ക്രിസ്തീയ ചിത്രകല എന്നൊന്നുണ്ടോ എന്ന് ന്യായമായും ചോദിക്കാം. രണ്ട് ഉത്തരങ്ങള്‍ നല്‍കാവുന്നതാണ്. ഒന്ന്: ബൈബിള്‍ കഥാപാത്രങ്ങള്‍, ക്രിസ്തുവിന്‍റെ ജീവിതകഥ, ക്രിസ്തുവിനെപ്രതി ജീവിച്ചു മരിച്ച വിശുദ്ധ മനുഷ്യര്‍ എന്നിവ അടിസ്ഥാനമാക്കി ചിത്രങ്ങള്‍ വരയ്ക്കുന്ന പാശ്ചാത്യശൈലിയാണ് ക്രിസ്തീയ ചിത്രകല എന്നു നാം പൊതുവെ അറിയുന്നത്. മൈക്കലാഞ്ചലോ, ദാവിഞ്ചി തുടങ്ങിയ പാശ്ചാത്യ നവോത്ഥാന ചിത്രകാരന്മാരുടെ ചിത്രങ്ങളാണ് ഈ വകുപ്പില്‍ കൂടുതലും.
രണ്ട്: ക്രിസ്തീയ വേദശാസ്ത്രത്തിന്‍റെയും ദൈവജ്ഞാനതത്വങ്ങളുടെയും അടിസ്ഥാനത്തില്‍, നോമ്പ്, പ്രാര്‍ത്ഥന എന്നിവയോടുകൂടി പ്രത്യേകമായ ശൈലിയില്‍ വരയ്ക്കുന്ന ‘ഐക്കണ്‍’ (Icon) കൃത്യമായ അര്‍ത്ഥത്തില്‍ ക്രിസ്തീയ ചിത്രകലയാണ്. ബിസന്‍റൈന്‍ (Byzantine) പാരമ്പര്യത്തില്‍, അതായത് പൗരസ്ത്യ റോമാ സാമ്രാജ്യത്തില്‍ കുസ്തന്തീനോസ് ചക്രവര്‍ത്തി ബിസാന്‍റിയം എന്ന സ്ഥലത്ത് സ്ഥാപിച്ച കുസ്തന്തീനോപോലീസ് (Constantinople) എന്ന സാമ്രാജ്യ തലസ്ഥാനം കേന്ദ്രമാക്കിയ ഗ്രീക്ക് ഓര്‍ത്തഡോക്സ് പാരമ്പര്യത്തിലാണ് ഐക്കണോഗ്രഫി വികാസം പ്രാപിച്ചത്. പിന്നീട് ഒമ്പതാം നൂറ്റാണ്ടില്‍ പൗരസ്ത്യ യൂറോപ്പിലെ സ്ലാവിക് വംശജരുടെ ഇടയില്‍, അതായത് റഷ്യ, യുക്രയിന്‍, ബള്‍ഗേറിയ തുടങ്ങിയ പ്രദേശങ്ങളില്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ സുവിശേഷം അറിയിക്കുകയും ആ പ്രദേശങ്ങളെല്ലാം പൗരസ്ത്യ ഓര്‍ത്തഡോക്സ് പാരമ്പര്യത്തില്‍ വരികയും ചെയ്തപ്പോള്‍ ഗ്രീക്കുകാരുടെ ഐക്കണോഗ്രഫിയും അവിടെയെല്ലാം പ്രചരിച്ചു. അതുകൊണ്ട് മുന്‍പറഞ്ഞ എല്ലാ ഓര്‍ത്തഡോക്സ് ദേവാലയങ്ങളിലും പള്ളിയ്ക്കകത്ത് ഐക്കണ്‍ ചിത്രങ്ങള്‍ നിര്‍ബന്ധമായും ആലേഖനം ചെയ്തു. ഇന്നും ആ പാരമ്പര്യം ശക്തമായി തുടരുന്നു.
