1934 ഭരണഘടനയും സഭാധികാരികളും | തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത

സഭയുടെ സ്വത്വത്തെയും , ദർശനത്തെയും, നിയോഗത്തെയും പറ്റി പരാമർശിക്കുന്ന പുതിയ നിയമ ഭാഗത്ത് ഒരിടത്തും സഭയിലെ ” പദവികൾ ” അധികാര സ്ഥാനങ്ങളാണെന്ന് പറയുന്നില്ല. സഭയിൽ ചുമതലകൾ വഹിക്കുന്നവർ ശുശ്രൂഷകരും അവരുടെ പ്രവർത്തനങ്ങൾ ശുശ്രൂഷ (ministry / diakonia ) കളുമായാണ് അറിയപ്പെടുന്നത് . സഭാശുശ്രൂഷകരുടെ ചുമതലയുടെ സവിശേഷതയെന്ത് എന്നും അവർക്ക് ജനത്തോടുള്ള മനോഭാവം എന്ത് എന്നും ഇത് വ്യക്തമാക്കുന്നു . സഭയിൽ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവർ ആധിപത്യ – അധികാര സമീപനം പുലർത്തുന്നവരല്ല , പ്രത്യുത ക്രിസ്തുവിനു വേണ്ടി ശുശ്രൂഷ നിർവഹിക്കുന്നവരാണെന്നാണ് ഇവിടെ സൂചന . The very choice of the word diakonia, which still clearly involves the idea of humble activity , proves that the Church wishes to denote the attitude of one who is at the service of God and his fellowmen , not a position carrying with it rights and powers. (Church Order in the New Testament ; Schweizer, Eduard, SCM Press Ltd, P. 23 e). ഈ കാഴ്ചപ്പാടിൽ വേണം സഭയിലെ ഇന്നത്തെ ഭരണത്തെയും ഭരണ സംവിധാനത്തെയും വിലയിരുത്തുവാൻ .
മലങ്കര സഭയുടെ ഭരണപരമായ നടപടികൾ നിയന്ത്രിക്കുന്നത് പ്രധാനമായും രണ്ട് രേഖകളാണ് .

1 . 1934 ൽ മലങ്കര അസോസിയേഷൻ പാസാക്കിയതും പിന്നീട് പല പ്രാവശ്യം ഭേദഗതികൾക്ക് വിധേയമായതുമായ സഭാഭരണഘടന.

2 . സഭാഭരണഘടന സംബന്ധിച്ച് 1995, 2017 എന്നീ വർഷങ്ങളിൽ സഭാ കേസിലെ വിധിന്യായ പ്രകാരമുള്ള തിരുത്തലുകളും വ്യാഖ്യാനങ്ങളും . അതായത് , കോടതിയുടെ വ്യാഖ്യാന പ്രകാരമുള്ള ഭരണഘടനയാണ് ഇന്ന് നിയമപ്രാബല്യം നേടി സഭാഭരണത്തിന്റെ ചട്ടക്കൂടായി പരിണമിച്ചിരിക്കുന്നത് എന്ന് സാരം . അതുകൊണ്ട് സഭാഭരണത്തിന് സാധുത ലഭിക്കുന്നതും, സഭാ ഭരണം നീതിപൂർവമാകുന്നതും മേല്പറഞ്ഞ രേഖകളോട് ഭരണാധികാരികൾ വിധേയത്വം പുലർത്തുമ്പോഴാണ് . ഇത് നടക്കുന്നില്ല എന്ന് വിശ്വാസികൾക്കിടയിൽ വളരുന്ന ആശങ്കയാണ് ഈ കത്തിന് പ്രേരകമായത് .

മലങ്കര സഭയുടെ ഭരണഘടനയുടെ അടിസ്ഥാനത്തിൽ സവിശേഷതകൾ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം .

