ശതമാന പ്രതിസന്ധി മാനേജിംഗ് കമ്മിറ്റി മുന്‍കൂട്ടി കണ്ടിരുന്നു

2021 ഡിസംബര്‍ 6 ന് പഴയ സെമ്മിനാരിയില്‍ നടന്ന മാനേജിംഗ് കമ്മിറ്റിയില്‍ മെത്രാന്‍ തെരഞ്ഞെടുപ്പിന് അംഗീകാരം നല്‍കിയ ശേഷം നടന്ന ചര്‍ച്ചയില്‍ ശ്രീ. ജേക്കബ് കൊച്ചേരി വൈദിക-അത്മായ വോട്ടിന്‍റെ ശതമാനം തമ്മില്‍ കൂട്ടുന്നതില്‍ ഗണിതശാസ്ത്രപരമായ പിശക് ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. കുറഞ്ഞ വോട്ടു കിട്ടുന്നവര്‍ ജയിക്കുമെന്നും കൂടുതല്‍ വോട്ടു കിട്ടുന്നവര്‍ തോല്‍ക്കുമെന്നും അദ്ദേഹം എടുത്തു പറഞ്ഞു. അനുകൂല നിലപാട് ഉണ്ടാകാതെവന്നപ്പോള്‍ – “അപ്പോള്‍ ബാവാതിരുമേനി, തോറ്റവര്‍ ജയിക്കുന്ന സ്ഥിതിയും ജയിച്ചവര്‍ തോല്ക്കുന്ന സ്ഥിതിയുമുണ്ടാകും” എന്നു പറഞ്ഞാണ് ഇരുന്നത്.

ശ്രീ. വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ, “ശതമാനം പരിഗണിക്കുന്ന ഘട്ടത്തില്‍ അത്മായ വോട്ടിന്‍റെ ഇരട്ടിയിലധികം മൂല്യം വൈദിക വോട്ടിന് ഉണ്ടാകും; പല പ്രാവശ്യം ഇക്കാര്യങ്ങളെല്ലാം ഉദാഹരണസഹിതം എഴുതി ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്” എന്നു പറഞ്ഞു. വൈദിക വോട്ടിന് അത്മായ വോട്ടിനെക്കാള്‍ മൂല്യം കൂടുതലുണ്ടെന്നായിരുന്നു പ. ബാവാ തിരുമേനിയുടെ നിലപാട്. 2007 ല്‍ ഒറ്റയ്ക്കും 2016ല്‍ ഒരു എട്ടംഗസമിതിയിലും വര്‍ഗീസ് തോട്ടപ്പുഴ ഈ വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നതായി അറിയുന്നു.

2016 സെപ്റ്റംബര്‍ 13ലെ മാനേജിംഗ് കമ്മിറ്റിയില്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്ത ‘എപ്പിസ്കോപ്പാ സ്ഥാനികളുടെ തെരഞ്ഞെടുപ്പു സംബന്ധിച്ചുള്ള മാനദണ്ഡങ്ങളും നടപടിക്രമവും’ സംബന്ധിച്ച് കോട്ടയം മെത്രാസനത്തില്‍ നിന്നുള്ള മാനേജിംഗ് കമ്മിറ്റിയംഗം (2012-2017) ശ്രീ. ജോസഫ് അലക്സാണ്ടര്‍ പ. കാതോലിക്കാ ബാവായ്ക്കു സമര്‍പ്പിച്ച അഭിപ്രായത്തില്‍ ശതമാനം തമ്മില്‍ കൂട്ടുന്നതിലെ അനൗചിത്യം ചൂണ്ടിക്കാണിച്ചിരുന്നു. ലീഗല്‍ കമ്മീഷന്‍ അംഗങ്ങള്‍ക്കും അന്നത്തെ സ്ഥാനികള്‍ക്കും സിനഡ് സെക്രട്ടറിയ്ക്കും കത്തിന്‍റെ കോപ്പി വച്ചിരുന്നു എന്നാണ് അറിയുന്നത്. ഈ കത്തു പരിഗണിച്ചില്ലെന്നു മാത്രമല്ല, കാതോലിക്കോസ് ഓഫീസിലെ ഫയലില്‍ പോലുമില്ലെന്ന് 12-09-2019 മാനേജിംഗ് കമ്മറ്റിയിലെ ചോദ്യോത്തരത്തില്‍ (പേജ് 22) നിന്ന് വ്യക്തമാകുന്നു.