ഈജിപ്തിലെ കോപ്റ്റിക് സഭ, സുറിയാനി സഭ തുടങ്ങിയ പുരാതന പൗരസ്ത്യ സഭകള്‍ക്കും സ്വന്തമായി ഐക്കണോഗ്രഫി ഉണ്ടായിരുന്നു എങ്കിലും ഇസ്ലാമിന്‍റെ പ്രബലമായ ആധിപത്യത്തില്‍, പ്രത്യേകിച്ചും ഓട്ടോമാന്‍ സാമ്രാജ്യത്തിന്‍റെ കീഴില്‍ ഏതാണ്ട് 19-ാം നൂറ്റാണ്ടുവരെയും അമര്‍ന്നു പോയതുകൊണ്ട് അവരുടെ ചിത്രകല വികാസം പ്രാപിച്ചില്ല. കാരണം വ്യക്തമാണല്ലോ. ഇസ്ലാമില്‍ മുഹമ്മദ് നബിയുടെയോ മറ്റേതെങ്കിലും പുണ്യ വ്യക്തികളുടെയോ ഉള്‍പ്പെടെയുള്ള എല്ലാ മതചിത്രങ്ങളും സമ്പൂര്‍ണ്ണമായി നിരോധിക്കപ്പെട്ടിരിക്കുന്നു. അമൂര്‍ത്തമായ അലങ്കാരപണികള്‍ മാത്രമാണ് മോസ്ക്കുകളിലും മറ്റും അനുവദിക്കുന്നത്. എന്നാല്‍ എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ ഇസ്ലാമിന്‍റെയോ കൊളോണിയല്‍ ശക്തികളുടെയോ ആധിപത്യം കാര്യമായി ഉണ്ടാകാഞ്ഞതിനാല്‍ അവരുടെ ചിത്രകല തദ്ദേശീയ ആഫ്രിക്കന്‍ സ്വഭാവമുള്ള ഒന്നായി വികാസം പ്രാപിച്ചു.
ഇന്ത്യയില്‍ സുറിയാനി പാരമ്പര്യത്തിലുള്ള പള്ളികളില്‍ മതചിത്രങ്ങള്‍ വയ്ക്കുന്ന പതിവ് പോര്‍ച്ചുഗീസുകാരുടെ വരവു വരെ ഇല്ലായിരുന്നു എന്നു വേണം ചിന്തിക്കാന്‍. ഇസ്ലാം ആധിപത്യത്തില്‍ കഴിഞ്ഞ സുറിയാനിക്കാരില്‍ നിന്ന് ലഭിച്ച ഒരു രീതിയായിരിക്കാം അത്. മറുവശത്ത് ഇന്ത്യയില്‍ ബഹുദേവതകളുടെ ശില്പങ്ങളും വിഗ്രഹങ്ങളും ചിത്രാലേഖനങ്ങളും കൊണ്ട് ക്ഷേത്രങ്ങളെല്ലാം പരിപൂരിതമാണല്ലോ. ഒരുപക്ഷേ വിഗ്രഹാരാധന, ബഹുദൈവവിശ്വാസം എന്നിവയോടുള്ള വേദപുസ്തകപരമായ അകല്‍ച്ചയും അതിന് കാരണമായിരുന്നിരിക്കാം (കൂടുതല്‍ ചരിത്രഗവേഷണം ആവശ്യമുള്ള മേഖലയാണിത്). എങ്കിലും ആകെത്തുകയില്‍ പറഞ്ഞാല്‍ പൗരസ്ത്യ ക്രിസ്തീയ പാരമ്പര്യം സവിശേഷമായ ചിത്രകലാശൈലികള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ ആരംഭിച്ച് കൊളോണിയല്‍ പ്രസ്ഥാനത്തിലൂടെ ലോകമാസകലം വ്യാപിച്ച പാശ്ചാത്യ ചിത്രകലയില്‍ നിന്നുള്ള വ്യത്യാസങ്ങള്‍ പൊതുവായി സൂചിപ്പിക്കട്ടെ.