1. സാധാരണ ഭരണഘടനയുടെ പ്രാരംഭത്തിൽ നല്കപ്പെടുന്ന Vision, Mission ( ദർശനം, ദൗത്യം )എന്നീ കാര്യങ്ങൾ സഭാ ഭരണഘടനയിലില്ല . സഭാംഗത്വത്തിനുള്ള യോഗ്യതകളും മാനദണ്ഡങ്ങളും ഭരണഘടനയുടെ ആമുഖ പ്രഖ്യാപന (Preamble)ങ്ങളിൽ കൊടുക്കുന്നുണ്ട് എന്നു മാത്രം. മലങ്കര സഭാഭരണഘടനയിൽ സഭയെന്ത് ? അത് എന്തിനു വേണ്ടിയാണ് ? അതിന്റെ അടിസ്ഥാന പ്രമാണങ്ങൾ ഏവ ? എന്നീ വിഷയങ്ങൾ ഒന്നും തന്നെ പരാമർശിക്കുന്നില്ല. അതായത് , സാധാരണഗതിയിൽ ഒരു സഭയുടെ ഭരണഘടനയിൽ കാണേണ്ടതായ പല അടിസ്ഥാന വിഷയങ്ങളും ഇതിൽ നിർവചിക്കപ്പെടുന്നില്ല . സഭാഭരണം എങ്ങനെ നടക്കണം എന്നതാണ് ഭരണഘടനയിൽ വിശദീകരിക്കുന്നത് . അതുകൊണ്ട് ഓരോ സഭാംഗത്തിനും ഈ ഭരണഘടന ഏറെ വിശ്വാസ സ്വാതന്ത്ര്യം നല്കുന്നുണ്ട് . ഉദാഹരണത്തിന്, പാത്രിയർക്കീസിന്റെ ആത്മീയ ഔന്നത്യം വിശ്വാസ പ്രമാണം എന്ന് ചിന്തിക്കുന്നവർക്ക് അങ്ങനെയാകാം. കാതോലിക്കയ്ക്ക് ആത്മീയ ഔന്നത്യം ഉണ്ട് എന്ന് വിശ്വസിക്കുന്നവർക്ക് അങ്ങനെയും ആകാം . എന്നാൽ സഭാഭരണനിർവഹണം എങ്ങനെയായിരിക്കണം എന്ന കാര്യത്തിൽ ഭരണഘടന വ്യക്തമായ മാർഗ രേഖയാണ്. വ്യക്തിയുടെ ഇഷ്ടാനിഷ്ട പ്രകാരമോ വിശ്വാസ പ്രകാരമോ അല്ല അത് നടക്കേണ്ടത് ; ഭരണഘടന പ്രകാരമായിരിക്കണം . ഇതാണ് കോടതിയുടെ കണ്ടെത്തലും (Supreme court verdict , Para 73, 2017 ) .അതായത്, സഭാ സംവിധാനത്തിന്റെ പ്രവർത്തനം എങ്ങനെ നടക്കണം എന്ന് കൃത്യമായി ഭരണഘടന നിർദ്ദേശിക്കുന്നു . അതിന്റെ പ്രവർത്തന നിർവഹണം തടസ്സപ്പെടുത്തരുത് എന്ന് കോടതി വിലക്കുകയും ചെയ്യുന്നു .

2 . 1934 ലെ ഭരണഘടന അടിസ്ഥാനപരമായി ഒരു ഭരണ ക്രമീകരണ രേഖ ( Manual of Administration ) യാണ് . സഭാഭരണം ക്രമീകൃതമായി എങ്ങനെ നടക്കണം എന്നതാണ് ഇതിന്റെ മുഖ്യ താത്പര്യം. സഭാസ്ഥാനങ്ങൾ ഏവ , അവ തമ്മിലുള്ള ഭരണപരമായ ബന്ധം എന്ത് , സഭാസമിതികൾ ഏതെല്ലാം , അവയുടെ പ്രവർത്തനങ്ങൾ എപ്രകാരം ആയിരിക്കണം എന്നിവ ഭരണഘടന നിർവചിക്കുന്നു . അതുപോലെ സഭാസ്ഥാനികൾ , അവരുടെ തെരഞ്ഞെടുപ്പ് , സ്ഥാന കാലാവധി , അവരുടെ ചുതലകൾ , ഇവയും ഇതിന്റെ ഉള്ളടക്കത്തിൽപ്പെടും . ഈ ഭരണഘടന പ്രാഥമികമായി സഭാസംവിധാനത്തിന്റെ സുഗമമായ പ്രവർത്തനം നിയന്ത്രിക്കുന്ന രേഖയാണ് എന്ന് ചുരുക്കം .

3 . ഭരണഘടന വിഭാവനം ചെയ്യുന്നത് സഭ ഒരു വികേന്ദ്രീകൃത പ്രവർത്തന സംവിധാന (decentralized system ) മായിട്ടാണ് . സഭാധികാരങ്ങളെ മൂന്ന് വ്യത്യസ്ത സംവർഗ (category) ങ്ങളായിട്ടാണ് വിവക്ഷിക്കുന്നത് . അവ ആത്മീയം (spiritual), വൈദികം (priestly), ഭൗതികം (temporal) എന്നിവയാണ് (ഖണ്ഡിക. 94) . ഈ ത്രിതല മേഖലകളിൽ ഭരണനിർവഹണത്തിനായി ഏതെങ്കിലും സമിതിയെ പൂർണ (exclusive)മായോ അല്ലെങ്കിൽ ഒന്നിലധികം സമിതികളെ സംയുക്തമായോ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത് . സഭയുടെ ഭൗതിക കാര്യങ്ങളുടെ തീരുമാന – ഭരണനിർവഹണ ബാധ്യത മാനേജിംഗ് കമ്മിറ്റിക്കാണ് . ആത്മീയ വിഷയങ്ങൾ ആലോചിച്ച് തീരുമാനിച്ച് നടപ്പിലാക്കുന്നത് എപ്പിസ്കോപ്പൽ സുന്നഹദോസ് ആയിരിക്കും . അതായത് ഓരോ സമിതിയുടെയും നിർവഹണ ശേഷി (competence) യുടെ അടിസ്ഥാനത്തിൽ ഭരണനിർവഹണവും പരസ്പര നിയന്ത്രണവും ( checks and balances ) വഴി സഭാ ഭരണം നടക്കുന്നു .