അന്നത്തെ മാനേജിംഗ് കമ്മിറ്റിയില്‍ ‘മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം കൂടി തെരഞ്ഞെടുപ്പു നടത്തുന്നതു സംബന്ധിച്ച നടപടി ചട്ടങ്ങള്‍’, ‘എപ്പിസ്കോപ്പാ സ്ഥാനികളുടെ തെരഞ്ഞെടുപ്പു സംബന്ധിച്ചുള്ള മാനദണ്ഡങ്ങളും നടപടിക്രമവും’ എന്നിവയുടെ ഭേദഗതികള്‍ റൂള്‍ കമ്മറ്റി വഴി വന്ന് മാനേജിംഗ് കമ്മിറ്റി പാസ്സാക്കേണ്ടതാണെന്ന് കീഴ്വഴക്കങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഫാ. ഐപ്പ് പി. സാം (ചെങ്ങന്നൂര്‍ മെത്രാസനം) ചൂണ്ടിക്കാണിച്ചിരുന്നു. ഇതു പാസ്സാക്കാനുള്ള അധികാരം മലങ്കര മെത്രാപ്പോലീത്തായില്‍ മാത്രം നിക്ഷിപ്തമാണെന്നായിരുന്നു പ. ബാവാ തിരുമേനിയുടെ നിലപാട്. നടപടിചട്ടരൂപീകരണവും ഭേദഗതിയും നടത്താനുള്ള അധികാരം സഭാതലവനു മാത്രമുള്ളതാണെന്ന് 2008-ല്‍ ‘കണ്ടെത്തിയ’താണ് ഈ ആശയക്കുഴപ്പത്തിനു കാരണം.

ഇത്തവണ ആദ്യഘട്ടത്തില്‍ തുല്യമൂല്യവും (1:1) ‘ശതമാനഘട്ടത്തില്‍’ ഒരു വൈദിക വോട്ടിന് 2.09 അത്മായ വോട്ടിന്‍റെ മൂല്യവുമുണ്ടായി (അതായത് 100:209). ശതമാന കൂട്ടല്‍ സഭാഭരണഘടനയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു.

മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ പറയുന്നത് അംഗീകരിക്കാനോ പഠിക്കുവാനോ ശ്രമിക്കാത്തതാണ് പല തെറ്റുകളും തുടര്‍ക്കഥയാകുന്നതും അര്‍ഹതയുള്ളവര്‍ ഒഴിവാക്കപ്പെടുവാന്‍ ഇടയാകുന്നതും. മാനേജിംഗ് കമ്മിറ്റി ‘ഉണ്ടുപിരിയല്‍ സംഘം’ ആണെന്നും അതിലെ അംഗങ്ങള്‍ തങ്ങളുടെ ചുമതലയും കടമയും നിര്‍വഹിക്കുന്നില്ല എന്നുമുള്ള ആരോപണം ശരിയാണോ എന്നുള്ള അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ വെളിപ്പെട്ടത്. അന്വേഷണം ഇനിയും തുടരും.

ഡോ. എം. കുര്യന്‍ തോമസിന്‍റെ ‘ഒരാള്‍ക്ക് എത്ര മെത്രാന്‍ വേണം ?’ എന്ന ഗ്രന്ഥത്തില്‍ ശ്രീ. ജോസഫ് അലക്സാണ്ടര്‍ എഴുതിയ കത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട് (പേജ് 262 – 263; കൂടുതല്‍ വിവരങ്ങള്‍ക്ക് പേജ് 130, 235, 236 കൂടി കാണുക). ഡെറിന്‍ രാജു, ജോയ്സ് തോട്ടയ്ക്കാട് എന്നിവര്‍ രചിച്ച ‘മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ : ചരിത്രം രേഖകള്‍’ എന്ന ഗ്രന്ഥത്തിലെ അനുബന്ധ ലേഖനങ്ങള്‍ കൂടി കാണുക.

– Marthoman TV Research Team

28-02-2022