2022ല്‍ സംഭവിച്ചതുപോലെ അവസാനഘട്ടത്തില്‍ ശതമാനം കൂട്ടി വിജയിയെ നിര്‍ണ്ണയിച്ചത് ഗണിതശാസ്ത്രപരമായി ശരിയായ നടപടിയല്ല. ഇങ്ങനെ ചെയ്തപ്പോള്‍ കൂടുതല്‍ വോട്ട് കിട്ടിയ ആള്‍ പരാജയപ്പെടാനും കുറഞ്ഞ വോട്ട് കിട്ടിയ ആള്‍ വിജയിക്കാനും ഇടയായി. ഒരു വൈദിക വോട്ടിന് ഒരു അയ്മേനി വോട്ടിന്‍റെ ഇരട്ടിയിലധികം (ഇപ്പോഴത്തെ നിലയില്‍ 10: 21) മൂല്യം (weightage) ഉണ്ടായി. വൈദിക-അയ്മേനി വോട്ടുകളുടെ മൂല്യം തുല്യമെന്നുള്ള അടിസ്ഥാന തത്വം ഇവിടെ ലംഘിക്കപ്പെടുന്നു. ആദ്യഘട്ടത്തില്‍ തുല്യമായ മൂല്യം (1:1) ശതമാന ഘട്ടത്തിലേക്കു കടക്കുമ്പോള്‍ വൈദിക വോട്ടിന്‍റെ മൂല്യം ഇരട്ടിയിലധികമാകുന്നു. ഭാഗ്യവശാല്‍ 2008 ലും 2010 ലും ഇതു സംഭവിച്ചിട്ടില്ലെന്നു മാത്രം.
“വൈദികരുടെയും അത്മായക്കാരുടെയും പ്രത്യേകം പ്രത്യേകം പകുതിയിലധികം വോട്ടു ലഭിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ എണ്ണം കൂടുതലായാല്‍ ഏറ്റവും കുറവ് വൈദിക വോട്ടും ഏറ്റവും കുറവ് അയ്മേനി വോട്ടും ലഭിച്ചവരെ ഒന്നിടവിട്ട് നീക്കം ചെയ്യുന്ന 2004 ജൂണ്‍ 10 വരെ നിലവിലുണ്ടായിരുന്ന രീതി അല്‍പം സങ്കീര്‍ണമാണെങ്കിലും, ഇതിലും ഭേദമാണ്. ഈ രീതിയും ഒരിക്കലും പ്രയോഗിക്കേണ്ടതായി വന്നിട്ടില്ല. കൂടുതല്‍ വോട്ട് കിട്ടിയ ആള്‍ പരാജയപ്പെടാനും കുറഞ്ഞ വോട്ട് കട്ടിയ ആള്‍ വിജയിക്കാനും സാധ്യതയുണ്ടെങ്കിലും വൈദിക-അയ്മേനി വോട്ടിന്‍റെ മൂല്യം (weightage) എപ്പോഴും തുല്യമായിരിക്കും. ഈ രീതി തുടര്‍ന്നു വന്നാലും ഇത്തവണത്തെ ഫലത്തിന് മാറ്റമുണ്ടാകുകയില്ലായിരുന്നു.
ഒരിക്കലും ആവശ്യം വന്നിട്ടില്ലാത്ത അന്നത്തെ രീതി ഇങ്ങനെയാണ് :”പ്രത്യേകം പ്രത്യേകം ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ സംഖ്യ തെരഞ്ഞെടുപ്പു നടത്തേണ്ട സ്ഥാനങ്ങളുടെ സംഖ്യയില്‍ കൂടുതല്‍ ആയിരുന്നാല്‍ അവരെല്ലാം വിജയിച്ചതായി നിര്‍ണയിക്കാവുന്നതല്ല. അതുകൊണ്ട് പട്ടക്കാരുടെ വിഭാഗത്തിന്‍റെ ഭൂരിപക്ഷം വോട്ടുകള്‍ ലഭിച്ചിട്ടുള്ളവരില്‍ നിന്നും അയ്മേനികളുടെ വിഭാഗത്തിന്‍റെ ഭൂരിപക്ഷം വോട്ടുകള്‍ ലഭിച്ചിട്ടുള്ളവരില്‍ നിന്നും ഏറ്റവും കുറവു വോട്ടു ലഭിച്ചിട്ടുള്ള ഓരോരുത്തരെ നീക്കം ചെയ്യുന്നതും, ശേഷമുള്ളവരുടെ സംഖ്യ തെരഞ്ഞെടുക്കപ്പെടേണ്ടവരുടെ സംഖ്യയില്‍ പിന്നെയും കൂടുതല്‍ ആയിരുന്നാല്‍ ശേഷമുള്ളവരില്‍ ഏറ്റവും കുറവു വോട്ടുകള്‍ ലഭിച്ചിട്ടുള്ള ഓരോരുത്തരെ ഇരുഭാഗത്തു നിന്നും വീണ്ടും നീക്കം ചെയ്യുന്നതും, ശേഷിക്കുന്നവരുടെ സംഖ്യ തെരഞ്ഞെടുക്കപ്പെടേണ്ടവരുടെ സംഖ്യയ്ക്ക് തുല്യമാകുന്നതുവരെ ഈ നടപടി ആവര്‍ത്തിക്കുന്നതും ഒടുവില്‍ ശേഷിച്ചവര്‍ വിജയിച്ചതായി നിര്‍ണയിക്കുന്നതും ആകുന്നു. “മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം പരുമല സെമിനാരി 10-06-2004 വിജ്ഞാപനം പേജ് 6 – 11 കാണുക.