4 . ഈ ഭരണഘടനാ സംവിധാന പ്രകാരം മലങ്കര സഭ ഒരു ട്രസ്റ്റായിട്ടാണ് 2017ലെ സുപ്രീം കോടതി വിധി വിലയിരുത്തിയിട്ടുള്ളത്. അതായത് സഭയ്ക്ക് ട്രസ്റ്റ് എന്ന നിലയിൽ അതിൽത്തന്നെ വ്യക്തിത്വം (individuality) ഉണ്ട് . സഭ അതിന്റെ കാര്യകർത്താക്കളായ ട്രസ്റ്റ് അംഗങ്ങളിൽ നിന്ന് സ്വതന്ത്രമായ ഒരു സത്ത ( entity ) യാണ് . അതുകൊണ്ട് സഭയ്ക്ക് അധികാരികൾ ഇല്ല ; നേരേമറിച്ച് പ്രവർത്തകരെ(functionaries) ഉള്ളൂ. ട്രസ്റ്റ് അംഗങ്ങളാകട്ടെ, ഓരോരുവനും നിയോഗിക്കപ്പെട്ട ചുമതല നിർവഹിക്കുക മാത്രമാണ് ചെയ്യേണ്ടത് . അതോടൊപ്പം മലങ്കര സഭ ട്രസ്റ്റായതിനാൽ ട്രസ്റ്റ് വകവസ്തുക്കൾ പങ്കിടുവാനോ അന്യപ്പെടു (aleanate) ത്തുവാനോ പ്രവർത്തകരെയോ സമിതികളെയോ നിയമം അനുവദിക്കുന്നില്ല . ഈ നിയമം ലംഘിച്ചാണ് ചില ഭദ്രാസനങ്ങളിൽ സഭാവസ്തുക്കളുടെ പങ്കിടൽ കഴിഞ്ഞ കാലങ്ങളിൽ നടന്നത് . ഇപ്പോൾ ഈ പങ്കിടൽ പ്രക്രിയ സഭാതലത്തിൽ സർക്കാരുമായി ചേർന്ന് നിയമ നിർമാണത്തിലൂടെ നടത്തിയെടുക്കുവാനുള്ള ശ്രമം ഒരു സമിതിയിലും ചർച്ച ചെയ്യാതെ സഭാകേന്ദ്രം നടത്തുന്നുവെന്ന ഉത്കണ്ഠ സഭാംഗങ്ങൾക്കിടയിൽ വ്യാപകമാകുന്നുണ്ട് . കോടതി വിധിക്കെതിരെയുള്ള നിയമനിർമാണം അസ്വീകാര്യമാണ് എന്ന് സർക്കാരിനെ അറിയിക്കുവാനുള്ള ശക്തവും സംഘടിതവുമായ ഒരു നടപടിയും സഭാനേതൃത്വത്തിൽ നിന്നും ഉണ്ടായി കാണുന്നില്ല എന്നത് ഈ ഭയത്തെ സാധൂകരിക്കുന്നു . ഇത്തരം ഒരു ബില്ലിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കുവാനുള്ള ഒരു നീക്കവും സഭ നടത്തിയതുമില്ല. യുവജന സംഘടനകൾ അതിന് ശ്രമം നടത്തിയപ്പോൾ അതിനെ നിരുത്സാഹപ്പെടുത്തുകയും തടയിടുകയുമാണുണ്ടായത് എന്നാണ് മനസ്സിലാക്കുന്നത്. സഭാ കേന്ദ്രത്തിന്റെ ഈ നിലപാടിന്റെ പിന്നാമ്പുറം എന്ത് എന്നും, എന്തിന് എന്നും സഭാംഗങ്ങൾ ചിന്തിക്കട്ടെ. ഇതിലൂടെ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന ജനാധിപത്യ പ്രക്രിയ ഉപേക്ഷിക്കുകയും ജനാധിപത്യ സംവിധാനം ദുർബലമാക്കുകയുമാണ് എന്ന് വ്യക്തം . ഭരണകർത്താക്കൾ തന്നെ ഭരണഘടന അവഗണിക്കുന്നു എന്ന ആരോപണം യാഥാർത്ഥ്യമാകുന്നുവെന്ന സൂചനയാണുള്ളത്.