ഒന്ന്: പാശ്ചാത്യ നവോത്ഥാന ചിത്രകാരന്മാര്‍ പിതാവായ ദൈവത്തെ വരയ്ക്കുമായിരുന്നു. അതായത് നീണ്ട നരച്ച താടിയും രാജകീയമായ മേലങ്കികളും മറ്റുമുള്ള ദൈവം. ഉദാഹരണമായി മൈക്കലാഞ്ചലോയുടെ ‘ആദമിന്‍റെ സൃഷ്ടി’ എന്ന സിസ്റ്റീന്‍ ചാപ്പലിലെ ചിത്രം. വൃദ്ധനെങ്കിലും ബലിഷ്ഠമായ കൈകളുള്ള ദൈവം. എന്നാല്‍ ഓര്‍ത്തഡോക്സ് ഐക്കണോഗ്രഫിയില്‍ പിതാവായ ദൈവത്തെ ചിത്രീകരിക്കുന്നത് സമ്പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നു. കാരണം ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല, ദൈവം ആത്മസ്വരൂപനാകുന്നു എന്ന വേദപുസ്തക പ്രമാണം. മനുഷ്യനേത്രങ്ങള്‍ക്ക് ദൃശ്യമായ ദിവ്യകാര്യങ്ങള്‍ മാത്രമേ ഐക്കണോഗ്രഫിയില്‍ വരയ്ക്കാന്‍ അവകാശമുള്ളു. ഉദാഹരണം, മനുഷ്യാവതാരം ചെയ്ത ക്രിസ്തു, പ്രാവിന്‍റെയും അഗ്നിയുടെ രൂപമെടുത്ത പരിശുദ്ധാത്മാവ്.
രണ്ട്: ത്രിമാനരൂപങ്ങള്‍, അതായത് ലോകത്തില്‍ നാം സാധാരണ കാണുന്ന കാഴ്ചകളുടെ പ്രതീതി ജനിപ്പിക്കുന്ന ചിത്രശൈലി, പൗരസ്ത്യ ക്രിസ്തീയ ചിത്രകലയില്‍ അനുവദിച്ചിട്ടില്ല. നമ്മുടെ സാധാരണ കാഴ്ചയില്‍ നിന്നു വ്യത്യസ്തമായിരിക്കാന്‍ വേണ്ടി ദിവ്യരൂപങ്ങളെ ദ്വിമാന തലത്തില്‍ (two-dimensional) വരയ്ക്കാം.
മൂന്ന്: പാശ്ചാത്യ നവോത്ഥാന ചിത്രകാരന്മാര്‍ മഹത്തായ രചനാ സങ്കേതമായി വികസിപ്പിച്ച ‘കാഴ്ചപ്പാട്’ (perspective) ഐക്കണോഗ്രഫിയില്‍ ഉപയോഗിക്കുന്നില്ല. ഒരു കാരണം, മുമ്പ് സൂചിപ്പിച്ചിട്ടുള്ളതുപോലെ ആ കാഴ്ചപ്പാട് ഉപയോഗിച്ച് മായാദൃശ്യം (optical illusion) ഉണ്ടാക്കാം. ആനയെ ആടാക്കാം. ആടിനെ ആനയാക്കാം. സ്ഥലകാലങ്ങള്‍ മൂലം ജീവിതയാഥാര്‍ത്ഥ്യത്തിലുണ്ടാകാവുന്ന വൈകല്യങ്ങളെ സൃഷ്ടിക്കുകയല്ല ഐക്കണോഗ്രഫിയുടെ ലക്ഷ്യം.
നാല്: പ്രത്യേക ഉദാഹരണങ്ങള്‍ പറഞ്ഞാല്‍ യേശുവിന്‍റെ മാതാവായ മറിയമിനെ ഒരിക്കലും ഒറ്റ വ്യക്തിയായി ചിത്രീകരിക്കാന്‍ പാടില്ല. തന്‍റെ കുഞ്ഞിനെ എടുത്തിരിക്കുന്ന, അല്ലെങ്കില്‍ പുത്രനോടു ചേര്‍ന്നിരിക്കുന്ന അമ്മയെ മാത്രമേ ഐക്കണോഗ്രഫിയില്‍ ചിത്രീകരിക്കാനാവൂ. കാരണം, തന്‍റെ പുത്രനായ യേശുക്രിസ്തുവിലൂടെയാണ് അമ്മയായ മറിയവും രക്ഷയിലേക്കു കടക്കുന്നത്. അതുകൊണ്ട് ക്രിസ്തുവില്ലാതെ ക്രിസ്തുമാതാവില്ല. നസ്രായനായ യേശു മനുഷ്യാവതാരം ചെയ്ത ദൈവമാണ് എന്ന വേദശാസ്ത്ര ധാരണ മൂലം മറിയമിനെ ദൈവപ്രസവിത്രി (Theotokos), ദൈവമാതാവ് എന്നൊക്കെ വിളിക്കുന്നുണ്ടെങ്കിലും ഒരിക്കലും മറിയമിനെ ഒരു വിഗ്രഹരൂപമാക്കുന്നതിനോട് പൗരസ്ത്യ സഭകള്‍ ഒട്ടും യോജിക്കുന്നില്ല.
