോധിപ്പിച്ചു.

പരിശുദ്ധ കാതോലിക്കാബാവായ്ക്കും നിയുക്ത കാതോലിക്കാ മാത്യൂസ് അത്താനാസ്യോസിനും ജറുശലേം പാത്രിയര്‍ക്കീസ് ബാവാ സമ്മാനം നല്‍കി.

പാലാ ബിഷപ്പ്

മാര്‍ത്തോമ്മാശ്ലീഹാ എല്ലാവരുടെയും പിതാവാണെന്നു പാലാ ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ വയലില്‍ തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു.

മാര്‍ത്തോമ്മാശ്ലീഹാ നല്‍കിയ സ്നേഹത്തിന്‍റെ സന്ദേശം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഇന്ത്യയുടെസാംസ്ക്കാരിക പുരോഗതിക്ക് മാര്‍ത്തോമ്മാശ്ലീഹായുടെ സന്ദേശം വളരെ സഹായകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കളത്തില്‍

എതിര്‍പ്പുകളെ അതിജീവിച്ചു ക്രിസ്തുമതം ഇന്ത്യയില്‍ സ്ഥാപിച്ചത് സെന്‍റ് തോമസ് ആണെന്ന് എന്‍.എസ്.എസ്. പ്രസിഡന്‍റ് കളത്തില്‍വേലായുധന്‍നായര്‍ പ്രസ്താവിച്ചു. ഹിന്ദുമതം ധാര്‍മ്മികമൂല്യങ്ങളില്‍ അധിഷ്ഠിതമായതുകൊണ്ട് ക്രിസ്തുവിന്‍റെ ആദര്‍ശങ്ങള്‍ സ്വീകരിക്കാന്‍ പ്രയാസമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.

ധാര്‍മ്മികമൂല്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ അദ്ദേഹം ക്രൈസ്തവരേയും ഹിന്ദുക്കളെയും ഉപദേശിച്ചു.

എ. എം. തോമസ്

മാര്‍ത്തോമ്മാശ്ലീഹാ ഭാരതത്തില്‍ ക്രൈസ്തവമതം സ്ഥാപിച്ചുവെന്നതു ചരിത്രസത്യമാണെന്ന് സാംബിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ എ. എം. തോമസ് തന്‍റെ പ്രസംഗത്തില്‍ പ്രസ്താവിച്ചു.

ഭാരതത്തില്‍ ക്രൈസ്തവസഭ സ്ഥാപിച്ചതു മാര്‍തോമ്മാശ്ലീഹാ ആണെന്നതു ചരിത്രസത്യമാണെന്ന് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും, ഇപ്പോഴത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പ്രസ്താവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സഭയില്‍ തലപൊക്കുന്ന ശിഥിലീകരണപ്രവണതകള്‍ തുടച്ചുനീക്കി ഐക്യത്തോടെ മുന്നോട്ടുപോകാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

മാര്‍ത്തോമ്മാശ്ലീഹായുടെ സന്ദേശം കാത്തുസൂക്ഷിക്കുന്നതില്‍ മലങ്കരസഭ വിജയിച്ചിട്ടുണ്ടെന്ന് റവ. ഡോ. മക്കന്‍സി പ്രസ്താവിച്ചു.

ബിഷപ്പ് ജോസഫ്

മാര്‍ത്തോമ്മാശ്ലീഹായുടെ ആദര്‍ശങ്ങളില്‍ മുറുകെപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ ബിഷപ്പ് റ്റി. എസ്. ജോസഫ് തന്‍റെ പ്രസംഗത്തില്‍ ഉദ്ബോധിപ്പിച്ചു.

ഭാരതത്തില്‍ മാര്‍ത്തോമ്മാശ്ലീഹാ ക്രൈസ്തവസഭ സ്ഥാപിച്ചുവെന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള സത്യമാണെന്ന് ചരിത്രരേഖകള്‍ ഉദ്ധരിച്ചുകൊണ്ട് സി. എം. സ്റ്റീഫന്‍ എം. പി. പറഞ്ഞു. മാര്‍ത്തോമ്മാശ്ലീഹാ ഭാരതത്തില്‍ കൊളുത്തിയ ക്രൈസ്തവസന്ദേശത്തിന്‍റെ ദീപശിഖ പൊലിയാതെ എന്നെന്നും നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മെത്രാപ്പോലീത്താമാരായ മാത്യൂസ് മാര്‍ ഈവാനിയോസ്, തോമസ് മാര്‍ തീമോത്തിയോസ്, മാത്യൂസ് മാര്‍ കൂറിലോസ്, ദാനിയേല്‍ മാര്‍ പീലക്സിനോസ്, യൂഹാനോന്‍ മാര്‍ സേവേറിയോസ് എന്നിവരും മദ്ധ്യകേരള സി.എസ്.ഐ. ബിഷപ്പ് ഡോ. എം. എം. ജോണ്‍, അര്‍മീനിയന്‍ ബിഷപ്പുമാര്‍, പൂനാ ആര്‍ച്ച് ബിഷപ്പ് വില്യം ഗോമസ്, ഗവര്‍ണറുടെ പത്നി കൗശികി വിശ്വനാഥന്‍, മലയാള മനോരമ ചീഫ് എഡിറ്റര്‍ കെ. എം. ചെറിയാന്‍, കളത്തില്‍ വേലായുധന്‍നായര്‍, ജസ്റ്റീസ് എം. യു. ഐസക്ക് എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.

(മാര്‍ത്തോമ്മാ ശതാബ്ദി സമാപനസമ്മേളനം 1972 ഡിസംബര്‍ 31-ന് കോട്ടയം എം.ഡി. സെമിനാരി വളപ്പില്‍ നടന്നു. അത് സംബന്ധിച്ച് 1973 ജനുവരി ഒന്നിലെ മലയാള മനോരമയില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട്)