മലങ്കര സഭയിലെ അധികാരസ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തികൾ , സമിതികൾ എന്നിവ സഭാഭരണഘടനയോട് വിശ്വസ്തതയും വിധേയത്വവും പുലർത്തുന്നുണ്ടോ എന്ന അന്വേഷണം നടത്തേണ്ട സ്ഥിതി വിശേഷം ഉടലെടുത്തിരിക്കുകയാണ് . മലങ്കര മെത്രാപ്പോലീത്ത – കാതോലിക്ക സ്ഥാനമാണ് സഭയിലെ ഏറ്റവും ഉന്നതമായ വൈദിക സ്ഥാനം. 2017ലെ വിധിയിൽ ഈ കാര്യം കോടതി സാക്ഷിക്കുന്നു . The Prime Jurisdiction regarding the temporal , ecclesiastical and spiritual matters of Malankara Church is vested with the Malankara Metropolitan – Catholicos (Para 76. Page 125; Para 125, 188). ഭരണഘടനയുടെ ഖണ്ഡിക 94 ൽ പറയുന്നു : മലങ്കര സഭയുടെ ലൗകികവും , വൈദികവും , ആത്മീയവുമായ ഭരണത്തിന്റെ പ്രധാന ഭാരവാഹിത്വം കാതോലിക്ക – മലങ്കര മെത്രാപ്പോലീത്തയിൽ നിക്ഷിപ്തമാണ് . അതിൻപ്രകാരം ഈ സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ സ്ഥാനം – പദവി – അധികാരം – ഉത്തരവാദിത്വങ്ങൾ എന്നിവ സംബന്ധിച്ച് വ്യക്തമായ വിലയിരുത്തൽ ആവശ്യമാണ് .

1 . മലങ്കര സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ (ഭരണഘടനയുടെ ഖണ്ഡിക 2 ) .
2 . സഭാഭരണത്തിലെ ലൗകികം – വൈദികം – ആത്മീയ മേഖലയിലെ ഭാരവാഹിത്വം വഹിക്കുക (ഖ. 94) .
3. മലങ്കര അസോസിയേഷൻ , മാനേജിംഗ് കമ്മിറ്റി , വർക്കിംഗ് കമ്മിറ്റി , എപ്പിസ്കോപ്പൽ സുന്നഹദോസ് എന്നിവ വിളിച്ചു കൂട്ടുകയും അദ്ധ്യക്ഷം വഹിക്കുകയും നിശ്ചയങ്ങൾ പ്രഖ്യാപിക്കുകയും ചെയ്യുക (ഖ. 100).
4. മെത്രാപ്പോലീത്തൻ ട്രസ്റ്റി എന്ന നിലയിൽ വൈദിക – അത്മായ ട്രസ്റ്റികൾക്കൊപ്പം സമുദായ ട്രസ്റ്റിന്റെ ചുമതല വഹിക്കുക (ഖ. 91, 92) .
5. സഭാ ഭരണത്തിന്റെ പൊതുവായ മേല്നോട്ടം നടത്തുക . നിശ്ചിത പരാതികളിന്മേൽ അപ്പീൽ പരാതികൾ കൈകാര്യം ചെയ്യുക (ഖ. 94, 117, 118) .
6. എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ സഹകരണത്തോടെ മേല്പട്ട സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ വാഴിക്കുക. വി. തൈലം കൂദാശ ചെയ്യുക .
7. വിശ്വാസം , പട്ടത്വം , അച്ചടക്കം എന്നീ വിഷയങ്ങളിൽ തീരുമാന പ്രഖ്യാപനം നടത്തുക (ഖ. 107).
8 . മേല്പട്ടക്കാർക്ക് ഭദ്രാസന വിഭജനം നടത്തുക (ഖ. 64 ) .

ഇനി ഇവ എങ്ങനെ നിർവഹിക്കപ്പെടുന്നു എന്ന് അന്വേഷിക്കുമ്പോഴാണ് ഈ സ്ഥാനത്തിന് എത്ര മാത്രം സ്വതന്ത്രാധികാര പ്രയോഗ സാധ്യതയാണ് ഭരണഘടന നല്കുന്നത് എന്ന കാര്യം വ്യക്തമാകുന്നത് .

