അന്തര്‍സഭാ ബന്ധങ്ങള്‍ക്കു പുതുജീവന്‍ പകര്‍ന്ന ഒരു പതിറ്റാണ്ട് / ഡോ. എം. കുര്യന്‍ തോമസ്

 
പൗരസ്ത്യ സഭകളില്‍ എക്യുമെനിക്കല്‍ രംഗത്തേയ്ക്ക് ആദ്യം കാല്‍വെച്ചത് മലങ്കരസഭയാണ്. അഖിലലോക സഭാ കൗണ്‍സിലിനു പ്രാരംഭമിട്ട 1937-ലെ എഡിന്‍ബറോ കോണ്‍ഫ്രന്‍സില്‍ സഭാദ്ധ്യക്ഷനായ പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കായടക്കം പങ്കെടുത്ത് മലങ്കരസഭ ആ രംഗത്ത് സുദൃഢമായ കാല്‍വെപ്പു നടത്തി. ആബോ അലക്സിയോസ് മാര്‍ തേവോദോസ്യോസ് ഒ.ഐ.സി., ഫീലിപ്പോസ് മാര്‍ തേയോഫിലോസ്, ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്, ഫാ. ഡോ. കെ. എം. ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ മലങ്കരസഭയുടെ അന്തര്‍സഭാ ബന്ധങ്ങള്‍ വളര്‍ന്നുകൊണ്ടേയിരുന്നു. മാര്‍ മാത്യൂസ് പ്രഥമന്‍ ബാവായുടെ കാലത്ത് ഈ ബന്ധങ്ങള്‍ ഉച്ചസ്ഥായിലെത്തി.
 
എന്നാല്‍ ഇടയ്ക്ക് ഈ ബന്ധങ്ങള്‍ ശിഥിലമായി. കിഴക്കന്‍ യൂറോപ്പിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങള്‍ അതിനൊരു ഹേതുവാണെങ്കിലും യഥാര്‍ത്ഥ പ്രശ്നം ഇടക്കാലത്തുണ്ടായ മലങ്കരസഭയുടെ ഉദാസീനത ആയിരുന്നു. കൂട്ടത്തില്‍ കേരളത്തിനകത്തുനിന്നും പുറത്തുനിന്നും മലങ്കരസഭയുടെ അന്തര്‍സഭാ ബന്ധങ്ങള്‍ തകര്‍ക്കാനും അതു വഴി മലങ്കരസഭയുടെ സ്വത്വം തന്നെ ഇല്ലാതാക്കി അതിനെ ഒരു കോളനി മാത്രമാക്കി ചിത്രീകരിക്കാനുമുള്ള തീവ്ര ശ്രമം ചിലര്‍ നടത്തിയിരുന്നു എന്നതും ഒരു വസ്തുതയാണ്. അത് ഇന്നും തുടരുകയാണ്.
 
പൗലൂസ് ദ്വിതീയന്‍റെ ഭരണകാലത്ത് ഈ അവസ്ഥയ്ക്ക് നാടകീയ മാറ്റം വന്നു. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് അന്തര്‍സഭാബന്ധ വകുപ്പിന്‍റെ ചുമതല ഏറ്റതോടെ പഴയബന്ധങ്ങള്‍ വീണ്ടും ഇഴചേര്‍ത്തെടുക്കാന്‍ സാധിച്ചു. പരസ്പര സന്ദര്‍ശനങ്ങളും സഹകരണവും പുനരാരംഭിച്ചു. ഓറിയന്‍റല്‍ സഭകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതായിരുന്നു ആദ്യ പടി.
 
2012 നവംബര്‍ 18-നു ഈജിപ്തിലെ കെയ്റോയില്‍ വച്ച് കോപ്റ്റിക്ക് പോപ്പ് തെവോദ്രോസ് ദ്വിതീയന്‍റെ സ്ഥാനാരോഹണ ശുശ്രൂഷയില്‍ പ്രത്യേക ക്ഷണിതാവായി പങ്കാളിത്വം വഹിച്ചുകൊണ്ടാണ് പുതുയുഗത്തിനു നാന്ദി കുറിച്ചത്. പിറ്റേവര്‍ഷം മാര്‍ച്ചില്‍ ആഡിസ് അബാബായില്‍ നടന്ന എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ആബൂനാ മത്ഥ്യാസിന്‍റെ സ്ഥാനാരോഹണ ശുശ്രൂഷയില്‍ പ. പൗലൂസ് ദ്വിതീയന്‍ സഹകാര്‍മ്മികനായി.
 