അഞ്ച്: ഗ്രീക്ക്, റഷ്യന്‍ തുടങ്ങിയ ബിസന്‍റൈന്‍ പാരമ്പര്യത്തില്‍ പള്ളിയില്‍ സ്ഥാപിച്ചിരിക്കുന്ന ഐക്കണുകള്‍ കൗദാശിക സ്വഭാവമുള്ളവയാണ് (Sacramental Character). അതായത് ശരിയായ ഐക്കണ്‍ നിയമങ്ങള്‍ അനുസരിച്ച് വരയ്ക്കപ്പെട്ട ചിത്രങ്ങള്‍ ദിവ്യതേജസ്സിന്‍റെ സാന്നിധ്യവും പരിസ്ഫുരണവുമാണ് (presence and manifestation). വാങ്ങിപ്പോയ കന്യകമറിയാമിന്‍റെയോ വിശുദ്ധരുടെയോ വെറും ഓര്‍മ്മയും അനുസ്മരണവും മാത്രമല്ല അത്. സാധാരണയായി നാം മരിച്ചുപോയവരുടെ ചിത്രങ്ങള്‍ വയ്ക്കുമ്പോള്‍ അത് അവരുടെ അസാന്നിദ്ധ്യത്തിന്‍റെ (absence) ഓര്‍മ്മ ആണല്ലോ. ഐക്കണ്‍ ചിത്രങ്ങളില്‍ അസാന്നിദ്ധ്യമല്ല സാന്നിദ്ധ്യമാണ് ഉദ്ദേശിക്കപ്പെടുന്നത് (not the memory of absence but the experience of the presence).
ആറ്: ഏതെങ്കിലുമൊരു ചിത്രകാരന്‍റെ സ്വന്തം ഭാവനയ്ക്കനുസരിച്ച് സൃഷ്ടിക്കാവുന്നവയല്ല ഐക്കണ്‍ ചിത്രങ്ങള്‍. വളരെ കൃത്യമായ കാനോനുകളും, ശൈലീപരമായ ചട്ടങ്ങളും, ഉപയോഗിക്കുന്ന നിറങ്ങളുടെ പ്രതീകശേഷിയും എല്ലാം നല്ല ഐക്കണോഗ്രഫിയില്‍ സമ്മേളിക്കും.
പാശ്ചാത്യ ചിത്രകലയുമായി പൗരസ്ത്യ ഐക്കണോഗ്രഫിക്കുള്ള ചില വ്യത്യാസങ്ങള്‍ മാത്രമാണ് മേല്‍ സൂചിപ്പിച്ചത്. ഐക്കണ്‍ ചിത്രങ്ങള്‍ വിഗ്രഹാരാധനയ്ക്കു തുല്യമാണോ എന്നു ചോദിക്കുന്നവരുണ്ട്. ഇത് വിഗ്രഹാരാധന അല്ല എന്നു തന്നെയാണ് പാരമ്പര്യം ഉറപ്പിച്ചു പറയുന്നത്. ലോകത്തിലുള്ള എന്തിന്‍റെയെങ്കിലും സ്വരൂപമോ സാദൃശ്യമോ ഉണ്ടാക്കി വന്ദിക്കരുത് എന്ന് മോശയുടെ കല്പനയുണ്ട്. അതനുസരിച്ച് ഐക്കണുകള്‍ക്ക് നല്‍കുന്നത് ആദരവാണ്, ആരാധനയല്ല. ഈ രണ്ടു കാര്യങ്ങള്‍ക്ക് ഗ്രീക്കു ഭാഷയില്‍ രണ്ടു വാക്കുകള്‍ തന്നെയുണ്ട്. Proskynesis എന്നു പറഞ്ഞാല്‍ ആദരവ്, വണക്കം, ബഹുമാനിക്കല്‍ എന്നൊക്കെ അര്‍ത്ഥം. Latreiea എന്നാല്‍ ആരാധന (Worship) എന്ന് അര്‍ത്ഥം. ഐക്കണ്‍ ചിത്രങ്ങള്‍ക്കു നല്‍കുന്നത് ആദരവാണ്; ദൈവത്തിനു മാത്രമാണ് ആരാധന അര്‍പ്പിക്കുക. നാലാം നൂറ്റാണ്ടില്‍ പണ്ഡിതനായ കൈസരിയയിലെ വിശുദ്ധ ബസേലിയോസ് പറഞ്ഞു, സൃഷ്ടിക്കപ്പെട്ട എന്തിനെങ്കിലും നാം കൊടുക്കുന്ന ആദരവ് അതിന്‍റെ സ്രഷ്ടാവായ ആദി മാതൃകയ്ക്ക് (Archetype) ഉള്ള ആദരവാണ്.
