സ്വാർഥതയും അഹങ്കാരവുമാണ് ഐക്യപ്പെടുന്നതിനുള്ള വലിയ തടസ്സം: കാതോലിക്കാ ബാവ

സ്വാർഥതയും അഹങ്കാരവുമാണ് ഐക്യപ്പെടുന്നതിനുള്ള വലിയ തടസ്സം: കാതോലിക്കാ ബാവ

മാരാമൺ∙ മറ്റുള്ളവർ നമുക്കു ചെയ്തു തരാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നമ്മൾ മറ്റുള്ളവർക്കു ചെയ്യുമ്പോൾ ക്രൈസ്തവ വിശ്വാസം പൂർണമാകുമെന്ന് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ. വഴിയിൽ കിട്ടിയത് നൽകുമ്പോഴോ, നിധി കിട്ടിയതു നൽകുമ്പോഴോ അല്ല, നമ്മുടെ പ്രയത്നത്തിന്റെ ഫലം പ്രാപ്തിയില്ലാത്തവർക്കു നൽകുമ്പോഴാണ് യഥാർത്ഥ ഐക്യത്തിന്റെയും, സംഭാവനയുടെയും ആശയം യാഥാർഥ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മാരാമൺ കൺവൻഷനിൽ സഭാ ഐക്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘നിന്നെ പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന വചനം യാഥാർഥ്യമാകുമ്പോഴാണ് ദൈവം ഉദ്ദേശിക്കുന്ന ഐക്യത്തിന്റെ ഭവനം നിലവിൽ വരിക. നിയമത്തെ പേടിച്ചു നമ്മൾ മറ്റുള്ളവർക്ക് ഉപദ്രവം ചെയ്യാതിരുന്നേക്കാം. എന്നാൽ, മറ്റുവള്ളവരുടെ കഷ്ടതകളിൽ താദാത്മ്യം പ്രാപിക്കാനും അവർക്കു വേണ്ടി ജീവിക്കാനുമുള്ള വെല്ലുവിളി നമുക്കു നൽകുന്നത് നമ്മുടെ ഉള്ളിലെ സ്നേഹത്തിന്റെ നിയമമാണ്. മുറിവേറ്റ മനുഷ്യനെ ശുശ്രൂഷിക്കണമെന്നു ഒരു നിയമവും അനുശാസിക്കുന്നില്ലെങ്കിലും അവനെ ശുശ്രൂഷിക്കണമെന്ന് സ്നേഹം അനുശാസിക്കുന്നു.’–കാതോലിക്കാ ബാവ പറഞ്ഞു.

വാചകങ്ങൾക്കൊണ്ട് സമത്വ സുന്ദരമായിരിക്കുന്ന സഭാ യോജിപ്പോ മാനവ ജാതിയുടെ യോജിപ്പോ സാധിക്കില്ല. അപരനെ കരുതണമെന്ന വേദ ശാസ്ത്രം പ്രവൃത്തിയിൽ തുടങ്ങുമ്പോൾ മാത്രമേ ഐക്യം സാധിക്കൂ. എന്നോടൊരാൾ തെറ്റു ചെയ്താൽ അവരോടു ക്ഷമിക്കണമെന്ന് ഒരു നിയമത്തിലും പറയുന്നില്ല. നമ്മളുടെ തെറ്റുകളോട് അപരൻ ക്ഷമിക്കണമെന്ന് നാം ആഗ്രഹിക്കുന്നെങ്കിൽ ആദ്യം നമ്മൾ മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കണം. മറക്കുകയും ക്ഷമിക്കുകയും ചെയ്യുമ്പോൾ സ്വാർഥതയും അഹങ്കാരവും പമ്പ കടക്കും. സ്വാർഥതയും അഹങ്കാരാവുമാണ് ഐക്യപ്പെടുന്നതിനുള്ള ഏറ്റവും വലിയ തടസ്സം.

ഇത് ദൈവ വിശ്വാസമില്ലാത്തവരിൽ ഉണ്ടാകുന്ന സ്വഭാവ വൈകൃതമാണ്. ലഭിച്ചതെല്ലാം നമ്മുടെ സ്വാർഥതയും അഹങ്കാരവുമായി കരുതുമ്പോൾ ക്രിസ്തീയ വിശ്വാസത്തിന്റെ അന്തഃസത്തയിൽ നിന്ന് നാം അകന്നു പോകുമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക സങ്കുചിത ചിന്തകൾക്കും വിഭാഗീയതയ്ക്കും അതീതമായി ദൈവ ദാസന്മാർ വന്നു ചേരുന്ന വേദിയാണ് മാരാമണ്ണിലേതെന്നു മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു. ക്രിസ്തു വിഭാവനം ചെയ്യുന്ന ദൈവ രാജ്യം സാധാരണ ജനങ്ങളുടെ കൂടിവരവാണ്. ദൈവരാജ്യത്തിന്റെ പ്രതീകങ്ങളായി ജീവിക്കാൻ നമുക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യമായാണ് ഓർത്തഡോക്സ് സഭയുടെ അധ്യക്ഷൻ മാരാമൺ മണപ്പുറത്തെ യോഗത്തിൽ പ്രസംഗിക്കുന്നത്. യോഗത്തിൽ  ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അധ്യക്ഷനായിരുന്നു. എക്യുമിനിസത്തിന്റെ അന്തഃസത്ത മൽസരമല്ല, സഹകരണമാണെന്ന്  നാഷനൽ കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. അസീർ എബനേസർ പറഞ്ഞു.  നമുക്കു വളരാൻ മറ്റുള്ളവരെ ചവിട്ടി മെതിക്കുന്നത് ഐക്യത്തിന്റെ അനുഭവമല്ല. സഭാ ഐക്യം എന്നത് ദൈവ സ്വഭാവത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. റവ. മാത്യു സക്കറിയ പരിഭാഷപ്പെടുത്തി. കൽദയ സഭയിലെ മാർ ഔഗേൻ കുര്യാക്കോസ്, സിഎസ്ഐ സഭയിലെ ബിഷപ് ഡോ. ഉമ്മൻ ജോർജ്, ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്,, സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി റവ. ജിജി മാത്യൂസ് എന്നിവരും പ്രസംഗിച്ചു.