ഒന്നാമതായി , പ്രധാന മേലദ്ധ്യക്ഷൻ (Primate ) എന്ന സ്ഥാനപ്പേരാണ് ( title) കാതോലിക്ക – മലങ്കര മെത്രാപ്പോലീത്തയ്ക്ക് ഭരണഘടന നല്കുന്നത് . ഈ പദത്തിന്റെയർത്ഥം മേല്പട്ടക്കാരിൽ പ്രധാനി എന്നതാണ് . ഭരണഘടനാ ശില്പികൾ ആലോചനയോടെ കണ്ടെത്തിയ പദ പ്രയോഗമാണിത് . സ്ഥാനത്തിന്റെ മഹത്വ (greatness ) വും പരിധി ( limits )യും ഒരുപോലെ ഈ പദം സൂചിപ്പിക്കുന്നു . എന്നാൽ ഭരണഘടനാപരമായ ഈ പദത്തിനു പകരം ഇന്ന് പ്രോത്സാഹിപ്പിക്കപ്പെടുന്ന പദമാകട്ടെ പരമാദ്ധ്യക്ഷൻ (supreme head) എന്നതാണ് . ഭരണഘടനാതീതമായ ഒരു അധികാര സൂചന ഈ സ്ഥാന നാമ (title) ത്തിനുണ്ട് എന്ന തോന്നൽ സൃഷ്ടിക്കുവാനായി ബോധപൂർവം ഉപയോഗപ്പെടുത്തുന്ന ഒരു പ്രയോഗമാണിത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു . ചുമതലപ്പെട്ടവർ ഒരിടത്തും ഇത് തിരുത്തുന്നതായി കാണിക്കുന്നുമില്ല. ഭദ്രാസന മെത്രാപ്പോലീത്തയെ ഭദ്രാസനാധിപൻ എന്ന് വിശേഷിപ്പിക്കുന്നതും ഇതേ ലക്ഷ്യം വച്ചു കൊണ്ടാണ് .

കാതോലിക്ക – മലങ്കര മെത്രാപ്പോലീത്തയ്ക്ക് സമിതികൾ വിളിച്ചു കൂട്ടുക , അവയുടെ അദ്ധ്യക്ഷം വഹിക്കുക , തീരുമാനങ്ങൾ പ്രഖ്യാപിക്കുക എന്നതൊഴിച്ച് സ്വയം തീരുമാന ശേഷിയോ സമിതികളുടെ അഭ്യർത്ഥന പ്രകാരം സ്വയം തീരുമാനിക്കുവാനുള്ള നിയോഗിത (delegated ) അധികാരമോ ഭരണഘടന നല്കുന്നില്ല . ഇതിനു വിരുദ്ധമായി ഭരണഘടനയെ നോക്കുകുത്തിയാക്കി തീരുമാനാവകാശം അദ്ധ്യക്ഷന് ദാനം ചെയ്യുകയും അദ്ധ്യക്ഷൻ അത് ഏറ്റെടുക്കുകയും ചെയ്യുന്ന രീതി ഇന്ന് പതിവായി മാറിയിരിക്കുകയാണ്.
കാതോലിക്ക – മലങ്കര മെത്രാപ്പോലീത്ത പ്രവർത്തിക്കേണ്ടത് എപ്രകാരമായിരിക്കണം എന്ന് ഭരണഘടന വ്യക്തമാക്കുന്നു.

വിശ്വാസം – പട്ടത്വം – അച്ചടക്ക വിഷയങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ കാതോലിക്ക – മലങ്കര മെത്രാപ്പോലീത്ത പ്രഖ്യാപിക്കേണ്ടതാണെങ്കിലും തീരുമാനം എടുക്കേണ്ടത് സുന്നഹദോസാണ് (ഖ. 107) . ഭദ്രാസന തലത്തിൽ ഈ ചുമതല ഭദ്രാസന മെത്രാപ്പോലീത്തയ്ക്കാണ് .

സമിതികൾ എടുക്കുന്ന തീരുമാനം പോലും കാതോലിക്ക – മലങ്കര മെത്രാപ്പോലീത്ത പ്രഖ്യാപിക്കുന്നതും നടപ്പിലാക്കുന്നതും സുന്നഹദോസിന്റെ പ്രതിനിധി എന്ന നിലയിലാണ് (ഖ. 100) . അതായത് സുന്നഹദോസിനെ പ്രതിനിധീകരിച്ചാണ്; സ്വയാധികാര പ്രകാരമല്ല .
മലങ്കര സഭയുടെ ലൗകികവും വൈദികവും ആത്മീയവുമായ ഭരണത്തിന്റെ ഭാരവാഹിത്വം കാതോലിക്ക – മലങ്കര മെത്രാപ്പോലീത്തയ്ക്കാണ് എങ്കിലും ആ ഉത്തരവാദിത്തത്തെ വിശേഷിപ്പിക്കുന്നതും പരിമിതപ്പെടുത്തുന്നതുമായ രണ്ട് പദങ്ങൾ ഗൗരവമായി കാണാതെ പോകുന്നു . അവയിൽ ഒന്ന് “പ്രധാന ഭാരവാഹിത്വം ” രണ്ട്, ” ഭരണഘടനയ്ക്ക് വിധേയമായി ” എന്നതുമാണ് ( ഖണ്ഡിക. 94,107).
മേല്പട്ടക്കാരുടെ തെരഞ്ഞെടുപ്പ് , അംഗീകാരം കൊടുക്കൽ , വാഴിക്കപ്പെട്ട മേല്പട്ടക്കാർക്ക് ഭദ്രാസന ചുമതല നല്കൽ തുടങ്ങിയവ സമിതികൾ / സുന്നഹദോസ് എന്നിവയുടെ തീരുമാനപ്രകാരമാണ് നടക്കുന്നത് .