ഉല്പത്തി പുസ്തകത്തില്‍, മനുഷ്യന്‍ ദൈവത്തിന്‍റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടു എന്ന വാക്യത്തെ പ്രസിദ്ധമായ സെപ്റ്റ്വജിന്‍റ് ഗ്രീക്ക് തര്‍ജ്ജമയില്‍ eikon എന്ന ഗ്രീക്ക് പദം ഉപയോഗിച്ചാണ് മൊഴിമാറ്റം നടത്തുന്നത്. ഇവിടെ മനുഷ്യന്‍ ദൈവത്തിന്‍റെ ഐക്കണ്‍ ആണ്. അപ്പോള്‍ മുന്‍പറഞ്ഞ തത്വം അനുസരിച്ച് ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ ബഹുമാനിക്കുമ്പോള്‍ വാസ്തവത്തില്‍ സ്രഷ്ടാവായ ദൈവത്തെയാണ് ബഹുമാനിക്കുന്നത്. ഇത് വളരെ അര്‍ത്ഥധ്വനികളുള്ള ഒരു സങ്കല്പമാണ്. ഇന്ത്യയില്‍ നാം പരസ്പരം കൈ കൂപ്പി ആദരിക്കുമ്പോള്‍ വാസ്തവത്തില്‍ അപരനില്‍ നാം കാണുന്നത് ദൈവസാദൃശ്യമാണ്. ഇത് കുറച്ചുകൂടി വിപുലമായി വിസ്തരിച്ച് വ്യാഖ്യാനിച്ചാല്‍, ദൈവത്തിന്‍റെ സ്നേഹമുദ്ര പതിഞ്ഞിരിക്കുന്ന എല്ലാ സൃഷ്ടിയെയും നാം ആദരിക്കുമ്പോള്‍ അവയ്ക്ക് സ്രഷ്ടാവും ആദിമാതൃകയുമായ ദൈവത്തിലേക്ക് തന്നെ ആ ആദരവ് സംവഹിക്കപ്പെടുന്നു. നമ്മുടെ സ്നേഹവും ആദരവും ഭക്തിയും കല്ലുകളില്‍ കൊത്തിയ ത്രിമാനരൂപങ്ങളിലോ ചായങ്ങള്‍കൊണ്ടു തീര്‍ത്ത ദ്വിമാനരൂപങ്ങളിലോ ഒതുക്കരുത് എന്നു തന്നെയാണ് ഐക്കണോഗ്രഫിയുടെ അടിസ്ഥാന തത്വം. നിര്‍ഭാഗ്യവശാല്‍ പലപ്പോഴും ഈ തത്വം ലംഘിക്കപ്പെടുന്നുണ്ട്. ദൈവത്തിന്‍റെ പ്രതിരൂപമായ മനുഷ്യനെ അപമാനിക്കുകയും അതേസമയം ശിലയിലോ തടിയിലോ വര്‍ണ്ണങ്ങളിലോ നാം സൃഷ്ടിക്കുന്ന മനുഷ്യരൂപങ്ങളെ ആദരിക്കുകയും ചെയ്താല്‍ അത് ക്രിസ്തീയ പാരമ്പര്യത്തിന്‍റെ സമ്പൂര്‍ണ്ണ നിഷേധമാണ്.
