അടുത്ത ആരാധനാ വര്‍ഷം 371 ദിവസം! | വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

ഒരു കലണ്ടറിലെ സാധാരണ വര്‍ഷത്തില്‍ 365 ദിവസമാണുള്ളത്. അധിവര്‍ഷത്തില്‍ 366 ദിവസവും. ഒരു വര്‍ഷത്തില്‍ 52 ഞായറാഴ്ചകളാണ് സാധാരണ കാണുക. ചുരുക്കമായി 53 വരാം. വര്‍ഷാരംഭം (ജനുവരി ഒന്ന്) ഞായറാഴ്ച വരുന്ന സാധാരണ വര്‍ഷങ്ങളിലും ശനിയാഴ്ചയോ ഞായറാഴ്ചയോ വരുന്ന അധിവര്‍ഷങ്ങളിലും 53 ഞായറാഴ്ചകളുണ്ടായിരിക്കും (ഉദാ:- 2000, 2006, 2012, 2017, 2023, 2028, 2034, 2040, 2045, 2051, 2056). ഒരു സാധാരണ വര്‍ഷം (365 ദിവസം) ആരംഭിക്കുന്ന അതേ ദിവസം തന്നെയാണ് അവസാനിക്കുന്നത് !

ഒക്ടോബര്‍ 30നോ അതിനുശേഷം ആദ്യം വരുന്നതോ ആയ ഞായറാഴ്ചയാണ് സഭാവര്‍ഷാരംഭമായ ‘കൂദോശ്ഈത്തോ’ ഞായര്‍. അതായത് ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 5 വരെയുള്ള ഏഴു ദിവസങ്ങളില്‍  വരുന്ന ഞായറാഴ്ച. ഒരു സഭാ വര്‍ഷത്തില്‍ സാധാരണയായി 364 ദിവസവും 52 ഞായറാഴ്ചകളുമുണ്ടായിരിക്കും. എന്നാല്‍ ചില സഭാവത്സരങ്ങളില്‍ 371 ദിവസവും 53 ഞായറാഴ്ചകളുമാണുണ്ടായിരിക്കുക.

ഒക്ടോബര്‍ 30നു തന്നെ കൂദോശ്ഈത്തോ വരുന്ന ആരാധനാവര്‍ഷങ്ങളിലാണ് കൃത്യമായി 53 ആഴ്ചയുണ്ടായിരിക്കുന്നത്. അധിവര്‍ഷങ്ങളുടെ തലേ വര്‍ഷം ഒക്ടോബര്‍ 31നു കൂദോശ്ഈത്തോ വന്നാലും ഇതു സംഭവിക്കും. ഒക്ടോബര്‍ 30 ഞായറാഴ്ച ആരംഭിക്കുന്ന ആരാധനാ വര്‍ഷം അവസാനിക്കുന്നത് അടുത്ത വര്‍ഷം നവംബര്‍ 4 (ഇടയ്ക്ക് ഫെബ്രുവരി 29 വന്നാല്‍ നവംബര്‍ 3) ശനിയാഴ്ചയാണ് (371 ദിവസം). ഒക്ടോബര്‍ 31 ഞായറാഴ്ച ആരംഭിക്കുന്ന ആരാധനാ വര്‍ഷം അടുത്ത വര്‍ഷം ഒക്ടോബര്‍ 29 (ഇടയ്ക്ക് ഫെബ്രുവരി 29 വന്നാല്‍ നവംബര്‍ 4) ശനിയാഴ്ച തീരും (364 / 371 ദിവസം). നവംബര്‍ 5 ഞായറാഴ്ച തുടങ്ങുന്ന സഭാ വര്‍ഷം തീരുന്നത് അടുത്ത വര്‍ഷം നവംബര്‍ 3 (അധിവര്‍ഷം വന്നാല്‍ നവംബര്‍ 2) ശനിയാഴ്ചയാണ് (364 ദിവസം). നവംബര്‍ 1, 2, 3, 4 തീയതികളില്‍ ആരംഭിക്കുന്ന സഭാ വത്സരങ്ങള്‍ യഥാക്രമം ഒക്ടോബര്‍ 30, 31, നവംബര്‍ 1, 2 (അധിവര്‍ഷം വന്നാല്‍ ഒക്ടോബര്‍ 29, 30, 31, നവംബര്‍ 1) തീയതികളിലാണ് അവസാനിക്കുക. ഈ ആരാധനാവത്സരങ്ങളില്‍ കൃത്യം 52 ആഴ്ചയുണ്ടായിരിക്കും (364 ദിവസം).

ഒക്ടോബര്‍ 30ന് കൂദോശ്ഈത്തോ വന്നാല്‍ യല്‍ദോപ്പെരുന്നാള്‍ (ഡിസംബര്‍ 25) ഞായറാഴ്ചയായിരിക്കും. അടുത്ത വര്‍ഷാരംഭവും (ജനുവരി ഒന്ന്) ഞായറാഴ്ച വരും. ജനുവരി ഒന്ന് ഞായറാഴ്ച വരുന്ന എല്ലാ വര്‍ഷവും ശനിയാഴ്ച വരുന്ന അധിവര്‍ഷവും 53 ഞായറാഴ്ചകള്‍ വരുന്നതു പോലെ ഇത്തരം വര്‍ഷങ്ങളുടെ തലേവര്‍ഷം തുടങ്ങുന്ന ആരാധനാവര്‍ഷങ്ങളിലും 53 ഞായറാഴ്ചകള്‍ ഉണ്ടായിരിക്കും. 2022 ഒക്ടോബര്‍ 30ന് തുടങ്ങുന്ന സഭാ വര്‍ഷം (2022-2023) ഇതിന് ഉദാഹരണമാണ്. 2023 കലണ്ടര്‍ വര്‍ഷത്തില്‍ 53 ഞായറാഴ്ചകളുണ്ട്. ഇതിനു മുമ്പ് 1999-2000, 2005-06, 2011-12, 2016-17 സഭാവര്‍ഷങ്ങളും ഇതിനു ശേഷം 2027-28, 2033-34, 2039-40, 2044-45, 2050-51, 2055-56 സഭാവര്‍ഷങ്ങളും ഉദാഹരണമാണ്. അഞ്ചോ ആറോ വര്‍ഷത്തിന്‍റെ ഇടവേളകളിലാണ് 371 ദിവസമുള്ള സഭാവര്‍ഷങ്ങള്‍ വരുന്നത്. 1953 – 2100 കാലത്ത് 28 വര്‍ഷം കൂടുമ്പോള്‍ ആവര്‍ത്തിക്കുന്നതായും കാണാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ‘സഭാവത്സരത്തിലെ ഞായറാഴ്ചകളുടെ സംഖ്യ’ (ബഥേല്‍ പത്രിക, ജൂലൈ 2016) എന്ന ലേഖനം കൂടി കാണുക.

വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ / വിജെടി – 9446412907