അപ്പീൽ അധികാരിയായി കാതോലിക്ക – മലങ്കര മെത്രാപ്പോലീത്ത പ്രവർത്തിക്കുമ്പോഴും ബന്ധപ്പെട്ട സമിതിയുടെയോ സുന്നഹദോസിന്റെയോ തീരുമാനപ്രകാരമാണ് പരാതിക്ക് പരിഹാരം ഉണ്ടാകേണ്ടത്.

മലങ്കര മെത്രാപ്പോലീത്ത മെത്രാപ്പോലീത്തൻ ട്രസ്റ്റി മാത്രമാണ് . സമുദായത്തിന്റെ നിർദിഷ്ട ട്രസ്റ്റുകൾ അവ വൈദിക – അല്മായ ട്രസ്റ്റികളുടെ സഹകരണത്തോടെ ആയിരിക്കണം കൈകാര്യം ചെയ്യേണ്ടത്.

മേല്പറഞ്ഞ സഭാ ഭരണഘടനാ വകുപ്പുകൾ വ്യക്തമാക്കുന്നത് : കാതോലിക്ക – മലങ്കര മെത്രാപ്പോലീത്ത സ്ഥാനിക്ക് മലങ്കര സഭാഭരണഘടന പ്രകാരം സ്വന്തം ഇച്ഛാനുസരണം നടത്താവുന്ന ഏക കാര്യം സഭയിലെ ഏത് ദേവാലയവും സന്ദർശിക്കാമെന്നതും സമിതികൾ വിളിച്ചു കൂട്ടി അദ്ധ്യക്ഷം വഹിക്കാം എന്നതും മാത്രമാണ് ( ഖ 98). ഇടവക പൊതുയോഗം വിളിച്ചു കൂട്ടണമെങ്കിൽ പോലും ഇടവക മെത്രാപ്പോലീത്തയോട് ആലോചിച്ച് വേണം (ഖ. 98). 1995 ലെ സുപ്രീം കോടതി വിധിപ്രകാരം മേല്പട്ടക്കാർക്ക് ഭദ്രാസന വിഭജനം നടത്തുന്നതാകട്ടെ മാനേജിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് .

കാതോലിക്ക – മലങ്കര മെത്രാപ്പോലീത്ത സ്ഥാനം സഭയിൽ അധികാര വികേന്ദ്രീകരണം യാഥാർത്ഥ്യമാക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതിനുള്ള പദവിയായിട്ടാണ് ഭരണഘടന വിഭാവനം ചെയ്യുന്നത് . എന്നാൽ ആ ഉത്തരവാദിത്വം നിർവഹിക്കുന്നതിനു പകരം ഈ സ്ഥാനം ഭരണഘടനയ്ക്ക് ഉപരിയാക്കുന്നതിനുള്ള ശ്രമമാണ് 1975 മുതൽ കാണുന്നത് എന്നാണ് കാലം ചെയ്ത പൗലോസ് മാർ ഗ്രിഗോറിയോസ് തിരുമേനി വിലയിരുത്തുന്നത് . കഴിഞ്ഞ ഒരു ദശാബ്ദമായി ഈ പ്രവണത കൂടുതൽ ശക്തമാവുകയാണ് എന്ന നിരീക്ഷണമാണ് വലിയ പങ്ക് വിശ്വാസികൾക്കും ഉള്ളത് .

കാതോലിക്ക – മലങ്കര മെത്രാപ്പോലീത്തയുടെ സ്ഥാനമെന്ത് എന്ന് മാർ ഗ്രിഗോറിയോസ് നിർവചിക്കുന്നു: Catholicos is not decision making authority …. but he is the president bishop of Synod and chief executive for the implementation of decisions . സഭാ സമിതികൾ / എപ്പിസ്കോപ്പൽ സുന്നഹദോസ് എന്നിവയുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനുള്ള ചുമതലയല്ലാതെ സ്വയാധികാരങ്ങൾ ഈ സ്ഥാനത്തിന് ഇല്ല . എന്നാൽ സഭയുടെ നയപരമായ പ്രഖ്യാപനങ്ങൾ ഒരു സമിതിയുടെയും തീരുമാനമില്ലാതെ നടത്തുക , സഭയെ സംബന്ധിച്ച വിഷയങ്ങൾ സ്വന്തനിലയിൽ നടപ്പിലാക്കുക, സമിതികളെ സ്വന്ത ഇഷ്ടപ്രകാരമുള്ള തീരുമാനങ്ങളിൽ എത്തിക്കുവാൻ manipulate ചെയ്യുക തുടങ്ങിയവ കഴിഞ്ഞ കാലങ്ങളിൽ സാധാരണമാവുകയായിരുന്നു . പൗലോസ് ഗ്രിഗോറിയോസ് തിരുമേനി പറയുന്നു: He ( Catholicos – Malankara Metropolitan) manipulates the Synod in order to strengthen the total and unchecked authority of Malankara Metropolitan. സഭയിൽ ആത്മീയ കാര്യങ്ങൾ സംബന്ധിച്ച് സിനഡിന്റെ അവകാശങ്ങൾ കവർച്ച ചെയ്യുകയും ജനാധിപത്യ മൂല്യങ്ങൾ അവഗണിച്ച് ഏകാധിപത്യം പരിപോഷിപ്പിക്കുകയും ചെയ്താൽ സഭയുടെ അടിസ്ഥാന ജനാധിപത്യ – വികേന്ദ്രീകൃത പ്രവർത്തന സ്വഭാവം തന്നെ മാറിപ്പോകും .