16-ാം നൂറ്റാണ്ടില്‍ പാശ്ചാത്യ കത്തോലിക്കാ സഭാനവീകരണ (Reformation) ഫലമായി പ്രൊട്ടസ്റ്റന്‍റ് സഭകള്‍ ഐക്കണോഗ്രഫിയെയും എല്ലാത്തരം മത ചിത്രകലയെയും നിരാകരിച്ചുപോന്നു. റോമന്‍ കത്തോലിക്കാ സഭയില്‍ വ്യാപകമായിരുന്ന വിശുദ്ധരുടെ പ്രതിമകള്‍ (statues) വിഗ്രഹങ്ങളാണ് എന്നായിരുന്നു അവരുടെ ആരോപണം. ആ പാരമ്പര്യം ഇപ്പോഴും നവീകരണ സഭകളില്‍ തുടരുന്നുണ്ട്. ഓര്‍ത്തഡോക്സ് സഭകളിലും പള്ളിയില്‍ രൂപങ്ങള്‍ വയ്ക്കാറില്ല. എന്നാല്‍ 20-ാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിലൂടെ പ്രമുഖ പാശ്ചാത്യ നവീകരണ സഭകള്‍ ഓര്‍ത്തഡോക്സ് ഐക്കണോഗ്രഫിയുടെ തത്വങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കയും അങ്ങനെ പല പ്രൊട്ടസ്റ്റണ്ട് പള്ളികളിലും ഐക്കണുകള്‍ ഉപയോഗിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. മെഴുകുതിരിയോ കുരിശോ പോലും ഉപയോഗിക്കാത്ത തീവ്ര നവീകരണ വിഭാഗങ്ങളും ഇപ്പോള്‍ ഐക്കണ്‍ ചിത്രങ്ങളോടു വലിയ ആഭിമുഖ്യം കാണിക്കുന്നുണ്ട്. നല്ല ഉദാഹരണമാണ് ജനീവയിലെ നവീകരണ നേതാവായിരുന്ന, അതികര്‍ശനക്കാരനായിരുന്ന ജോണ്‍ കാല്‍വിന്‍റെ കത്തീഡ്രല്‍. അവിടെ ഇപ്പോള്‍ ഐക്കണുകള്‍ സ്വീകാര്യമാണ്. കത്തോലിക്കാ സഭയെയും മാര്‍പാപ്പായെയും നഖശിഖാന്തം എതിര്‍ക്കുകയും കുപ്പായമിട്ടുകൊണ്ട് ഏതെങ്കിലും കത്തോലിക്കാ വൈദികന്‍ ജനീവാ നഗരത്തില്‍ നടന്നാല്‍ അയാളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാം എന്നു നിയമം ഉണ്ടാക്കുകയും ചെയ്ത ജോണ്‍ കാല്‍വിന്‍റെ കസേര വളരെ ആദരവോടെ സൂക്ഷിച്ചിരിക്കുന്ന ജനീവാ കത്തീഡ്രലില്‍ ഈയിടെ ഒരു റോമന്‍ കത്തോലിക്കാ കുര്‍ബാന നടത്തി. ഈ വിവരം കാല്‍വിന്‍ എങ്ങാനും അറിഞ്ഞെങ്കില്‍ എന്തായിരിക്കാം പൂരം എന്നു നമുക്ക് വെറുതെ സങ്കല്പിക്കാം!! ചുരുക്കത്തില്‍ ചിത്രകലയും മറ്റെല്ലാ കലയും അതിന്‍റെ ആവിഷ്ക്കാരശൈലികളില്‍ മനുഷ്യന്‍റെ പല ധാരണകളോടും സങ്കല്പങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു എന്നു വ്യക്തം. കാലംകൊണ്ടു മാത്രമേ അവയില്‍ പലതിന്‍റെയും സാംഗത്യമോ ആസാംഗത്യമോ വ്യക്തമാവുകയുള്ളു. ഈ ലേഖകന്‍റെ വ്യക്തിപരമായ അനുഭവത്തില്‍, 15-ാം നൂറ്റാണ്ടില്‍ റഷ്യന്‍ ചിത്രകാരനായ ആന്ദ്രേ റൂബ്ലേവ് (Andrei Rublev) വരച്ച മഹത്തായ ഐക്കണ്‍ ചിത്രം ‘അബ്രഹാമിന്‍റെ അതിഥി സല്‍ക്കാരം’ (ഉല്പത്തി 18) കാണുകയും ദീര്‍ഘനാള്‍ അതിന്‍റെ വര്‍ണ്ണങ്ങളും വരകളും ധ്വനികളും ധ്യാനിക്കുകയും ചെയ്താല്‍, പ്രശസ്തമെന്നു ലോകം പറയുന്ന പല പാശ്ചാത്യ നവോത്ഥാന മതചിത്രങ്ങളുടെയും തേജസ്സ് മങ്ങുന്നത് അറിയാം. ഇതും ഒരുപക്ഷേ വ്യക്തിപരമായ ഒരു ആഭിമുഖ്യമായി മാത്രം കരുതിയാല്‍ മതി.