കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അടുത്ത അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ഒക്ടോബര്‍ 14-ന് പരുമല സെമിനാരിയില്‍ ചേരുന്നതിന് ഓര്‍ത്തഡോക്‌സ് സഭയുടെ വര്‍ക്കിങ് കമ്മറ്റി ശുപാര്‍ശ ചെയ്തു. ഇപ്പോഴത്തെ കാതോലിക്കായും മലങ്കര മെത്രാപ്പോലിത്തായുമായ ബസേലിയോസ് പ. പൗലോസ് ദിദ്വിയന്‍ അനാരോഗ്യം മൂലം പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിന് കഴിഞ്ഞ സിനഡില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സിനഡ് അംഗീകരിച്ചതിനെ തുടര്‍ന്ന് മലങ്കര അസോസിയേഷന്‍ വിളിക്കുന്നതിനുള്ള നടപടികളിലേയ്ക്ക് കടക്കുകയായിരുന്നു. പൗലോസ് ദിദ്വിയന്‍ കാതോലിക്കാ ബാവാ ഇപ്പോള്‍ പരുമല ആശുപത്രിയില്‍ ചികില്‍സയിലാണ്.
അസോസിയേഷനുള്ള അജണ്ട നിശ്ചയിക്കുന്നതിനുള്ള ഓര്‍ത്തഡോക്‌സ് സഭയുടെ മാനേജിങ് കമ്മറ്റി ജൂണ്‍ നാലിന് ചേരും. ഇതിനുശേഷം സിനഡ് വീണ്ടും ചേര്‍ന്ന് പിന്‍ഗാമിയെ ഐക്യകണ്ഠമായി തെരഞ്ഞെടുക്കുന്നതിനുള്ള ശ്രമം നടത്തും. ഇതില്‍ സമവായം ഉണ്ടായില്ലെങ്കില്‍ അസോസിയേഷനില്‍ തെരഞ്ഞെടുപ്പ് നടക്കും. അല്‍മായ ട്രസ്റ്റി സ്ഥാനവും ഇപ്പോള്‍ ഒഴിഞ്ഞു കിടുക്കുകയാണ്. ഇതിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനും സാധ്യത ഉണ്ട്. 4000-ല്‍ അധികം അംഗങ്ങളാണ് അസോസിയേഷനില്‍ പങ്കെടുക്കുക.
കൊവിഡ് വ്യാപനത്തിൽ കുറവ് വന്നില്ലങ്കിൽ അസോസിയേഷൻ ഏത് രീതിയിൽ നടത്തുമെന്നതിനെ കുറിച്ചും ഉടൻ തീരുമാനം എടുക്കും.