വീണ്ടും 2017-ല്‍ പൗലൂസ് ദ്വിതീയന്‍ എത്യോപ്യ സന്ദര്‍ശിച്ചു. എത്യോപ്യന്‍ സഭയുടെ ഏറ്റവും വലിയ ആഘോഷമായ സ്ലീബാ പെരുന്നാളിലെ മെസ്കല്‍ ആഘോഷത്തിനു മുഖ്യകാര്‍മികത്വം വഹിക്കാന്‍ പാത്രിയര്‍ക്കീസിന്‍റെ പ്രത്യേക ക്ഷണമനുസരിച്ചാണ് ആഡിസ് അബാബായില്‍ എത്തിയത്. ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ആഡിസ് അബാബായിലെ മെസ്കല്‍ ആഘോഷത്തില്‍ മുഖ്യ കാര്‍മ്മികനായി അദ്ദേഹം തീജ്ജ്വാല തെളിയിച്ചു.
 
അര്‍മ്മേനിയന്‍ അപ്പോസ്തോലിക സഭ എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ സുപ്രീം കാതോലിക്കാ കരേക്കിന്‍ ദ്വിതീയന്‍റെ ക്ഷണമനുസരിച്ച് പൗലൂസ് ദ്വിതീയനും മലങ്കരസഭാ പ്രതിനിധികളും 2015 ഏപ്രിലില്‍ അര്‍മേനിയായില്‍ എത്തി. ഹോളി എച്മിയാഡ്സിനില്‍ വെച്ച് ഏപ്രില്‍ 22-നു നൂറു വര്‍ഷം മുമ്പ് അര്‍മ്മേനിയന്‍ വംശഹത്യയില്‍ വധിക്കപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ശുശ്രൂഷയില്‍ അദ്ദേഹം പങ്കെടുത്തു. തുടര്‍ന്ന് അന്ന് അര്‍മ്മേനിയായില്‍ എത്തിച്ചേര്‍ന്ന ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷന്മാരായ കോപ്റ്റിക് പോപ്പ് തെവദ്രോസ് ദ്വിതീയന്‍, അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍, അര്‍മേനിയന്‍ സുപ്രീം കാതോലിക്കാ കരേക്കിന്‍ ദ്വിതീയന്‍, മലങ്കരയുടെ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍, സിലിസിയായിലെ അര്‍മ്മേനിയന്‍ കാതോലിക്കാ അരാം പ്രഥമന്‍ എന്നിവര്‍ ഹോളി എച്മിയാഡ്സിനില്‍ ഒരു ഉന്നതതല യോഗം ചേര്‍ന്നു. 1965-ലെ ആഡിസ് അബാബാ സമ്മേളനത്തിനുശേഷം ആദ്യമായാണ് പൗരസ്ത്യ സഭാദ്ധ്യക്ഷന്മാര്‍ ഇപ്രകാരം ഒരുമിച്ചു ചേരുന്നത്. തൊട്ടുമുമ്പ് വധിക്കപ്പെട്ട എത്യോപ്യന്‍ യുവാക്കളുടെ ദുഃഖാചരണത്തിലായിരുന്ന എത്യോപ്യന്‍ പാത്രിയര്‍ക്കീസും വീട്ടുതടങ്കലില്‍ കഴിയുന്ന എറിട്രിയന്‍ പാത്രിയര്‍ക്കീസും മാത്രമാണ് പങ്കെടുക്കാതിരുന്ന പൗരസ്ത്യ സഭാദ്ധ്യക്ഷന്മാര്‍. നിലച്ചുപോയ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് കൂട്ടായ്മയുടെ പുനരുദ്ധാരണത്തിന്‍റെ നാന്ദിയായാണ് ഈ യോഗം വിലയിരുത്തപ്പെടുന്നത്. സിലിസിയായിലെ അര്‍മ്മീനിയന്‍ കാതോലിക്കാ 2015-ല്‍ ലെബനോനിലെ ആന്‍റിലിയാസില്‍ നടത്തിയ മൂറോന്‍ കൂദാശയിലും വിശിഷ്ടാതിഥിയായി പൗലൂസ് ദ്വിതീയന്‍ പങ്കെടുത്തു.
 