സഭാ കേന്ദ്രവും ഭദ്രാസന കേന്ദ്രവും തമ്മിലുള്ള ബന്ധവും ഭരണഘടനാധിഷ്ഠിതമായി നിലനില്ക്കുന്നത് സഭയുടെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമാണ് . സഭാ കേന്ദ്രത്തിന്റെ അനധികൃത ഇടപെടൽ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ചൂണ്ടിക്കാണിക്കുന്നു : The Malankara Metropolitan claims that he is the sole authority in the Church ……and the bishops are his assistants … The diocesan bishops have to function in obedience to the directives given by the Malankara Metropolitan . ഗ്രിഗോറിയോസ് തിരുമേനി ഈ സ്ഥാനത്തിൽ വളരുന്ന സ്വേച്ഛാധിപത്യ പ്രവണതയാണിവിടെ ശ്രദ്ധയിൽ പെടുത്തുന്നത്. ഭദ്രാസനത്തിൽ ഭരണഘടന പ്രകാരമല്ലാതെ കാതോലിക്ക – മലങ്കര മെത്രാപ്പോലീത്ത ഇടപെടുന്നത് ശരിയല്ല എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്യുന്നു : The Malankara Metropolitan should not interfere in the internal administration of a diocese except where there are specific provisions in the Constitution for so doing. ഇത് 2017 ലെ കോടതി വിധിയും അടിവരയിട്ട് പറയുന്നു : The Catholicos is not supposed to deal with matters served for Diocesan Metropolitan as per the provisions of 1934 constitution (Para. 128) . സ്ഥാനം എത്ര ഉയർന്നതാണ് എങ്കിലും ഭരണഘടന വിഭാവനം ചെയ്യാത്ത വിധം അധികാര പ്രയോഗത്തിന് ആർക്കും അധികാരമില്ല. സുപ്രീം കോടതി പറയുന്നത് ശ്രദ്ധിക്കുക : Spiritual power cannot be the monopoly of any particular individual whosoever high he may be ( Para 123 , Supreme court verdict 2017 ). സഭയിലെ അധികാര സ്ഥാനങ്ങൾ ഫലപ്രദമായ ഭരണ വികേന്ദ്രീകരണ നിർവഹണത്തിനാണ് എന്ന് ഭരണഘടനാശില്പികൾ മനസ്സിലാക്കിയിരുന്നു. എന്നാൽ ഇത് ക്രമാനുഗതമായി സഭയിൽ hijack ചെയ്യപ്പെടുകയാണ് എന്നതാണ് നിരീക്ഷണത്തിൽ ബോധ്യപ്പെടുന്നത്.

അംഗങ്ങൾക്ക് സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്തുവാനും അതുവഴി കൂട്ടായി തീരുമാനങ്ങൾ രൂപപ്പെടുത്തുവാനും ഉള്ള അന്തരീക്ഷം സഭയിലെ ഭരണനിർവഹണ സമിതികളിൽ നഷ്ടപെട്ടുകൊണ്ടിരിക്കുന്നു. സ്വന്ത അധികാര പ്രയോഗത്തിലൂടെയും പാർശ്വവർത്തികളുടെ ഇടപെടലുകളും വഴി സഭാധികാരികളുടെ താത്പര്യ സംരക്ഷണത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നതാണ് വസ്തുത . ഈ തെറ്റായ പ്രവണത പൗലോസ് ഗ്രിഗോറിയോസ് തിരുമേനി പണ്ടേ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ് . അദ്ദേഹത്തിന്റെ വാക്കുകൾ വീണ്ടും ശ്രദ്ധിക്കുക : The Catholicos foist uncostitutional and unjust decisions in the Synod according to his own whims and private interest or of his sycophants .

