അന്തര്‍ദേശീയ വേദശാസ്ത്ര സെമിനാര്‍ ഇന്നും നാളെയും

കോട്ടയം: അഖില ലോക സഭാ കൗണ്സിലിന്റെ (WCC) മുന് അദ്ധ്യക്ഷനും ഡല്ഹി ഭദ്രാസനാധിപനും ഓര്ത്തഡോക്സ് സെമിനാരി പ്രിന്സിപ്പാളുമായ ഡോ. പൗലോസ് മാര് ഗ്രീഗോറിയോസിന്റെ ജന്മശതാബ്ദി അന്തര്ദേശീയ വേദശാസ്ത്ര സെമിനാര് ഇന്നും (9-8-2022) നാളെയുമായി (10-8-2022) കോട്ടയം ഓര്ത്തഡോക്സ് സെമിനാരിയില് നടത്തും. ഓഗസ്റ്റ് 9-ന് വൈകിട്ട് ഓണ്ലൈനില് ഡബ്യു.സി.സി.യുടെ ആക്ടിംഗ് ജനറല് സെക്രട്ടറി ഡോ. ഇയോണ് സാക്കാ ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യും.
പ. ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. ഡോ. മാത്യൂസ് മാര് തീമോത്തിയോസ്, ഏബ്രഹാം മാര് സ്തേഫാനോസ്, പ്രിന്സിപ്പാള് ഫാ. ഡോ. റെജി മാത്യു, റവ. ഡോ. ലൂക്കോസ് പിപ്പര് (ജര്മ്മനി), റവ. സാം കോശി എന്നിവര് പ്രസംഗിക്കും. തുടര്ന്ന് സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്ഗ്ഗീസ് അമയില്, അത്മായ ട്രസ്റ്റി റോണി വര്ഗ്ഗീസ് ഏബ്രഹാം എന്നിവരെ അനുമോദിക്കും.
സയന്സ് ആന്ഡ് ടെക്നോളജി എന്ന വിഷയത്തില് നാളെ (10-8-2022) രാവിലെ 9-ന് നടക്കുന്ന സെമിനാര് എം. ജി. സര്വ്വകലാശാല വൈസ് ചാന്സിലര് പ്രൊഫ. ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. സോപാന അക്കാദമി ഡയറക്ടര് ഫാ. ഡോ. കെ. എം. ജോര്ജ് അദ്ധ്യക്ഷത വഹിക്കും. ഫാ. ഡോ. ബിജേഷ് ഫിലിപ്പ് പ്രസംഗിക്കും.
11 മണിക്കുള്ള സിമ്പോസിയത്തില് മാവേലിക്കര സെന്റ് പോള്സ് മിഷന് ട്രെയിനിംഗ് സെന്റര് പ്രിന്സിപ്പാള് ഡോ. കെ. എല്. മാത്യു വൈദ്യന് കോര് എപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിക്കും. ഡോ. ജയകിരണ് സെബാസ്റ്റ്യന് (ഫിലാഡല്ഫിയ), ഫാ. ഡോ. തോമസ് ജോര്ജ്, റവ. ഷിബി വര്ഗ്ഗീസ് എന്നിവര് പ്രബന്ധങ്ങള് അവതരിപ്പിക്കും.
ഉച്ചയ്ക്ക് 2.30-ന് എക്യുമെനിസത്തെക്കുറിച്ചുള്ള സെമിനാറില് ഓര്ത്തഡോക്സ് സെമിനാരി മുന് പ്രിന്സിപ്പാള് ഫാ. ഡോ. ജേക്കബ് കുര്യന് അദ്ധ്യക്ഷത വഹിക്കും. ഫാ. ഡോ. വര്ഗ്ഗീസ് മണിമല, ഡോ. മനോജ് കുര്യന് എന്നിവര് പ്രബന്ധങ്ങള് അവതരിപ്പിക്കും.
സെറാംപൂര് സര്വ്വകലാശാലയുടെ പ്രസിഡന്റ് ഡോ. സഖറിയ മാര് അപ്രേം സമാപന സന്ദേശം നല്കും. ഫാ. ഡോ. ജോണ് തോമസ് കരിങ്ങാട്ടില്, ഫാ. തോമസ് വര്ഗ്ഗീസ് ചാവടിയില് എന്നിവര് പ്രസംഗിക്കും.
പൗലോസ് മാര് ഗ്രീഗോറിയോസ് രചിച്ച പുസ്തകങ്ങള്, ലേഖനങ്ങള് എന്നിവയുടെ സൂചികയായ ബിബ്ലിയോഗ്രഫിക്കല് സോഴ്സ് മെറ്റീരിയല്സ് എന്ന ഗ്രന്ഥവും ഫോട്ടോ ആല്ബവും പ. കാതോലിക്കാബാവാ പ്രകാശനം ചെയ്യും.
ഇംഗ്ലീഷിലും മലയാളത്തിലുമായി 50-ലധികം പുസ്തകങ്ങളും 1000-ത്തിലധികം ലേഖനങ്ങളും എഴുതിയ ഡോ. പൗലോസ് മാര് ഗ്രീഗോറിയോസ് 1996-ല് അന്തരിച്ചു. കോട്ടയം പഴയ സെമിനാരിയില് കബറടക്കി.