റോമന്‍ കത്തോലിക്കാ സഭയുമായുള്ള ബന്ധത്തിലും ഇക്കാലയളവില്‍ ശാക്തീകരണം ഉണ്ടായി. ദീര്‍ഘവര്‍ഷങ്ങളായി റോമന്‍ കത്തോലിക്കാ സഭയും ഓര്‍ത്തഡോക്സ് സഭകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പരിശ്രമം നടത്തുന്ന വിയന്നാ ആസ്ഥാനമാക്കിയുള്ള പ്രൊ ഓറിയന്‍റാ 2013-ല്‍ പൗലൂസ് ദ്വിതീയന്‍ സന്ദര്‍ശിച്ചു. പ്രസിഡന്‍റ് ഡോ. യോഹാന്‍ മാര്‍ട്ടെയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിനു ഊഷ്മള സ്വീകരണമാണ് നല്‍കിയത്. വിയന്നയില്‍ കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ബോണിന്‍റെ അതിഥിയായി ആണ് അദ്ദേഹം താമസിച്ചത്.
 
2012-ല്‍ പോപ്പ് ബനഡിക്ട് പതിനാറാമന്‍, പൗലൂസ് ദ്വിതീയന്‍ കാതോലിക്കായെ റോം സന്ദര്‍ശിക്കുന്നതിനു ക്ഷണിച്ചിരുന്നു. പക്ഷേ അപ്രതീക്ഷിതമായുണ്ടായ അദ്ദേഹത്തിന്‍റെ സ്ഥാനത്യാഗം മൂലം ഈ പ്രക്രിയ മന്ദീഭവിച്ചു. പക്ഷേ പിന്‍ഗാമി പോപ്പ് ഫ്രാന്‍സിസ് മുന്‍ഗാമിയുടെ ക്ഷണം ആവര്‍ത്തിക്കുകയും നേരിട്ടു കാണാന്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന് 2013 സെപ്റ്റംബര്‍ 5-നു പൗലൂസ് ദ്വിതീയനും സംഘവും റോമിലെത്തി പോപ്പ് ഫ്രാന്‍സിസിന്‍റെ അതിഥിയായി രണ്ടു ദിവസം താമസിച്ചു. സഹോദരതുല്യനായി ഔദ്യോഗികമായി സ്വീകരിച്ചു എന്നതിലുപരി, ഊഷ്മളമായ വ്യക്തിബന്ധമാണ് ഇരുവരും പുലര്‍ത്തിയത്.
 
2015 ജൂലൈയില്‍ മൗണ്ട് ലബാനോനിലെ ഷാര്‍ഷെ ദയറായില്‍ വെച്ച് പൗലൂസ് ദ്വിതീയനെ അന്ത്യോഖ്യന്‍ സുറിയാനി കത്തോലിക്കാ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് യൗനാന്‍ സ്വീകരിച്ചാദരിച്ചതും ഈ ശാക്തീകരണത്തിന്‍റെ ഭാഗമായി കണക്കാക്കാം.
 