ഈ രീതിയിൽ സഭാസംവിധാനം ഭരണഘടന അവഗണിച്ച് പ്രവർത്തിക്കുന്നു എന്നതിൽ അദ്ദേഹം തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ വിലപിക്കുകയാണ് . I have lost confidence in the leadership since 1975 . പൗലോസ് ഗ്രിഗോറിയോസ് തിരുമേനിയുടെ വിലയിരുത്തൽ അവതരിപ്പിച്ചത് സഭാ ഭരണം ഏത് ദുർഗതിയിൽ എത്തിയിരിക്കുന്നുവെന്ന് സൂചിപ്പിക്കുവാൻ വേണ്ടിയുള്ള സാക്ഷ്യത്തിനു വേണ്ടിയാണ് .

അധികാര പ്രയോഗത്തിന്റെ പൗരുഷ സംസ്കാരം (masculine culture) ഇന്ന് സഭയുടെ മുകൾ തൊട്ട് അടി വരെ ആശയവത്കരിച്ച് പ്രോത്സാഹിപ്പിച്ച് വരികയാണ് . സഭ ഒരു അധികാര ഘടനയാണ് എന്ന ചിന്തയും തിരുവചനവും ഭരണഘടനയും അവഗണിച്ച് നേതൃത്വം വഹിക്കുന്ന പ്രവണതയ്ക്ക് അംഗീകാരം സഭാംഗങ്ങളിലും വർദ്ധിച്ചു വരികയാണ് . സഭയുടെ ഭരണം (administration) ഒരു അധികാര വിഷയമല്ല . നേരേമറിച്ച് , കാര്യവിചാരക – ശുശ്രൂഷാ നിർവഹണ (Stewardship)മാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട് . പോപ്പ് ഗ്രിഗറി തന്റെ സ്ഥാനപ്പേര് ( title) ” Servus serverium Dei (ദൈവ ഭൃത്യന്മാരുടെ ശുശ്രൂഷകൻ) എന്ന് മാറ്റിയത് ഇത് വ്യക്തമാക്കുവാനാണ് . വി. അഗസ്തീനോസ് തന്റെ സ്ഥാനത്തെ പറ്റി പറയുന്നത് ശ്രദ്ധിക്കുക : I am a bishop for you. I am a christian with you ( Vobis Sum episcopos . vobis cum christianus). അദ്ദേഹം മേല്പട്ടക്കാരനായിരിക്കുന്നത് വിശ്വാസ സമൂഹത്തിന്റെ ശുശ്രൂഷയ്ക്ക് വേണ്ടിയാണ് എന്നും അതേ സമയം തന്നെ താൻ ദൈവജനത്തിന്റെ ഭാഗമാണ് എന്നും അഗസ്റ്റിനുണ്ടായിരുന്ന കുലീനമായ അവബോധം സഭാ നേതൃത്വത്തിന് നഷ്ടമായിപ്പോകാൻ അനുവദിക്കരുത് . ആഡംബരവും ധൂർത്തും അധികാര ഗർവും ആധിപത്യ സമീപനവും ഉപേക്ഷിക്കുവാനുള്ള സന്മനസ്സ് ഉണ്ടാവുകയും തങ്ങളുടെത് ക്രിസ്തുവിനു വേണ്ടിയുള്ള ശുശ്രൂഷ (diakonia)യാണ് എന്നും തങ്ങൾ ദൈവത്തിന്റെ തന്നെ ഭാഗമാണ് എന്ന ധാരണ സഭാപ്രവർത്തകർക്ക് ഉണ്ടാവുകയും ചെയ്യുമ്പോഴാണ് സഭ മുഴുവനായി ശുശ്രൂഷക സമൂഹമായി രൂപപരിണാമം പ്രാപിക്കുന്നത് . ഭരണഘടനയെയും സഭാസമിതികളെയും അവഗണിച്ചുള്ള സ്വേച്ഛാധിപത്യ ഭരണം സഭയെ അടിമത്ത ബോധത്തിലേക്കും ആത്യന്തികമായി അരാജകത്തത്തിലേക്കുമായിരിക്കും എത്തിക്കുക . ഈ കാര്യത്തിൽ ജാഗ്രത പുലർത്തുവാനാണ് പൗലോസ് ഗ്രിഗോറിയോസ് തിരുമേനിയുടെ ശക്തമായ വാക്കുകൾ നമ്മെ ഓർമ്മപ്പെടുത്തുന്നത്. നിങ്ങളിൽ വലിയവൻ നിങ്ങളുടെ ശുശ്രൂഷകൻ ആയിരിക്കണം (ലൂക്കോ.22:27) എന്ന തിരുവചനം സഭാസ്ഥാനികളെ പറ്റിയുള്ള ക്രിസ്തുവിന്റെ നിർദേശമായും സഭയെ പറ്റിയുള്ള സ്വപ്നമായും തിരിച്ചറിയുവാൻ സാധിക്കേണ്ടതുണ്ട് .