2014-ല്‍ ഇംഗ്ലണ്ട് സന്ദര്‍ശിച്ച പൗലൂസ് ദ്വിതീയനെ കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പിന്‍റെ ആസ്ഥാനമായ ലാംബത്ത് കൊട്ടാരത്തില്‍ ഒരു എക്യുമെനിക്കല്‍ യോഗം ചേര്‍ന്നാണ് ആദരിച്ചത്. ലണ്ടനിലെ എല്ലാ ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ്, റോമന്‍ കത്തോലിക്കാ, ആംഗ്ലിക്കന്‍ സഭകളുടേയും പ്രതിനിധികളും, ചര്‍ച്ചസ് ടുഗതര്‍ ഇന്‍ ബ്രിട്ടന്‍ ആന്‍ഡ് അയര്‍ലണ്ട്, ചര്‍ച്ചസ് ടുഗതര്‍ ഇന്‍ ഇംഗ്ലണ്ട് മുതലായവയും പങ്കെടുത്ത ഹൃദ്യവും സജീവവുമായ ഒരു ഒത്തുചേരലായിരുന്നു അത്.
 
മാര്‍ട്ടിന്‍ ലൂതറിന്‍റെ മതനവീകരണത്തിന്‍റെ അഞ്ഞൂറാം വാര്‍ഷികം പ്രമാണിച്ച് ജര്‍മ്മനിയിലെ ഇവാഞ്ചലിക്കല്‍ സഭകള്‍ 2017-ല്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികളില്‍ ഇതര പൗരസ്ത്യ സഭാ തലവന്മാരോടൊപ്പം പൗലൂസ് ദ്വിതീയനും വിശിഷ്ടാതിഥിയായി പങ്കെടുത്തു. അവിടെ വെച്ച് മദ്ധ്യപൗരസ്ത്യ ദേശത്ത് ക്രിസ്തുമതത്തിന്‍റെ ഭാവി എന്ന വിഷയത്തെപ്പറ്റി നടന്ന സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കുകയും മദ്ധ്യപൗരസ്ത്യ ദേശത്തെ പീഡിത സഹോദരന്മാരെപ്പറ്റി മലങ്കരസഭയ്ക്കുള്ള ഉല്‍ക്കണ്ഠ അറിയിക്കുകയും ചെയ്തു.
 
2019 സെപ്റ്റംബറില്‍ റഷ്യന്‍ പാത്രിയര്‍ക്കീസ് കിറില്‍ പ്രഥമന്‍റെ ക്ഷണം സ്വീകരിച്ച് പൗലൂസ് ദ്വിതീയനും മലങ്കരസഭാ പ്രതിനിധി സംഘവും മോസ്കോ സന്ദര്‍ശിച്ചു. മലങ്കരസഭയുടെ ആദ്യകാല വിദേശ സുഹൃത്തുക്കളിള്‍ ഒന്നായ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുമായുള്ള ബന്ധത്തിന്‍റെ പുനര്‍ ശാക്തീകരണമായിരുന്നു ഈ സന്ദര്‍ശനം. വിവിധ മേഖലകളില്‍ ഇരു സഭകളും തമ്മില്‍ പരസ്പര സഹകരണത്തിന് ഒരു ധാരണാപത്രവും അന്ന് ഒപ്പുവെച്ചു.
2019 അവസാനം സംഭവിച്ച പൗലൂസ് ദ്വിതീയന്‍റെ രോഗബാധയും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പടര്‍ന്നുപിടിച്ച കോവിഡും പരസ്പര സന്ദര്‍ശനങ്ങള്‍ക്ക് വിരാമമിട്ടു. പക്ഷേ 2017-ല്‍ പ്രസിഡന്‍റായി സ്ഥാനമേറ്റ സഖറിയാ മാര്‍ നിക്കാളാവോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ മലങ്കരസഭയുടെ അന്തര്‍സഭാ ബന്ധ വകുപ്പ് കാര്യക്ഷമമായി ബന്ധങ്ങള്‍ തുടരുകയും വികസിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
 
തീര്‍ച്ചയായും 2010 മുതല്‍ മലങ്കരസഭയുടെ അന്തര്‍സഭാ ബന്ധങ്ങള്‍ പുതുജീവന്‍ പ്രാപിച്ചു വളരുകയാണ്. അതു മുമ്പോട്ടു കൊണ്ടുപോവുക എന്ന ദൗത്യം നിസാരമായി കാണാവുന്ന ഒന്നല്ലെന്നു മാത്രം.